2011, ഡിസംബർ 23, വെള്ളിയാഴ്‌ച

ശിര്‍ക്ക്(ദൈവത്തില്‍ പങ്കുചേര്‍ക്കല്‍) ഖുര്‍ആനില്‍

                                                                   - Abid Ali TM Padanna 
      അല്ലാഹു അല്ലെങ്കില്‍ പരബ്രഹ്മം എന്ന ഏകനും, അദ്രശ്യനും, സര്‍വ്വജ്ഞനും, സര്‍വ്വശക്തനും, പ്രപഞ്ച സൃഷ്ടാവായ പരമ സത്യത്തില്‍ നാം ആരെയും പങ്കുചേര്‍ക്കരുത്. അതുപോലെ അവന്റെ സത്തയിലോ,അവന്റെ ഗുണങ്ങളിലോ, അവന്റെ വിശേഷണങ്ങളിലോ, അവന്റെ  അധികാരത്തിലോ, അവന്റെ അവകാശത്തിലോ ആര്‍ക്കും ഒരു പങ്കും ഇല്ല. എന്നിരിക്കെ നാം അറിഞ്ഞു കൊണ്ട് പങ്കാളികളെ ചേര്‍ക്കരുത്.അത് കഠിനമായ പാപമാണ്.കാരണം അത് സുവ്യക്തമായ ഒരു കാര്യത്തില്‍ വെള്ളം ചേര്‍ക്കലാണ്.സത്യത്തിനുള്ളില്‍ അസത്യം കൂട്ടിക്കലര്‍ത്ത ലാണ്.

         അല്ലാഹു അഥവാ പരബ്രഹ്മം ഉണ്ട് എന്ന് അറിയിക്കാന്‍ ഒരു പ്രവാചകനും, പുണ്യ പുരുഷനും വന്നിട്ടില്ല.എന്നാല്‍ അവര്‍ ഒക്കെയും വന്നത് അവന്‍ അല്ലാതെ വേറെ ഒരു ദൈവമില്ല എന്ന് പറയാനാണ്.എന്നുവെച്ചാല്‍ അവനെയല്ലാതെ മറ്റാരെയും നിങ്ങള്‍ ദൈവമാക്കരുത് എന്നും  ആരെയും  ദൈവംചമയാന്‍ അനുവദിക്കരുത് എന്നുമാണ്.
      
ചുരുക്കത്തില്‍ അല്ലാഹു എന്ന അസ്തിത്വത്തെ 
റബ് (സംരക്ഷകന്‍,നിയമധാതാവ്),     
മലിക്ക് (ഉടമാവകാശി ,സര്‍വ്വാധികാരി),
ഇലാഹു (ദിവ്യത്വം,അഭയം നല്‍കുന്നവര്‍) എന്നിയായി  അംഗീകരിക്കനാണ് നമ്മോടു കല്പിക്കപ്പെട്ടത്‌.

     എന്നാല്‍   അല്ലാഹുവിനെ ആകാശഭൂമികളുടെ റബ്ബും, മാലിക്കും, ഇലാഹും ആയി അംഗീകരിച്ചാല്‍ മാത്രം പോര, മറിച്ച് അവനെ ജനങ്ങളുടെ റബ്ബും,  ജനങ്ങളുടെ മലിക്കും, ജനങ്ങളുടെ ഇലാഹും ആയി  അംഗീകരിക്കേണ്ടതുണ്ട്.അതില്‍ നാം ആരെയും പങ്കുചേര്‍ക്കുകയും അരുത്.

      ഇതാണ്‌  ഖുറാനിക സന്ദേശത്തിന്റെ രത്നച്ചുരുക്കം.റബ്ബില്‍ ആലമീന്‍(സര്‍വ്വ ലോകങ്ങളുടെയും  റബ്ബ്)എന്ന് ആദ്യ അദ്ധ്യായത്തില്‍ പറഞ്ഞത് അവസാന അദ്ധ്യായത്തില്‍ അത്  റബ്ബിന്നാസ് (ജനങ്ങളുടെ റബ്ബ്) എന്നായി മാറുകയാണ്. എന്ന് വെച്ചാല്‍ സര്‍വ്വലോകത്തിന്റെയും നാഥനായി അല്ലാഹുവിനെ അംഗീകരിക്കുന്ന നാം ഓരോരുത്തരും അവനെത്തന്നെ എന്റെ റബ്ബും, എന്റെ മലിക്കും,എന്റെ ഇലാഹും ആയി അംഗീകരിക്കുകയും അതില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യേണ്ടതുണ്ട്.അതോടൊപ്പം സര്‍വ്വജനങ്ങളുടെയും സാക്ഷാല്‍ അധികാരിയും, ഉടമാവകാശിയും,സംരക്ഷകനും,ദൈവവും ആയി അല്ലാഹുവിനെ അംഗീകരിക്കുക. അതില്‍ ദൈവത്തിന്റെ മറ്റ് സൃഷ്ടികള്‍ക്കോ, നമ്മെ പോലുള്ള മറ്റ് മനുഷ്യര്‍ക്കോ, യാതൊരു പങ്കാളിത്തവും അനുവദിക്കാതിരിക്കുകയും ചെയ്യുക.
ചുരുക്കി,
സര്‍വ്വലോകങ്ങളുടെ നാഥന്‍ =എന്റെ നാഥന്‍ =ജനങ്ങളുടെ നാഥന്‍
ശിര്‍ക്കിന്റെ ഇനങ്ങള്‍
അല്ലാഹു (GOD , പരബ്രഹ്മം,യഹോവ,സര്‍വേശ്വരന്‍ )എന്ന അസ്തിത്വത്തില്‍ പങ്കു ചേര്‍ക്കരുത് 
"അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നവന്‍ വഴികേടില്‍ ബഹുദൂരം പിന്നിട്ടിരിക്കുന്നു"(അന്നിസാഅ`:116 )
"അവരില്‍ ഏറെ പേരും അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല:അവനില്‍ മറ്റുള്ളവയെ പങ്കുചേര്‍ക്കുന്നവരായിക്കൊണ്ടല്ലാതെ"(യൂസുഫ് :106)

ഇബാദത്തില്‍(വഴിപ്പെടുക,അടിമപ്പെടുക,ആരാധിക്കുക) എന്നതില്‍ ആരെയും പങ്കാളി ആക്കരുത്
"തന്റെ നാഥനെ വഴിപ്പെടുന്ന കാര്യത്തില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കട്ടെ"(അല്‍ കഹഫ് :110)   

റബ്ബ് (SUSTAINER,LAW GIVER,LORD) എന്നതില്‍ ശിര്‍ക്ക് ചെയ്യരുത്
"പറയുക: അല്ലയോ വേദക്കാരെ, ഞങ്ങളും നിങ്ങളും ഒന്ന് പോലെ അംഗീരിക്കുന്ന ഒരു തത്വത്തിലേക്ക് വരിക. അതിതാണ്: അല്ലാഹു അല്ലാതെ ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക;അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക;അല്ലാഹുവെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റുചിലരെ രക്ഷാധികാരി(റബ്ബ്)കളാക്കാതിരിക്കുക"(ആലു ഇമ്രാന്‍ :63) 
"ഞാന്‍ ആരെയും എന്റെ നാഥന്റെ(റബ്ബി)ന്റെ പങ്കാളിയാക്കുകയില്ല"(അല്‍ കഹഫ് :38)

മുല്‍ക്ക് (SOVERGINITY,OWNERSHIP) ലെ പങ്കുചേര്‍ക്കല്‍
"ആധിപത്യത്തില്‍  അവന്നു ഒരു പങ്കാളിയുമില്ല"(അല്‍ ഫുര്‍ഖാന്‍: 2 )
"ആധിപത്യത്തില്‍  അവന്നു പങ്കാളിയില്ല"(അല്‍ ഇസ്റാഅ`:111)   

ഇലാഹ് (DIVINITY)ല്‍ ശിര്‍ക്ക്
"അതല്ല; ഇവര്‍ക്ക് അല്ലാഹു അല്ലാതെ മറ്റ്വല്ല ദൈവവുമുണ്ടോ? ഇവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്‌"(അത്തൂര്‍: 43) 
"അവന്‍ ഒരേയൊരു ഇലാഹു മാത്രം നിങ്ങള്‍ അവന്നു പങ്കാളികളെ സങ്കല്‍പ്പിക്കുന്നതുമായി എനിക്കൊരു ബന്ധവും ഇല്ല"(അല്‍ അന്‍ആം :19)
പ്രാര്‍ത്ഥന (SUPPLICATION,PRAYER)യിലെ ശിര്‍ക്ക്
"പറയുക :ഞാന്‍ എന്റെ നാഥനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ .ആരെയും അവന്റെ പങ്കാളിയാക്കുകയില്ല."(അല്‍ ജിന്ന് :20)

ഹുകുമിലെ(JUDGMENT,AUTHORITY,വിധികര്‍ത്തത്വം)ശിര്‍ക്ക് 
"അവന്റെ വിധികര്‍ത്തത്വത്തില്‍ ആരെയും പങ്കുചേര്‍ക്കുകയില്ല."(അല്‍ കഹഫ്: 26) 

നിയമത്തിലെ (LEGISLATION) ശിര്‍ക്ക് 
"ഈ ജനത്തിനു ,അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം ദീനില്‍ നിയമമായി നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളിയും ഉണ്ടോ?"(അശ്ശൂറാ: 21) 

അനുസരണ(OBEDIENCE) ശിര്‍ക്ക് 
"നിങ്ങള്‍ അവരെ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളും ദൈവത്തില്‍ പങ്കുചേര്‍ത്ത വരായിത്തീരും"(അല്‍അന്‍ആം :121) 
"ബഹുദൈവവിശ്വാസികള്‍ക്കാണ് കൊടും നാശം; സക്കാത് നല്കാത്തവരാണവര്‍"(ഫുസ്സിലത്ത്:6,7)

2011, ഡിസംബർ 4, ഞായറാഴ്‌ച

ബൈബിളിലെ ഫിഖ് ഹ്(കര്‍മരീതി)

                                                                                        - Abid ali TM Padanna
         "നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ അനുഗ്രഹവും ശാപവും വെക്കുന്നു. നിന്റെ നാഥനായ ദൈവത്തിന്റെ  കല്പന അനുസരിച്ചാല്‍ അനുഗ്രഹം ലംഘിച്ചാല്‍ ശാപം."(നിയമാവര്‍ത്തനം ,11 :26 ,27 ,28 )
ശുദ്ധി
ശുക്ല സ്രാവം
  "യഹോവ മോശയോടും അഹറോനോടും അരുള്‍ ചെയ്തു: ഇസ്രായേല്‍ ജനത്തോടു പറയുക:ആര്‍ക്കെങ്കിലും ശുക്ലസ്രാവ മുണ്ടായാല്‍ അതിനാല്‍ അവന്‍ ആശുദ്ധനായിത്തീരും...അവന്‍ കിടക്കുന്ന കിടക്കയും ഇരിക്കുന്ന സ്ഥലങ്ങളെല്ലാം അശുദ്ധമായിരിക്കും.....അവന്‍ സ്രാവം മാറി ശുദ്ധിയുള്ളവനാകുമ്പോള്‍ ശുദ്ധീകരണത്തിനായ് ഏഴ് ദിവസം നിശ്ചയിച്ചു തന്റെ വസ്ത്രങ്ങള്‍ അലക്കുകയും,ഒഴുക്കുള്ള വെള്ളത്തില്‍ കുളിക്കുകയും വേണം.അപ്പോള്‍ അവന്‍ ശുദ്ധിയുള്ളവനാകും."(ലേവ്യ പുസ്തകം ,15 :1 -13 )
ബീജ സ്രാവം 
      "ഒരുവന്നു ബീജ സ്രാവമുണ്ടായാല്‍ അവന്‍ കുളിക്കണം.....ബീജം വീണ വസ്ത്രങ്ങളും തുകലുകളും കഴുകിക്കളയണം.ഒരാള്‍ സ്ത്രീയോട് കൂടി ശയിക്കുകയും ബീജ സ്രവണം ഉണ്ടാവുകയും ചെയ്‌താല്‍  ഇരുവരും കുളിക്കണം.വൈകുന്നേരം വരെ അവര്‍ അശുദ്ധരായിരിക്കും."(ലേവ്യ പുസ്തകം ,15 : 16 -18 ) 
ആര്‍ത്തവം 
  "സ്ത്രീക്ക് മാസ മുറയനുസരിച്ചു രക്തസ്രാവമുണ്ടായാല്‍ ഏഴ് ദിവസത്തേക്ക് അവള്‍ അശുദ്ധയായിരിക്കും..... ആരെങ്കിലും അവളുടെ കൂടെ ശയിച്ചാല്‍ അവനും ഏഴു ദിവസത്തേക്ക് അശുദ്ധനായി.....ആര്‍ത്തവ കാലം നീണ്ടു  പോയാല്‍ ആ ദിവസങ്ങലത്രയും അവള്‍ അശുദ്ധയായിരിക്കും." (ലേവ്യ പുസ്തകം ,15 : 19 ,24 ,25 )  
പ്രസവം 
    "ഇസ്രയേല്‍ ജനത്തോടു പറയുക:ഗര്‍ഭം ധരിച്ചു ആണ്‍ കുട്ടിയെ പ്രസവിച്ച സ്ത്രീ ആര്‍ത്തവ കാലത്തെന്ന പോലെ ഏഴ് ദിവസത്തേക്ക് അശുദ്ധയായിരിക്കും.എട്ടാം ദിവസം അവന്റെ അഗ്രചര്‍മ്മം പരിച്ചേദനം ചെയ്യണം. പിന്നെ രക്തത്തില്‍ നിന്നുള്ള  ശുദ്ധീകരണത്തിനായി അവള്‍ മുപ്പത്തിമൂന്നു ദിവസം കാത്തിരിക്കണം ശുദ്ധീകരണ ദിവസങ്ങള്‍ കഴിയുന്നത്‌ വരെ വിശുദ്ധ വസ്തുക്കള്‍ സ്പര്‍ശിക്കുകയോ വിശുദ്ധ മന്ദിരങ്ങളില്‍ വരികയോ ചെയ്യരുത്. എന്നാല്‍ പെണ്‍ കുഞ്ഞിനെയാണ് പ്രസവിക്കുന്നതെങ്കില്‍ ആര്‍ത്തവ കാലത്തെന്ന പോലെ രണ്ടാഴ്ച അവള്‍ അശുദ്ധയായിരിക്കും. രക്തത്തില്‍ നിന്നുള്ള ശുദ്ധീകരണത്തിനായി അവള്‍ അറുപത്താറു ദിവസം കാത്തിരിക്കണം." (ലേവ്യ പുസ്തകം ,12 :1 -5 )
      "കുഞ്ഞ് ആണോ പെണ്ണോ ആകട്ടെ ശുദ്ധീകരനത്ത്തിന്റെ ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അവള്‍ കുഞ്ഞിന്നു വേണ്ടി ഒരു ആട്ടിന്‍ കുട്ടിയേയോ,ചെങ്ങാലിയെയോ,പ്രാവിന്‍ കുഞ്ഞിനെയോ ബലിയായി നല്‍കണം."(ലേവ്യ പുസ്തകം ,12 :6)
നഗ്നത,ലൈഗീകത
   "യഹോവയായ ദൈവം മോശയോട് അരുള്‍ ചെയ്തു: ഇസ്രായേല്‍ ജനത്തോടു പറയുക:....നിങ്ങളുടെ ദൈവമായ യഹോവ ഞാനാണ്. നിങ്ങള്‍ എന്റെ പ്രമാണങ്ങളും കല്പനങ്ങളും അനുസരിക്കുക....നിങ്ങളില്‍  ആരും തനിക്കു രക്തബന്ധമുള്ള ആരുടേയും നഗ്നത അനാവ്രതമാക്കാന്‍ അവരെ സമീപിക്കരുത്...ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവ്രതമാക്കരുത്.അത് അധര്‍മ്മമാണ്.....ആര്‍ത്തവം നിമിത്തം അശുദ്ധയായിരിക്കുന്ന സ്ത്രീയുടെ നഗ്നത നീ അനാവ്രതമാക്കരുത്...... സ്ത്രീയോട് കൂടെ എന്ന പോലെ പുരുഷന്മാരോടും നീ ശയിക്കരുത്. അത് മ്ലേച്ചതയാകുന്നു.സ്ത്രീയോ പുരുഷനോ മൃഗങ്ങളുമായി ലൈഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടു  തന്നെത്തന്നെ അശുദ്ധമാക്കരുതു.അത് ലൈഗീക വൈകൃതമാണ്.ഇവയില്‍ ഒന്ന് കൊണ്ടും നിങ്ങള്‍ അശുധരാവരുത്...ഇത്തരം മ്ലേച്ച പ്രവര്‍ത്തികള്‍ ചെയ്യുന്നവന്‍ സ്വജനത്തില്‍നിന്നു വിച്ചേദിക്കപ്പെടണം."(ലേവ്യ പുസ്തകം ,18 :1 - 29 )    
ഭക്ഷണം 
"നിങ്ങള്‍ രക്തത്തോട് കൂടെയുള്ള മാസം കഴിക്കരുത്."(ലേവ്യ പുസ്തകം,19 : 26 ) 
"വന്യമ്രഗങ്ങള്‍ കടിച്ചു കീറിയ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്.അത് നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുക്കണം "(പുറപ്പാട്, 22 :31)  
മൃഗങ്ങള്‍  
    "ഭൂമുഖത്തെ മൃഗങ്ങളില്‍ ഭക്ഷിക്കാവുന്നത് ഇവയാണ്: പാദം വിഭജിച്ചിരിക്കുന്നതും ഇരട്ട കുളമ്പുള്ളതും  അയവിറക്കുന്നതുമായ മൃഗങ്ങള്‍.എന്നാല്‍ ഒട്ടകം,കുഴി മുയല്‍ ,മുയല്‍ എന്നിവ നിങ്ങള്‍ കഴിക്കരുത് അവ അയവിറക്കുന്നതാണെങ്കിലും ഇരട്ടകുളമ്പുള്ളതല്ല.അത് നിങ്ങള്‍ക്ക് അശുദ്ധമാണ്.പന്നി ഇരട്ടകുളമ്പുള്ളതാണെങ്കിലും അവ അയവിറക്കുന്നില്ല.അത് നിങ്ങള്‍ക്ക് അശുദ്ധമാണ്.അതിന്റെ മാസം നിങ്ങള്‍  ഭക്ഷിക്കരുത്.അതിന്റെ പിണം നിങ്ങള്‍ക്ക് അശുദ്ധമാണ്."        
(ലേവ്യ പുസ്തകം ,11 :1 -8 )   
   "നാല്‍ക്കാലികളില്‍ നഖമുള്ള പാദങ്ങളോട്കൂടിയവ നിങ്ങള്‍ക്ക് അശുദ്ധമാണ്"(ലേവ്യ പുസ്തകം,11:27 )  
            "ചത്തുപോയ മൃഗങ്ങളെ ഭക്ഷിക്കുന്നവന്‍ അശുദ്ധനായിരിക്കും."(ലേവ്യ പുസ്തകം,11:39, 40)    
 ജല ജീവികള്‍ 
      "ജല ജീവികളില്‍ നിങ്ങള്‍ക്ക് ഭക്ഷിക്കാവുന്നത് ഇവയാണ് :കടലിലും നദിയിലും ഒറ്റയായും കൂട്ടായും  ജീവിക്കുന്ന ചിറകും, ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങള്‍ക്ക് ഭക്ഷിക്കാം.ചിറകും ചിതമ്പലും ഇല്ലാത്ത ജലജീവികള്‍ എല്ലാം നിങ്ങള്‍ക്ക് അശുദ്ധമാണ്.അവയുടെ മാംസം നിങ്ങള്‍  ഭക്ഷിക്കരുത്."(ലേവ്യ പുസ്തകം,11: 9 - 12 )   
 പക്ഷികള്‍ 
    "പക്ഷികളില്‍ നിങ്ങള്‍ക്ക് അശുദ്ധമായവ ഇവയാണ്.അവ നിങ്ങള്‍ ഭക്ഷിക്കരുത്.എല്ലാ തരത്തിലും പെട്ട കഴുകന്‍,ചെമ്പരുന്ത്, കരിമ്പരുന്ത്,പരുന്തു,പ്രാപ്പിടിയന്‍,കാക്ക,ഒട്ടകപക്ഷി, രാനത്ത്,കടല്‍പാത്ത, ചെങ്ങാലിപ്പരുന്തു,മൂങ്ങ, നീര്‍കാക്ക, കൂമന്‍, അരയന്നം, ഞാരപ്പക്ഷി, കരിങ്കഴുകന്‍,കൊക്ക്, എരണ്ട, കാട്ടുകോഴി,നരിച്ചീര്‍."(ലേവ്യ പുസ്തകം ,11 :13 -19)    
 കീടങ്ങള്‍
     "ചിറകുള്ള കീടങ്ങളില്‍ നാലുകാലില്‍ ചരിക്കുന്നവയെല്ലാം അശുദ്ധമാണ്.എന്നാല്‍ ചിറകും നാലുകാലുമുള്ള കീടങ്ങളില്‍ കുതിച്ചു ചാടുന്നവയെ ഭക്ഷിക്കാം.അവയില്‍ വെട്ടുകിളി,പച്ചക്കുതിര,വണ്ട്‌ ,വിട്ടില്‍ ഇവയുടെ എല്ലാ വര്‍ഗ്ഗങ്ങളും നിങ്ങള്‍ക്ക് ഭക്ഷിക്കാം."(ലേവ്യ പുസ്തകം,11 :20 -23) 
 ഇഴ ജന്തുക്കള്‍
        "ഭൂമിയിലെ ഇഴജന്തുക്കളില്‍ നിങ്ങള്‍ക്ക് അശുദ്ധമായവ കീരി,എലി, വിവിധ തരം ഉടുമ്പുകള്‍, പല്ലി,ചുമര്‍പല്ലി, മണല്‍പല്ലി, അരണ, ഓന്ത് എന്നിവയാണ്."( ലേവ്യ പുസ്തകം ,11 :29 ,30) 
"ഉരസ്സു കൊണ്ടോ, നാലോ അതില്‍ കൂടുതലോ കാലുകൊണ്ട്‌ ഇഴയുന്ന ജന്തുക്കളെ നിങ്ങള്‍ ഭക്ഷിക്കരുത്." (ലേവ്യ പുസ്തകം ,11 : 42)  
മദ്യം 
      "യഹോവ അഹരോനോട്  പറഞ്ഞു :നീയും മക്കളും സംഗമ കൂടാരത്തിലേക്കു പോകുമ്പോള്‍ വീഞ്ഞോ ലഹരി സാധനങ്ങളോ കുടിക്കരുത്.(ലേവ്യ പുസ്തകം ,10 :8 )
മര്യാദകള്‍ 
"ചണവും കമ്പിളിയും ചേര്‍ന്ന് നെയ്ത വസ്ത്രം ധരിക്കരുത്" (ലേവ്യ പുസ്തകം,19:19) 
"നിങ്ങളുടെ മുടിയുടെ ചുറ്റുഭാഗം മുണ്ഡനം ചെയ്യരുത്,താടിയുടെ  അഗ്രം വിരൂപമാക്കരുത് "(ലേവ്യ പുസ്തകം,19:27) 
"പ്രായം മൂലം നരച്ചവരുടെ മുന്നില്‍ ആദര പൂര്‍വ്വം എഴുന്നേല്‍ക്കുകയും അവരെ ബഹുമാനിക്കുകയും വേണം." (ലേവ്യ ,20)  
"നീ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക."(പുറപ്പാട്, 20 :12)   
"സ്ത്രീ പുരുഷന്റെയോ പുരുഷന്‍ സ്ത്രീയുടെയോ വേഷം ധരിക്കരുത്."(നിയമാവര്‍ത്തനം ,22 :5) 
"വാക്ക് പാലിക്കാന്‍ നീ ശ്രദ്ധിക്കുക."(നിയമാവര്‍ത്തനം, 22: 23)     
സദാചാരം 
"നിന്റെ പുത്രിയെ വേശ്യ വ്രത്തിക്ക് ഏല്‍പ്പിക്കരുത്.അങ്ങിനെ ചെയ്‌താല്‍ രാജ്യം വേശ്യാ വ്രത്തിയില്‍ മുഴുകുകയും തിന്മയില്‍ നിറയുകയും ചെയ്യും."( ലേവ്യ പുസ്തകം,20 :29)    
"നീ വ്യഭിചരിക്കരുത്‌."(പുറപ്പാട്,20: 14)    
"വിവാഹം കഴിഞ്ഞിട്ടില്ലാത്ത കന്യകയോടോത്ത് ശയിക്കുന്നവന്‍ അവളെ വിവാഹ തുക നല്‍കി ഭാര്യയായി സ്വീകരിക്കണം"(പുറപ്പാട്, 22 :16)    
"നിങ്ങളുടെ സ്ത്രീകളില്‍ ആരും ദേവദാസികളാവരുത്"(നിയമാവര്‍ത്തനം, 23 :17) 
സാമൂഹികം
"ചെകിടരെ ശപിക്കുകയോ, കുരുടന്റെ വഴിയില്‍ തടസ്സം വെക്കുകയോ ചെയ്യരുത്."(ലേവ്യ പുസ്തകം,19:17) 
"ഏഷണി പറഞ്ഞു നടക്കരുത്.അയല്‍ക്കാരന്റെ ജീവന്‍ അപകടത്തിലാക്കരുത്."(ലേവ്യ പുസ്തകം,19:16)  
"നിന്റെ ജനത്തോടു പകയോ പ്രതികാരമോ പാടില്ല.നിന്നെ പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക." (ലേവ്യ പുസ്തകം,19:18 )     
"ശകുനം നോക്കുകയോ ആഭിചാരം നടത്തുകയോ അരുത്."(ലേവ്യ പുസ്തകം,19:26 )
"നിങ്ങള്‍ മന്ത്രവാദികളെയോ ശകുനക്കാരെയോ സമീപിച്ചു അശുദ്ധരാകരുത്."(ലേവ്യപുസ്തകം,19:31)   
"നിങ്ങളുടെ നാട്ടില്‍ താമസിക്കുന്ന വിദേശിയെ ഉപദ്രവിക്കരുത്."(ലേവ്യ പുസ്തകം,19:33) 
"മരിച്ചവന്നു വേണ്ടി ശരീരത്തില്‍ മുറിവുണ്ടാക്കരുത്.ദേഹത്ത് പച്ച കുത്തരുത്."(ലേവ്യപുസ്തകം,19: 28) 
"നീ കൊല ചെയ്യരുത് "(പുറപ്പാട്, 20:13)   
"വിധവയെയോ അനാഥയെയോ നിങ്ങള്‍ പീഡിപ്പിക്കരുത്"(പുറപ്പാട് ,22:22)  
"മകളെയോ മകനെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണംപറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടാവരുത്."(നിയമാവര്‍ത്തനം,18 :10 )      
"നീ വീട് പണിയുമ്പോള്‍ മേക്കൂരക്ക് പാരപ്പേറ്റു പണിയുക."(നിയമാവര്‍ത്തനം,22: 8)    
സാമ്പത്തികം
    "നിങ്ങള്‍ ധാന്യം കൊയ്യുമ്പോള്‍ വയലിന്റെ അരികു തീര്‍ത്തു കൊയ്തെടുക്കരുത്.നിന്റെ മുന്തിരി ത്തോട്ടത്തിലെ പഴങ്ങള്‍ നീ തീര്‍ത്തു പറിക്കരുത്‌.വീണു കിടക്കുന്ന പഴം പൊറുക്കി എടുക്കരുത്.പാവങ്ങള്‍ക്കും, പരദേശികള്‍ക്കും അത് നീക്കിവെക്കുക."(ലേവ്യ പുസ്തകം,19: 9,10)      
"നിങ്ങള്‍ മോഷ്ടിക്കുകയോ വഞ്ചിക്കുകയോ വ്യാജം പറയുകയോ അരുത്."(ലേവ്യ പുസ്തകം,19:11)  
"എന്റെ നാമത്തില്‍ കള്ള സത്യം ചെയ്യരുത്."(ലേവ്യ പുസ്തകം,19: 12)  
"നിങ്ങളുടെ അയല്‍ക്കാരനെ മര്‍ദ്ദിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യരുത്,കൂലിക്കാരന് വേതനം നല്‍കാന്‍ നിങ്ങള്‍ രാവിലെ വരെ കാത്തിരിക്കരുത്."(ലേവ്യ പുസ്തകം,19:13)   
"ഒരു മ്രഗത്തെ മറ്റ് മ്രഗങ്ങളുമായി ഇണചേര്‍ക്കരുത്. വയലികളില്‍ വിത്ത് കലര്‍ത്തി വിതയ്ക്കരുത് (ലേവ്യ പുസ്തകം,19:19)  
"വിധിയിലും,അളവിലും തൂക്കത്തിലും നിങ്ങള്‍ അനീതി പ്രവര്‍ത്തിക്കരുത്‌.ശരിയായ തുലാസും, കട്ടിയും, പറയും, ഇടങ്ങഴിയും നിങ്ങള്‍ക്കുണ്ടായിരിക്കണം."(ലേവ്യ പുസ്തകം,19:35 ,36)       
"ആറു ദിവസം അധ്വാനിക്കുക എല്ലാ ജോലികളും ചെയ്യുക.ഏഴാം നാള്‍ സബാത്താണ്.... അന്ന് ഒരു വേലയും ചെയ്യരുത്."(പുറപ്പാട്, 20 : 9 )     
"നീ മോഷ്ടിക്കരുത് ."(പുറപ്പാട്, 20:15)     
"എന്റെ ജനത്തിലെ ദരിദ്രരായ ആര്‍ക്കെങ്കിലും നീ വായ്പ കൊടുത്താല്‍,പലിശയ്ക്കു കടം കൊടുക്കുന്നവനെ പോലെ പെരുമാറരുത്‌,പലിശ ഈടാക്കുകയും അരുത്."(പുറപ്പാട്,22 :25)
"നീ കൈക്കൂലി വാങ്ങരുത് ."(പുറപ്പാട് ,23 :8)   
"വര്‍ഷം തോറും നിന്റെ വയലിലെ സകല ഫലങ്ങളുടെയും ദശാംശം മാറ്റി വെക്കണം.നിന്റെ പട്ടണത്തില്‍ താമസിക്കുന്ന നിനക്കുള്ളതുപോലെഓഹരിയും അവകാശവും ഇല്ലാത്ത , ലേവ്യരും പരദേശികളും ,അനാഥരും, വിധവകളും വന്നു അവ ഭക്ഷിച്ചു ത്രപ്തി അടയട്ടെ." (നിയമാവര്‍ത്തനം,14: 22 ,29)
 രാഷ്ട്രീയം
"നീ ദൈവത്തെ നിന്ദിക്കുകയോ നിങ്ങളുടെ ഭരണാധികാരികളെ  ശപിക്കുകയോ അരുത്." 
(പുറപ്പാട് ,22 :28)  
"വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുത്‌"(പുറപ്പാട്, 23: 1) 
"ഭൂരിപക്ഷത്തോട് ചേര്‍ന്ന് തിന്മ ചെയ്യരുത്" (പുറപ്പാട്, 23: 2) 
"നിന്റെ ദൈവമായ യഹോവ നല്‍കിയ പട്ടണങ്ങളില്‍ ഗോത്രം തോറും ന്യാധിപന്മാരെയും സ്ഥാനികളെയും നിയമിക്കുക."(ആവര്‍ത്തന പുസ്തകം ,16 : 18)   
"രാജാവ് കുതിരയുടെ എണ്ണം വര്‍ദ്ധിപ്പിക്കരുത് ,രാജാവിന്നു അനേകം ഭാര്യമാരുണ്ടായിരിക്കരുത്,രാജാവ് തനിക്കു വേണ്ടി പൊന്നും വെള്ളിയും അമിതമായി സംഭരിക്കരുത്,രാജാവ് താന്‍ തന്റെ സഹോദരനെക്കാള്‍ വലിയവനാണെന്ന് വിചാരിക്കുകയോ പ്രമാണങ്ങളില്‍ നിന്ന് ഇടം വലം വ്യതി ചലിക്കുകയോ ചെയ്യാതിരിക്കട്ടെ" (നിയമാവര്‍ത്തനം,17 :16 ,17, 20)      
നീതിന്യായം ,ശിക്ഷ 
"അനീതിയോടെ വിധിക്കരുത്,ദാരിദ്രനോട് ദാക്ഷണ്യമോ, ശക്തനോട് പ്രത്യേക പരിഗണനയോ ഇല്ലാതെ വിധിക്കണം."(ലേവ്യ പുസ്തകം19 :15 )     
"മന്ത്രവാദിനിയെ ജീവിക്കാന്‍ അനുവദിക്കരുത് "(പുറപ്പാട്, 22: 18)   
"കള്ള സാക്ഷ്യം നല്‍കി കുറ്റവാളിക്ക് കൂട്ട് നില്‍ക്കരുത്."( പുറപ്പാട്, 23: 1 )
"ഭൂരിപക്ഷത്തോട് ചേര്‍ന്ന് കോടതിയില്‍ നീതിക്കെതിരായി സാക്ഷ്യം നില്‍ക്കരുത്"(പുറപ്പാട്, 23: 2) 
"നിഷ്കളങ്കരെയും നീതിമാന്‍മാരെയും വധിക്കരുത്"(പുറപ്പാട്, 23: 7)   
"കൈക്കൂലി നീതിമാനെ കള്ളം പറയാന്‍ പ്രേരിപ്പിക്കുന്നു"(പുറപ്പാട്, 23 :8)   
"അന്യ ദൈവങ്ങളെ സേവിക്കുകയോ ആരാധിക്കുകയോ ചെയ്താന്‍ ആദ്യം അന്വേഷിക്കുക.കുറ്റം തെളിഞ്ഞാല്‍ പട്ടണ വാതിലില്‍ കൊണ്ട് വന്നു എറിഞ്ഞു കൊല്ലണം.രണ്ടോ മൂന്നോ സാക്ഷികള്‍ മൊഴിനല്കിയാല്‍ മാത്രമേ അവനെ വധിക്കാവൂ.ഒരു സാക്ഷിയുടെ മൊഴിയില്‍ ആരും വധിക്കപ്പെടരുത്."(നിയമാവര്‍ത്തനം,17 : 3 -6)       
"അന്യന്റെ ഭാര്യയോടോന്നിച്ചു ഒരുവന്‍ ശയിക്കുന്നത്‌ കണ്ടുപിടിച്ചാല്‍ ഇരുവരെയും വധിക്കണം."(നിയമാവര്‍ത്തനം, 22 :22)   
"ബലാല്‍സംഗം ചെയ്ത പുരുഷന്‍ വധിക്കപ്പെടണം."(നിയമാവര്‍ത്തനം ,22 :25)   
"മനുഷ്യനെ അടിച്ചു കൊന്നവന്‍ വധിക്കപ്പെടണം.'(പുറപ്പാട് ,21 :12 )  

യുദ്ധം ,സന്ധി  
    "നീ യുദ്ധത്തിനു പുറപ്പെടുമ്പോള്‍ ശത്രുവിന്നു നിന്നെക്കാള്‍ കൂടുതല്‍ കുതിരകളും,രഥങ്ങളും സൈന്യങ്ങളും ഉണ്ടെന്നു കണ്ടാലും നീ ഭയപ്പെടരുതു.യുദ്ധത്തിനു മുമ്പ് പുരോഹിതന്‍ ജനങ്ങളോട് സംസാരിക്കണം......പിന്നെ നായകന്മാര്‍ സംസാരിക്കണം.......നായകന്മാര്‍ ജനത്തെ നയിക്കാനായി പടത്തലവനെ നിയമിക്കണം....യുദ്ധത്തിനായ്‌ നിങ്ങള്‍ നഗരത്തെ സമീപിക്കുമ്പോള്‍ നിങ്ങള്‍ സമാധാന സന്ധിക്കുള്ള അവസരം നല്‍കണം....നഗരം സന്ധിചെയ്യാതെ നിനക്കെതിരെ യുദ്ധം ചെയ്‌താല്‍ നീ അവരെ വളഞ്ഞു ആക്രമിക്കുക."(നിയമാവര്‍ത്തനം, 20 :1 -12 )       

2011, ഡിസംബർ 1, വ്യാഴാഴ്‌ച

പൌരോഹിത്യത്തിന്റെ ലക്ഷണങ്ങള്‍

                                                                                -Abid ali TM Padanna
                      മനുഷ്യ സമൂഹത്തിന്റെ മേല്‍ വമ്പിച്ച ഭാരങ്ങള്‍ എടുത്ത് വെക്കുകയും  അവന്റെ ജീവിതം സങ്കീര്‍ണ്ണമാക്കുകയും അവന്റെ സമ്പത്ത്  അന്യായമായി കൈക്കലാക്കുകയും ചെയ്യുക എന്നത് പൌരോഹിത്യത്തിന്റെ മുഖമുദ്രയാണ്.ദൈവ നാമം ഉപയോഗിച്ചു മതത്തെ  ചൂഷണത്തിന്റെ  മാര്‍ഗ്ഗമാക്കുകയാണ് അവര്‍ ചെയ്യുന്നത്.
      
         വേദജ്ഞാനികള്‍ ആയ പണ്ഡിതന്മാര്‍ സമൂഹത്തിനു മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നവരാണ്.അവര്‍ സമൂഹത്തിലെ തിന്മകള്‍ക്ക് എതിരെ പൊരുത്തുന്നവരാണ്.എന്നാല്‍ പുരോഹിതന്മാര്‍ ഇതില്‍ നിന്നും വ്യതിരക്തമാണ്. 
 
     പൌരോഹിത്യത്തെ എങ്ങിനെ നമുക്ക് തിരിച്ചറിയാം?.ചില ലക്ഷണങ്ങള്‍ പറയേണ്ടവര്‍ പറഞ്ഞിട്ടുണ്ട്.

ബൈബിളില്‍ :
         പൌരോഹിത്യ ചൂഷണത്തിനെതിരെ തന്റെ  ജീവിതം കൊണ്ട് പൊരുതിയ ചരിത്ര പുരുഷനാണ് യേശു ക്രിസ്തു (ഈസാ നബി ).അദ്ദേഹം വിവരിച്ചത് പോലെ പൌരോഹിത്യത്തെ  ഇത്ര കൃത്യമായി ആരും വിശദീകരിച്ചിട്ടില്ല എന്നതത്രേ സത്യം. 
       
         "യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടും അരുള്‍ ചെയ്തു :നിയമജ്ഞരും ഫരീസേയരും മോശയുടെ സിംഹാസത്തില്‍ ഇരിക്കുന്നു.അതിനാല്‍ അവര്‍ നിങ്ങളോട് പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ടിക്കുകയും ചെയ്യുവിന്‍.എന്നാല്‍ അവരുടെ പ്രവര്‍ത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്.അവര്‍ പറയുന്നു;പ്രവര്‍ത്തിക്കുന്നില്ല."(മത്തായി: 23 :1 - 3)
     
       "അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വെച്ചു കൊടുക്കുന്നു.മനുഷ്യരെ  സഹായിക്കാന്‍ ചെറു വിരല്‍ അനക്കാന്‍ പോലും തയാറാകുന്നുമില്ല.മറ്റുള്ളവര്‍ കാണുന്നതിനു വേണ്ടിയാണ് അവര്‍ തങ്ങളുടെ പ്രവര്‍ത്തികളെല്ലാം ചെയ്യുന്നത് .അവര്‍ തങ്ങളുടെ നെറ്റി പട്ടകള്‍ക്കു വീതിയും വസ്ത്രത്തിന്റെ തൊങ്ങലുകള്‍ക്ക് നീളവും കൂട്ടുന്നു.വിരുന്നുകളില്‍ പ്രമുഖ സ്ഥാനവും  സിനഗോഗുകളില്‍ പ്രധാന പീഠങ്ങളും നഗര വീഥികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്ന് സംബോധന ചെയ്യപ്പെടാന്‍  ആഗ്രഹിക്കുന്നു."(മത്തായി :23 : 4  -  7) 
     
         "നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുന്നില്‍ ദൈവ രാജ്യം അടച്ചു കളയുന്നു. 
നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല. പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല."
(മത്തായി: 23 :14)  
   
     "കപടനാട്യക്കാരായ നിയമജ്ഞരെ ഫരീസരെ നിങ്ങള്‍ക്ക് ദുരിതം! തുളസി, ചതകുപ്പ,ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൌരവമേറിയ കാര്യങ്ങളായ നീതി,കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു.ഇവയാണ് നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്.മറ്റേതു ത്യജിക്കാതെയും." (മത്തായി: 23 :23 )   
 
      "അന്ധരായ മാര്‍ഗ്ഗദര്‍ശികളെ കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരാണ് നിങ്ങള്‍.കപടനാട്യക്കാരായ നിയമജ്ഞരെ ഫരീസരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും  പുറംവെടിപ്പാക്കുന്നു എന്നാല്‍ അവയുടെ ഉള്ളു കവര്‍ച്ചയും ആര്‍ത്തിയും കൊണ്ട് നിറഞ്ഞിരിക്കുന്നു.അന്ധനായ ഫരിസേയാ! പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയുംപുറം കൂടി ശുദ്ധിയാക്കുവാന്‍  ആദ്യമേ അകം ശുദ്ധിയാക്കുക."(മത്തായി :23 :24 -26)  

     "കപടനാട്യക്കാരായ നിയമജ്ഞരെ ഫരീസരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ വെള്ളയടിച്ച ശവക്കല്ലറകളോട് ചേര്‍ന്നിരിക്കുന്നു.അവ പുറമേ മനോഹരമായി കാണപ്പെടുമെങ്കിലും അവക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സകലവിധ മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്നു .അത് പോലെ പുറമേ  മനുഷ്യര്‍ക്ക്‌ നീതിമാന്‍മാരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞവരാണ്." (മത്തായി : 23 :27 ,28 )    
       
          "കപട നാട്യക്കാരായ നിയമജ്ഞരെ ഫരീസരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ പ്രവാചകന്മാരുടെ ശവകുടീരങ്ങള്‍ നിര്‍മിക്കുകയും നീതിമാന്‍മാരുടെ സ്മാരകങ്ങള്‍  അലങ്കരിക്കുകയും ചെയ്യുന്നു."(മത്തായി : 23 : 29 )  

    "നിങ്ങള്‍ നിയമജ്ഞരെ സൂക്ഷിച്ചു കൊള്ളുവിന്‍,നീണ്ട മീലങ്കികള്‍ ധരിക്കാനും പൊതുസ്ഥലങ്ങളില്‍ അഭിവാദനം സ്വീകരിക്കാനും സിനഗോഗുകളില്‍ മുഖ്യസ്ഥാനവും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും അവര്‍ ആഗ്രഹിക്കുന്നു.എന്നാല്‍ അവര്‍ വിധവകളുടെ ഭവനങ്ങള്‍  വിഴുങ്ങുകയും ദീര്‍ഘമായി പ്രാര്‍ഥിക്കുന്നുവെന്ന് നടിക്കുകയും ചെയ്യുന്നു. ഇവര്‍ക്ക് കൂടുതല്‍ കഠിനമായ ശിക്ഷാവിധി ലഭിക്കും." (ലൂക്കോസ് : 12 : 38 - 40 )      

ഖുര്‍ആനില്‍ :
       "വിശ്വസിച്ചവരെ,മത പണ്ഡിതന്മാരിലും,പുരോഹിതന്മാരും ഏറെ പേരും ജനങ്ങളുടെ ധനം അന്യായമായി തിന്നുന്നവരും,ജനങ്ങളെ ദൈവമാര്‍ഗ്ഗത്തില്‍ നിന്ന് തടയുന്നവരുമാകുന്നു"(അത്തൌബ :34 )
            "അറിഞ്ഞു കൊണ്ട് സത്യം മറച്ചു വെക്കുന്നു."(അല്‍ ബഖറ: 42 ) 
            "വേദ ഗ്രന്ഥത്തില്‍ കൃത്രിമം കാണിക്കുന്നു."(അല്‍ ബഖറ :75 ) 
            "തിന്മ വിലക്കിയില്ല." (അല്‍ മാഇദ :79 )
    "പണ്ഡിത-പുരോഹിതന്മാരെ അവര്‍ അല്ലാഹുവിനെ കൂടാതെ റബ്ബുകളാക്കി (രക്ഷാധികാരികളാക്കി)." (തൌബ  :31 ) 

 ചുരുക്കത്തില്‍ :
1. പ്രവാചകന്മാരുടെ/പുണ്യ പുരുഷന്മാരുടെ പാരമ്പര്യം അവകാശപ്പെടുന്നു. 
2. അവര്‍ പ്രവര്‍ത്തിക്കാത്തത് പ്രസംഗിക്കുന്നു. 
3. മനുഷ്യന്റെ മുതുകില്‍ ഭാരങ്ങള്‍ വെക്കുന്നു. 
4. മനുഷ്യരെ സഹായിക്കാന്‍ ഒരുക്കമല്ല.
5. ജനങ്ങള്‍ കാണാന്‍ കര്‍മങ്ങള്‍ ചെയ്യുന്നു.
6. സമൂഹത്തിലെ തിന്മകളെ എതിര്‍ക്കുന്നില്ല. 
7. സാധാരണ ജനങ്ങളില്‍  നിന്ന് വ്യത്യസ്തമായ പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കുന്നു. 
8. സാധാരണ ജനങ്ങളില്‍ നിന്ന് വ്യത്യസ്തമായ പ്രത്യേക ഭാഷാശൈലി ഉപയോഗിക്കുന്നു.
9. ജനങ്ങളുടെ ജനന മരണങ്ങള്‍ ഭക്ഷണത്തിന്റെ ഏര്‍പ്പാടാക്കുന്നു.
10. ദൈവം കല്പിക്കാത്ത കാര്യങ്ങള്‍ അനുഷ്ടാനങ്ങള്‍ ആക്കി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു. 
11. ചെറു തെറ്റുകള്‍ പര്‍വ്വതീകരിക്കുകയും വന്‍ പാപങ്ങള്‍ വിഴുങ്ങുകയും ചെയ്യുന്നു.
12. സമൂഹത്തിലെ തിന്മകളെ വിഴുങ്ങി നിസ്സാര കാര്യങ്ങളില്‍ തര്‍ക്കിക്കുന്നു.
13. പുറം വെടിപ്പായി സുഗന്ധം പൂശി നടക്കുന്നവര്‍ ഉള്ളില്‍ സമ്പത്തിനോടുള്ള ആര്‍ത്തി കൊണ്ട് നടക്കുന്നു.
14.ജീവനുള്ള മനുഷ്യരെ സംരക്ഷിക്കുന്നതിനു പകരം ശവക്കല്ലറകളില്‍ഉള്ളവര്‍ക്ക് കാവലിരിക്കുന്നു.
15 .മതത്തെ വിറ്റു അന്യായമായി കാശ് സമ്പാദിക്കുന്നു.
16 .വിരുന്നുകളില്‍ പ്രത്യേക സ്ഥാനം.
17 .പ്രതേക രീതിയിലുള്ള അഭിവാദ്യങ്ങളാല്‍ വിളിക്കപ്പെടുന്നു.
18 . ദൈവ മാര്‍ഗ്ഗത്തില്‍ നിന്ന് ജനങ്ങളെ തയുന്നു.            
19 .നീണ്ട പ്രാര്‍ഥനാ ചടങ്ങുകള്‍ ചെയ്യുകയും ജനങ്ങളെ കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്യുന്നു.    

   സാധാരണക്കാരന്റെ ജീവിതം തകര്‍ക്കുന്ന രീതിയില്‍ അനാചാരങ്ങളുടെയും അന്ധ വിശ്വാസങ്ങളുടെയും ഇരുമ്പ് ദണ്ഡുകള്‍ അവര്‍ മനുഷ്യന്റെ മുതുകില്‍ വെക്കുന്നു. ദൈവീക നിയമങ്ങള്‍ തല നാരിഴ കീറിമുറിച്ചു ജനങ്ങള്‍ക്ക്‌ അപ്രാപ്യമാക്കുന്നു. ജനങ്ങളുടെ ധനം അന്യായമായി തട്ടിയെടുക്കുന്നു.
     ഈ പറഞ്ഞ ലക്ഷണങ്ങള്‍ ആരിലോക്കെ നിങ്ങള്‍ കാണുന്നുവോ അവര്‍ തന്നെയാണ് പുരോഹിതര്‍.