2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

ലൈംഗീക പ്രായപൂർത്തിയും ,വോട്ടവകാശവും പിന്നെ മുസ്ലിം പെണ്‍കുട്ടികളും

ജനാധിപത്യത്തിൽ വോട്ടവകാശം വിനിയോഗിക്കണമെങ്കിൽ പ്രായപൂർത്തി ആവേണ്ടതുണ്ട്‌ എന്നാണു വെപ്പ് . അതിനാലാണ് പോലും നാം അതിനെ പ്രായപൂര്‍ത്തി വോട്ടവകാശം എന്ന് പറയുന്നത് .എപ്പോഴാണ് പ്രായ പൂർത്തി ആകുന്നതു എന്ന് നിയമത്തിന്നു അറിയില്ലല്ലോ ??
എന്നാലും നിയമങ്ങള്‍ അങ്ങിനെയാണ്..... കൃത്യമായ ഒരു അളവുകോല്‍ നിയമങ്ങള്‍ക്കു നിലനിര്‍ത്താന്‍ പറ്റില്ല .അതിനാല്‍ അത് മാറ്റി കൊണ്ടേയിരിക്കും . അതിനാലാണ് ലോകത്ത് പല രാജ്യങ്ങളിലും പല വിധത്തിലുള്ള വോട്ടെടുപ്പ് പ്രായ പരിധികള്‍ നിലവിൽ വരാൻ കാരണം .

ഇക്വഡോര്‍ 16
അമേരിക്ക 17 ,18
ഇന്ത്യ 18 (മുമ്പ് 21 ആയിരുന്നു )
ജപ്പാൻ 20
കുവൈറ്റ് ,ഫിജി ,സിംഗപുർ 21


ഈ പ്രായ പരിധിക്കു താഴെ ഉള്ളവർ  ആ രാജ്യത്തെ പൌരന്മാർ അല്ലാത്തതിനാലോ ,അവർക്ക് പ്രായ പ്രായപൂർത്തി എത്താത്തതിനാലോ അല്ല വോട്ടവകാശം നല്കാത്തത് .നിയമങ്ങൾ  അങ്ങിനെയാണ് . അതിന്നു അങ്ങിനെയേ സാധ്യമാകൂ എന്നുള്ളത് കൊണ്ടാണ്.
ഇപ്പോൾ കേരളത്തിൽ വിവാദമായ മുസ്ലിം പെകുട്ടികളുടെ വിവാഹ പ്രായ ചർച്ചയാണ്  ഇത്തരത്തിലുള്ള ചിന്തകൾ  പ്രസക്തമാക്കുന്നത് .

ഇസ്ലാമിലെ വിവാഹ പ്രായം എപ്പോൾ ??
ഇസ്ലാം നിശ്ചിതമായ ഒരു പ്രായം വിവാഹത്തിന്നു നിശ്ചയിച്ചിട്ടില്ല . അത് നിയമങ്ങൾക്ക് വിട്ടു കൊടുക്കുകയാണ് ചെയ്തത്. ഓരോ സമൂഹത്തിന്റെയും ,രാജ്യത്തിന്റെയും നാഗരികവും ,സാംസ്ക്കാരികവുമായ വികാസത്തിനു അനുസരിച്ച് തീരുമാനിക്കാം .പുരുഷനും ,സ്ത്രീക്കും ലൈംഗീക പ്രായപൂർത്തി എത്തിയിരിക്കണം എന്ന ഒരു മിനിമം യോഗ്യത ഇസ്ലാം നിശ്ചയിച്ചിരിക്കുന്നു . ഇത് നിയമത്തിനു മുന്നിലെ ശാരീരികമായ പ്രയപൂർത്തിയുടെ അടയാളമായി ഗണിക്കുന്നു .എന്നാൽ അതുമാത്രമല്ല യോഗ്യത . പുരുഷൻ സാമ്പത്തികമായി യോഗ്യനായിരിക്കണം .എന്ന് വെച്ചാൽ പുരുഷൻ മഹർ (പുരുഷ ധനം )നല്കാൻ കഴിവുള്ളവനായിരിക്കണം .അത് പോലെ സ്ത്രീ ,പുരുഷ ധനം  സ്വീകരിക്കാനും അത് കൈകാര്യം ചെയ്യാനും കഴിവും പ്രാപ്തിയും എത്തിയവരായിരിക്കണം . ഇതിനെയാണ് ഖുറാൻ റുഷ്ദ് (കഴിവ് ,പ്രാപ്തി, വിവേകം )എന്ന് പറയുന്നത് .അതിന്നു കൃത്യമായ ഒരു പ്രായം ഒരു നിയമത്തിന്നും നിശ്ചയിക്കാൻ പറ്റുന്ന കാര്യമല്ല .അതിനാൽ ഖുറാൻ അത് നമ്മുടെ സാഹചര്യങ്ങല്ക്ക് വിട്ടു തന്നു . എന്നാൽ നിയമങ്ങളുടെ പ്രായോഗിക വല്ക്കരനത്തിന്നു നമ്മുടെ  സാമൂഹിക സാഹചര്യം വെച്ച് ഒരു പ്രായ പരിധി ആവശ്യമായി വരുമ്പോൾ അങ്ങിനെ ഒന്നിനെ ഇസ്ലാം വിലക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല .

മൈനർ ആയ അനാഥരുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന രക്ഷകർത്താവ് അത് അവർക്ക് തിരിച്ചു നല്കേണ്ട സമയം എപ്പോൾ എന്ന് ഖുറാൻ ഇങ്ങനെ വിവരിക്കുന്നു "

"വിവാഹ പ്രായമാകുംവരെ അനാഥകളെ, അവര്‍ പക്വത പ്രാപിച്ചോ എന്ന് നിങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുക. അങ്ങനെ അവര്‍ കാര്യപ്രാപ്തി(റുഷ്ദ് ) കൈവരിച്ചതായി കണ്ടാല്‍ അവരുടെ സ്വത്ത് അവര്‍ക്കു വിട്ടുകൊടുക്കുക. അവര്‍ വളര്‍ന്നുവലുതാവുകയാണല്ലോ എന്ന് കരുതി അവരുടെ ധനം ധൂര്‍ത്തടിച്ച് ധൃതിയില്‍ തിന്നുതീര്‍ക്കരുത്. സ്വത്ത് കൈകാര്യം ചെയ്യുന്നവന്‍ സമ്പന്നനാണെങ്കില്‍ അനാഥകളുടെ സ്വത്തില്‍നിന്ന് ഒന്നും എടുക്കാതെ മാന്യത കാണിക്കണം. ദരിദ്രനാണെങ്കില്‍ ന്യായമായതെടുത്ത് ആഹരിക്കാവുന്നതാണ്. സ്വത്ത് അവരെ തിരിച്ചേല്‍പിക്കുമ്പോള്‍ നിങ്ങളതിന് സാക്ഷിനിര്‍ത്തണം. കണക്കുനോക്കാന്‍ അല്ലാഹുതന്നെ മതി." 
 (Quran ,Chapter 4 ,അന്നിസാഅ`: 6)


ഇവിടെ വിവാഹ പ്രായം എപ്പോൾ എന്ന് ഖുറാൻ വ്യക്തമാക്കുന്നില്ല . എന്നാൽ കാര്യപ്രാപ്തി എത്തിയാൽ സമ്പത്ത് അവര്ക്ക് കൊടുക്കണം എന്നും പറയുന്നു .ഇവിടെയും നിയമ നൂലാമാലകൾ ഒഴിവാക്കാൻ ജുഡീഷ്വരിക്കു ഒരു പ്രായ പരിധി നിശ്ചയിക്കേണ്ടി വരും. അതിനുള്ള സാധ്യത ഇസ്ലാം തള്ളുകയല്ല ,ഉൾക്കൊള്ളുകയാണ് ചെയ്യുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു .

ഇതിനെ ഇസ്ലാമിക കര്മ്മശാസ്ത്ര പണ്ഡിതന്മാർ വളരെ മനോഹരമായി ഇങ്ങനെ വിവരിച്ചിരിക്കുന്നു :
"അനാഥകള്‍ക്ക് തങ്ങളുടെ സ്വത്ത് വിട്ടുകൊടുക്കുന്നതിന് രണ്ട് ഉപാധികളാണ് ചുമത്തിയിരിക്കുന്നത്: ഒന്ന്, പ്രായപൂര്‍ത്തി. രണ്ട്, തന്റേടം (റുശ്ദ്) അഥവാ, ധനം ശരിയായി വിനിയോഗിക്കാനുള്ള യോഗ്യത.

പ്രായപൂര്‍ത്തിയെത്തുമ്പോള്‍ അനാഥയില്‍ തന്റേടം വെക്കുന്നില്ലെങ്കില്‍ അവനെ രക്ഷാകര്‍ത്താവ് പിന്നെയും ഏഴുകൊല്ലം വരെ നിരീക്ഷിച്ചു കൊണ്ടിരിക്കണം; പിന്നെ, തന്റേടം വെക്കട്ടെ, വെക്കാതിരിക്കട്ടെ അവന്റെ സ്വത്ത് അവനെ ഏല്‍പിക്കണം- ഇതാണ് ഇമാം അബൂഹനീഫ(റ) യുടെ അഭിപ്രായം.

എന്നാല്‍, ധനം വിട്ടുകൊടുക്കാന്‍ തന്റേടം(പക്വത)  അത്യന്താപേക്ഷിതമാണ് എന്നത്രെ ഇമാം അബൂയൂസുഫ്(റ) , ഇമാം മുഹമ്മദ്(റ), ഇമാം ശാഫിഈ(റ)  എന്നിവരുടെ പക്ഷം.
 
എന്ന് വെച്ചാൽ `വലിയ്യ്` (രക്ഷാകര്‍ത്താവ്) അനാഥയുടെ പ്രശ്നം ഇസ്ലാമിക ന്യായാധിപതി(കോടതി )യുടെ മുമ്പാകെ ബോധിപ്പിക്കുക; അവന് തന്റേടമില്ലെന്ന് കോടതിക്ക് ബോധ്യപ്പെടുന്ന പക്ഷം അവന്റെ കാര്യങ്ങള്‍ നോക്കുവാനായി യുക്തമായ ഏര്‍പ്പാട് ചെയ്യുക."(തഫ്ഹീം )

എന്ന് വെച്ചാൽ, കോടതിക്ക്  പക്വത എത്തുന്നത് എപ്പോൾ ,എത്തിയില്ലെങ്കിൽ എന്തുചെയ്യണം എന്ന് സ്വയം തീരുമാനിക്കാം എന്നര്ഥം .ചുരുക്കി ,
ഇസ്ലാമിലെ വിവാഹ പ്രായത്തിന്റെ യോഗ്യത,
1 .ബലിഗ :-(بَلَغُوا) ലൈംഗീകമായ യോഗ്യത - ലൈഗീക പ്രായപൂര്ത്തി
2 .റുഷ്ദ് :-(رُ‌شْدًا)ശാരീരികവും മാനസികവുമായ യോഗ്യത - റുഷ്ദ് (പക്വത ,വിവേകം ,കൈകാര്യ ശേഷി )

പിൻ കുറി:
ലൈംഗീക പ്രായപൂർത്തിയായി  പുരുഷന്റെതു കുറഞ്ഞത്‌ ഏകദേശം 15 വയസ്സും(sexual discharge)
സ്ത്രീയുടേതു 9 വയസ്സും (menstrual Discharge)  ആയി ശരീഅത്ത്‌ (നിയമം)കണക്കാകുന്നു .അപ്പോൾ
പുരുഷന്മാരുടെ വിവാഹ യോഗ്യതയിലും  ലൈംഗീക പ്രായപൂർത്തി എത്തിയിരിക്കണം എന്ന വ്യവസ്ഥ ഉണ്ടെന്നിരിക്കെ ,അവരുടെ വിവാഹ പ്രായമായ 21 വയസ്സ് എന്നതു 15 ആയികുറക്കാൻ വേണ്ടി സുപ്രീം കോടതി വരെ പോകാൻ ഒരു പണ്ഡിത - പത്രക്കുരിപ്പുകാരന്നും  സാധിക്കുന്നില്ല എന്നത് വൈരുധ്യം അല്ലെ ??
അല്ലെങ്കിൽ  സ്ത്രീകളോട് മാത്രമെന്തിനീ അനീതി .......

2013, മേയ് 1, ബുധനാഴ്‌ച

ജനിതക ശാസ്ത്രത്തിന്റെ അതി'ജീവന'വും ഖുർആനിലെ ജീവനും

                                                                    -Abid ali TM Padanna
                സ്വയം ചലിക്കുന്ന വസ്തുക്കളെ നാം പൊതുവെ ജീവനുള്ളവ എന്ന് വിലയിരുത്തുന്നു . കല്ല്‌ മണ്ണ്,ഇരുമ്പ് ,ചെമ്പ്  ... ..തുടങ്ങിയവക്ക്  ജീവനില്ല എന്ന് നാം മനസ്സിലാക്കുന്നു കാരണം അവയ്ക്ക് സ്വയം ചലിക്കാനുള്ള കഴിവില്ല .അതിനാൽ  മൃഗങ്ങൾ,  മത്സ്യങ്ങൾ, പറവകൾ ,മറ്റു ജന്തു ജാലങ്ങൾ, സസ്യങ്ങൾ  തുടങ്ങിയവയ്ക്ക് ജീവനുണ്ട് എന്ന് നാം പറയുന്നു. മരണത്തോടെ  അവയുടെ  ചലന ശേഷി നഷ്ടമാകുന്നു .മനുഷ്യന്റെ കാര്യവും തഥൈവ .അത് പോലെ വളര്‍ച്ച ,ശ്വസനം ,പ്രതികരണം ,ഊര്‍ജ്ജം നിലനിർത്തുക തുടങ്ങിയവയും ജീവന്റെ ലക്ഷണങ്ങള്‍ ആയി നാം  കണക്കാക്കുന്നു .അപ്പോൾ എന്താണ് ഈ ജീവൻ ? എപ്പോഴാണ് ഈ ജീവൻ നമുക്ക് ലഭിക്കുന്നത് ?
ഒന്ന് പരിശോധിക്കാം....

സ്വഭാവ കൈമാറ്റം തലമുറകളിലൂടെ 
              തലമുറകളിലൂടെ പിതാവിൽ നിന്നും മാതാവിൽ നിന്നും മക്കളിലേക്ക് സ്വഭാവങ്ങൾ , വർണ്ണം, ശരീര സാദ്രിശ്യം തുടങ്ങിയവ കൈമാറ്റം ചെയ്യുന്നത് എങ്ങിനെ എന്ന് ചില ശാസ്ത്രജ്ഞൻമാർ തെളിയിച്ചിട്ടുണ്ട് .മനുഷ്യ  ശരീരം സൂക്ഷ്മമായ  കോശങ്ങളാ (Cell)ൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഒരു കോശത്തിന്റെ കേന്ദ്ര ഭാഗത്തെ  ന്യൂക്ളിയസ്സി(Nucleus)എന്ന് പറയുന്നു . അതിനകത്ത് ക്രോമസോം(Chromosome) തന്തുക്കക്കൾ ജോഡികളായി കാണപ്പെടുന്നു.46 ക്രോമസോം മനുഷ്യരിൽ കാണാം .  അവ നിർമ്മിചിട്ടുള്ളത് കോണി ആകൃതിയിലുള്ള ഇഴപിരിഞ്ഞു നില്ക്കുന്ന ഡി എൻ എ  സ്ട്രാണ്ട് (DNA Strand ) കൊണ്ടാണ് .
കോശം- ക്രോമസോം-DNA - ജീൻ  

                ഒരു ഡി എന്‍ എ യുടെ നിർമ്മാണം ഇരുവശത്തും ഫോസ്പറ്റ് (Phosphate ),ഷുഗർ (Sugar ) കൊണ്ടുള്ള നീണ്ട ചങ്ങല(Chain) കൊണ്ടും . ഇവകളെ തമ്മിൽ ബന്ധിപ്പിക്കുന്നത് നൈട്രോജിനസ്( Nitrogenous) ബയിസുകൾ(Nucleobase) ആണ് . ഇവ നാലെണ്ണം ഉണ്ട് .
1. Adenine
2.Thymin
3.Guanin
4.Cytosine
             ഇവയല്ലാം അടങ്ങിയ  ഡി എൻ എ (DNA) യുടെ ഏറ്റവും സൂക്ഷമമായ ഭാഗത്തെ ന്യൂക്ളിയോ ടൈഡുകള്‍ (Nucleotide)എന്ന് പറയുന്നു . ഇനി മറ്റൊരു ഭാഷയിൽ പറഞ്ഞാൽ  ന്യൂക്ളിയോ ടൈഡുകളുടെ നീണ്ട ചങ്ങലകളെ DNA എന്ന് പറയാം .

              ഇങ്ങനെ കുറെ  ന്യൂക്ളിയോ ടൈഡുകള്‍ കൂടി ഡി എൻ എ (DNA) യുടെ ഒരു ഭാഗത്തെ  നാം  ജീനുകൾ (Gene) എന്ന് വിളിക്കുന്നു .  പരസ്പരം ബന്ധിപ്പിക്കപ്പെട്ട  ന്യൂക്ളിയോബയിസുകളുടെ വ്യത്യസ്ത കൊമ്പിനേഷനുകളെ  കോഡോണുകൾ (Codon) കൾ  എന്ന് വിളിക്കാം . ഈ കോഡുകൾ കൊണ്ടാണ് ജീനുകളിൽ ഒരു മനുഷ്യ ജീവിക്ക് ആവശ്യമായ എല്ലാ നിർദേശങ്ങളും എഴുതി വെക്കപ്പെട്ടത്‌ .വെറും നാല് അക്ഷരങ്ങൾ കൊണ്ടാണ് ഇവ എഴുതിയത് .അതിനാൽ  ജീനുകളെ  ജീവപുസ്തകം എന്നും വിളിക്കാം.

            ഇതിൽ എഴുതിവെക്കപ്പെട്ടത് മുഴുവനും ഇതുവരെ അനാവരണം ചെയ്യപ്പെട്ടിട്ടില്ല . മനുഷ്യന്നു ആവശ്യമായ പ്രോട്ടീനുകൾ നിർമ്മിക്കുക എന്നതാണ് ജീനുകളുടെ ഒരു പ്രധാന ജോലി . പ്രോട്ടീനുകൾ നിർമ്മിച്ചിരിക്കുന്നത് അമിനോ അമ്ളങ്ങൾ(Amino Acids) കൊണ്ടാണ്.ജീനുകളിൽ മനുഷ്യന്നു ആവശ്യമായ 20 അമിനോ ആസിഡുകൾ നിർമ്മിക്കാൻ ആവശ്യമായ നിർദേശങ്ങൾ അടങ്ങിയിരിക്കുന്നു . ഊർജ്ജത്തെ (Energy ) ഉല്പാദിപ്പിക്കുന്നതിലും ,വഹിക്കുന്നതിലും ന്യൂക്ളിയോ ടൈഡുകള്‍ മുഖ്യമായ പങ്ക് വഹിക്കുന്നു 
ഒരു DNA രൂപം 
 
                  ഒരു ഭ്രൂണം വളർന്നു ഏതൊക്കെ അവയവങ്ങൾ ഉണ്ടാകണം,ആ അവയവങ്ങൾ എന്തൊക്കെ ധർമ്മം നിർവ്വഹിക്കണം , ഏതൊക്കെ സ്വഭാവ രൂപങ്ങൾ പ്രകടിപ്പിക്കണം തുടങ്ങിയവയെല്ലാം ജീനിൽ എഴുതിയിരിക്കുന്നു . ഈ കാര്യങ്ങൾ മക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു .ഇതിൽ ചിലത് ഒരു തലമുറയിൽ പ്രകടിപ്പിക്കുമ്പോൾ ചിലതു അടുത്ത തലമുറയിൽ മാത്രമേ പ്രകടമായി കാണുകയുള്ളൂ.
ഉദാ : പിതാവിന്റെ രൂപ സാദ്രിശ്യം മക്കളിൽ ഉണ്ടാവണം എന്നില്ല ,എന്നാൽ അത്  മക്കളുടെ മക്കളിൽ കാണാം .

ചുരുക്കി ,
      ഒരു കോശത്തിലെ ക്രോമസോം  സെറ്റുകളെ ജീനോം എന്ന് പറയാം . 23 ക്രോമസോമുകളിലായി 300 കോടി   ഡി.എൻ.എ ബയിസ് പെയറുകൾ (Base Pairs of DNA) അടങ്ങിയതാണ് മനുഷ്യ ജീനോം (human genome) .ജനിതക വിവരങ്ങൾ അടങ്ങിയിരിക്കുന്ന  ഒരു  കഷ്ണം ഡി എൻ  എ ഭാഗത്തെ നാം ജീൻ എന്ന് വിളിക്കുന്നു.ഒരു മനുഷ്യന്റെ എല്ലാ വിവരങ്ങളും ജീനിൽ അടങ്ങിയിരിക്കുന്നു .ഇതാണ് പാരമ്പര്യമായി അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് .


മനുഷ്യ ശരീരത്തിലെ ക്രോമാസോം ,അതിൽ  അടങ്ങിയിരിക്കുന്ന ജീനുകളുടെ എണ്ണം ,അവയിൽ അടങ്ങിയിരിക്കുന്ന ബയിസ്  പെയറുകൾ തുടങ്ങിയവയുടെ  ചാർട്ട് കാണുക 

ലിംഗ നിർണ്ണയം എങ്ങിനെ ??
            23 ജോഡി അഥവാ 46  ക്രോമസോമുകളാണ് മനുഷ്യ കോശത്തിൽ ഉള്ളത് . ഇതിൽ അവസാനത്തേത് സെക്സ് ക്രോമാസോം  എന്ന് പറയും .അവ രണ്ടുണ്ട്. x ,y. ഇതാണ് പുരുഷ -സ്ത്രീ ലിംഗ നിർ ണ്ണയത്തിന്റെ  ആധാരം .23 ആം നമ്പർ x x ആണെങ്കിൽ  സ്ത്രീയും ,x y ആണെങ്കിൽ  പുരുഷനും ആയിരിക്കും.
               അപ്പോൾ പുരുഷ ബീജത്തിൽ 4 6 ന്റെ പകുതി (2 2 +x) അല്ലെങ്കിൽ (2 2 +y)  എണ്ണം മാത്രമേ ക്രോമസോം ഉണ്ടാവുകയുള്ളൂ.അതു പോലെ സ്ത്രീയുടെ അണ്ഡത്തിൽ  4 6 ന്റെ പകുതി (2 2 +x) ക്രോമസോം മാത്രമേ ഉണ്ടാവുകയുള്ളൂ .
നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന ഏക ഏക കോശം അണ്ഡ(Ovum) മാണ്. 

ചുരുക്കി,
                പുരുഷ ബീജം ആണ് സ്ത്രീ -പുരുഷ ലിംഗ നിർണ്ണയം തീരുമാനിക്കുന്നത്. സ്ത്രീയുടെ അണ്ഡത്തിനു അതിൽ റോള് ഇല്ല .മനുഷ്യൻ തലമുറകളിലൂടെ സ്വഭാവം ,വർണ്ണം ,മുഖ സാദ്രിശ്യം, തുടങ്ങിയവ കൈമാറുന്നത്,ആണ്‍ -പെണ്‍  വേർതിരിവ് ഉണ്ടാകുന്നത്   ജീൻ - ക്രോമസോം തുടങ്ങിയവയിലൂടെ ആണെന്ന് ഇതിലൂടെ മനസ്സിലാക്കാം.

 Note  :-ഗ്രിഗർ മെണ്ടലിന്റെ (Gregor Johann Mendel -1822 -1884)  പാരമ്പര്യ സിദ്ധാന്തം (The laws of inheritance) ,വീസ്മാന്റെ(Weizmann ,1834–1914))  ജെം പ്ളാസം തിയറി(Germ Plasm Theory) തുടങ്ങിയവ പരിശോധിക്കുക.

മനുഷ്യന്റെ ആയുസ്സ് പോലും ജീനിൽ എഴുതി വെച്ചിരിക്കുന്നു എന്ന് ശാസ്ത്രം പറയുന്നു .
ഇവിടെ ഖുറാൻ പറയുന്നത് കാണുക .
               "ദൈവം  നിങ്ങളെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ ബീജകണത്തില്‍നിന്നും. അതിനുശേഷം അവന്‍ നിങ്ങളെ ഇണകളാക്കി. അവന്റെ അറിവോടെയല്ലാതെ ഒരു സ്ത്രീയും ഭാരം ചുമക്കുന്നില്ല. പ്രസവിക്കുന്നുമില്ല.  ഒരു വൃദ്ധനും ആയുസ്സ് നീട്ടിക്കൊടുക്കുന്നില്ല; ആരുടെയും ആയുസ്സില്‍ കുറവു വരുത്തുന്നുമില്ല ,ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടല്ലാതെഅല്ലാഹുവിന് ഇതൊക്കെയും വളരെ എളുപ്പമാണ്." (ഖുർആൻ, അദ്ധ്യായം ,35, അൽ ഫാത്തിർ :11)

ജീവനും ആത്മാവും എവിടെ ?
           അപ്പോൾ ജീവനോ ? ജീവനും ഇത് പോലെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടോ ?മരണ സമയത്ത് നമുക്ക് ജീവൻ  നഷ്ടപ്പെടുന്നു എന്ന്  നമുക്ക് അറിയാം. എന്നാൽ ഈ ജീവൻ  എവിടെ നിന്ന് വന്നു എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ? മനുഷ്യൻ ഒരു വ്യക്തി ആയി രൂപാന്തരപ്പെടുന്നത് എപ്പോൾ ?ആരാണ് ഈ ഞാൻ ?മാതാവിന്റെ  ഗർഭപാത്രത്തിൽ  നിന്ന് വരുമ്പോൾ ഞാൻ എന്ന  പേര് ഉണ്ടായിരുന്നില്ല . കുറച്ചു നാളുകൾക്ക് ശേഷം എനിക്ക്   പേരിട്ടു. അതിന്നു മുമ്പ് ഈ "ഞാൻ"  എവിടെ ആയിരുന്നു ?? എന്തായിരുന്നു അന്ന് എന്റെ പേര് ??മാതാവിന്റെ  വയറ്റിൽ ........ബ്രൂണാവസ്ഥയിൽ  ഞാൻ എന്ന ഒരു അസ്ഥിത്വം ആയിരുന്നോ അതോ വെറും ഒരു മാംസ ക്കട്ട മാത്രമായിരുന്നോ ?അതിന്നു മുമ്പ് രണ്ടു ബീജങ്ങളിൽ  ആയി ഭാഗിക്കപ്പെട്ടിരുന്നോ ഈ ഞാൻ ...., അതിന്നും മുമ്പ്  ഞാൻ എവിടെ ആയിരുന്നു ???? അതെ ഈ "ഞാൻ" എന്ന വ്യക്തി അല്ലെങ്കിൽ വ്യക്തിത്വം (ആത്മാവും മനസ്സും ഉള്ള വ്യക്തി ) എവിടെ നിന്ന് വന്നു  ??

ഉത്തരം അത്ര വ്യക്തമല്ല .ഉത്തരം ശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാനാവുന്നുമില്ല.
എന്നാൽ മറ്റു വല്ലവരും ഇതിനെ കുറിച്ച് പറയുന്നുണ്ടോ ??

വേദ ഗ്രന്ഥങ്ങൾ പറയുന്നു :
               ആദിമ മനുഷ്യനായ ആദമിനെ ദൈവം കളിമണ്ണിൽ നിന്നും സൃഷ്ടിച്ചു കൃത്യമായ രൂപം നല്കി . ദൈവത്തിൽ നിന്നുള്ള ചൈതന്യം അവനിലേക്ക്‌ സന്നിവേശിപ്പിച്ചു .അതോടെ അവൻ ചലിക്കുന്ന ജീവനുള്ള മനുഷ്യനായി ,അവന്നു സംസാരിക്കാനുള്ള കഴിവ് ലഭിച്ചു  ,ചിന്തിക്കാനും  വിവേചിക്കാനും ബുദ്ധിയും നല്കി . അവന്റെ ആത്മാവിൽ നിന്ന് തന്നെ അവന്റെ ഇണയെ സൃഷ്ടിച്ചു ........അത് പോലെ സ്ത്രീ പുരുഷ ബന്ധത്തിലൂടെ അവന്റെ തലമുറ നില നിർത്തേണ്ട രീതിയും ഉണ്ടാക്കി വെച്ചു.

"നിശ്ചയമായും മനുഷ്യനെ നാം, മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള കറുത്ത കളിമണ്ണില്‍ നിന്നു
സൃഷ്ടിച്ചു." (ഖുർആൻ, അദ്ധ്യായം, 15 ,അല്‍ ഹിജ്ര്‍ : 26)
 
"പിന്നീട് അവനെ വേണ്ടവിധം ശരിപ്പെടുത്തി. എന്നിട്ട് തന്റെ റൂഹില്‍ നിന്ന് അതിലൂതി (ജീവന്‍ സന്നിവേശിപ്പിച്ചു). നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നു. എന്നിട്ടും നന്നെ കുറച്ചേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ."(ഖുറാൻ, അദ്ധ്യായം ,32 ,അസ്സജദ : 9 )

"മനുഷ്യനെ നാം കൂടിക്കലര്‍ന്ന ദ്രവകണ ത്തില്‍നിന്ന് സൃഷ്ടിച്ചു; നമുക്ക് അവനെ പരീക്ഷിക്കാന്‍ . അങ്ങനെ നാമവനെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കി."(ഖുർആൻ അദ്ധ്യായം,76,അല്‍ ഇന്‍സാന്‍ :2)

"താന്‍ സൃഷ്ടിച്ച ഏതും ഏറെ നന്നാക്കി ക്രമീകരിച്ചവനാണവന്‍. അവന്‍ മനുഷ്യസൃഷ്ടി ആരംഭിച്ചത് കളിമണ്ണില്‍നിന്നാണ്.പിന്നെ അവന്റെ വംശപരമ്പരയെ നന്നെ നിസ്സാരമായ ഒരു ദ്രാവക സത്തില്‍ നിന്നുണ്ടാക്കി."(ഖുറാൻ, അദ്ധ്യായം ,32 ,അസ്സജദ: 7 ,8)

"ജനങ്ങളേ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഒരൊറ്റ നഫ്സില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു."(ഖുറാൻ, അദ്ധ്യായം,4,അന്നിസാഅ` :1)
           തലമുറകളിലൂടെ കുറെ സ്വഭാവങ്ങൾ മാത്രം കൈമാറ്റം ചെയ്യപ്പെടുക മാത്രമല്ല ചെയ്യുന്നത് . ജീവനുള്ള പ്രോഡക്റ്റ്  തന്നെയാണ് ഉണ്ടാകുന്നത് .ജീവ ചൈതന്യം എന്നത് ആദിയില്‍ മനുഷ്യന്നു ദൈവം നല്‍കി. റൂഹ് എന്നാണ് അതിനെ പറഞ്ഞത് . അതിൽ ആത്മാവും അടങ്ങിയിരുന്നു.അതോടെ അദ്ദേഹം വ്യക്തിത്വമുള്ള ഒരു മനുഷ്യനായി മാറി. ഇണ ഒരു വ്യത്യസ്ത സൃഷ്ടിയല്ല . പുരുഷന്റെ ആത്മാവിൽ നിന്ന് തന്നെ അതിനെ സൃഷ്ടിച്ചു . എന്ന് വെച്ചാൽ സ്ത്രീ പുരുഷ ബന്ധം എന്നത് പ്രകൃതി പരമായ ഒരു ആത്മീയ ബന്ധം ആണ് . രണ്ടു പേർക്ക് പ്രകൃതി പരമായി വിട്ടു പിരിഞ്ഞു ജീവിക്കാൻ ആവില്ല . വെറും ശാരീരികമായ ആകർഷണത്തിന്നു (Physical  attraction )മാത്രമല്ല , ഒരു തരം  ആത്മീയ ആകർഷണം (spiritual attraction ) തന്നെ സ്ത്രീ-പുരുഷ ബന്ധത്തിനു ഉണ്ട് . വ്യത്യസ്ത ആത്മാക്കളും വ്യക്തിത്വവും ഉള്ളവരായി ജനിക്കുന്നുവെങ്കിലും അവർ ഒന്നായി ജീവിക്കാനുള്ള സിസ്റ്റം  ഉണ്ടാവേണ്ടതുണ്ട് .അതിനാണ്  വിവാഹം എന്ന് പറയുന്നത് . മതങ്ങളാണ് യഥാർത്ഥത്തിൽ വിവാഹം  എന്ന യൂനിറ്റ്‌ തുടങ്ങിയത് .അതിപ്രാചീനവും  പുരാതനവും ആയ എല്ലാ മതങ്ങളിലും നിങ്ങൾക്ക് ഇത് കാണാം .

            സ്ത്രീ പുരുഷ ബന്ധത്തിലൂടെ പുതിയ തലമുറകള സ്രിഷ്ടിചെടുക്കപ്പെടുന്നു . അങ്ങിനെ മനുഷ്യ വംശം നില നില്ക്കുന്നു . സ്വഭാവങ്ങളും ശരീര രൂപവും ഈ ബന്ധതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു . എന്നാൽ പുരുഷ ബീജത്തിലൂടെ അടുത്ത തലമുറയിലേക്കു ജീവനും കടക്കുന്നു പോകുന്നു. എന്നാല്‍ ആത്മാവ് അഥവാ വ്യക്തിത്വം ഉള്ള ഒരു മനുഷ്യന്‍ എന്നത് ഗർഭാവസ്ഥയില്‍ ഒരു ഘട്ടത്തില്‍ വന്നു ചേരുകയാണ് . ഈ പ്രക്രിയ  ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
മനുഷ്യന്ന് ജീവൻ എപ്പോള്‍  ലഭിച്ചു ?
മനുഷ്യൻ എന്ന വാക്കിന്നു രണ്ടു പദങ്ങൾ ഉപയോഗിക്കുന്നു :
1 .ബഷർ= നല്ല വാര്‍ത്ത നല്‍കുന്നവന്‍ 
2 .ഇൻസാൻ  = തിരിച്ചറിയാൻ കഴിവുള്ളത്

അപ്പോൾ സ്വയം തിരിച്ചറിയാനും , മറ്റുള്ളവർക്ക് സന്തോഷം നല്കാനും കഴിവുള്ളവൻ എന്നർഥം.

ഖുർആൻ  മനുഷ്യനെ നിർവചിക്കുന്നത് മൂന്നു വസ്തുക്കളുടെ മിശ്രിതമായാണ്.
1. ജിസ്മ് / ബദൻ /ജസദ്  (Body) :മനുഷ്യന്റെ  ഭൌതീക ശരീരം.
2.നഫ്സ് (Soul) :ആത്മാവ്,മനസ്സ്  എന്ന് അതിനെ പറയാം.കാരണം ആത്മാവിന്റെ കേന്ദ്രമാണ് മനസ്സ്.
3.റൂഹ് (Rooh )(Spirit) : ജീവന്‍ അഥവാ ജീവ ചൈതന്യം(ദിവ്യ ചൈതന്യം).

രണ്ടു സ്ഥലത്ത് മനുഷ്യന്നു റൂഹ് നല്കി എന്ന് ഖുറാൻ പറയുന്നു :
1 ) ആദമിന്റെ സൃഷ്ടിയിൽ :
"നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: നിശ്ചയമായും മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള, കറുത്ത കളിമണ്ണില്‍ നിന്ന് നാം മനുഷ്യനെ (ബഷര്‍ )സൃഷ്ടിക്കാന്‍ പോവുകയാണ്."
(അല്‍ ഹിജ്ർ :26 )
 

"അങ്ങനെ ഞാനവനെ രൂപപ്പെടുത്തുകയും എന്റെ ആത്മാവില്‍ നിന്ന് അവനിലൂതുകയും ചെയ്താല്‍ നിങ്ങളെല്ലാവരും അവന് പ്രണാമമര്‍പ്പിക്കുന്നവരായിത്തീരണം."

(അല്‍ ഹിജ്ർ :29 )  
2 ) ഈസായുടെ സൃഷ്ടിയിൽ:
"അങ്ങനെ നാമവളില്‍ (മറിയം) നമ്മുടെ റൂഹില്‍ നിന്ന് ഊതി. "(ഖുർആൻ ,അല്‍ അന്‍ബിയാഅ`: 91 )
            ഈ രണ്ടു സന്ദർഭത്തിലും  പുരുഷ ബീജത്തിന്റെ സാന്നിധ്യം ഇല്ലാതെയാണ് അവർ സൃഷ്ടിക്കപ്പെടുന്നത് . അതിനാല്‍ അവിടെ റൂഹ് നല്‍കപ്പെട്ടു എന്ന് പറയുന്നു . അപ്പോൾ ആദിയിൽ ആദ്യ മനുഷ്യനിൽ തന്നെ ജീവൻ നല്കപ്പെട്ടു. ആ ജീവൻ  രേതസ്ക്കണത്തിലൂടെ തല മുറ ,തല മുറകളായി കൈ മാറ്റം ചെയ്തു കൊണ്ടിരിക്കുന്നു . ഈസായുടെ ജനനത്തിൽ അങ്ങിനെ നടന്നില്ല .അതിനാൽ അവിടെയും രൂഹ് നല്കി എന്ന് പറയുന്നു .

             എല്ലാ മനുഷ്യരിലും ഉള്ളത് ഒരേ തരത്തിലുള്ള ജീവനാണ് .എന്നാൽ എല്ലാ ഓരോ മനുഷ്യനിലും അവരുടെത് മാത്രമായ വ്യത്യസ്ത ആത്മാക്കളാണ് ,അതിന്നു സ്വന്തമായ അസ്തിത്വവും വ്യക്തിത്വവും ഉണ്ട് . അതിനെയാണ് നാം ഒരു പേരിട്ടു വിളിക്കുകയും , "ഞാൻ " എന്ന് അഭിമാന പൂർവ്വം  പറയുകയും ചെയ്യുന്നത് .
ചലന ശേഷി പുരുഷ ബീജത്തിന്നു എവിടുന്നു കിട്ടി ?
             അപ്പോൾ തലമുറകളിലൂടെ ജീവന്റെ അംശങ്ങളും പുരുഷ ബീജത്തിലൂടെ കടന്നു പോകുന്നു എന്ന് നാം മനസ്സിലാക്കുന്നു. കാരണം പുരുഷ ബീജത്തിന്നു (Sperm ) സ്വയം ചലിക്കാനുള്ള കഴിവുണ്ട് . സ്ത്രീയുടെ അണ്ഡം(Ovum ) സ്വയം  ചലന ശേഷി ഇല്ലാത്തതാണ് .ഫോലോപ്പിയൻ ട്യൂബി (Fallopian Tube) ലെ സീലിയ(Cilia)  കളുടെ ചലനമാണ് അണ്ഡം ഗർഭപാത്രത്തിലേക്ക് എത്താൻ സഹായിക്കുന്നത് .Sperm സ്വയം ചിലച്ചു അണ്ഡത്തെ പുല്കുകയാണ് ചെയ്യുന്നത് .
പുരുഷ ബീജം 

           എങ്ങിനെയാണ് സ്പെർമ്  ചലിക്കുന്നത്‌ ? അതിന്നു ജീവനുണ്ടോ ? ഒരു ദ്രവകത്തിലൂടെ അതിന്നു നീന്തി സഞ്ചരിക്കാൻ കഴിയുന്നത്‌ എന്ത് കൊണ്ട് ?  അതിനർത്ഥം അതിന്നു ജീവനുണ്ട് എന്ന് തന്നെയല്ലേ ?
         
             ഇരു ബീജങ്ങളും ചേര്‍ന്ന് സിക്താണ്ഡം( zygote) രൂപപ്പെടുന്നു.അത് ഒരു ഏക കോശമാണ് ,അത്  വിഘടിച്ചു  ക്രമേണ വളർന്നു ഭ്രൂണം(Embryo) ആകുന്നു. ബീജ സങ്കലനത്തിന്നു ശേഷമാണ് അണ്ഡം ബ്രൂണമായി മാറുന്നതും സ്വയം വളരാനുള്ള ശേഷി ലഭിക്കുന്നതും. അഥവാ  ജീവൻ  ലഭിക്കുന്നത് എന്നർത്ഥം . ബ്രൂണ വളർച്ചയുടെ ഒരുഘട്ടത്തിൽ ,നാലാം മാസത്തിൽ , റൂഹ് നല്കപ്പെടുന്നു എന്ന് ഹദീസിൽ കാണുന്നു .ജീവൻ  ഉള്ള വസ്തുവിന്നു വീണ്ടും ജീവൻ പ്രവേശിപ്പിക്കേണ്ട ആവശ്യം ഉണ്ടോ ? ആത്മാവ്(Soul)   നല്കപ്പെടുന്നു എന്നാണു അതിൽ നിന്നും മനസ്സിലാക്കേണ്ടത് . ജീവൻ അവിടെ നല്കപ്പെടുന്നില്ല കാരണം  ജീവൻ ഉണ്ടായത് കൊണ്ടല്ലേ ആ ഭ്രൂണം ഇത്രയും വളർന്നു വലുതായത് ? ആത്മാവ് പ്രവേശിക്കുന്നതോടെ  വ്യക്തി എന്ന അർത്ഥത്തിൽ അവ സ്വയം മാറുകയാണ്  . അങ്ങിനെ സ്വയം വ്യക്തിത്വമുള്ള ഓരോ കുട്ടികൾ ജനിച്ചു വീഴുന്നു.അവനെ  നാം പല പേരുകളിൽ വിളിക്കുന്നു .ആ കുട്ടിയുടെ ശരീരം വളരുന്നതിനൊപ്പം അവന്റെ വ്യക്തിത്വവും വളരുന്നു , എന്ന് വെച്ചാൽ ശരീരവും മനസ്സും വളരുന്നു എന്നർഥം.
ഉറക്കവും മരണവും
             ഉറക്കും മരണവും തമ്മിൽ സാദ്രിശ്യമുണ്ട് . ഉറങ്ങുമ്പോൾ നമ്മുടെ ജീവൻ നഷ്ടപ്പെടുന്നില്ല എന്നാൽ ആത്മാവ് (നഫ്സ് ) ഉയർത്തപ്പെടുന്നു . അതിനാൽ  ചിന്ത, ബുദ്ധി, കേൾവി, കാഴ്ച തുടങ്ങിയ ആത്മീയ ഗുണങ്ങൾ ഉറങ്ങുന്ന നമുക്ക് ഭൌതീകമായി നഷ്ടപ്പെടുന്നു .എന്തിന്നു, ഒരു പരിധി വരെ  സ്വയം ചലിക്കാനുള്ള ശേഷിയും നഷ്ടപ്പെടുന്നു.അതേസമയം ശ്വാസ-നിശ്വാസം ,ഹൃദയമിടിപ്പ്‌, രക്ത ചംക്രമണം തുടങ്ങിയ ജീവൽ പ്രവർത്തികൾ ശരീരത്തിൽ നടക്കുന്നു . 

              "മരണവേളയില്‍ ആത്മാക്കളെ(നഫ്സ്)  പിടിച്ചെടുക്കുന്നത് അല്ലാഹുവാണ്. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ (നഫ്സ്) അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നതും അവന്‍ തന്നെ. അങ്ങനെ താന്‍ മരണംവിധിച്ച ശരീരത്തിന്റെ ആത്മാക്കളെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്."(ഖുറാൻ, അദ്ധ്യായം, 39, അസ്സുമര്‍ :42 )

എന്നാൽ ,
ഒരു മനുഷ്യന്റെ  മരണം സംഭവിക്കുമ്പോൾ രണ്ടു കാര്യങ്ങൾ നഷ്ടപ്പെടുന്നു .
1 , ജീവൻ. 2 , ആത്മാവ്.
          ഇതിൽ ജീവൻ തലമുറയായി അവന്നു കൈമാറിക്കിട്ടിയതും ,ആത്മാവ് (വ്യക്തി,മനസ്സ്  ) അവന്റെ ബ്രൂണ വളർച്ചയുടെ ഒരു ഘട്ടത്തിൽ അവനിൽ വന്നു ചേർന്നതുമാണ്.ജീവൻ നിലനില്ക്കാൻ ആവശ്യമായ ശരീരത്തിന്റെ ശേഷി നഷ്ടപ്പെടുമ്പോൾ ആത്മാവ് ഇറങ്ങിപ്പോകുന്നു. വണ്ടിയുടെ എഞ്ചിൻ തകരായാൽ ഡ്രൈവർ വണ്ടിയിൽ നിന്നും ഇറങ്ങി പ്പോകുന്നു എന്നത് പോലെ .

      ശരീരത്തിൽ നിന്നും ജീവൻ (റൂഹ് )നഷ്ടപ്പെടുമ്പോൾ അതി കഠിനമായ വേദന അനുഭവപ്പെടുന്നു .കാരണം ഓരോ കോശത്തിൽ നിന്നും ജീവൻ നഷ്ടപ്പെടുകയാണ് അപ്പോൾ ചെയ്യുന്നത് .നമ്മുടെ എല്ലാ ജീവൽ പ്രവർത്തനങ്ങളും അവിടെ നിലക്കുകയാണ് .മനുഷ്യൻ ഒഴിച്ച് മറ്റുള്ള ജീവ ജാലങ്ങൾക്ക്  ആത്മാവ് (വക്തിത്വം )( നഫ്സ് )  ഇല്ല. എന്നാൽ അവയ്ക്ക് ജീവനുണ്ട് .  അവ മരണമടയുമ്പോൾ അത് മാത്രമേ നഷ്ടപ്പെടുന്നുള്ളൂ .

ഇത് ഒരു പഠനവും  അന്വേഷണവും മാത്രമാണ് ,വിയോജിപ്പുകൾ സ്വാഗതം ചെയ്യുന്നു  

Note :The law of conservation of energy :  Energy can be neither created nor destroyed....
ജീവനും തഥൈവ .

2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

ലഹരിയുടെ അഥവാ ആനന്ദത്തിന്റെ മന:ശ്ശാസ്ത്രം

                                                           -ആബിദ് അലി പടന്ന 
മനുഷ്യന്‍ എന്നും സുഖം ആഗ്രഹിക്കുന്നു .ദുഃഖം വന്നു വീഴുന്നത് അവന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. സുഖം മനുഷ്യനെ തേടി എത്തിയില്ലെങ്കില്‍ മനുഷ്യന്‍ സുഖവും  തേടി പോകുന്നു.

അപ്പോള്‍ ആത്മ സംതൃപ്തി ,സമാധാന നിര്‍വൃതി ,ആനന്ദം,ദുഃഖം മറക്കല്‍ എന്നിവയ്ക്ക്  പരിഹാരം തേടി മനുഷ്യന്‍ നെട്ടോട്ടം ഓടുന്നു .ജീവിത പ്രാരാബ്ദം, ജീവിത പ്രശ്നങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തി നേടാന്‍ അവന്‍ പരിഹാര മാർഗ്ഗങ്ങൾ തേടി അലയുന്നു.

ലഹരികളില്‍ അഭയം തേടുക എന്നത് ഒരു കുറുക്കു വഴിയാണ് .എന്നാല്‍ അത് ശാശ്വതമായ ഒരു പ്രശ്ന പരിഹാരം അല്ല .മറിച്ചു അത് തന്നെ ഒരു തീരാത്ത പ്രശനമായി മാറുകയാണ് ചെയ്യുക .
അങ്ങിനെ എളുപ്പത്തിൽ പോകാവുന്ന ലഹരികൾ മൂന്നാകുന്നു .
ഒന്ന് ,മദ്യം
രണ്ടു, കാമം
മൂന്നു, ഭക്തി
ആനന്ദ ട്രയാങ്കിൾ 

ഇതിൽ  മദ്യം ഒരു തിരിച്ചു വരവ് അസാധ്യമാക്കുന്ന രീതിയിൽ അവനെ നശിപ്പിച്ചേക്കാം . പിന്നീട് ഖേദം മാത്രം അവന്നു അത് അവശേഷിപ്പിക്കുന്നു . ചുരുക്കി,ദുഃഖം മറക്കാൻ മദ്യം സേവിക്കുന്നവർക്കു ബോധം തെളിഞ്ഞാൽ വല്ലാത്ത കുറ്റബോധവും മനസ്സാക്ഷി കുത്തും ഉണ്ടാക്കുന്നു. അത് തന്നെ മറ്റൊരു ദുഖത്തിന്നു കാരണമാകുന്നു . 

അത് പോലെ തന്നെ കാമവും  . അവിഹിതമായ പരസ്ത്രീ ബന്ധം ചിലര്ക്ക് ലഹരിയാണ് . അതിന്റെ സാമൂഹ്യമായ പ്രത്യാഘാതങ്ങൾ അവന്നു വിഷയമല്ല . തന്റെ സുഖം മാത്രമാണ് പ്രധാനം . വിഹിതമായ സ്ത്രീ പുരുഷ ബന്ധം നില നിൽക്കുമ്പോൾ തന്നെ തന്റെ ഇണകളെ വഞ്ചിക്കുന്ന തരത്തിൽ ഈ ലഹരി മനുഷ്യനെ കൊണ്ടെത്തിചെക്കാം .

ഭക്തിയുടെ വഴിയും വ്യത്യസ്തമല്ല . ജീവിത പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ മറ്റൊരു ലഹരി  മാർഗ്ഗം. ഭക്തിയുടെ വഴി തെരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ വീഴുന്നത് വലിയ കുഴികളിൽ ആയേക്കാം .
 
ഈ മൂന്നു വഴിക്കും ഒരു പ്രത്യേകതയുണ്ട് .മൂന്നിലും ലഹരി ഉണ്ട് എന്നതാണ് അത്.
സ്വയം മറക്കലിന്റെ ഈ മൂന്നു രീതിയിലും പല സാമ്യതകളും ഉണ്ട് . ലഹരിയുടെ പ്രതീകങ്ങൾ ഈ മൂന്നിലും  ഒരേ പോലെ ആയതു വെറും യാദ്രിശ്ചികം മാത്രമോ ?

ഇവയാണ് ആ  പ്രതീകങ്ങൾ  :
1.  ഇരുണ്ട വെളിച്ചം
2. നേർത്ത പുക പടലങ്ങൾ
3. പതിഞ്ഞ സംഗീതം 
മദ്യം

മദ്യം വിളമ്പുന്ന ബാറുകളിലും നൈറ്റ്‌ ക്ലബ്ബുകളിലും  എന്തിനാണ്  ഇരുണ്ട വെളിച്ചം ഉപയോഗിക്കുന്നത്  ?അവിത്തെ  നേര്‍ത്ത സംഗീതം നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ ? ചുരുങ്ങിയത് നൃത്ത വേദികളിൽ എങ്കിലും  പുക പടലങ്ങൾ  നിങ്ങള്‍ കണ്ടിട്ടുണ്ടോ ?കൂടാതെ നൃത്തവും ,ആട്ടവും പാട്ടും ഉണ്ടാകാറില്ലേ ?
ഇരുണ്ട വെളിച്ചം -ബാറിലും ബെഡ് റൂമിലും 
എന്ത് കൊണ്ട് ഇങ്ങനെ ഒരു അന്തരീക്ഷം സാധാരണയായി മദ്യവുമായി ബന്ധപ്പെട്ടു നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു ?
ചിന്തിക്കേണ്ട ഒരു വസ്തുതയാണിത് .
ഭക്തി
ക്ഷേത്ര പൂജാ മുറികൾ , ജാറങ്ങൾ,  മഖ്ബറകൾ തുടങ്ങിയവ നിങ്ങൾ സന്ദർശിച്ചിട്ടുണ്ടോ ?സന്യാസി മഠം ,പുണ്യാള ന്മാരുടെ ശവകുടീരങ്ങൾ ,സ്വാമി- ഔലിയ തുടങ്ങിവരുടെ  മത ധ്യാന കേന്ദ്രങ്ങൾ ,ആത്മീയ പ്രഘോഷണ വേദികൾ തുടങ്ങിയവയെ നിങ്ങൾ താരതമ്യം ചെയ്തു നോക്കിയിട്ടുണ്ടോ ?എങ്കിൽ നിങ്ങൾക്ക് അവിടെയും പല സാമ്യതകൾ കാണാം . ഇപ്പറഞ്ഞ ഒട്ടു മിക്ക കേന്ദ്രങ്ങളിലും വെളിച്ചം വളരെ കുറവായിരിക്കും അഥവാ നേരെത്തെ പറഞ്ഞ ഇരുണ്ട വെളിച്ചം .അഘണ്ട നാമങ്ങളായോ,ഹലോ ലൂലിയ വിളികളാലോ  ,ജമാലിയാ -കമാലിയ്യാ സ്വലാത്തായോ താളത്തിലുള്ള സംഗീതാത്മകമായ ശബ്ദ ക്കെട്ടുകൾ അവിടെ കേൾക്കാം . ചില കേന്ദ്രങ്ങളിൽ ജപ നാമങ്ങൾക്ക് പകരം ആനന്ദ നൃത്തവും നിങ്ങൾക്ക് കാണാം .
ഭക്തിയുടെ ആനന്ദ നൃത്തങ്ങൾ 
 അത് പോലെ  ,ചന്ദനമോ, കർപ്പൂരമോ കത്തിച്ച പുക പടലങ്ങള്‍ ,അവയുടെ രൂക്ഷമായ ഗന്ധം എന്നിവയും ഇത്തരം കേന്ദ്രങ്ങളിൽ കാണാവുന്നതാണ് . 
പുക പടലങ്ങൾ 
ഈ പറഞ്ഞ പ്രതീകങ്ങൾ ഇല്ലാത്ത ഒരു ആത്മീയ കേന്ദ്രത്തെ കുറിച്ച് ചിന്തിക്കാൻ നമുക്ക് സാധ്യമാണോ ?
കാമം
ഇതേ  മൂന്നു പ്രതീകങ്ങൾ കാമത്തിലും നിങ്ങൾക്ക് കാണാം.ഒരു ആദ്യരാത്രിയിലെ  ബെഡ്റൂമിനെ കുറിച്ച നമ്മുടെ സങ്കല്പങ്ങൾ ഒന്ന് പരിശോധിച്ച് നോക്കൂ  ....... ഡിം ലൈറ്റ് അഥവാ  സീറോ ബള്‍ബുകള്‍ ,എവിടെ നിന്നോ ഒഴുകി വരുന്ന നേര്‍ത്ത സംഗീതം ,മുല്ലപ്പൂ കൊണ്ട് അലങ്കരിക്കുകയും വിതറുകയും ചെയ്ത കട്ടിൽ,അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള  സുഗന്ധങ്ങൾ .
ആനന്ദ നൃത്തം അഥവാ ഉന്മാദ നൃത്തങ്ങളുടെ  മനശാസ്ത്രം
ഒരു തികഞ്ഞ ഭൌതീക വാദിയുടെ ആനന്ദത്തിന്റെ  അങ്ങേയറ്റം എന്താണ് ? രാത്രിയിൽ മദ്യ ശാലകളിലോ  ഡാൻസ് ക്ലബ്ബുകളിലോ  പോയി ആനന്ദ നൃത്തം ചവിട്ടുക .കൂട്ടമായി  സ്വയം മറന്നു നേരം വെളുക്കുവോളം ആടിപ്പാടി  ത്തിമർക്കുക.അത് പോലെ പോപ് ,റാപ്പ്,ഗാന മേളകൾ  തുടങ്ങിയ സംഗീത മേളകളിൽ പോവുക. ആകെ ശരീരം ഇളക്കി ഉന്മത്തരായി നൃത്തം ചെയ്യുക . ആനന്ദം...... പരമാനന്ദം.
എന്നാൽ ഒരു തികഞ്ഞ ആത്മീയ വാദിയുടെ ആനന്ദത്തിന്റെ അങ്ങേയറ്റം എന്താണ് എന്ന് നിങ്ങൾ പരിശോധിച്ചിട്ടുണ്ടോ ?ബഹു രസമാണ് കാര്യം . അതും സംഗീതവും  ഉന്മാദ നൃത്തവും തന്നെ . സൂഫികളുടെ സംഗീതമായ ഖവ്വാലിയും അവരുടെ നൃത്ത രൂപമായ സമ(SAMA )യും ഒന്ന് താരതമ്യം ചെയ്തു നോക്കൂ. 
ഭക്തിയുടെയും, ഭൌതികതയുടെയും ഉന്മാദ നൃത്തങ്ങൾ 
ചുരുക്കി,
ഇപ്പോൾ നമ്മുടെ അറിവിലുള്ള  രണ്ടു ജീവിത വീക്ഷണങ്ങളും(ആത്മീയ ,ഭൌതീക വീക്ഷണങ്ങൾ) നമുക്ക് നല്കുന്ന ഔട്ട്‌ പുട്ട് എന്നത് വെറും, എല്ലാം മറന്നു ആടിപ്പാടി മയങ്ങിക്കിടക്കുന്ന മനുഷ്യരെയാണ് .ഇങ്ങനെ മയക്ക വെടി ഏറ്റു  കിടക്കാത്ത, ഉണർന്നിരിക്കുന്ന ജീവനുള്ള മനുഷ്യനെ സൃഷ്ടിക്കുന്ന ഒരു ജീവിത വീക്ഷണത്തെക്കുറിച്ചുള്ള അന്വേഷണതിന്നു ഇനിയും ആരെയാണ് നാം കാത്തിരിക്കുന്നത് ?

2013, മാർച്ച് 4, തിങ്കളാഴ്‌ച

അറബു സംസ്ക്കാരം ഇസ്ലാമിക സംസ്കാരമാണോ ??

-Abid Ali padanna 
        അറബ് സംസ്കാരവും  ഇസ്ലാമിക സംസ്ക്കാരവും തമ്മിലുള്ള വ്യത്യാസമെന്ത്? അവ തമ്മില്‍ വല്ല ബന്ധവും ഉണ്ടോ ?ഉണ്ടെങ്കില്‍ എന്ത്? ഇതു മനസ്സിലാക്കിയില്ലെങ്കില്‍ വല്ല കുഴപ്പവും ഉണ്ടോ?ഉണ്ടെങ്കില്‍ എന്ത് ?ഇവ രണ്ടും വേര്‍തിരിച്ചു മനസ്സിലാക്കാത്തതിന്റെ കുഴപ്പം പലപ്പോഴും പല രീതിയിലായി സമൂഹത്തില്‍ പൊങ്ങി വരാറുണ്ട്.അധികമാളുകളും അറബികളുടെ ശീലങ്ങള്‍ ഇസ്ലാമിക ശീലങ്ങളായി തെറ്റിദ്ധരിക്കുകയും അതുമൂലം പല  കുഴപ്പങ്ങളില്‍ ചാടുകകയും ചെയ്യുന്നു.
അല്പം വിശദീകരിക്കാം. 
അറബ് വേഷം 
       ഒരു സമൂഹത്തിന്റെ സംസ്ക്കാരത്തെ അടയാളപ്പെടുത്തുന്ന കാര്യങ്ങള്‍ ഇവയാണ്.
1)ഭാഷ
2)കല
3)ഭക്ഷണരീതികള്‍ 
4)വസ്ത്ര-വേഷങ്ങള്‍
5)പാര്‍പ്പിടരീതികള്‍
ഇവസൂക്ഷമമായി നിരീക്ഷിച്ചാല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് പെട്ടന്ന് മനസ്സിലാക്കാം. 
ഭാഷ
     മുഹമ്മദ്‌ നബി ജനിച്ചത് അറേബ്യയില്‍ ആയിരുന്നു .ഖുര്‍ആന്‍ അവതരിച്ചതും അറബി ഭാഷയില്‍ തന്നെ.ഇസ്ലാമിനെ കുറിച്ച് സാമാന്യം മനസ്സിലാക്കാന്‍ അല്പം അറബി ഭാഷ പഠിക്കേണ്ടതുണ്ട് .ശരി തന്നെ .എന്നാല്‍ എല്ലാ മുസ്ലിംകളും അറബി ഭാഷ തങ്ങളുടെ സംസാര ഭാഷയാക്കി മാറ്റാന്‍ ഇസ്ലാം കല്പിക്കുന്നില്ല .അതിനാലാണ്  അറബി ഭാഷ സംസരിക്കാത്ത മുസ്ലിംകള്‍ ലോകത്ത് കൂടുതല്‍ ഉണ്ടായതു . ലോകത്ത് മുസ്ലിം ജന സംഖ്യ 1570 മില്യണ്‍ ആണെങ്കില്‍ അതില്‍  അറബ്  ഭാഷ സംസാരിക്കുന്ന മുസ്ലിംകള്‍  260 മില്യണ്‍ മാത്രമേ വരികയുള്ളൂ.അറബി ഭാഷയെ അറബികളുടെ ഭാഷ എന്നെല്ലാതെ ലോക മുസ്ലിംകളെല്ലാം അറബി ഭാഷ സംസാരിക്കണമെന്ന് ഇസ്ലാം അടിച്ചേല്‍പ്പിക്കുന്നില്ല,നിങ്ങള്‍ക്ക് അറബി ഒരു ഭാഷയായി സ്വീകരിക്കാനുള്ള സ്വാതന്ത്രം ഉണ്ടെങ്കിലും. 
വസ്ത്രം-വേഷം 
      അറബികളിലെ പുരുഷന്മാരുടെ  വേഷം ഇസ്ലാമിക വേഷമായി ആരും വ്യാഖ്യനിക്കാറില്ല.അത് ഇസ്ലാമിന്നു എതിരാകുന്നില്ല എന്ന് മാത്രം.അതിനാല്‍ ലോകത്തിന്റെ മറ്റു ഭാഗത്തുള്ളവര്‍ വ്യത്യസ്ത വസ്ത്ര രീതികള്‍ സ്വീകരിക്കുന്നത് ഇസ്ലാം വിലക്കുന്നില്ല.പാകിസ്ഥാനികളും, ഉത്തരേന്ത്യന്‍ മുസ്ലിംകളും കുര്‍ത്ത, പൈജാമ ധരിക്കുന്നതും,ബംഗ്ലാദേശുകാരും, മലയാളികളും ഷര്‍ട്ട്, മുണ്ട് എന്നിവ ധരിക്കുന്നതും ഇസ്ലാം വിലക്കുന്നില്ലല്ലോ?അത് പോലെ തന്നെ അറബികള്‍ കന്തൂറയും(തൗബ്), കത്രയും,അഗാലും(Agal)ധരിക്കുന്നു എന്ന് മാത്രം.അതിന്നു ഇസ്ലാമികമായ മാനം നല്‍കേണ്ടതില്ല.
അറബ് ,പാക്കിസ്ഥാന്‍ ,ടുനേഷ്യന്‍ ,ബംഗ്ലാദേശ് വേഷങ്ങള്‍ 
       ഇനി അറബി സ്ത്രീകള്‍ പൊതുവേ കറുത്ത അബായയും ചിലപ്പോള്‍ ഇരുമ്പ് കവചം കൊണ്ടോ,കറുത്ത തട്ടം കൊണ്ടോ മുഖവും മറക്കുന്നു.ഇതില്‍ തലയും ശരീരവും മറക്കുന്ന അബായ ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനാല്‍ ലോകത്ത് പ്രചാരണം നേടി എടുത്തു.എന്തെങ്കിലും വസ്തു ഉപയോഗിച്ചു മുഖം മറക്കുക എന്നത് ഒരു അറബി സംസ്കാരമായി മാത്രം കാണേണ്ടതാണ്.അത് എല്ലാവരിലും ഇസ്ലാമിക ശസനയായി അടിച്ചെല്പിക്കുന്നവര്‍ മലയാളികളായ പുരുഷന്മാര്‍ കന്തൂറയും കത്രയും ,അഗാലും ധരിക്കണമെന്ന് പറയാന്‍ ധൈര്യപ്പെടാത്തത് എന്ത് കൊണ്ട്?
ആഫ്രിക്കന്‍ - അറബ് വേഷ വൈവിധ്യങ്ങള്‍ 
വേഷ വൈവിധ്യങ്ങള്‍ -ചൈന,ഫിലിപ്പിന്‍സ് ,മലേഷ്യ ,ജപ്പാന്‍ ,കാശ്മീര്‍ ,കേരള ,കിര്‍ഗിസ്ഥാന്‍ ,ഉസ്ബക് ,റഷ്യ 
      മലയാളി മാപ്പിള പെണ്ണുങ്ങളുടെ കാച്ചി മുണ്ടും,കുപ്പായവും ഇസ്ലാമിക വേഷം തന്നെയല്ലേ? അത് പോലെ ഉത്തരേന്ത്യന്‍ മുസ്ലിം സ്ത്രീകളുടെ സല്‍വാരും കമ്മീസും.അങ്ങിനെ ഇന്ത്യോനേഷ്യ മുതല്‍ ,ഫിലിപ്പിന്‍സ് ,ഫലസ്തീന്‍ തുടങ്ങിയ എല്ലാ രാജ്യങ്ങളിലെയും സ്ത്രീ -പുരുഷ വേഷങ്ങള്‍ താരതമ്യം ചെയ്‌താല്‍ അത്ഭുതകരമായ വൈവിധ്യങ്ങള്‍ നിങ്ങള്‍ക്ക് കാണാം.
ആചാരങ്ങള്‍
അറബ് ചാരങ്ങളായ ഘഞ്ചര്‍ ,വടി 
     വാള്‍ ഉപയോഗിക്കുക എന്നത് പഴയ അറബ് സംസ്ക്കാരത്തിന്റെ ഭാഗമാണ്.അത് ഇസ്ലാമിക ആചാരമല്ല. കാരണം മുഹമ്മദ്‌ നബി  വരുന്നതിനു മുമ്പേ ഈ ആചാരം അറബികളുടെ ഭാഗമാണ്. അതിനാല്‍  ലോകത്തുള്ള മറ്റു മുസ്ലിംകള്‍ മുഴുവന്‍ വാളും കയ്യില്‍ പിടിച്ചു കൊണ്ട് നടക്കുന്നില്ല.ഇസ്ലാം അങ്ങിനെ കല്‍പ്പിക്കുന്നും ഇല്ല. അത്പോലെ വടി ,ചെറിയ വാള്‍ (ഘഞ്ചര്‍ /Dagger)   തുടങ്ങിയവയും അറബികള്‍ ആചാരമായി ഉപയോഗിക്കാറുണ്ട് . ആ ശീലങ്ങളും ഇസ്ലാം ആരോടും കല്‍പ്പിക്കുന്നില്ല എന്നതല്ലേ സത്യം.യു..യിലെ അറബികള്‍ക്ക്  ഫാല്‍ക്കന്‍ പക്ഷികള്‍ അവരുടെ ജീവിത ഭാഗമാണ്.എന്നാല്‍ ഈ ശീലം നാം ആരും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാറില്ല.        
കല
നൃത്ത കലകള്‍ -സിന്ധി,സൗദി,യമന്‍ ,തുര്‍ക്കി 
  അറബികളുടെ സംഗീതം,സംഗീത ഉപകരണങ്ങള്‍ ,നൃത്ത രൂപങ്ങള്‍ എന്നിവ എന്ത് കൊണ്ട് നമ്മുടേതില്‍ നിന്ന് വ്യത്യസ്തമായി ?
ഉത്തരേന്ത്യയിലെ ഖവ്വാലി,കേരളത്തിലെ മാപ്പിളപ്പാട്ട്,ഒപ്പന  എന്നിവ  അറബി കലകള്‍   അല്ല . രണ്ടും തനതായ ഇന്ത്യന്‍ മുസ്ലിം പാശ്ചാത്തലത്തില്‍ വന്നതാണ് .ഇമാറാത്തി(യു..ഇ)അറബികളുടെ യോവാല(Yola),ഹബാന്‍   എന്ന നൃത്ത കലകള്‍ ,സൌദികളുടെ അര്‍ദ്ധ ഡാന്‍സ്(Al Ardha)എന്നിവ ഇസ്ലാമിക നൃത്തമല്ല .അങ്ങിനെ ആണെങ്കില്‍  ഇസ്ലാമിന്റെ കൂടെ ഇതൊക്കെ നമ്മുടെ നാട്ടില്‍ എത്തേണ്ടിയിരുന്നു. എന്നാല്‍ അങ്ങിനെ എത്തിയില്ല എന്നതാണ് സത്യം .  
ചൈനീസ് നൃത്ത രൂപം 

      മൊറോക്കോ  മുതല്‍ ഫിലിപ്പിന്‍സ് വരെയുള്ള രാജ്യങ്ങളിലെ നാടന്‍ കലാ രീതികളും, സംഗീത-നൃത്ത രൂപങ്ങളും വൈവിധ്യങ്ങള്‍ നിറഞ്ഞതും  അതിശയിപ്പിക്കുന്നതുമാണ്.ചില രാജ്യങ്ങളും അവിടുത്തെ നൃത്ത-സംഗീതവും  ഉദാഹരണമായി കാണുക.   
ഇന്ത്യ-ഖവ്വാലി-ഒപ്പന 

അള്‍ജീരിയ -റായ്
കുവൈത്ത് -സൌത്ത്
ഇറാഖ് -മഖാം
സൗദി -അര്‍ദ്ധ,അല്‍ ശിഹ്ബ ,മിസ്മര്‍ ,സംരി
യു..ഇ -യോല ,ഖയാലി
ലബനാന്‍ -ധബ്ക
ടുണിഷ്യ -മലീല,മലൗഫ് 
തുര്‍ക്കി -സയ്ബെക്
ഇന്ത്യോനേഷ്യ-സപിന്‍
ഭക്ഷണം
     അറബികളുടെ വ്യത്യസ്തമായ ഭക്ഷണ രീതി ലോകത്തുള്ള എല്ലാ മുസ്ലിംകളും സ്വീകരിക്കുന്നില്ല .നാം കേരളീയര്‍ ചോറും സാമ്പാറും കഴിക്കുമ്പോള്‍  അറബികള്‍
ഗാവ ,ഈത്തപ്പഴം, റൊട്ടി ,ഒലിവ് ,അത്തിപ്പഴം  ,ഒട്ടകപ്പാല്‍ തുടങ്ങിയവ ഭക്ഷണ സാധനങ്ങളായി ഉപയോഗിക്കുന്നു.
പാര്‍പ്പിടം(വാസ്തു, ശില്പം)

      മുന്‍കാല അറബികളുടെ പാര്‍പ്പിട രീതി മറ്റു രാജ്യക്കാര്‍ അനുകരിച്ചിരുന്നില്ല.അവരവരുടെ രാജ്യത്തെ രീതികള്‍ അവര്‍ പിന്തുടര്‍ന്നു പോന്നു.വാസ്തു ചാരുതയും ,ശില്പ ഭംഗിയും വ്യത്യസ്തമായിരുന്നു .ഇത് എത്രത്തോളം  എന്നാല്‍ ,മുസ്ലിം പള്ളികള്‍ക്ക് പോലും ഏകമായ ഒരു രൂപം ഇസ്ലാം ഉണ്ടാക്കി വെച്ചില്ല . അനേക വര്‍ഷങ്ങള്‍ക്കു ശേഷമാണ് മിനാരങ്ങളും ഖുബ്ബകളും പള്ളികളുടെ മുകളില്‍ സ്ഥാനം പിടിക്കുന്നത്‌ .
മുസ്ലിം പള്ളി ചൈനയിലും കേരളത്തിലും

         അതിനാല്‍ കേരളത്തിലെ മുന്‍കാല പള്ളികള്‍ ക്ഷേത്ര ശില്പ മാത്രകയിലാണ് പണി കഴിപ്പിച്ചിരുന്നത് .അതില്‍ അറബ് രീതി കാണാത്തതിനാല്‍ അത് ഇസ്ലാമികം അല്ല എന്ന് ആരും വാദിക്കില്ല .അത് പോലെ തന്നെ ചൈന,ഇന്ത്യോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളും താരതമ്യം ചെയ്യുക.  
വൈവിധ്യങ്ങള്‍ ദൃഷ്ടാന്തങ്ങള്‍ 
     "ആകാശഭൂമികളുടെ സൃഷ്ടിപ്പ്, നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലെയും വൈവിധ്യം; ഇവയും അവന്റെ അടയാളങ്ങളില്‍പെട്ടവയാണ്. ഇതിലൊക്കെയും അറിവുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്."(ഖുര്‍ആന്‍ ,അദ്ധ്യായം 30,അറൂം(റോമക്കാര്‍ ):32)
ചിത്രങ്ങള്‍ :ഗൂഗിള്‍ 

2013, ഫെബ്രുവരി 23, ശനിയാഴ്‌ച

നിങ്ങളും ഒരു പ്രേത വിശ്വാസിയാണോ ??

-Abid Ali Padanna
ഭയവും ധൈര്യവും

നമ്മുടെ ജീവിതത്തെ കുടുസ്സാകിത്തീര്‍ക്കുന്നതില്‍ ഭയം എന്ന വികാരത്തിനു വളരെ വലിയ പങ്കുണ്ട്.
ഭയം എന്നത് എല്ലാ മനുഷ്യരിലും ജന്മനാ ഉള്ളത് തന്നെ.എന്നാല്‍ അനാവശ്യ ഭയങ്ങള്‍ നാം തന്നെ വെറുതെ ഉണ്ടാക്കുകയാണെങ്കിലോ ? ധൈര്യം എന്നതും ജന്മനാ ഉള്ളതുതന്നെ .കെട്ടിയുണ്ടാക്കിയ അനാവശ്യ ഭയങ്ങള്‍ ധൈര്യത്തെ മറികടന്നാല്‍ ജീവിതം ഭയം  നിറഞ്ഞതാകും.
ഭയ രഹിതമായി ജീവിക്കുക എന്നത് നമ്മുടെ അവകാശമാണ് .ധൈര്യം ഉണ്ടാകാന്‍ വെറുതെ മെനക്കെട്ടു ഗോഷ്ടികള്‍ കാണിക്കുന്നതിലും നല്ലത് മനസ്സില്‍ കുടിയിരുത്തപ്പെട്ട അനാവശ്യ ഭയങ്ങള്‍ നീക്കിക്കളഞ്ഞാല്‍ മതി . അതാണ്‌ എളുപ്പമായ മാര്‍ഗ്ഗവും .
ഒരു വന്യജീവിയുടെയോ ,അക്രമികാരിയുടെയോ മുന്നില്‍ അകപ്പെട്ടാല്‍ ഉണ്ടാകുന്ന ഭയം മാനുഷികമാണ്‌ .ശാരീരിക ഭീക്ഷണി (Threat) കളില്‍ നിന്ന് രക്ഷ നേടാന്നും ഒളിച്ചിരിക്കാനും മനുഷ്യന്റെ ആത്മീയമായ ചോദനയാണ്  ഭയം.   എന്നാല്‍ ഭയം ഇല്ലാത്ത ഒന്നിന്റെ പേരിലായാലോ ???

മനസ്സില്‍ ഭയം രൂപപ്പെട്ടു വരുന്നത്തിന്റെ കാരണം നമ്മുടെ ധാരണകളാണ്.നമുക്ക് പാരമ്പര്യമായോ ,കെട്ടുകഥകളിലൂടെയോ നമ്മുടെ ചെറിയ പ്രായത്തില്‍ നമുക്ക് കിട്ടുന്ന അറിവാണ് നമ്മുടെ മനസ്സില്‍ ചില ഭീകര രൂപങ്ങള്‍ ഉണ്ടാക്കി വെക്കുന്നത്  .

ജോത്സ്യര്‍ ,കണിയാന്‍ ,കവടി നിരത്തുന്നവര്‍ , ചാത്ത സേവകര്‍ ,ജിന്ന് സേവകര്‍ ,ഭാവി പ്രവചകര്‍ , ...തുടങ്ങിയവരെ വെറുപ്പിച്ചാല്‍ ശാപ കോപങ്ങള്‍ ലഭിക്കും എന്ന വിശ്വാസം അനാവശ്യ ഭയം ഉണ്ടാകുന്നതിനുള്ള മറ്റൊരു പ്രധാന കാരണം ആണ് . ഇത്തരം വിശ്വാസങ്ങളെ മനസ്സില്‍ നിന്ന് നീക്കം ചെയ്തെ മതിയാകൂ.

ചുരുക്കി ,രക്ഷനേടാനുള്ള നൈസര്‍ഗ്ഗികമായ ഭയം നമുക്കില്ലാതാക്കാന്‍ ആവില്ല . എന്നാല്‍ നാം കേട്ട്കേള്‍വിയില്‍ നിന്ന് ധരിച്ചു വെച്ച ആര്‍ജ്ജിത ഭയം നമുക്ക് ഇല്ലായ്മ ചെയ്യാന്‍ കഴിയും ,അതിന്നു പല അന്ധ വിശ്വാസങ്ങളും നാം മനസ്സില്‍ നിന്ന് പിഴുതെറിയണം എന്നേയുള്ളൂ . 


ഒരു ഐഡിയല്‍ മലയാളി യക്ഷി 
പ്രേത വിശ്വാസത്തിന്റെ മനശാസ്ത്രം 
പണ്ട് കേരളത്തില്‍ ജാതി വ്യവസ്ഥ നില നിന്നിരുന്നപ്പോള്‍  അധികാരി   വര്‍ഗ്ഗങ്ങള്‍ കൊല ചെയ്തു വിട്ട  സ്ത്രീകളില്‍ നിന്ന് ഉണ്ടായ സങ്കല്‍പമാണ് പ്രതികാരം ചെയ്യുന്ന രക്ത രക്ഷസ്സ് ,  യക്ഷി,പ്രേത വിശ്വാസത്തിനു പിന്നില്‍ . മോക്ഷം കിട്ടാത്ത ആത്മാവുകള്‍ അലഞ്ഞു തിരിയുന്നു എന്ന ഹൈന്ദവ സങ്കല്പവും ഇത്തരം വിശ്വാസത്തിന്നു കരുത്തു പകരുന്നു .ഒരു യൂറോപ്യന്‍ വാമ്പയര്‍ 
ഇതിന്റെ തന്നെ മറ്റൊരു പതിപ്പാണ്‌ യൂറോപ്പിലെ പ്രേത വിശ്വാസവും.അവിടെ സ്ത്രീകളെക്കാളും കൂടുതല്‍ പുരുഷ പ്രേതങ്ങളാണ് എന്ന് മാത്രമേ ഉള്ളൂ . ഇതിനു പ്രേരകമായ മുഖ്യ ഘടകം മരിച്ചു  മറമാടപ്പെട്ട യേശുവിന്റെ മൂന്നാം ദിനത്തിലുള്ള പ്രത്യക്ഷപ്പെടലും ,ഇതിനെ കുറിച്ചുള്ള ബൈബിള്‍ വിവരണവും. അതുപോലെ പില്‍ക്കാല അപ്പൊസ്തലന്മാരുടെ മുന്നില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു എന്ന് പറയപ്പെടുന്ന യേശുവിന്റെ സ്പിരിറ്റ്‌(പ്രേതം) എന്ന ചിത്രങ്ങളും ഇങ്ങനെ പ്രേത വിശ്വാസത്തിന്നു അടിത്തറ    പാകിയിരിക്കാം .
ജിന്ന് -ഒരു ഭാവനയില്‍ 

മുസ്ലിംകളില്‍ പ്രേത വിശ്വാസം ഇല്ല .മരണപ്പെട്ടവരുടെ ആത്മാവ് ഭൂമിയില്‍ വരില്ല. അവ ആരെയും ശല്യം ചെയ്യുകയും ഇല്ല. പുനരുദ്ധാരണനാള്‍ വരെ അവര്‍ ബര്‍സഖ് (മറ) എന്ന അദൃശ്യ ലോകത്ത് വസിക്കുന്നു. അത്രമാത്രം. എന്നാല്‍ ജിന്ന് വിശ്വാസം ഇന്ന് പ്രേത വിശ്വാസത്തിന്റെ രൂപം പ്രാപിച്ചിരിക്കുന്നു.ജിന്നുകള്‍ അദ്രശ്യമായ കാര്യങ്ങള്‍ പറഞ്ഞുതരും എന്നും ,നമ്മുടെ എല്ലാ കാര്യങ്ങളും സാധിച്ചു തരും എന്നും ശത്രുവിനെ നശിപ്പിക്കാന്‍ സാഹിയിക്കുമെന്നും പലരും കരുതുന്നു. അതുപോലെ  ജിന്നുകള്‍ മനുഷ്യ ശരീരത്തില്‍ കടന്നു കൂടും എന്നും പലരും വിശ്വസിക്കുന്നു .അങ്ങിനെ പല ജിന്ന് സേവകരും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇതിന്റെ മൂല കാരണം അറബിക്കഥകളായ ആയിരത്തൊന്നു രാവുകളിലെ ജിന്ന് സങ്കല്പങ്ങളാണ് .

ജിന്ന് എന്നതു അദൃശ്യ ജീവികളാണ് .അവരെ തീയിനാല്‍ സൃഷ്ടിക്കപ്പെട്ടു എന്ന് ഖുറാന്‍ പറയുന്നു.
മാലാഖമാരെപ്പോലെ മറ്റൊരു സൃഷ്ടി ,മനുഷ്യനെ പോലെ. അവയുടെ രൂപം, ജീവിത രീതി ,എന്നിവയെ കുറിച്ച് ആര്‍ക്കും അറിയില്ല .തിന്മയുടെ പ്രതീകമായ പിശാച് (ഇബ്ലീസ്‌ /ലൂസിഫര്‍ ) ജിന്ന് വംശത്തില്‍ പെട്ടവനാണ് എന്നും  ഖുറാന്‍ പറയുന്നു.
ജിന്നുകളെ മനുഷ്യന്നു കാണുക സാധ്യമല്ല.എന്നാല്‍ സുലൈമാന്‍ (സോളമന്‍ ) നബിക്ക്  പര്‍വ്വതങ്ങള്‍ ,കാറ്റ് , പക്ഷി ഭാഷ, മൃഗങ്ങളുടെ ഭാഷ ,ജിന്നുകള്‍ തുടങ്ങിയവ അധീനപ്പെടുത്തിയിരുന്നു. ഇത് അദ്ദേഹത്തിനു മാത്രം അത്ഭുതമായി അനുവദിച്ചു കൊടുത്തതാണ് .അതിനപ്പുറം അതില്‍ ഒന്നും തന്നെയില്ല .

എന്നാല്‍ ഇതേ ജിന്നുകള്‍ക്ക്‌  അദൃശ്യ കാര്യങ്ങളെ കുറിച്ച് ഒരു അറിവും ഇല്ല എന്നും ,നമ്മുടെ ദൈനംദിന ജീവിതത്തില്‍ അവയ്ക്ക് ഭൌതെകമായി ഇടപെടാന്‍ കഴിയില്ല എന്നതും സുലൈമാന്‍ നബിയുടെ മരണ സംഭവത്തിലൂടെ  ഖുര്‍ആന്‍ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു . ജിന്നുകളെ  പല ജോലികളില്‍ ഏര്‍പ്പെടുത്തി തന്റെ സിംഹാസനത്തില്‍ ഊന്നു വടി പിടിച്ചുകൊണ്ടു ഇരിക്കവേ അദ്ദേഹത്തിനു മരണം സംഭവിച്ചു. 

"നാം അദ്ദേഹത്തിന്‍റെ മേല്‍ (സുലൈമാന്‍ നബി) മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതല്‍ മാത്രമാണ്‌ അദ്ദേഹത്തിന്‍റെ മരണത്തെപ്പറ്റി അവര്‍ക്ക്‌ (ജിന്നുകള്‍ക്ക്‌) അറിവ്‌ നല്‍കിയത്‌. അങ്ങനെ അദ്ദേഹം മറിഞ്ഞു  വീണപ്പോള്‍ , തങ്ങള്‍ക്ക്‌ അദൃശ്യകാര്യം അറിയാമായിരുന്നെങ്കില്‍ അപമാനകരമായ ശിക്ഷയില്‍ തങ്ങള്‍ കഴിച്ചുകൂട്ടേണ്ടി വരില്ലായിരുന്നു  എന്ന്‌ ജിന്നുകള്‍ക്ക്‌ ബോധ്യമായി."(ഖുര്‍ആന്‍ ,സബഅ`: 14)

അത് പോലെ ഭയം എന്ന വികാരം നമുക്ക് ആസ്വദിക്കാനും  കഴിയും എന്നതിന്റെ തെളിവാണ് നാം ഹൊറര്‍(Horror) സിനിമകള്‍ കാണുന്നതിന്റെ  മനശാസ്ത്രം


മനോ പ്രതികരണം പ്രേത ബാധ അല്ല
ചെറുപ്പകാലത്ത് സ്നേഹവും വാത്സല്ല്യവും ലഭിക്കാതെ പോയ  മണി ചിത്രത്താഴിലെ(1993,ഫാസില്‍)  ശോഭനയുടെ ഗംഗ എന്നാ കഥാപാത്രം ഇടയ്ക്കിടെ നാഗവല്ലി ആകുന്നതും ,പ്രതീക്ഷിച്ച സ്നേഹം കിട്ടാതെ വന്നപ്പോള്‍ പ്രതികാരം ചെയ്യുന്ന മനസ്സുള്ള ജാനകകുട്ടി യുടെ ചാത്തനേറും (എന്നു സ്വന്തം ജാനകിക്കുട്ടി,1998 ,ഹരിഹരന്‍- എം ടി) നമ്മോടു ചില സത്യങ്ങള്‍ പറയുന്നുണ്ട് .

മൂടി വെക്കപ്പെട്ട ആഗ്രഹങ്ങള്‍  പ്രകടിപ്പിക്കാന്‍ ആവാതെ വരുമ്പോള്‍ മനസ്സ് നാം അറിയാത്ത രീതിയില്‍ മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാന്‍ ചില കുസ്രിതികള്‍ കാണിക്കും .അത് പോലെ തന്നെയാണ് സ്നേഹം തടയപ്പെട്ടവരുടെയും മാനസിക പ്രതികരണങ്ങള്‍ .    

മുത്തശ്ശിമാര്‍ പറഞ്ഞു  തന്ന കഥകളിലെ സങ്കല്പങ്ങള്‍  വര്‍ഷങ്ങളും കാലങ്ങളും എത്ര മുന്നോട്ടു പോയാലും ഇരുട്ട് ,ഏകാന്തത എന്നിയവില്‍ നാം എത്തപ്പെടുമ്പോള്‍ മനസ്സില്‍ ഒളിഞ്ഞു കിടക്കുന്ന ആ സത്വങ്ങള്‍ നമ്മുടെ ചിന്താ മണ്ഡലത്തില്‍  രൂപങ്ങളായി തെളിഞ്ഞു വരുന്നു.പിന്നെ  ഭയന്ന് വിറക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നു . അത് പോലെ കുട്ടികളെ അനുസരണ ശീലരാക്കാന്‍ നാം പറഞ്ഞു കൊടുക്കാറുള്ള  ചാത്തന്‍  ,ഗുളികന്‍ ,ബാഉ ,ജിന്ന് തുടങ്ങിയവ  വരും എന്നും ,അവ കുട്ടികളെ തിന്നും എന്നും തുടങ്ങിയ വാക്കുകള്‍ കുട്ടികളുടെ മനസ്സില്‍ ഭീകര രൂപങ്ങള്‍ സൃഷ്ടിക്കുകയും ,ജീവിതാവസാനം വരെ അത് മായാതെ നിലനില്‍ക്കുകയും ചെയ്യുന്നു .സാഹചര്യങ്ങള്‍ ഒത്തു വന്നാല്‍ ആ ധാരണകള്‍ പുറത്തു ചാടി നമ്മെ തന്നെ ഭയപ്പെടുത്തുകയും ചെയ്യുന്നു 

പ്രേത വിശ്വാസികളോട് 10 ചോദ്യങ്ങള്‍
1.മലയാളി യക്ഷികള്‍  എന്ത് കൊണ്ട് സ്ത്രീകള്‍ മാത്രം ആയി മാറി ?പുരുഷന്മാര്‍ അതിന്നു കൊള്ളില്ലേ ??
2.യക്ഷികള്‍ വെളുത്ത സാരികള്‍ മാത്രം ധരിക്കുന്നത് എന്ത് കൊണ്ട് ?കളര്‍ വസ്ത്രങ്ങളോട് യക്ഷികള്‍ക്ക്  അലര്‍ജ്ജിയാണോ ?
3.യക്ഷികളും പ്രേതങ്ങളും എന്ത് കൊണ്ട് രാത്രി മാത്രം ഇറങ്ങി വരുന്നു ? ഇവര്‍ക്കെന്താ വെളിച്ചത്തെ ഭയമാണോ ?
4.പാതി രാത്രികളില്‍ നമ്മെ വന്നു ഭയപ്പെടുത്തിയത് കൊണ്ട് അവര്‍ക്ക് എന്താണ് പ്രയോജനം ലഭിക്കുന്നത് ?നമ്മള്‍ ഭയന്നാല്‍ അവര്‍ക്ക് സമാധാനം ലഭിക്കുമോ ?
5.നമ്മുടെ യക്ഷികളും ,യൂറോപ്പിലെ  ഡ്രാക്കുള ,വാമ്പയര്‍ (Vampire)തുടങ്ങിയവ   ചുടു ചോര മാത്രം കുടിക്കുന്നത് എന്ത് കൊണ്ട് ?ഇവര്‍ക്ക് ചൂട് വെള്ളം കുടിച്ചാല്‍ പോരെ ? ചോറും മുട്ടയും പഴ വര്‍ഗ്ഗങ്ങളും കഴിച്ചാല്‍ സ്കിന്‍ അല്ലര്‍ജി ഉണ്ടാകുമോ ? പാല മരവുമായി എന്താണ് ഇവര്‍ക്ക് ബന്ധം ? കാറ്റാടി മരത്തോടു വെറുപ്പാണോ ??
7.യൂറോപ്പില്‍ കുരിശ്  കണ്ടാല്‍ അവര്‍ ഒളിക്കും .മലയാളി യക്ഷികള്‍ക്ക് എന്ത് കൊണ്ട് ഇത് ബാധകം അല്ല ? പ്രേതങ്ങള്‍ മതം നോക്കിയാണോ ഭയപ്പെത്താറുള്ളത്?
8. ചൂരല്‍ വടികൊണ്ട് അടി കിട്ടിയാല്‍ പ്രേതങ്ങള്‍ ഒഴിഞ്ഞു  പോകുന്നത് എന്ത് കൊണ്ട് ? പ്രേതങ്ങള്‍ക്കും വേദന അനുഭവപ്പെടുമോ ?
9.സംഗീതവും ചിലങ്ക ശബ്ദവും അകമ്പടി വേണം എന്നുണ്ടോ ?അതില്ലാതെ വരാന്‍ പറ്റില്ലേ ?
10.സിനിമകളിലെ എല്ലാ പ്രേതങ്ങളും രക്ത ദാഹികള്‍ ആയതു എന്ത് കൊണ്ട് ?

ഒട്ടു മിക്ക യക്ഷി / പ്രേത കഥകളിലും പ്രേതങ്ങള്‍  പ്രതികാര ദാഹികള്‍ ആയതു  യാദ്രിശ്ചികമല്ല.നീതി ലഭിക്കാതെ പോയ കൊലപാതകങ്ങളും പീഡനങ്ങള്‍ക്ക്  ഇരയായവരും സ്വയം തന്നെ മരണ ശേഷം നീതി നടപ്പിലാക്കുന്നു.അപ്പോള്‍ അനീതിക്കെതിരെ പ്രതിരിക്കാന്‍ ആവാത്ത ഒരു ജനതയുടെ മാനസിക സംഘര്‍ഷങ്ങളാണ് പ്രേത /യക്ഷി കഥകളിലൂടെ നാം വായിക്കുന്നത്.
ചിത്രങ്ങള്‍ :ഗൂഗിള്‍ 

2013, ജനുവരി 14, തിങ്കളാഴ്‌ച

ഭൌതീക ജീവിത ദര്‍ശനത്തിന്റെ മുഖ മുദ്രകള്‍

                                                 -Abid Ali Padanna
മുതലാളിത്തം എന്ത് ??
മുതലാളിത്തം എന്നത് എഴുതി വെക്കപ്പെട്ട ഒരു തത്വ സംഹിതയല്ല.മുതലാളിത്വം എന്നത് മുതലാളിമാര്‍ക്ക് എതിരെ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ആണെന്ന് പൊതുവില്‍ ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.എന്നാല്‍ പണത്തെ കേന്ദ്ര ബിന്ദുവായി ജീവിതത്തെ വ്യാഖ്യാനിക്കുകയും ,പണത്തിന്നു മുകളില്‍ മനുഷ്യ ജീവിതങ്ങള്‍ക്ക് യാതൊരു വിലയും കല്പിക്കില്ല എന്നതും മുതലാളിത്തത്തിന്റെ ഒരു വീക്ഷണമാകുന്നു.

ജന്മനാ ഓരോ മനുഷ്യനും ഭൂമിയില്‍  പിറന്നു വീഴുന്നത് സ്വാര്‍ത്ഥത എന്ന ഒരു ജന്മ വാസനയുമായാണ്. അപ്പോള്‍ ഓരോ മനുഷ്യനിലും ഈ സ്വാര്‍ത്ഥ നിങ്ങള്ക്ക് കാണാം.ഇനി ഈ സ്വാര്‍ത്ഥത യുള്ള ഓരോ ആളുകളും കൂടിയ ഒരു സമൂഹം എങ്ങിനെ ആയിരിക്കും? ഇങ്ങനെ സ്വാര്‍ത്ഥതയെ ജീവിത വീക്ഷണം ആക്കിയ സമൂഹത്തെ തന്നെയാണ് നാം മുതലാളിത്ത സമൂഹം(Capitalist Society)  എന്ന് പറയുന്നത്. 

എങ്ങിനെ തിരിച്ചറിയാം ?
ഒരു സമൂഹം മുതലാളിത്ത സമൂഹമാണെന്നു നമുക്ക് എങ്ങിനെ തിരിച്ചറിയാം ?
നിങ്ങള്‍ക്ക്  ലക്ഷണങ്ങള്‍ കൊണ്ട് അത് മനസ്സിലാക്കാം.

ചില പൊതു ലക്ഷണങ്ങള്‍ 
1.മനുഷ്യനിലെ എല്ലാ അധമ വികാരങ്ങളെയും ചൂഷണം ചെയ്തു വിറ്റ്  കശാക്കുക.
2.പണത്തിനെ ദൈവമായി കണക്കാക്കുക .
3.പലിശ കേന്ദ്രീകൃത സാമ്പത്തിക വീക്ഷണം.
4.ദരിദ്രരെ കൂടുതല്‍ ദാരിദ്രരാക്കുന്നു .
5.തൊഴിലാളികള്‍ വെറും അടിമകള്‍ മാത്രം.
6.തൊഴില്‍ ശാലകള്‍ അറവു ശാലകള്‍ ആയി മാറുന്നു .
7.മനുഷ്യ ജീവന്നും,അവന്റെ വേദനയെക്കാളും പ്രാധാന്യം ഫാക്ടറി ഉല്പന്നങ്ങള്‍ക്ക് നല്‍കുന്നു.
ചാര്‍ളി ചാപ്ളിന്‍റെ  Modern Times(1936) എന്ന ചിത്രത്തിലെ ഈ സീനില്‍ ഇത് രണ്ടും അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു .

                                                      Factory scene From Modern Times
8.സ്ത്രീകളെ വില്പനച്ചരക്കാകുന്നു.   
9.ആയുധ കച്ചവടതിന്നു വേണ്ടി യുദ്ധങ്ങള്‍ സൃഷ്ടിക്കുന്നു .
10.ആതുര മേഖല ചൂഷണ ഉപാധിയാക്കുന്നു.
11.ഭക്ഷണ സാധനങ്ങളില്‍ മായം സര്‍വ്വത്ര മായം.
12.വിദ്യാഭ്യാസവും നല്ല വരുമാനമുള്ള കച്ചവട മാര്‍ഗ്ഗം ....
13.അഴിമതിയിലും കൈക്കൂലിയിലും മുങ്ങിയ ഭരണ കൂടങ്ങളും ഉദ്യോഗസ്ഥ വര്‍ഗ്ഗവും.
14.മതങ്ങള്‍ പോലും  നല്ല മാര്‍ക്കറ്റുള്ള കചവട മാര്‍ഗ്ഗമാക്കുന്നു..... 
15.മണ്ണും ,പുഴയും കടലും ,മലയും എല്ലാം നശിച്ചാലും കുഴപ്പമില്ല ....ലാഭം ലഭിക്കണം.
16.ആഡംഭാരങ്ങള്‍ക്കും മണി മാളികകള്‍ക്കും വേണ്ടി ലക്ഷങ്ങള്‍ ചിലവഴിക്കും.പാവപ്പെട്ടവര്‍ക്ക് ഒരു ചില്ലിക്കാശു പോലും നല്‍കാന്‍ തയ്യാറല്ല.

ജീവിത ദര്‍ശനം
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ വസ്ത്രം ഭക്ഷണം പാര്‍പ്പിടം തുടങ്ങിവക്ക് വേണ്ടി പരിശ്രമിക്കുന്നതിന്നു പകരം താഴെ പറയുന്ന കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം കല്പിക്കുന്നു. 
1 .കളി(sports /Game/amusement/Play )    
 ആവശ്യത്തിന്നു കളിയാവാം ,എന്നാല്‍ കളി തന്നെ കാര്യമായാലോ ??
മത്സരം ,ശാരീരിക പുഷ്ടി  എന്നതിന്നപ്പുറത്തു മില്ല്യനുകളും ബില്ല്യനുകളും ഒഴുകുന്ന അല്ലെങ്കില്‍ ലഭിക്കുന്ന ഒരു വലിയ വ്യവസായ ശാല ആക്കി മാറ്റിയത് ആര് ???
2 .വിനോദങ്ങള്‍ (Entertainment,Fun,Music,Club,Dance)
 വിനോദങ്ങള്‍ ഒരു പരിധി വരെ ആകാം .എന്നാല്‍ അവ പരിധി വിട്ടാലോ ?
3 .അലങ്കാരങ്ങള്‍/ആഡംഭരം(സൌന്ദര്യ വസ്തുക്കള്‍)
 ആഡംഭര വസ്തുക്കളുടെയും  അലങ്കാരങ്ങളുടെയും ലോകം ,നമ്മുടെ വിവാഹങ്ങള്‍ മുതല്‍ അന്താരാഷ്ട്രാ മേളകള്‍ വരെ കാണുക.
4 .പൊങ്ങച്ചം(تَفَاخُرٌ )(Boasting,Show)
 വീട് മുതല്‍ പാര്‍ലമെന്റ് വരെ ,വ്യക്തി മുതല്‍ രാജ്യങ്ങള്‍ വരെ പൊങ്ങച്ചത്തിന്റെ സ്തൂപ രൂപങ്ങള്‍ കൊണ്ട് നിറയുന്നു....  
5 .പെരുമ നടിക്കല്‍/മാത്സര്യം (multiplying,competition in  wealth)
പണം സമ്പാദിക്കാന്‍ ഏതു ദുഷിച്ച മാര്‍ഗ്ഗവും സ്വീകരിക്കുന്നു ,സമ്പത്തിന്റെ പേരില്‍ ഉള്ള പരസ്പര  മത്സരങ്ങള്‍ .....വഞ്ചന .....അവസാനം കൊലപാതകങ്ങള്‍ വരെ....

ഈ ശീലങ്ങള്‍ക്കു നിങ്ങള്‍ ജീവിതത്തില്‍ പ്രാധാന്യം നല്കുന്നവരാണോ എങ്കില്‍ നിങ്ങള്‍ മുതലാളിത്ത ശീലങ്ങള്‍ക്കു അടിമപ്പെട്ടവരാണ് .നിങ്ങള്‍ ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ആയിക്കൊള്ളട്ടെ,നിങ്ങള്‍ യുക്തിവാദിയോ നിരീശ്വരവാദിയോ, ആരും ആയിക്കൊള്ളട്ടെ, നിങ്ങള്‍ ഏതു രാജ്യക്കാരനാവട്ടെ, ഏതു കാലഘട്ടത്തില്‍ ജീവിക്കുന്നവനാകട്ടെ ,ഏതു സമുദായത്തിലൊ, ജാതിയിലോ ജനിച്ചവനാകട്ടെ .ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ നിങ്ങളും ഇതില്‍ വീണു പോയേക്കാം.   
ജാഗ്രതൈ!!!!!

"അറിയുക: ഈ ലോകജീവിതം വെറും കളിയും ,തമാശയും, അലങ്കാരങ്ങളും,  പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാണ്. അതൊരു മഴപോലെയാണ്. അതുവഴിയുണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷഭരിതരാക്കുന്നു. പിന്നെ അതുണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കു കാണാം. വൈകാതെ അത് തുരുമ്പായിത്തീരുന്നു. എന്നാല്‍, പരലോകത്തോ; കഠിനമായ ശിക്ഷയുണ്ട്. ദൈവത്തില്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹികജീവിതം വഞ്ചനയുടെ ഉപകരണം അല്ലാതെ മറ്റൊന്നുമല്ല."(ഖുര്‍ആന്‍,അദ്ധ്യായം 57, അല്‍ഹദീദ്(ഇരുമ്പ്): 20)

 ഇതേ വിഷയം മറ്റൊരു ലേഖനത്തില്‍ ഇവിടെ വായിക്കാം