2013, ഫെബ്രുവരി 23, ശനിയാഴ്‌ച

നിങ്ങളും ഒരു പ്രേത വിശ്വാസിയാണോ ??

-Abid Ali Padanna
ഭയവും ധൈര്യവും

നമ്മുടെ ജീവിതത്തെ കുടുസ്സാകിത്തീര്‍ക്കുന്നതില്‍ ഭയം എന്ന വികാരത്തിനു വളരെ വലിയ പങ്കുണ്ട്.
ഭയം എന്നത് എല്ലാ മനുഷ്യരിലും ജന്മനാ ഉള്ളത് തന്നെ.എന്നാല്‍ അനാവശ്യ ഭയങ്ങള്‍ നാം തന്നെ വെറുതെ ഉണ്ടാക്കുകയാണെങ്കിലോ ? ധൈര്യം എന്നതും ജന്മനാ ഉള്ളതുതന്നെ .കെട്ടിയുണ്ടാക്കിയ അനാവശ്യ ഭയങ്ങള്‍ ധൈര്യത്തെ മറികടന്നാല്‍ ജീവിതം ഭയം  നിറഞ്ഞതാകും.
ഭയ രഹിതമായി ജീവിക്കുക എന്നത് നമ്മുടെ അവകാശമാണ് .ധൈര്യം ഉണ്ടാകാന്‍ വെറുതെ മെനക്കെട്ടു ഗോഷ്ടികള്‍ കാണിക്കുന്നതിലും നല്ലത് മനസ്സില്‍ കുടിയിരുത്തപ്പെട്ട അനാവശ്യ ഭയങ്ങള്‍ നീക്കിക്കളഞ്ഞാല്‍ മതി . അതാണ്‌ എളുപ്പമായ മാര്‍ഗ്ഗവും .
ഒരു വന്യജീവിയുടെയോ ,അക്രമികാരിയുടെയോ മുന്നില്‍ അകപ്പെട്ടാല്‍ ഉണ്ടാകുന്ന ഭയം മാനുഷികമാണ്‌ .ശാരീരിക ഭീക്ഷണി (Threat) കളില്‍ നിന്ന് രക്ഷ നേടാന്നും ഒളിച്ചിരിക്കാനും മനുഷ്യന്റെ ആത്മീയമായ ചോദനയാണ്  ഭയം.   എന്നാല്‍ ഭയം ഇല്ലാത്ത ഒന്നിന്റെ പേരിലായാലോ ???

മനസ്സില്‍ ഭയം രൂപപ്പെട്ടു വരുന്നത്തിന്റെ കാരണം നമ്മുടെ ധാരണകളാണ്.നമുക്ക് പാരമ്പര്യമായോ ,കെട്ടുകഥകളിലൂടെയോ നമ്മുടെ ചെറിയ പ്രായത്തില്‍ നമുക്ക് കിട്ടുന്ന അറിവാണ് നമ്മുടെ മനസ്സില്‍ ചില ഭീകര രൂപങ്ങള്‍ ഉണ്ടാക്കി വെക്കുന്നത്  .

ജോത്സ്യര്‍ ,കണിയാന്‍ ,കവടി നിരത്തുന്നവര്‍ , ചാത്ത സേവകര്‍ ,ജിന്ന് സേവകര്‍ ,ഭാവി പ്രവചകര്‍ , ...തുടങ്ങിയവരെ വെറുപ്പിച്ചാല്‍ ശാപ കോപങ്ങള്‍ ലഭിക്കും എന്ന വിശ്വാസം അനാവശ്യ ഭയം ഉണ്ടാകുന്നതിനുള്ള മറ്റൊരു പ്രധാന കാരണം ആണ് . ഇത്തരം വിശ്വാസങ്ങളെ മനസ്സില്‍ നിന്ന് നീക്കം ചെയ്തെ മതിയാകൂ.

ചുരുക്കി ,രക്ഷനേടാനുള്ള നൈസര്‍ഗ്ഗികമായ ഭയം നമുക്കില്ലാതാക്കാന്‍ ആവില്ല . എന്നാല്‍ നാം കേട്ട്കേള്‍വിയില്‍ നിന്ന് ധരിച്ചു വെച്ച ആര്‍ജ്ജിത ഭയം നമുക്ക് ഇല്ലായ്മ ചെയ്യാന്‍ കഴിയും ,അതിന്നു പല അന്ധ വിശ്വാസങ്ങളും നാം മനസ്സില്‍ നിന്ന് പിഴുതെറിയണം എന്നേയുള്ളൂ . 


ഒരു ഐഡിയല്‍ മലയാളി യക്ഷി 
പ്രേത വിശ്വാസത്തിന്റെ മനശാസ്ത്രം 
പണ്ട് കേരളത്തില്‍ ജാതി വ്യവസ്ഥ നില നിന്നിരുന്നപ്പോള്‍  അധികാരി   വര്‍ഗ്ഗങ്ങള്‍ കൊല ചെയ്തു വിട്ട  സ്ത്രീകളില്‍ നിന്ന് ഉണ്ടായ സങ്കല്‍പമാണ് പ്രതികാരം ചെയ്യുന്ന രക്ത രക്ഷസ്സ് ,  യക്ഷി,പ്രേത വിശ്വാസത്തിനു പിന്നില്‍ . മോക്ഷം കിട്ടാത്ത ആത്മാവുകള്‍ അലഞ്ഞു തിരിയുന്നു എന്ന ഹൈന്ദവ സങ്കല്പവും ഇത്തരം വിശ്വാസത്തിന്നു കരുത്തു പകരുന്നു .ഒരു യൂറോപ്യന്‍ വാമ്പയര്‍ 
ഇതിന്റെ തന്നെ മറ്റൊരു പതിപ്പാണ്‌ യൂറോപ്പിലെ പ്രേത വിശ്വാസവും.അവിടെ സ്ത്രീകളെക്കാളും കൂടുതല്‍ പുരുഷ പ്രേതങ്ങളാണ് എന്ന് മാത്രമേ ഉള്ളൂ . ഇതിനു പ്രേരകമായ മുഖ്യ ഘടകം മരിച്ചു  മറമാടപ്പെട്ട യേശുവിന്റെ മൂന്നാം ദിനത്തിലുള്ള പ്രത്യക്ഷപ്പെടലും ,ഇതിനെ കുറിച്ചുള്ള ബൈബിള്‍ വിവരണവും. അതുപോലെ പില്‍ക്കാല അപ്പൊസ്തലന്മാരുടെ മുന്നില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു എന്ന് പറയപ്പെടുന്ന യേശുവിന്റെ സ്പിരിറ്റ്‌(പ്രേതം) എന്ന ചിത്രങ്ങളും ഇങ്ങനെ പ്രേത വിശ്വാസത്തിന്നു അടിത്തറ    പാകിയിരിക്കാം .
ജിന്ന് -ഒരു ഭാവനയില്‍ 

മുസ്ലിംകളില്‍ പ്രേത വിശ്വാസം ഇല്ല .മരണപ്പെട്ടവരുടെ ആത്മാവ് ഭൂമിയില്‍ വരില്ല. അവ ആരെയും ശല്യം ചെയ്യുകയും ഇല്ല. പുനരുദ്ധാരണനാള്‍ വരെ അവര്‍ ബര്‍സഖ് (മറ) എന്ന അദൃശ്യ ലോകത്ത് വസിക്കുന്നു. അത്രമാത്രം. എന്നാല്‍ ജിന്ന് വിശ്വാസം ഇന്ന് പ്രേത വിശ്വാസത്തിന്റെ രൂപം പ്രാപിച്ചിരിക്കുന്നു.ജിന്നുകള്‍ അദ്രശ്യമായ കാര്യങ്ങള്‍ പറഞ്ഞുതരും എന്നും ,നമ്മുടെ എല്ലാ കാര്യങ്ങളും സാധിച്ചു തരും എന്നും ശത്രുവിനെ നശിപ്പിക്കാന്‍ സാഹിയിക്കുമെന്നും പലരും കരുതുന്നു. അതുപോലെ  ജിന്നുകള്‍ മനുഷ്യ ശരീരത്തില്‍ കടന്നു കൂടും എന്നും പലരും വിശ്വസിക്കുന്നു .അങ്ങിനെ പല ജിന്ന് സേവകരും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇതിന്റെ മൂല കാരണം അറബിക്കഥകളായ ആയിരത്തൊന്നു രാവുകളിലെ ജിന്ന് സങ്കല്പങ്ങളാണ് .

ജിന്ന് എന്നതു അദൃശ്യ ജീവികളാണ് .അവരെ തീയിനാല്‍ സൃഷ്ടിക്കപ്പെട്ടു എന്ന് ഖുറാന്‍ പറയുന്നു.
മാലാഖമാരെപ്പോലെ മറ്റൊരു സൃഷ്ടി ,മനുഷ്യനെ പോലെ. അവയുടെ രൂപം, ജീവിത രീതി ,എന്നിവയെ കുറിച്ച് ആര്‍ക്കും അറിയില്ല .തിന്മയുടെ പ്രതീകമായ പിശാച് (ഇബ്ലീസ്‌ /ലൂസിഫര്‍ ) ജിന്ന് വംശത്തില്‍ പെട്ടവനാണ് എന്നും  ഖുറാന്‍ പറയുന്നു.
ജിന്നുകളെ മനുഷ്യന്നു കാണുക സാധ്യമല്ല.എന്നാല്‍ സുലൈമാന്‍ (സോളമന്‍ ) നബിക്ക്  പര്‍വ്വതങ്ങള്‍ ,കാറ്റ് , പക്ഷി ഭാഷ, മൃഗങ്ങളുടെ ഭാഷ ,ജിന്നുകള്‍ തുടങ്ങിയവ അധീനപ്പെടുത്തിയിരുന്നു. ഇത് അദ്ദേഹത്തിനു മാത്രം അത്ഭുതമായി അനുവദിച്ചു കൊടുത്തതാണ് .അതിനപ്പുറം അതില്‍ ഒന്നും തന്നെയില്ല .

എന്നാല്‍ ഇതേ ജിന്നുകള്‍ക്ക്‌  അദൃശ്യ കാര്യങ്ങളെ കുറിച്ച് ഒരു അറിവും ഇല്ല എന്നും ,നമ്മുടെ ദൈനംദിന ജീവിതത്തില്‍ അവയ്ക്ക് ഭൌതെകമായി ഇടപെടാന്‍ കഴിയില്ല എന്നതും സുലൈമാന്‍ നബിയുടെ മരണ സംഭവത്തിലൂടെ  ഖുര്‍ആന്‍ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു . ജിന്നുകളെ  പല ജോലികളില്‍ ഏര്‍പ്പെടുത്തി തന്റെ സിംഹാസനത്തില്‍ ഊന്നു വടി പിടിച്ചുകൊണ്ടു ഇരിക്കവേ അദ്ദേഹത്തിനു മരണം സംഭവിച്ചു. 

"നാം അദ്ദേഹത്തിന്‍റെ മേല്‍ (സുലൈമാന്‍ നബി) മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതല്‍ മാത്രമാണ്‌ അദ്ദേഹത്തിന്‍റെ മരണത്തെപ്പറ്റി അവര്‍ക്ക്‌ (ജിന്നുകള്‍ക്ക്‌) അറിവ്‌ നല്‍കിയത്‌. അങ്ങനെ അദ്ദേഹം മറിഞ്ഞു  വീണപ്പോള്‍ , തങ്ങള്‍ക്ക്‌ അദൃശ്യകാര്യം അറിയാമായിരുന്നെങ്കില്‍ അപമാനകരമായ ശിക്ഷയില്‍ തങ്ങള്‍ കഴിച്ചുകൂട്ടേണ്ടി വരില്ലായിരുന്നു  എന്ന്‌ ജിന്നുകള്‍ക്ക്‌ ബോധ്യമായി."(ഖുര്‍ആന്‍ ,സബഅ`: 14)

അത് പോലെ ഭയം എന്ന വികാരം നമുക്ക് ആസ്വദിക്കാനും  കഴിയും എന്നതിന്റെ തെളിവാണ് നാം ഹൊറര്‍(Horror) സിനിമകള്‍ കാണുന്നതിന്റെ  മനശാസ്ത്രം


മനോ പ്രതികരണം പ്രേത ബാധ അല്ല
ചെറുപ്പകാലത്ത് സ്നേഹവും വാത്സല്ല്യവും ലഭിക്കാതെ പോയ  മണി ചിത്രത്താഴിലെ(1993,ഫാസില്‍)  ശോഭനയുടെ ഗംഗ എന്നാ കഥാപാത്രം ഇടയ്ക്കിടെ നാഗവല്ലി ആകുന്നതും ,പ്രതീക്ഷിച്ച സ്നേഹം കിട്ടാതെ വന്നപ്പോള്‍ പ്രതികാരം ചെയ്യുന്ന മനസ്സുള്ള ജാനകകുട്ടി യുടെ ചാത്തനേറും (എന്നു സ്വന്തം ജാനകിക്കുട്ടി,1998 ,ഹരിഹരന്‍- എം ടി) നമ്മോടു ചില സത്യങ്ങള്‍ പറയുന്നുണ്ട് .

മൂടി വെക്കപ്പെട്ട ആഗ്രഹങ്ങള്‍  പ്രകടിപ്പിക്കാന്‍ ആവാതെ വരുമ്പോള്‍ മനസ്സ് നാം അറിയാത്ത രീതിയില്‍ മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാന്‍ ചില കുസ്രിതികള്‍ കാണിക്കും .അത് പോലെ തന്നെയാണ് സ്നേഹം തടയപ്പെട്ടവരുടെയും മാനസിക പ്രതികരണങ്ങള്‍ .    

മുത്തശ്ശിമാര്‍ പറഞ്ഞു  തന്ന കഥകളിലെ സങ്കല്പങ്ങള്‍  വര്‍ഷങ്ങളും കാലങ്ങളും എത്ര മുന്നോട്ടു പോയാലും ഇരുട്ട് ,ഏകാന്തത എന്നിയവില്‍ നാം എത്തപ്പെടുമ്പോള്‍ മനസ്സില്‍ ഒളിഞ്ഞു കിടക്കുന്ന ആ സത്വങ്ങള്‍ നമ്മുടെ ചിന്താ മണ്ഡലത്തില്‍  രൂപങ്ങളായി തെളിഞ്ഞു വരുന്നു.പിന്നെ  ഭയന്ന് വിറക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നു . അത് പോലെ കുട്ടികളെ അനുസരണ ശീലരാക്കാന്‍ നാം പറഞ്ഞു കൊടുക്കാറുള്ള  ചാത്തന്‍  ,ഗുളികന്‍ ,ബാഉ ,ജിന്ന് തുടങ്ങിയവ  വരും എന്നും ,അവ കുട്ടികളെ തിന്നും എന്നും തുടങ്ങിയ വാക്കുകള്‍ കുട്ടികളുടെ മനസ്സില്‍ ഭീകര രൂപങ്ങള്‍ സൃഷ്ടിക്കുകയും ,ജീവിതാവസാനം വരെ അത് മായാതെ നിലനില്‍ക്കുകയും ചെയ്യുന്നു .സാഹചര്യങ്ങള്‍ ഒത്തു വന്നാല്‍ ആ ധാരണകള്‍ പുറത്തു ചാടി നമ്മെ തന്നെ ഭയപ്പെടുത്തുകയും ചെയ്യുന്നു 

പ്രേത വിശ്വാസികളോട് 10 ചോദ്യങ്ങള്‍
1.മലയാളി യക്ഷികള്‍  എന്ത് കൊണ്ട് സ്ത്രീകള്‍ മാത്രം ആയി മാറി ?പുരുഷന്മാര്‍ അതിന്നു കൊള്ളില്ലേ ??
2.യക്ഷികള്‍ വെളുത്ത സാരികള്‍ മാത്രം ധരിക്കുന്നത് എന്ത് കൊണ്ട് ?കളര്‍ വസ്ത്രങ്ങളോട് യക്ഷികള്‍ക്ക്  അലര്‍ജ്ജിയാണോ ?
3.യക്ഷികളും പ്രേതങ്ങളും എന്ത് കൊണ്ട് രാത്രി മാത്രം ഇറങ്ങി വരുന്നു ? ഇവര്‍ക്കെന്താ വെളിച്ചത്തെ ഭയമാണോ ?
4.പാതി രാത്രികളില്‍ നമ്മെ വന്നു ഭയപ്പെടുത്തിയത് കൊണ്ട് അവര്‍ക്ക് എന്താണ് പ്രയോജനം ലഭിക്കുന്നത് ?നമ്മള്‍ ഭയന്നാല്‍ അവര്‍ക്ക് സമാധാനം ലഭിക്കുമോ ?
5.നമ്മുടെ യക്ഷികളും ,യൂറോപ്പിലെ  ഡ്രാക്കുള ,വാമ്പയര്‍ (Vampire)തുടങ്ങിയവ   ചുടു ചോര മാത്രം കുടിക്കുന്നത് എന്ത് കൊണ്ട് ?ഇവര്‍ക്ക് ചൂട് വെള്ളം കുടിച്ചാല്‍ പോരെ ? ചോറും മുട്ടയും പഴ വര്‍ഗ്ഗങ്ങളും കഴിച്ചാല്‍ സ്കിന്‍ അല്ലര്‍ജി ഉണ്ടാകുമോ ? പാല മരവുമായി എന്താണ് ഇവര്‍ക്ക് ബന്ധം ? കാറ്റാടി മരത്തോടു വെറുപ്പാണോ ??
7.യൂറോപ്പില്‍ കുരിശ്  കണ്ടാല്‍ അവര്‍ ഒളിക്കും .മലയാളി യക്ഷികള്‍ക്ക് എന്ത് കൊണ്ട് ഇത് ബാധകം അല്ല ? പ്രേതങ്ങള്‍ മതം നോക്കിയാണോ ഭയപ്പെത്താറുള്ളത്?
8. ചൂരല്‍ വടികൊണ്ട് അടി കിട്ടിയാല്‍ പ്രേതങ്ങള്‍ ഒഴിഞ്ഞു  പോകുന്നത് എന്ത് കൊണ്ട് ? പ്രേതങ്ങള്‍ക്കും വേദന അനുഭവപ്പെടുമോ ?
9.സംഗീതവും ചിലങ്ക ശബ്ദവും അകമ്പടി വേണം എന്നുണ്ടോ ?അതില്ലാതെ വരാന്‍ പറ്റില്ലേ ?
10.സിനിമകളിലെ എല്ലാ പ്രേതങ്ങളും രക്ത ദാഹികള്‍ ആയതു എന്ത് കൊണ്ട് ?

ഒട്ടു മിക്ക യക്ഷി / പ്രേത കഥകളിലും പ്രേതങ്ങള്‍  പ്രതികാര ദാഹികള്‍ ആയതു  യാദ്രിശ്ചികമല്ല.നീതി ലഭിക്കാതെ പോയ കൊലപാതകങ്ങളും പീഡനങ്ങള്‍ക്ക്  ഇരയായവരും സ്വയം തന്നെ മരണ ശേഷം നീതി നടപ്പിലാക്കുന്നു.അപ്പോള്‍ അനീതിക്കെതിരെ പ്രതിരിക്കാന്‍ ആവാത്ത ഒരു ജനതയുടെ മാനസിക സംഘര്‍ഷങ്ങളാണ് പ്രേത /യക്ഷി കഥകളിലൂടെ നാം വായിക്കുന്നത്.
ചിത്രങ്ങള്‍ :ഗൂഗിള്‍