2011, നവംബർ 28, തിങ്കളാഴ്‌ച

ആദം: മനുഷ്യ പ്രകൃതിയുടെ മാത്രക

                                                                                             -Abid ali TM Padanna
                   ആദം (അ) മനുഷ്യ സമൂഹത്തിന്റെ ആദി പിതാവായും ആദ്യത്തെ പ്രവാചകനായും നാം മനസ്സിലാക്കുന്നു. എന്നാല്‍ വെറും ചില കഥ പറയുക എന്നതിന്നപ്പുറം ആദമിലൂടെ മനുഷ്യ പ്രകൃതി, അവന്റെ ജന്മവാസന എന്നിവയെ അവതരിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.ചില അന്വേഷണങ്ങള്‍.......

                 എപ്പോഴാണ്  മനുഷ്യന്‍  വിശപ്പ്‌,ദാഹം  തുടങ്ങിയവ അനുഭവിക്കാന്‍ തുടങ്ങിയത് ? നാണം എന്ന ബോധം എന്ന് മുതല്‍ ഉണ്ടായി?  ചൂട്, തണുപ്പ് എന്നിവയില്‍ നിന്നും രക്ഷനേടാന്‍ പാര്‍പ്പിടങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത് എപ്പോള്‍? അതിനായ് നാം അധ്വാനിച്ചു തുടങ്ങിയത് എപ്പോള്‍ ?

ഖുര്‍ആന്‍ പറയുന്നു:
                "അപ്പോള്‍ നാം പറഞ്ഞു "ആദമേ, തീര്‍ച്ചയായും അവന്‍(പിശാച്) നിന്റെയും നിന്റെ ഇണയുടെയും ശത്രുവാണ്.അതിനാല്‍ അവന്‍ നിങ്ങളിരുവരെയും സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കാന്‍ ഇടവരാതിരിക്കട്ടെ.അങ്ങിനെ സംഭവിച്ചാല്‍ നീ ഏറെ നിര്‍ഭാഗ്യവാനായിത്തീരും.                       തീര്‍ച്ചയായും നിനക്ക് ഇവിടെ വിശപ്പ്‌ അറിയാതെയും നഗ്നനാകാതെയും കഴിയാനുള്ള സൌകര്യമുണ്ട്. ദാഹമനുഭാവിക്കാതെയും ചൂടേല്‍ ക്കാതെയും ജീവിക്കാം.
                    എന്നാല്‍ പിശാച് അദ്ദേഹത്തിനു ഇങ്ങനെ ദുര്‍ബോധനം നല്‍കി: "ആദമേ താങ്കള്‍ക്ക് നിത്യ ജീവിതവും അന്യൂനമായ ആധിപത്യവും നല്‍കുന്ന ഒരു വൃക്ഷം കാണിച്ചു തരട്ടയോ ?"അങ്ങിനെ അവരിരുവരും ആ വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചു.അതോടെ അവര്‍ക്കിരുവര്‍ക്കും തങ്ങളുടെ നഗ്നത വെളിവായി.ഇരുവരും സ്വര്‍ഗ്ഗത്തിലെ ഇലകള്‍ കൊണ്ട് തങ്ങളെ പൊതിയാന്‍ തുടങ്ങി.ആദം തന്റെ നാഥനെ ധിക്കരിച്ചു അങ്ങിനെ പിഴച്ചുപോയി.    
                    പിന്നീട് തന്റെ നാഥന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു.അദ്ദേഹത്തിന്റെ പാശ്ചാതാപം സ്വീകരിച്ചു.അദ്ദേഹത്തെ നേര്‍വഴിയില്‍ നയിച്ചു."  (ത്വാഹ :117  -122 ) 
അമരത്വം,അധികാരം എന്ന വ്യാമോഹങ്ങള്‍
               വ്യാമോഹമാണ് മനുഷ്യന്റെ എല്ലാ പതനത്തിന്നും കാരണം. അന്നും ഇന്നും എന്നും ഇതു തന്നെയാണ് സകലത്തിന്റെയും പ്രശ്നം. ഇതു കല്പിക്കുന്നത് പിശാചാണ്.അതിനാല്‍ ഈ വികാരം പൈശാചികമാണ്.
             
               മരിക്കാതെ എന്നെന്നും ജീവിക്കണം എന്ന മോഹം, അത് പോലെ ഒരിക്കലും  നശിക്കാത്ത അധികാരം വേണമെന്ന മോഹവും മനുഷ്യ പ്രകൃതിയാണ്. എന്നും ജീവിക്കാനുള്ള ആഗ്രഹം അവനെ കൂടുതല്‍ സ്വാര്‍ത്ഥനും അത്യാഗ്രഹിയും ആക്കിത്തീക്കുന്നു.കഴിയുന്നത്ര ജീവിതം ആസ്വദിക്കണം എന്ന ചിന്തയുടെ അടിസ്ഥാനം ഇതാണ്.അധികാരം ഏതു രീതിയിലും കൈക്കലാക്കുക, കഴിയുന്നത്ര സമ്പത്ത് തന്റെ അധീനതയില്‍ കൊണ്ട് വരിക,അത് ഏതു രീതിയിലും വെട്ടിപ്പിടിച്ചാലും ശരി.ഇതു ചെയ്യിപ്പിക്കുന്നത് അധികാരമോഹമാണ്.

                   വൃക്ഷത്തിന്റെ പഴം രണ്ട് പേരും കഴിച്ചു എന്ന് പറഞ്ഞാല്‍ ജീവിതം ആസ്വദിക്കാനും സമ്പത്തും അധികാരവും നിലനിര്‍ത്താനും മനുഷ്യന്‍ ദൈവ കല്‍പ്പനക്കു എതിര്‍ പ്രവര്‍ത്തിക്കുകയും തിന്മകള്‍ ചെയ്യുമെന്നുമാണ് മനസ്സിലാക്കേണ്ടത് .   
ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം 
               ആദിയില്‍ മനുഷ്യന്‍ സ്വര്‍ഗ്ഗത്തില്‍ വിശപ്പ്‌,ദാഹം എന്നിവ  അറിഞ്ഞിരുന്നില്ല. അതിനാല്‍ ഭക്ഷണം ആവശ്യമുണ്ടായിരുന്നില്ല.
               ആദിയില്‍ മനുഷ്യന്നു നാണം എന്ന ബോധം ഉണ്ടായിരുന്നില്ല .അതിനാല്‍ വസ്ത്രം ആവശ്യമാരുന്നില്ല.
               ആദിയില്‍ മനുഷ്യന്‍ തണുപ്പ് ചൂട് എന്നിവ അറിഞ്ഞിരുന്നില്ല അതിനാല്‍ പാര്‍പ്പിടത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.            
                ആദിയില്‍ മനുഷ്യന്നു അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം വസ്ത്രം പാര്‍പ്പിടം തുടങ്ങിയവയുടെ പൂര്‍ത്തീകരണത്തിനായ്  പരിശ്രമിക്കേണ്ടി വന്നില്ല.പിന്നീട് മനുഷ്യന്റെ മേല്‍ ഈ ആവശ്യങ്ങള്‍ ഒരു ഉത്തരവാദിത്വങ്ങളായി വന്നു ചേരുകയാണ് ഉണ്ടായത്.
                നിരോധിച്ച പഴം  ഭുജിച്ചതോടെ മനുഷ്യന്റെ മേല്‍  ഈ ആവശ്യങ്ങള്‍ ചുമത്തപ്പെടുകയായി. നഗ്നത വെളിവാവുകയും നാണം മറച്ചു തുടങ്ങി എന്ന് പരാമര്‍ശിച്ചത്  അതിന്റെ സൂചനയാണ്. ചൂടേല്‍ക്കുക അല്ലെങ്കില്‍ വിശപ്പ്‌ അനുഭവപ്പെടുക എന്നത് സമയം ആവശ്യമുള്ള കാര്യമാണ്.അവയെ അപേക്ഷിച്ച് നഗ്നത എന്നത് സമയം ആവശ്യമില്ലാതെ വസ്ത്രം അഴിഞ്ഞു വീണയുടന്‍  പെട്ടന്ന് തന്നെ വെളിവാകുന്നതാണ്.അതിനാലാണ് മറ്റ് രണ്ടിനെയും പറയാതെ നഗ്നതയെ മാത്രം കുറിച്ചു പറയാന്‍ കാരണം.
മറവിയും പശ്ചാത്താപവും  
                മറവി എന്ന അനുഗ്രഹം ചിലപ്പോള്‍ അബദ്ധങ്ങളിലേക്ക്  മനുഷ്യനെ ചാടിച്ചേക്കാം.അതേ സമയം അതില്‍ നിന്ന് വിരമിക്കാന്‍ പാശ്ചാതാപം എന്ന ബോധവും മനുഷ്യ പ്രകൃതിയില്‍ അന്തര്‍ലീനമാണ്.
ദുഃഖം ഭയം 
           ആദിയില്‍ സന്തോഷം മാത്രമേ അവന്നു ഉണ്ടായിരുന്നുള്ളൂ സമാധാനം മാത്രമേ അവന്‍ അനുഭവിച്ചിരുന്നുള്ളൂ. ദുഃഖം ഭയം തുടങ്ങിയ വികാരങ്ങള്‍ അവന്നു പിന്നീട് വന്നു ചേര്‍ന്നതാണ്. അതില്‍ നിന്ന് മോചനം നേടാനുള്ള മാര്‍ഗ്ഗം അവന്നു നല്‍കപ്പെട്ടിട്ടുണ്ട്.