ആത്മീയത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആത്മീയത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഫെബ്രുവരി 6, ശനിയാഴ്‌ച

"മഴ പറഞ്ഞത്" പറഞ്ഞു വെച്ചത്

ഫേസ് ബുക്ക്‌ സുഹ്രത്ത് ഷബീര്‍ കളിയാട്ടമുക്കിന്റെ അനുഭവം , സഹോദരന്‍ ഫൈസല്‍ കൊണ്ടോട്ടി തിരക്കഥ രചിച്ചു ഡയലോഗ് എന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പിലെ സുഹ്രത്തുക്കളുടെ പിന്തുണയില്‍ നിര്‍മിച്ച  ഷോര്‍ട്ട് ഫിലിം ആദ്യ നോട്ടത്തില്‍ തന്നെ നല്‍കിയ സാമൂഹ്യ പ്രസക്തി ചുരുക്കി വിവരിക്കുന്നു.

ഷോര്‍ട്ട് ഫിലിം :മഴ പറഞ്ഞത്
സംവിധാനം :സാജിദ്
നിര്‍മ്മാണം :കമുറ /സാഫി സ്കൂള്‍
അവതരണം : ഡയലോഗ് ഗ്രുപ്പ്

1) പ്രകൃതി :
പച്ചപ്പ്‌ എന്നത് കുട്ടികളിലെ കളങ്കമില്ലാത്ത മനസ്സ് പോലെയാണ്.അത് കുട്ടികളില്‍ നിന്ന് വികസിച്ചു മുതിര്ന്നവരിലെക്കും ,പിന്നെ തലമുരകളിലെക്കും ഒരു മഴ പോലെ പെയ്തിരങ്ങുകയാണ്.... അങ്ങിനെ നനവുള്ള,പച്ചപ്പുള സമൂഹത്തിന്‍റെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്നു

2) ജീവജാലങ്ങള്‍ :
കുരുവി കളെ പോലെയാണ് കുട്ടികള്‍, അത് നന്മയുടെ വിത്താണ് . അതിനെ നശിപ്പിച്ചാല്‍ നശിക്കുന്നത് നമ്മുടെ ഭാവി തന്നെ


3) തലതിരിഞ്ഞ രാഷ്ട്രീയം ആപത്തു :
ആര്‍ത്തിയുടെ ലോകം ലാഭം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ പ്രകൃതിയോടുള്ള യുദ്ധം,പ്രകൃതി വിരുദ്ധമായ വികാസനം രാഷ്ട്രങ്ങളെ സമൂല മായ പരാജയത്തില്‍ കൊണ്ടെത്തിക്കും.

4) അന്നം :
 നെല്‍ മണി , ധാന്യം എന്നിവ സമൂഹത്തിന്റെ അടിയാധാരമാകുന്നു .


5) ജീവിത പാത : 
അരുവികള്‍,നട വഴികള്‍,റോഡുകള്‍ തുടങ്ങിയവ ജീവിത പാതയെ സൂചിപ്പിക്കുന്നു.ഹിഷാമിന്റെ പിതാവിന്‍റെ ആദ്യ നിര്‍ദേശം,ജീവിത പാതയിലേക്കുള്ള വഴികാട്ടലിലേക്കുള്ള സൂചന നല്‍കുന്നു . ശ്രദ്ധിച്ചു നീങ്ങേണ്ട ആവശ്യകത ഉണര്‍ത്തുന്നു.
 പ്രിന്‍സും ഹിശാമും ആദ്യം നടന്നിറങ്ങുന്ന ചെങ്കുത്തായ ഇടവഴികള്‍ പിന്നെ കടുത്ത പാതയായും അവസാനം വിശാലമായ റോഡായും പരിണമിക്കുന്നു.
കഷ്ടതകളും ഇടുക്കവും പിന്നീട് സമ്രിദ്ധിയിലേക്കും,വിശാലതയിലും എത്തും എന്നുള്ള പ്രതീക്ഷ .

6) വിവിധ തട്ടുകളിലെ സ്ത്രീ :
ഹിഷാമിന്റെ ഉമ്മ : ആദ്യ വിളിയില്‍ ആള്‍ തിരക്കിലാണ്. രണ്ടാം വിളിയില്‍ പ്രാര്‍ത്ഥനയില്‍. (ഇവര്‍ സ്ക്രീനില്‍ ഇല്ല)...
ഷോപ്പിലെ ചേട്ടത്തി : ജീവിതാവശ്യത്തിനു അധ്വാനിക്കുന്ന സ്ത്രീ (ഇവരും സ്ക്രീനില്‍ ഇല്ല)
ഫിന്സിന്റെ ചേച്ചി : വിദ്യ അഭ്യസിച്ച സ്ത്രീ
പ്രിസിന്റെ അമ്മ :വിധവ
വല്ല്യുമ്മ : സ്നേഹ നിധി (പേരമകന് കരസ്പര്‍ശം നല്‍കുന്ന അമ്മൂമ്മ ..ഇന്ന് ഇത് അപൂര്‍വ്വമായി കൊണ്ടിരിക്കുന്നു.)

6) ജീവിതാവശ്യങ്ങള്‍:
ഓരോരുത്തരുടെയും പ്രായവും സ്ഥാനവും ആവശ്യങ്ങളും അറിഞ്ഞു കൊണ്ട് നിറവേറ്റുന്ന പിതാവ്.


7) കാരുണ്യം :

മനുഷ്യനിലെ ഏറ്റവും ഉജ്ജ്വലമായ വികാരം കാരുണ്യം തന്നെ ,അതിനെ കവച്ചു വെക്കാന്‍ മറ്റൊന്നിനും ആവില്ല . കാരുണ്യം എന്ന കൈത്താങ്ങാണ് ജീവിതത്തെ മുന്നോട്ട് നീക്കുന്നത്. ജീവിത പാതയില്‍ കൈത്താങ്ങ്‌ നിര്‍ബന്ധം.
വല്ല്യുമ്മയുടെ തലോടല്‍, അതെ സമയം ഹിശാമിന്‍റെ പൂച്ചയുടെ മേലുള്ള തലോടല്‍ ....പിന്നെ പിതാവിന്റെ തലോടലിലേക്കും അത് അവസാനം ഹിഷാമിന്റെ കൈ പിടിച്ചു ,ആലിംഗനം ചെയ്യുന്ന ഫിന്സിലെക്കും നീങ്ങുന്നു.കാരുണ്യം വീടുകളില്‍ നിന്ന് സമൂഹത്തിലേക്കു അരുവികളായി ഒഴുകി വികസിക്കുകയാണ് വേണ്ടത് .


 മഴയെയും പ്രകൃതിയിലെ കാരുണ്യത്തിന്‍റെ മൂര്‍ത്തമായ അടയാളമായി ഇതില്‍ ചിത്രീകരിചിരിക്കുന്നു ...മഴ പെയ്തു ഇറങ്ങുകയാണല്ലോ ചെയ്യുന്നത് .അതെ, താഴേക്ക്‌ തന്നെയാണ് അത് ഒഴുകി മറിയുന്നത് .ഇവിടെ കാരുണ്യവും മുകളില്‍ നിന്ന് താഴേക് ഒഴുകുകയാണ് .അത് ഹിഷാമിന്റെ ബാഗ് എന്ന പ്രതീകത്തിലൂടെ.
പ്രകൃതിയോടും കാരുണ്യം :മീനുകള്‍ ഉള്ള അരുവിയിലൂടെ നടക്കാതെ കുട്ടികള്‍ വഴി മാറി മറ്റൊരു അരുവിയിലൂടെ നടന്നു നീങ്ങുന്നത്‌ ശ്രദ്ധിക്കുക ... ഇത് പ്രകൃതിയെ നാം എങ്ങിനെ സമീപിക്കണം എന്ന് പഠിപ്പിക്കുന്നു

8)വിദ്യാഭ്യാസം സാമൂഹ്യ നന്മകള്‍ നല്കുന്നതാവണം:
ക്ലാസ് മുറികളെ രണ്ടു രീതിയില്‍ ഇതില്‍ ചിത്രീകരിക്കുന്നുണ്ട് .

a) ക്ലാസ് മുറികള്‍ സാമൂഹ്യ ഉണര്‍വിനുള്ള ആലയങ്ങള്‍ ആവണം എന്ന് ആദ്യ പാഠം . ക്ലാസിലെ കുരുവികളുടെ പാഠ വായന അതാണ്‌ സൂചിപ്പിക്കുന്നത്.

b) കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ അര്‍ത്ഥ ശൂന്ന്യമായ സാങ്കല്പിക പൊലിപ്പിച്ചു കാട്ടലിനെ കുറിച്ചുള്ള ടീച്ചറുടെ ഭാഷണം. ഇതിനിടയില്‍ തന്റെ സുഹ്രത്തിന്റെ ജീവിതത്തിലെ യഥാര്‍ത്ഥ പ്രശ്നത്തെ കുറിച്ച് ചിന്തിച്ചു അസ്വസ്തപ്പെടുന്ന ഹിഷാമിന്റെ മനസ്. ബാഗുകളില്‍ കാണുന്ന ചിത്ര‍ങ്ങളില്‍ അല്ല കാര്യം, ബാഗുകള്‍ എന്ന ജീവിത പ്രശ്നത്തിലാണ് യഥാര്‍ത്ഥ കാര്യം...... ഇത് സാമൂഹ്യ നന്മകള്‍ നല്‍കാത്ത വിദ്യഭ്യാസത്തെ സൂചിപ്പിക്കുന്നു.

8) മീഡിയ :
മലയാളിയുടെ ചൂട് വാര്‍ത്തകളില്‍ മുഖം കുത്തിയിരിക്കുന്ന പ്രഭാതങ്ങള്‍ . ചൂടുള്ള ചായ/കോഫി പത്രത്തിന്‍റെ അടുത്ത് വെചത് കാണുക.

 9 )സ്വയം പര്യപ്ത:
ചെരുപ്പ് ധരിക്കുന്ന ഹിഷാം ,സ്വയം പര്യപ്തനായ വിദ്യാര്‍ഥികളില്‍ നിന്നേ സ്വയം പര്യാപ്തമായ സമൂഹം ഉണ്ടാവുകയുള്ളൂ എന്നതിലേക്കുള്ള സൂചന നല്‍കുന്നു
 
10 )അനാഥത്വം ,വിധവ :
ഇരുണ്ട ഈ രണ്ടു യാഥാര്‍ത്ഥ്യങ്ങളെ മറികടക്കാന്‍ കാരുണ്യം കൊണ്ടുള്ള സാമൂഹ്യ ഇടപെടല്‍ അത്യാവശ്യം.

യൂ ട്യൂബ് ലിങ്ക്
https://www.youtube.com/watch?v=uuP-nzubufc
Directed by : Sajid a.k
Written by : Faisal Kondotty
Cinematography: Afnas, Jino sam
Editing: Ashfak Aslam
Story : shabeer kaliyattumukk
Background score : Prathik abhyankar
Lyrics : Nasrullah vazhakkad
Associate director : Shafeer shaheem
Production controller : Rabeeh nanmanda
Art director : Harikrishna
Stills : Danish
Designs: Thwaha a.p
Title graphics : Thanveer Ajmal
Coloring : Jalwa Ashfak
Assistant Directors : Shebin , E K S Jeeelani , Aparna nair
Sound effect : Jayaraj
Sound mixing : Junu


ഇവിടെ കാണാം



2015 ജനുവരി 4, ഞായറാഴ്‌ച

pk എന്ന സിനിമ ok ആകുമ്പോള്‍

                                                                        - Abid ali Padanna

                  കാലികമായ പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യുക എന്നത് ഒരു കലാകാരന്നു തന്‍റെ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നന്മയാണ് .രാജ്കുമാര്‍ ഹിരാനി  സംവിധാനം ചെയ്തു ആമിര്‍ ഖാനും  അനുഷ്ക ശര്‍മയും അഭിനയിച്ച ചിത്രമാന് pk. ഒരു വലിയ നന്മയെ സിനിമ വിളമ്പരം ചെയ്യുന്നുണ്ട് .

ആമിര്‍ഖാന്‍ pk യില്‍
      രാജ് കുമാര്‍ ഹിരാനിയുടെ മറ്റു മികച്ച ചിത്രങ്ങളാണ് മുന്നാ  ബായ്MBBS,മുന്നാ ഭായി ലഗേ രഹോ ,3 idiots തുടങ്ങിയവ. മുന്നാഭായി ഗാന്ധിജിയുടെ നന്മകള്‍ സമൂഹ്യ ജീവിതത്തെ സ്വാധീനം ചെലുത്തേണ്ടതുണ്ട് എന്ന് ഉറക്കെ  പറഞ്ഞ സിനിമയാണ്. 3idiots ആണെങ്കില്‍ നിലവിലെ വിദ്യഭ്യാസത്തിന്‍റെ പോരായ്മകളെ നന്നായി പരിഹസിക്കുന്നതും ആണ് .
രാജ് കുമാര്‍ ഹിരാനി
                 നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് മതവും രാഷ്ട്രീയവും ഇത് രണ്ടിനെയും പൊതു സമൂഹത്തിനു മുന്നില്‍ തുറന്നു കാണിക്കുകയാണ് ചിത്രം ചെയ്യുന്നത് .സംവിധായകന് പറയാനുള്ളത് മുഴുവന്‍ കഥാപാത്രങ്ങളിലൂടെ പറയിപ്പിക്കുന്നുണ്ട് . ഭരണകൂടങ്ങള്‍ തന്നെ മതത്തെ പ്രശ്നല്‍ക്കരിക്കുന്ന കാലത്ത് ഒരു പ്രതിരോധം എന്ന നിലയില്‍ സിനിമ  കൂടുതല്‍ പ്രസക്തമാകുന്നുണ്ട് .മതത്തെയും ആത്മീയതയും കച്ചവട വല്‍ക്കരിക്കുന്നവര്‍ക്ക് കനത്ത താക്കീതാണ് സിനിമ .അതിനാല്‍ അത്തരക്കാര്‍ സിനിമക്ക് എതിരെ കയ്യൂക്ക് കാണിക്കും . 
അന്യ ഗ്രഹ മനുഷ്യന്‍:
                     ഭൂമിയിലെ മനുഷ്യന്‍റെ ജീവിത നാടകങ്ങള്‍ അറിയാത്ത കേവലം കുട്ടിയുടെ മനസ്സുമായി അന്യ ഗ്രഹത്തില്‍ നിന്നും എത്തുന്ന നായകന്‍ ആമിര്‍ ഖാന്‍(pk).ജ്ഞാനത്തിനു അഭൌതികമായ ആറാം ഇന്ദ്രിയം  ആവശ്യമാണ്‌ എന്നത് അടിവര ഇടുന്ന  പോലെ ഒരു "ഭൌതിക" ഫിക്ഷന്‍ കഥാപാത്രം . 
 അന്യ ഗ്രഹ പേടകത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ തന്നെ ഭൂമിയിലെ ഒരാള്‍ തന്റെ പേടകത്തിന്റെ റിമോട്ട് അടിച്ചു മാറ്റി ഓടി രക്ഷപ്പെട്ടു.അത് തിരിച്ചു കിട്ടാനായുള്ള യാത്രകളുടെയും ചോദ്യങ്ങളുടെയും ഘോഷയാത്രയാണ് സിനിമയുടെ ഇതിവൃത്തം . 
ഭൂമിയിലെ മനുഷ്യന്‍
                    മനുഷ്യന്റെ അടിസ്ഥാനപരമായ  കാര്യങ്ങളെ കുറിച്ചും സിനിമ ചോദ്യം ഉന്നയിക്കുന്നുണ്ട്‌ .
വസ്ത്രം ,നാണം എങ്ങിനെ മനുഷ്യനില്‍ ഉണ്ടായി ?
ഭാഷയുടെ ആവശ്യം ?ഭാഷയുടെ ഉത്ഭവം ?
ഭക്ഷണം ,അധ്വാനം ,പണം ,കച്ചവടം തുടങ്ങിയ ജിവിത ആവശ്യങ്ങള്‍ എങ്ങിനെയാണ് മനുഷ്യനില്‍ ഉണ്ടായത്  ?സ്നേഹം ,അനുകമ്പ തുടങ്ങിയവയാണോ പ്രണയത്തിന്റെ ആധാരം ??
തുടങ്ങിയ അടിസ്ഥാനങ്ങളെ കുറിച്ചുള്ള അന്വേഷണ ത്വര പ്രേക്ഷകരില്‍ സിനിമ നിഷേപിക്കുന്നുണ്ട് .
മതം പൌരോഹിത്യം കള്‍ട്ട്
          വേഷങ്ങളില്‍ അല്ല മതം എന്നും ,അനാദിയായ ദൈവത്തെ എവിടെയും കുടിയിരുത്താന്‍കഴിയില്ല എന്നും   മത പോരോഹിത്യം മതത്തെ ഉപയോഗിച്ച്  എങ്ങിനെയാണ് മനുഷ്യരെ ചൂഷണം ചെയുന്നത് എന്നും  ദൈവത്തിന്റെ പേരില്‍ പണമാണ് പുരോഹിതന്മാരുടെയും കല്ട്ടുകളുടെയും  ലക്‌ഷ്യം എന്നും സിനിമ പറയുന്നു .

ഭീകരത
                       ദൈവത്തിന്‍റെ പേരില്‍ ബോംബ്‌ വെക്കുകയും ,നിരപരാധികളെ കൊല്ലുകയും ചെയ്യുന്ന ഭീകരതയുടെ  പൊള്ളത്തരം സിനിമ അനാവരണം ചെയ്യുന്നുണ്ട് .
മീഡിയ
                ഭരണാധികാരികള്‍ക്കും പോരോഹിത്യ കല്ട്ടുകള്‍ക്കും ഓശാന പാടലല്ല മീഡിയ ദൌത്യം.ജഗ്ഗു(അനുഷക ശര്‍മ ) എന്ന കഥാപാത്രത്തിലൂടെ മീഡിയയുടെ  യഥാര്‍ത്ഥ ദൌത്യം എന്താണ് എന്ന് സിനിമ വരച്ചു കാണിക്കുന്നു .
അതിരുകളില്ലാത്ത ദേശീയത
         ഇന്ത്യക്കാരിയായ ജഗ്ഗു ബെല്‍ജിയത്തില്‍വെച്ച്പഠനകാലത്ത്പാക്കിസ്ഥാന്‍ യുവാവുമായി പ്രണയത്തില്‍ ആവുന്നു.ദേശീയത യുടെ അതിരുകള്‍ അവരെ വേര്‍തിരിക്കുന്നു .കഥാന്ത്യത്തില്‍ അവര്‍ ഒന്നിക്കുന്നു .നന്മകളെ അംഗീകരിക്കാത്ത ദേശീയത ആവശ്യമില്ല എന്ന് സിനിമ പറയുന്നു .
കത്തുന്ന രാഷ്ട്രീയം  
                        ചില രാഷ്ട്രീയം സിനിമ കൈകാര്യം ചെയ്യുന്നു
 1),രാമ ക്ഷേത്ര നിര്‍മ്മാണവും, മതപരിവര്‍ത്തനവും ,രാമന്‍റെ മക്കളും  താജ്മഹലും വിവാദമായ ഇക്കാലത്ത് മതത്തെയും പുരോഹത്യത്തേ യും കള്‍ട്ടുകളേയും അവരുടെ രാഷ്ട്രീയത്തെയും  ഒട്ടും കൂസലില്ലാതെ ചോദ്യം സിനിമ ചെയ്യുന്നു .
2), ഇന്നും കത്തിനില്‍ക്കുന്ന,നിരന്തരം വഷളായി കൊണ്ടിരിക്കുന്ന  ഇന്ത്യാ പാക്ക് ബന്ധം സിനിമ ശ്രദ്ധയില്‍ കൊണ്ട് വരുന്നു .
3), ഗാന്ധിയുടെ ആദര്‍ശങ്ങള്‍ക്കോ ,ചിത്രങ്ങള്‍ക്കോ അല്ല ,
ഗാന്ധിയുടെ ചിത്രങ്ങള്‍ ഉള്ള നോട്ടു കെട്ടുകള്‍ക്കാണ് ഇന്ന് വില എന്ന രാഷ്ട്രീയവും സിനിമ പറയുന്നു . 

യുക്തിയുടെ ചോദ്യങ്ങള്‍
സ്ത്രീ പുരുഷ ലൈംഗീക ബന്ധം വിവാഹത്തില്‍ അനുവദനീയവും
വ്യഭിചാരത്തില്‍ പാപവും ആകുന്നതു എന്ത് കൊണ്ട് ?
സൃഷ്ടാവായ ദൈവത്തെ രക്ഷിക്കാന്‍ ദൈവത്തിന്റെ മാനേജര്‍മാര്‍ക്ക് കഴിയുമോ ?
മനുഷ്യനെ സൃഷ്‌ടിച്ച ദൈവത്തില്‍ വിശ്വസിക്കുക ,മനുഷ്യന്‍ സൃഷ്‌ടിച്ച ദൈവത്തെ അവഗണിക്കുക .
ദൈവത്തോട് ദുഃഖങ്ങള്‍ പറയാന്‍ കാണിക്കകളും പണത്തിന്‍റെ ഭാണ്ടാരങ്ങളും എന്തിനു ?
വിഗ്രഹങ്ങള്‍ക്ക് പാലഭിഷേകം ആവശ്യമില്ല .പാല്‍ വേണ്ടത് ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളായ കുട്ടികള്‍കക്കല്ലേ ?
അങ്ങിനെ ഉത്തരം ഇല്ലാത്ത ചോദ്യങ്ങള്‍പോകുന്നതു റോന്‍ഗ് നമ്പരിലേക്ക്.......      

ഭയം എന്ന മാര്‍ക്കറ്റ്
                            മതം ചൂഷണത്തിന്‍റെയും  കൊള്ളയുടെയുടെയും കച്ചവട മാര്‍ക്കറ്റാകുന്നതു ഭയം എന്ന വികാരത്തെ  സമര്‍ത്ഥമായി വിറ്റിട്ടാണ് .
ദൈവത്തെ പോലും മൂര്‍ത്തികളായി വില്പനയ്ക്ക് വെച്ച സമൂഹം.
മൂര്‍ത്തി വല്‍ക്കരിച്ച ദൈവത്തെ ദര്‍ശിക്കാന്‍ വേണ്ടത് പണം .ആവശ്യങ്ങള്‍ പറയാന്‍ വേണ്ടത് പണം .ദൈവത്തിന്‍റെ യും മനുഷ്യരുടെയും ഇടയിലെ ഇടനിലക്കാര്‍ക്ക് ദൈവീക ചടങ്ങുകള്‍ക്ക് വേണ്ടതും പണം . ഭയം എന്ന ,മാര്‍ക്കറ്റിലെ ലാഭ കരമായ വ്യവസായം :അതാണ്‌ ഭക്തി വ്യവസായം അഥവാ ആത്മീയ വ്യാപാരം .

ചോദ്യങ്ങള്‍ ഉയര്‍ത്തുക
                    സകല ആത്മീയ വ്യവസായതിനെതിരെയും ,ചൂഷണത്തിനെതിരെയും ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ സിനിമ സമൂഹത്തോട് ആവശ്യപ്പെടുന്നു . അതായിരിക്കാം  ഒരു പക്ഷെ സംവിധായകന്‍ pk എന്ന വാക്ക് കൊണ്ട് അര്‍ഥമാക്കിയത്.poochon kyun (pk) ,ചോദിക്കുക എന്തുകൊണ്ട്? എന്നര്‍ത്ഥം.  സമൂഹം ചൂഷങ്ങള്‍ക്ക് എതിരെ ചോദ്യം ചെയ്തു തുടങ്ങുമ്പോള്‍ അന്ന് pk ,ok ആകും .
മനുഷ്യനെ വട്ടം കറക്കുന്ന മത ആചാരങ്ങള്‍
                  ഒരു മതത്തില്‍ മദ്യം നിഷിദ്ധം ,മറ്റൊരു മതത്തില്‍ മദ്യം ആരാധനാ ചടങ്ങ് .ഒരു മതത്തില്‍ വിധവകള്‍ക്കു വെള്ള വസ്ത്രം ,മറ്റൊരു മതത്തില്‍ കല്യാണത്തിന് വേണ്ടത് വെള്ള വസ്ത്രം .
മതം വേഷത്തിലും രൂപത്തിലുംഅല്ല നിലകൊള്ളേണ്ടത് .മനുഷ്യനെ തിരിച്ചറിയാത്ത മതം ,വെറും മദം .

നിയമങ്ങളുടെ പരിമിതി
                 ആത്മീയ ചൂഷണങ്ങള്‍ക്ക് നേരെ നിയമ നടപടി എടുക്കാന്‍ നിലവിലെ സംവിധാനഗള്‍ക്ക് പരിമിതിയുണ്ട് .കാരണം വിശ്വാസം വലിയ ഒരു ഫ്രെയിം ആണ് .അതില്‍ എന്ത് ചെയ്താലും ആരും ചോദിക്കില്ല എന്ന ഒരു പൊതു ധാരണ രൂപപ്പെട്ടു വന്നിട്ടുണ്ട് .
 
രണ്ടു കല്ലുകടി
ഒന്ന് ,ഇന്ദ്രിയാതീതമായ അഭൌതികമായ അറിവിനെ സിനിമ നിഷേധിക്കുന്നില്ല എന്നാല്‍ അത് എങ്ങിനെ ലഭിക്കുന്നു എന്നത് വിശദീകരിക്കാനും സിനിമക്ക് ആവുന്നില്ല .
രണ്ട് ,ദൈവത്തെ വിറ്റ് ആൾദൈവങ്ങൾ വാരുന്നത് കോടികൾ .
ആള്‍ ദൈവങ്ങളെ വിറ്റ് സിനിമാക്കാർ വാരുന്നതും കോടികൾ

2012 ഡിസംബർ 8, ശനിയാഴ്‌ച

മീരാ ഭായിയും ലൈലാ മജ്നുവും: ആത്മീയതയുടെ അങ്ങേയറ്റം എവിടെ ??

                                                      -Abid ali Padanna
സ്നേഹം ,പ്രേമം ,ആത്മീയത 
നമുക്ക് എല്ലാവരോടും സ്നേഹമുണ്ട് .ചിലരോട് നമുക്ക് കൂടുതലും.എന്നാല്‍ ഈ സ്നേഹം പ്രേമമാവുകയും ,പ്രേമം പരിധി വിടുകയും ചെയ്താലോ? അത് നിങ്ങളുടെ സ്വത്തത്തെ തന്നെ മറപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന തരത്തില്‍ ആയാലോ??സൂക്ഷ്മ നിരീക്ഷണത്തില്‍ നമ്മുടെ സമൂഹത്തില്‍ രണ്ടു രീതിയില്‍ ഇത് നിങ്ങള്‍ക്ക് കാണാം .തല്‍ക്കാലം ഈ പരിധി വിടുന്ന ഈ പ്രേമത്തിനെ നമുക്ക് ആദ്യാത്മികത എന്ന് വിളിക്കാം .

ആദ്യാത്മിക രണ്ടെണ്ണത്തില്‍ ഉണ്ട്....
1 .പ്രേമത്തില്‍ : 

പ്രിയതമയോടുള്ള അല്ലെങ്കില്‍ പ്രിയതമനോടുള്ള  അടങ്ങാത്ത പ്രേമം സ്വത്ത ബോധം നഷ്ടപ്പെടുത്തുകയും എന്ത് ത്യാഗവും സഹിക്കുവാനും മരണം വരെ വരിക്കുവാനും തയ്യാറാകുന്ന രീതിയില്‍ എത്തിച്ചേക്കാം.ഇതിനെ പ്രേമത്തിലെ ആധ്യാത്മീകത എന്ന് പറയാം.
ഇതിന്റെ ഉദാഹരണമായി ലൈലാ- (ഖൈസ് )മജ്നു , സലിം- അനാര്‍ക്കലി ,ഹീര്‍ -റഞ്ച  ,റോമിയോ-ജൂലിയറ്റ് തുടങ്ങിയ അനശ്വര പ്രേമത്തിന്റെ പ്രതീകങ്ങളെ എടുക്കാം . ഇതിന്റെ ഔട്ട്‌ പുട്ട് എന്നത് ഒന്ന്) ,സമൂഹത്തിനു  നീണ്ട മഹാ  പ്രേമ കാവ്യങ്ങള്‍ ലഭിച്ചേക്കാം,രണ്ടു)ഇതില്‍ പെടുന്നവര്‍ മാനസിക നില തകരാറില്‍ ആവുകയോ സ്ഥിര ബുദ്ധി നീങ്ങിപ്പോവുകയോ ചെയ്യാം .
2 .ഭക്തിയില്‍  :

ദൈവത്തോടുള്ള സ്നേഹം പ്രേമമായി മാറുകയും അവസാനം അത് സ്വബോധം നഷ്ടപ്പെടുത്തുകയും  ചെയ്യുന്ന അവസ്ഥ. ഇതിനു ഉദാഹരണമാണ് മീര ഭായി ,റാബിയ അല്‍ അദബിയ്യ തുടങ്ങിയവര്‍.
ഇതിന്റെയും ഔട്ട്‌ പുട്ടായി  സമൂഹത്തിനു മഹാ ഭക്തി കാവ്യങ്ങള്‍ ലഭിച്ചേക്കാം,അത് പോലെ ഇക്കൂട്ടര്‍ക്ക് സ്ഥല കാല ബോധം നഷ്ടപ്പെട്ടേക്കാം. 

ഇവിടെ രണ്ടിന്റെയും ഔട്ട്‌ പുട്ട് ശ്രദ്ധിക്കുക രണ്ടും ഒരു പോലെയാണ്.

ഈ രണ്ടു രീതിയും ശാശ്വതമായ സത്യമല്ല .ഇതിന്നായി പരിശ്രമിക്കല്‍ നമ്മുടെ ജീവിത ലക്ഷ്യവും അല്ല .ഇനി ആരെങ്കിലും ഈ വഴികളില്‍ വീണു പോയെങ്കില്‍ അവരെ ആ വഴിക്ക് വിടുക മാത്രം ചെയ്യുക .



സന്ന്യാസി ,പുണ്യാളന്‍ ,ഔലിയ
ദൈവത്തിന്റെ സത്തയെ കണ്ടെത്തുക,അതില്‍ നിര്‍വൃതി കൊള്ളുക, അങ്ങിനെ അവസാനം  ദൈവത്തില്‍ ലയിക്കുക ഇതാണ് ആത്മീയത എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടി എത്തുന്ന സങ്കല്‍പം.എന്നാല്‍ ഇതിനെ നമുക്ക് ആത്മീയത തേടിയുള്ള അലച്ചില്‍ (സന്ന്യാസി ,സൂഫി )(mystic)എന്ന് പറയാം.
ഭൌതിക വിരക്തി പൂണ്ട് സമൂഹത്തില്‍ നിന്ന് മാറി അകന്നു മലകളിലോ കാടുകളിലോ പോയി തപസ്സിലോ ,ആരാധനകളിലോ മുഴുകി കാലം കഴിക്കുക.പൊതുവില്‍ ആഹാരം വര്‍ജ്ജിക്കുക(കഠിന വ്രതം) ,വിവാഹം കഴിക്കാതിരിക്കുക(ബ്രഹ്മചര്യം) തുടങ്ങിയവ ആചരിക്കുന്നതിനെയും നാം ആത്മീയതയായി തെറ്റിദ്ധരിക്കാറുണ്ട് .

അവിടുന്നും മുന്നോട്ടു പോയാല്‍ നമ്മുടെ ധാരണ ഇങ്ങനെ വായിക്കാം....:
ഒരാള്‍ ദൈവത്തിന്റെ സത്തയില്‍ പരിപൂര്‍ണ്ണമായി ലയിച്ചാല്‍ അവന്‍ സ്വയം ദൈവം ആയി മാറുന്നു.ഇതിനെ അഹം ബ്രഹ്മാസ്മി എന്ന് ഇന്ത്യന്‍ Mysticism ലും അനല്‍ ഹക് എന്ന് സൂഫീ ചിന്തയിലും പറയുന്നു.ഈ ഘട്ടത്തില്‍ ഒരാള്‍ എത്തിയാല്‍ അയാള്‍ നല്ലൊരു ടെലിവിഷനോ ഒരു റേഡിയോയോ ആയി മാറും എന്ന് സമൂഹം കരുതുന്നു.കാരണം അയാള്‍ക്ക്‌ ദൂരെയുള്ള കാര്യങ്ങള്‍ കാണാനും(വിഷ്വല്‍ വിഷന്‍ ),വിദൂരമായ സംഭാഷണങ്ങള്‍ കേള്‍ക്കാനും സാധിക്കുമത്രേ. അത് പോലെ മറഞ്ഞ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുക ,രോഗങ്ങള്‍ ഭേദപ്പെടുത്തി കൊടുക്കുക ,പ്രവചനങ്ങള്‍ നടത്തുക ,നമ്മുടെ മനസ്സിലുള്ളത് പറയുക,തുടങ്ങിയ കാര്യങ്ങള്‍ കൂടിയായാല്‍ പിന്നെ അത് പൂര്‍ണ്ണതയില്‍ എത്തി .
ഇങ്ങനെ ഉള്ളവരെ നമ്മുടെ മത സമൂഹങ്ങള്‍ വിളിക്കുന്ന പേരാണ് സന്ന്യാസി ,പുണ്യാളന്‍ ,ഔലിയ തുടങ്ങിയ പദങ്ങള്‍ .അപ്പോള്‍ ഭാവി അറിയുക എന്നതാണ്  ഇതിന്റെ ആകെ തുക .ഇങ്ങനെ വരുമ്പോള്‍ ഇതിന്റെ രത്ന ചുരുക്കം ഇതാണ്.  ആത്മീയതയുടെ അറ്റം എന്നത് ഭാവി അറിയുക എന്നതായി വരുന്നു .
എന്താണ് ആത്മീയത ?

ആരാധനകളിലെ  ആത്മീയതയും ഭൌതീകതയും
ആരാധനകള്‍ സാധാരണ നാം ആത്മീയതയായി മനസ്സിലാക്കുന്നു ,എന്നാല്‍ നിങ്ങള്‍ ദൈവത്തിനോ, പുണ്യാളന്‍മാര്‍ക്കോ കൈക്കൂലി കൊടുത്തു കൊണ്ട് നിങ്ങളുടെ കാര്യം സാധിക്കാന്‍ ചെന്ന് തോഴുതുന്നത് ആരാധനയോ ആത്മീയ പ്രവര്‍ത്തനമോ അല്ല .വെറും ഭൌതീകമായ കച്ചവടം മാത്രമാണ് .ദൈവത്തിന്നു നിങ്ങളുടെ കാശോ സ്വര്‍ണ്ണമോ ,ഭക്ഷണ സാധനങ്ങളോ ആവശ്യമില്ല.ദൈവത്തിന്നും മനുഷ്യനും ഇടയില്‍ പണം ഒരു മുഖ്യ ഘടകമായി വരുന്നത് പൌരോഹിത്യത്തിന്റെ ലക്ഷണമാണ്.പൌരോഹിത്യ ആചാരങ്ങള്‍ക്ക് ആത്മീയതയില്ല.വെറും സാമ്പത്തിക ലാഭം മാത്രം.
തപസ്സും ബ്രഹ്മചര്യയും ആത്മീയതയല്ല 

മുഹമ്മദ്‌ നബിയെ കാണാന്‍ വന്ന മൂന്നു പേര്‍ :
 അനസ്(റ) പറയുന്നു: മൂന്നുപേര്‍ നബി(സ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട് നബിയുടെ ഭാര്യമാരുടെ വീട്ടില്‍ വന്നു. നബിയുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ക്കതു വളരെ കുറഞ്ഞു പോയെന്ന് തോന്നി. അവര്‍ പറഞ്ഞു: നാമും നബിയും എവിടെ? നബി ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങിനെ മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്നും രാത്രി മുഴുവന്‍ നമസ്കരിക്കും. മറ്റൊരാള്‍ പറഞ്ഞു: എല്ലാ ദിവസവും ഞാന്‍ നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ സ്ത്രീകളില്‍ നിന്നകന്ന് നില്‍ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി അവിടെ വന്നു. വിവരം അറിഞ്ഞപ്പോള്‍ അരുളി: നിങ്ങള്‍ ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാന്‍. ഞാന്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും ചിലപ്പോള്‍ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന്‍ എന്റെ സമൂഹത്തില്‍പ്പെട്ടവനല്ല തന്നെ. (ബുഖാരി. 7. 62. 1)
അപ്പോള്‍ എന്താണ് ആത്മീയത ?

ലഭേച്ചയില്ലാതെ ആരാധനകള്‍ നിര്‍വ്വഹിക്കുക എന്നതിനെ നമുക്ക് ആത്മീയതയില്‍ പെടുത്താം.ദൈവത്തിനോടുള്ള ബന്ധത്തോടൊപ്പം മനുഷ്യ ബന്ധങ്ങളും മാനിക്കുക ,
ദൈവത്തോടുള്ള അവകാശത്തോടൊപ്പം മനുഷ്യനോടുള്ള അവകാശവും പാലിക്കുക ,
ദൈവ സ്നേഹം നില നിര്‍ത്തുന്നതോടപ്പം മനുഷ്യ സ്നേഹം നിലനിര്‍ത്തുക  എന്നതാണ് ആത്മീയതയുടെ ചുരുക്കം
ആത്മീയത എന്ന് പറയുന്നത് കാട്ടിലേക്ക് ഒളിച്ചു പോകലല്ല.
ഖുര്‍ആന്‍ പറയുന്നു :
"1-മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ? 
2-അത് അനാഥയെ ആട്ടിയകറ്റുന്നവനാണ്. 
3-അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും. 
4-അതിനാല്‍ നമസ്കാരക്കാര്‍ക്ക് നാശം! 
5-അവരോ, തങ്ങളുടെ നമസ്കാര കാര്യത്തില്‍ അശ്രദ്ധരാണ്. 
6-അവര്‍ ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നവരാണ്. 
7-നിസ്സാരമായ സഹായം പോലും മുടക്കുന്നവരും." 
(ഖുറാന്‍ ,107, അല്‍ മാഊന്‍ )
അഗതിക്ക് ഭക്ഷണം നല്‍കുക ,അനാഥയെ സംരക്ഷിക്കുക ,മനുഷ്യര്‍ക്ക്‌ ചെറു സഹായങ്ങള്‍ നല്‍കുക തുടങ്ങിയവ ആത്മീയ പ്രവര്‍ത്തനമായും ,ജനങ്ങള്‍ കാണാന്‍ ചെയ്യുന്ന കാപട്യമുള്ള ആരാധനാ കര്‍മങ്ങള്‍ ആത്മശൂന്യമാണെന്നും മേല്‍ വാക്യം കൃത്യമായി പഠിപ്പിക്കുന്നു.

"ഓര്‍ക്കുക: ഇസ്രയേല്‍ മക്കളില്‍നിന്ന് നാം ഉറപ്പുവാങ്ങി: ഏക ദൈവത്തെ അല്ലാതെ  നിങ്ങള്‍ വഴിപ്പെടരുത്; മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും അനാഥകളോടും അഗതികളോടും നല്ല നിലയില്‍ വര്‍ത്തിക്കണം; ജനങ്ങളോട് നല്ലതു പറയണം; നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കണം; സകാത്ത് നല്‍കണം. പക്ഷേ, പിന്നീട് നിങ്ങള്‍ അവഗണനയോടെ പിന്തിരിഞ്ഞുകളഞ്ഞു; നിങ്ങളില്‍ അല്പം ചിലരൊഴികെ."(അല്‍ ബഖറ :83)
ആത്മീയതയുടെ അങ്ങേ അറ്റം എന്താണ് ?
യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ,നിസ്വാര്‍ത്ഥമായി നിഷ്കളങ്കമായി ഒരു നന്ദി വാക്ക്  പോലും ആഗ്രഹിക്കാതെ മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കുക ,ധനം കൊണ്ട് സഹായിക്കുക. ഇങ്ങനെ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ നിങ്ങള്‍ ആത്മീയതയുടെ അങ്ങേയറ്റം കണ്ടു എന്ന് പറയാം. 
ഈ വാചകം അത് കൃത്യമായി അടയാളപ്പെടുത്തുന്നു. 
"ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം അവരത് അഗതിക്കും അനാഥക്കും ബന്ധിതന്നും നല്‍കുന്നു. അവര്‍ പറയും: "അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് അന്നമേകുന്നത്. നിങ്ങളില്‍നിന്ന് എന്തെങ്കിലും പ്രതിഫലമോ നന്ദിയോ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല."ഞങ്ങളുടെ നാഥനില്‍ നിന്നുള്ള ദുസ്സഹവും ഭീകരവുമായ ഒരു നാളിനെ ഞങ്ങള്‍ ഭയപ്പെടുന്നു.” (അല്‍ ഇന്‍സാന്‍ : 8-10)

ചുരുക്കി :
നിഷ്കളങ്കമായ പര സഹായം ആത്മീയതയുടെ അങ്ങേഅറ്റമാണ് എന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം
ഇനി നിങ്ങള്‍ വലിയ ഒരു മത ഭക്തനാണ് .ആരാധനകളില്‍ സ്ഥിരം മുഴുകും ,എന്നാല്‍ ധനം പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ നിങ്ങള്‍ തയാറല്ല .ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ നിങ്ങള്ക്ക് മനസ്സില്ല. എങ്കില്‍ നിങ്ങളുടെ മതവും കപടമാണ് .നിങ്ങളുടെ ആത്മീയതയും കപടമാണ്. ഭക്ഷം മറന്നുള്ള ഭക്തി സത്യത്തില്‍ നിന്നും ഏറെ അകലെയാണ് എന്നറിയുക. അത്പോലെ അന്യന്റെ ഭക്ഷണം കവരുന്ന ഭക്തി, കപടവും മാനവ വിരുദ്ധവുമാകുന്നു. 

രാഷ്ട്രീയത്തിലെ ആത്മീയത
ആത്മീയതയെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അടിത്തറയായി കണ്ട ഇന്ത്യയിലെ രണ്ടു മഹാ വ്യക്തിത്വങ്ങളാണ് ഗാന്ധിജിയും  അരബിന്ദ ഘോഷും.ഇന്ത്യന്‍ സ്വാതന്ത്ര സമര രംഗത്ത്‌ രണ്ടു പേരും സജീവമായിരുന്നു.അപ്പോള്‍ നിസ്വാര്‍ത്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനവും യഥാര്‍ത്ഥത്തില്‍ ആത്മീയതാണ് എന്ന് നമുക്ക് പറയാം .
മതം വളരുന്നുണ്ടോ ???
നമ്മുടെ നാട്ടില്‍ ഉത്സവങ്ങള്‍ക്കും ഉറൂസിന്നും പള്ളിപെരുന്നാളിന്നും ജന ബാഹുല്ല്യം കൂടുന്നു എന്നതിനര്‍ത്ഥം മതം വളരുന്നു എന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുന്നുവെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാകുന്നു .സത്യത്തില്‍ അവിടെ വളരുന്നത്‌ പുരോഹിതന്മാരുടെ ഖജനാവുകളാണ്. മതത്തെ പൊരൊഹിത്യത്തിന്റെ ഉരുക്ക് മുഷ്ടിയില്‍ നിന്ന്  രക്ഷിക്കുക എന്നതാണ് ഈ കാഘട്ടം നമ്മോടു ആവശ്യപ്പെടുന്ന ആത്മീയത . അതാണ്‌ നാം നിര്‍വ്വഹിക്കേണ്ട ഒരു സുപ്രധാന ദൌത്യം.

2010 ഡിസംബർ 4, ശനിയാഴ്‌ച

ശൈഖ് ജീലാനി(റ)യുടെ മത-സാമൂഹ്യ-രാഷ്ട്രീയ വിമർശനം


സമ്പാദനം : ആബിദ് അലി .ടി.എം. പടന്ന

‘ശൈഖ് ജീലാനി‘ എന്നും ‘മൊഹ് യുദ്ധീൻ‘ എന്നും അറിയപ്പെടുന്ന അബ്ദുൾ ഖാദിർ (റ) ഏകദേശം 900 വർഷം മുമ്പ് ഇപ്പോഴത്തെ ഇറാനിലെ ജീലാൻ എന്ന പ്രദേശത്ത് ഏ.ഡി 1077  ൽ ജനിച്ചു. അദ്ദേഹത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അത്ഭുതങ്ങൾ കാണിച്ച ഒരു ദിവ്യൻ എന്ന ധാരണയാണ് നിലനിൽക്കുന്നത്. അതിലുപരിയായ് അദ്ദേഹം തന്റെ  കാലഘട്ടത്തിലെ പരിഷ്കർത്താവും നാവ് പടവാളാക്കിയ ധീരയോദ്ധാവുമാണ്. തന്റെ  ചുറ്റുപാടുമുള്ള അനീതിക്കെതിരെയും ധർമ്മച്യുതിക്കെതിരെയും അദ്ദേഹം പടവെട്ടിയിരുന്നു.തന്റെ  വിഖ്യാത പ്രഭാഷണങ്ങളുടെ സമാഹാരമായ ‘ഫതഹുറബ്ബാനി’ എന്ന കൃതിയിലെ ചില പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു. അദ്ദേഹം എ ഡി 1166 -ല്‍  തന്റെ  90 ‍-‍ാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. ഇറാഖിലെ ബാഗ്ദാദിൽ ടൈഗ്രീസ് നദിയുടെ കിഴക്കേതീരത്തുള്ള റിസാഫ എന്ന സ്ഥലത്ത് അന്ത്യവിശ്രമം കൊള്ളുന്നു.

 ഉറക്കം നടിക്കുന്നവരോട് ഒരു വാക്ക്
            ‘ഉണരുവിൻ ജനങ്ങളെ ! ഈ ഉറക്കം ഏത് വരെ ? പാഴ് ജീവിത്തിലുള്ള ഈ ഗതാഗതം ഏത് വരെ? നിസ്സാര കാര്യങ്ങളോടും, തന്നിച്ചയോടും, നഫ്-സിനോടുമുള്ള നിന്റെ സഹകരണ നില ഏത് വരെ? നിങ്ങൾ അല്ലാഹുവിന്റെ   നിയമങ്ങൾ (ശരീഅത്തി) നോട് യോജിക്കൽ കൊണ്ടും അവനു വഴിപ്പെടൽ കൊണ്ടും അച്ചടക്കം പാലിക്കാത്തത് എന്ത് കൊണ്ട്? വഴിപ്പെടൽഎന്നത് സ്വന്തം ഇഷ്ടങ്ങൾ ഉപേക്ഷിക്കലാണ്. വിശൂദ്ധ ഖുർ-ആനിന്റെ യും പ്രവാചകാദ്ധ്യാപനങ്ങളുടേയും അച്ചടക്കങ്ങൾകൊണ്ട് നിങ്ങൾ മര്യാദ പാലിക്കാത്തത്  എന്ത് കൊണ്ട്? അല്ലയോ  ദൈവദാസന്മാരെ! നിദ്രയോട്കൂടി, മതി മറവിയോട് കൂടി,  അജ്ഞതയോട് കൂടി,  അന്ധതയോട് കൂടി നീ ജനങ്ങളോട് സഹവസിക്കരുത്‘.(പ്രഭാഷണം-2)
പരിശുദ്ധവാക്യം
‘ “ലാ ഇലാഹ ഇല്ലല്ലാഹ് " എന്ന് നീ പറഞ്ഞാൽ നീ ഒരു മുദ്രവാക്യം മുഴക്കി. ആ വാക്യം മുഴക്കിയതിനു നിന്റെ  കയ്യിലെ തെളിവെത്നാണെന്ന് ചോദിച്ചാൽ നീ എന്താണ് പറയുക? ആജ്ഞകൾ അതേപടി സ്വീകരിച്ച് അനുഷ്ടിക്കൽ, നിരോധനങ്ങളിൽ നിന്ന്  പാടെ വിരമിക്കൽ, ദുരിതാവസ്ഥകളിൽ ക്ഷമ, അവന്റെ  വിധി പുലരുമ്പോൾ ത്രിപ്തിയോടെ സ്വീകരിക്കൽ.‘( പ്രഭാഷണം-2)
‘സത്യവിശ്വാസം ഉച്ചാരണവും പ്രവർത്തനവുമാകുന്നു.‘( പ്രഭാഷണം-2)
‘കലിമ (പരിശുദ്ധ വചനം)ഉച്ചരിക്കൽ കൊണ്ട്  അല്ലാഹുവിന്റെ  ശേഷം മറ്റ് വഴികളെ തൊട്ട് നീ മാറ്റി നിർത്തപ്പെട്ടവനായിരിക്കുന്നു.“( പ്രഭാഷണം-2)
‘കർമം കൂടാതെയുള്ള വാക്യം സ്വീകാര്യമല്ല. ഇസ്ലാമിക നിഷ്ഠ്കൾക്ക് നിരക്കാത്തതും, മനശുദ്ധിയില്ലാത്തതുമായ കർമങ്ങളും സ്വീകരിക്കപ്പെടുകയില്ല .’(പ്രഭാഷണം-2)
‘ഇസ്ലാം എന്നത് നിനക്ക് ശരിയായിട്ടില്ല . ഇസ്ലാമെന്നത് ഒരു അസ്ഥിവാരമാകുന്നു. അതിന്മേൽ പടുത്തയർത്തപ്പെടെണ്ടത് (ശഹാദത്ത്) കലിമ ആകുന്നു. നീ “ലാ ഇലാഹ ഇല്ലല്ലാഹ്”(അല്ലാഹു അല്ലാതെ ഒരു ഇലാഹും ഇല്ല) എന്നു പറയുന്നു. (യഥാർതത്തിൽ) നീ കളവ് പറയുന്നു. ഇലാഹുകളുടെ സമൂഹം നിന്റെ  ഹ്രദയത്തിൽ നിലകൊള്ളുന്നു.നാട് ഭരിക്കുന്ന രാജാവിനെ തൊട്ടുള്ള നിന്റെ  പേടി, ഗ്രാമത്തിന്റെ  മേധാവിയെ തൊട്ടുള്ള നിന്റെ പേടി ഇലാഹുകളാണ്.നിന്റെ  തൊഴിലിന്റെ  പേരിലും, നിന്റെ  കച്ചവടലാഭത്തിന്റെ  പേരിലും, നിന്റെ  നിർവ്വഹണത്തിന്റെ  പേരിലും, നിന്റെ  കേൾവിയുടെ പേരിലും,നിന്റെ  കാഴ്ചയുടെ പേരിലും, നീ കൈവരിച്ച പ്രവർത്തനത്തിന്റെ   പേരിലും ആസ്പദമാക്കിയുള്ള  നിന്റെ  ധാരണകൾ ഇലാഹുകളാണ്.’
‘ദാനം ചെയ്യലും ചെയ്യാതിരിക്കലും, ഉപകാരം ചെയ്യലും ഉപദ്രവിക്കലും സ്യഷ്ടികളിലുള്ളതാണെന്ന് കാണൽ ഇലാഹുകളാണ്. ജനങ്ങളിൽ അധികം പേരും പ്രസ്തുത ഇനങ്ങളുടെ പേരിൽ വിശ്വാസം അർപ്പിച്ചവരാണ്. തീർച്ചയായും തങ്ങൾ അല്ലാഹുവിന്റെ  പേരിൽ വിശ്വാസം അർപ്പിച്ചവരാണെന്ന് അവർ പ്രത്യക്ഷത്തിൽ കാണിക്കുകയും ചെയ്യും. അവരുടെ നവുകൾ കൊണ്ട് മാത്രം അല്ലാഹുവിനെ കൊള്ളെ ചേർത്ത് പറയൽ അവരുടെ ഒരു സാധാരണ ശീലമായിരിക്കുന്നു. ആ പറയപ്പെടുന്നത് അവരുടെ ഹ്രദയത്തിൽ ഉള്ളത് കൊണ്ടല്ല , നിശ്ചയം ഈ പരമാർത്ഥം അവരെ ബോധ്യപ്പെടുത്തുമ്പോള്‍  അവർ ശുണ്ഡി പിടിക്കുന്നു. അവർ പറയുന്നു നമ്മെ സംബന്ധിച്ച് ഇങ്ങനെയെല്ലാം പറയാൻ പടുണ്ടോ? നാം മുസ്ലിംകൾ അല്ലേ ? എല്ലാ  അപമാനങ്ങളും നാളെ (പരലോകത്ത്) വേർതിരിഞ്ഞ് കാണും. മറഞ്ഞു കിടന്നതെല്ലാം  പ്രത്യക്ഷപ്പെടും. ‘(പ്രഭാഷണം-15)
പഠനം,അറിവ്,ബുദ്ധി
‘നീ പഠിക്കൂ, നീ പുണ്യകർമങ്ങൾ അനുഷ്ഠിക്കൂ’(പ്രഭാഷണം-13)
‘നീ വിവേചനമുള്ള ബുദ്ധിമാനാകൂ,ബുദ്ധിഭ്രമം പിടിപെട്ടവനാകരുത്’(പ്രഭാഷണം-13)
‘നിങ്ങളുടെ മതം നഷ്ടs¸ടുന്ന നാല് വിഷയങ്ങൾ ഇവയാണ്-1.തീർച്ചയായും നിങ്ങൾ അറിഞ്ഞത് അനുസരിച്ച് കർമം ചെയ്യുന്നില്ല. 2. നിങ്ങൾ ശരിയായി അറിഞ്ഞിട്ടില്ലാത്ത ഒന്നു കൊണ്ട് കർമം ചെയ്യുന്നു.3.നിങ്ങൾക്ക് അറിവില്ലാത്തത് പഠിക്കുന്നില്ല , അജ്ഞന്മാരായി കാലം കഴിക്കുന്നു.4. അറിവില്ലാത്തത് പഠിക്കാൻ പോകുന്നവരെ നിങ്ങൾ തടയുന്നു.‘
ഖുർ ആൻ
‘അല്ലാഹുവിന്റെ  ഗ്രന്ഥത്തിനോട് നിങ്ങൾ മര്യാദകാണിക്കുവിൻ....അത് നിങ്ങളുടേയും അല്ലാഹുവിന്റെയും ഇടയിലെ ബന്ധമാണ്. ‘(പ്രഭാഷണം-11)
ഖുർ-ആൻ പിടിച്ച് കർമങ്ങൾ അനുഷ്ടിക്കുക വഴി നിങ്ങൾ ഗുണം സിദ്ധിക്കുവിൻ, അത് കൊണ്ട് വാദിച്ചും തർക്കിച്ചും കൊണ്ടല്ല  ഗുണം സിദ്ധിക്കേണ്ടത്. ഈ ഖുർ ആൻ അല്ലാഹുവിന്റെ  ശക്തമായ പിടികയറാണ്.‘ (പ്രഭാഷണം-3)
തഖവയും,സമരവും
‘നീ തഖ്-വ മുറുകെ പിടിച്ച് കൊള്ളുക, സന്മാർഗ്ഗ നിഷ്ഠ വരമ്പുകൾ പ്രത്യേകം സൂക്ഷിച്ച് കൊള്ളുക. ശാരീരികമായ ഇഛകളോടും, നൈസർഗ്ഗികമായ ദുർഗതികളോടും, പൈശാചിക വിചാരങ്ങളോടും, ദുർജനങ്ങളുടെ ദുഷിച്ചസമ്പ്രദായങ്ങളോടും നീ ഉഗ്രമായ സമരം നടത്തൂ.‘
പ്രാർത്ഥനയും പാശ്ചാതാപവും
‘നിന്റെ  പാപങ്ങളെ തൊട്ട് നീ ഖേദിച്ച് മടങ്ങുക, നിന്റെ  കുറവ് നികത്താൻ നീ അല്ലാഹുവിനൊട് അപേക്ഷ സമർപ്പിക്കൂ. അവനല്ലാതെ സഹായിക്കുന്നവനും പ്രയാസപ്പെടുത്തുന്നവനും ഇല്ല. കൊടുക്കുന്നവനും തടയുന്നവനും ഇല്ല.‘ (പ്രഭാഷണം-2)
നേർമാർഗ്ഗം(ഹിദായത്ത്)
‘’നീ മുസ്ലിമാകൂ, ശേഷം നീ തൌബ ചെയ്യൂ, ശേഷം നീ പഠിക്കൂ, നീ പ്രവർത്തിക്കൂ, അതിൽ നീ നിഷ്കളങ്കത പാലിക്കൂ, അല്ലാത്ത പക്ഷം നീ നേർവഴിയിലാവുകയിÃ.’ (പ്രഭാഷണം-3)
ക്ഷമ
‘അല്പസമയം ക്ഷമിക്കലാണ് ധീരത’(പ്രഭാഷണം-1)
‘അല്ലാഹുവിന്റെ  ദൂതന്മാർ സൌകര്യ§ളുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നവരായിരുന്നു. ഞെരുക്കത്തിന്റെ  പേരിൽ അവർ ക്ഷമ ശീലരായിരുന്നു.’ (പ്രഭാഷണം-2)
ആത്മസംസ്കരണം
‘നീ നിന്റെ  നഫ്-സിന്റെ  അന്ധതയ്ക്ക് ഔഷധം സേവിക്കൂ, മറ്റുള്ളവരിലേക്ക് പോകാൻ വരട്ടെ, നിന്നിൽ അവശേഷിച്ചിരിക്കുന്നവ നന്നാക്കലാണ് നിന്റെ  ബാധ്യത.’ (പ്രഭാഷണം-1)
‘ആദ്യം നിങ്ങളുടെ ശരീരങ്ങളെ ഉപദേശിക്കൂ. അതിന്ന് ശേഷം മറ്റുള്ളവരെ ഉപദേശിക്കുക’(പ്രഭാഷണം-1)
‘നീ അല്ലാഹുവിന്റെ  പേരിലും അവന്റെ  സ്രഷ്ടികളുടെ പേരിലും നിന്റെ  യൌവനം, ദേഹബലം, ധനാഡ്യത എന്നിവയാൽ ധിക്കാരം കാണിക്കരുത്.’ (പ്രഭാഷണം-3)
‘നീ നിന്റെ  അത്യാഗ്രഹം കുറക്കൂ, വിജയ സാധ്യത ദുനിയാവിനെ വെടിഞ്ഞ് നിൽക്കുന്നതിലാണ്. വെടിയൽ (സുഹ്ദ്) എന്നതിന്റെ  അർത്ഥം അത്യാഗ്രഹം കുറക്കലാണ്’(പ്രഭാഷണം-3)
‘ഹേ കള്ളവാദീ ! ഏകാന്തതയിൽ നിന്റെ  നേരമ്പോക്കുകാർ നിന്റെ  നഫ്-സും, നിന്റെ പിശാചും, നിന്റെ  ദേഹേച്ചയും, നിന്റെ  ദുനിയാകാര്യത്തിലുള്ള ആലോചനയുമാണ്.’
മദ് ഹബി പക്ഷപാതിത്വം
‘ഹേ മിസ്ക്കീൻ! നിനക്ക് ആവശ്യമില്ലാത്ത വിഷയത്തിൽ കടന്ന് സംസാരിക്കൽ ഒഴിവാക്കൂ! മദ് ഹബിന്റെ  പേരിൽ വാശിപിടിക്കലും ഒഴിവാക്കൂ! നിനക്ക് ഇഹത്തിലും പരത്തിലും പ്രയോജനം ചെയ്യുന്ന വല്ലതും നീ പ്രവർത്തിക്കൂ. നിന്റെ   കഥ എന്താണെന്ന് അടുത്ത സമയം നീ ദർശിക്കും.’ (പ്രഭാഷണം-3)
‘പ്രത്യക്ഷത്തിൽ നിന്റെ  കൂടെ ഇരിക്കുന്നവർ മനുഷ്യവർഗ്ഗത്തിലെ ദുഷ്ടജീവികളാകുന്ന പിശാചുക്കളും ഖീലിന്റെയും ഖാലിന്റെയും(കർമശാസ്ത്രത്തിലെ അഭിപ്രായങ്ങളിൽ അലക്ഷ്യമായി വിവാദിച്ച് സമയം കളയുന്ന) സമൂഹങ്ങളാകുന്നു.‘
വിശ്വാസവും പ്രവർത്തനവും(തൌഹീദ്)
‘നിനക്ക് നാശം! നീ അല്ലാഹുവിന്റെ  ദാസനാണെന്ന് വാദിക്കുന്നു. അതേ സമയം അവനല്ലാത്തവർക്ക് വഴിപ്പെടുന്നു.’ (പ്രഭാഷണം-1)
നീ അല്ലാഹുന്ന് വേണ്ടി മാത്രം പ്രവർത്തിക്കൂ! അവനല്ലാത്തവർക്ക് വേണ്ടി യാതൊന്നും പ്രവർത്തിക്കാതിരിക്കൂ! അവന്ന് വേണ്ടി മാത്രം ഉപേക്ഷിക്കൂ! അവനല്ലാത്തവർക്ക് വേണ്ടി യാതൊന്നും ഉപേക്ഷിക്കാതിരിക്കൂ! അവനല്ലാത്തവർക്ക് കർമം അനുഷ്ഠിക്കൽ മതഭ്രഷ്ടും അവനല്ലാത്തവർക്ക് വേണ്ടി ഉപേക്ഷിക്കൽ ലേകമാന്യവുമാണ്.(പ്രഭാഷണം-14)
‘ഐഹീക താത്പര്യങ്ങൾക്ക് മുന്നിൽ അവർ തലകുനിക്കുകയിÃ.’ (പ്രഭാഷണം-1)
‘അല്ലാഹു അല്ലാത്തവനെ തേടുന്നവൻ ബുദ്ധിയുള്ളവനല്ല. അല്ലാഹു അല്ലാത്ത സർവ്വത്തെതൊട്ടും ഹ്രദയം പരിശുദ്ധമാക്കിയവനാകുന്നു ധീരയോദ്ധാവ്. അവൻ തൌഹീദ് എന്ന ഗഡ്ഖവും ശരീഅത്ത് എന്ന പരിചയും കൈകളിലേന്തി ശരിയായ നിലയിൽ ഉറച്ച് നിൽക്കും‘(പ്രഭാഷണം-13)
‘നിനക്ക് നാശം! നിന്റെ  നാവ് മുസ്ലിമാണ്. എന്നാൽ നിന്റെ  ഹ്രദയം അങ്ങിനെയല്ല . നിന്റെ വാക്ക് മുസ്ലിമണ്, എന്നാൽ നിന്റെ  പ്രവർത്തിയോ അങ്ങിനെയല്ല . വെളിവിൽ(പുറമേ) നീ മുസ്ലിമാണ് എന്നാൽ മറവിലോ നീ അങ്ങിനെയല്ല.  നീ നിസ്കാരവും നോമ്പും മറ്റെല്ലാ പുണ്യകർമങ്ങള്‍  ചെയ്താലും നീ അല്ലാഹുവിന്റെ  വജ്-ഹിനെ(ത്യ്-പ്തി) ഉദ്ദേശിച്ച് കൊണ്ടല്ല ആ കർമങ്ങൾ ചെയ്തതെങ്കിൽ നീ അല്ലാഹുവിനെ തൊട്ട് ദൂരമാക്കപ്പെ ട്ട കപട വിശ്വാസിയാണെന്ന് നീ അറിയുകയില്ലേ(പ്രഭാഷണം-3)
‘നിന്റെ  ഹ്ര് ദയത്തിൽ അല്ലാഹു അല്ലാതെ മറ്റേതെങ്കിലുമൊരു വസ്തു ഉണ്ടാകുമ്പോഴേക്കും അതിനു വിജയ സാധ്യത ഇല്ലനീ ആയിരം കൊല്ലം തീ കട്ടകളിന്മേൽ സുജുദ് ചെയതാലും ശരി. നിന്റെ  ഹ്ര് ദയം അവനല്ലാത്തതിനെകൊള്ളെ തിരിയുന്ന പക്ഷം അത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. ഹ്ര് ദയം അതിന്റെ  സ്യഷ്ഠാവല്ലാത്തതിനെ സ്നേഹിക്കുമ്പോൾ അതിന്ന് അവസാന വിജയം ലഭിക്കുകയില്ല ‘ (പ്രഭാഷണം-11)
‘നിന്നോട് ഞാൻ പറയുന്നു തീർച്ചയ്യായും നീ ഇസ്ലാമിന്റെ  നിബന്ധനകൾ അനുസരിച്ച് ജീവിക്കുന്നവനാണോ? അല്ലാത്ത പക്ഷം നീ മുസ്ലിമാണെന്ന് പറയരുത് ’ (പ്രഭാഷണം-18)
നന്മ കല്പിക്കുക,തിന്മ വിലക്കുക
‘ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനോട് ഇടപാട് ചെയ്യുന്ന പക്ഷം നിങ്ങളുടെ വിളകൾക്ക് മേനി വർദ്ധിക്കും. നിങ്ങളുടെ പുഴകൾ നിറഞ്ഞൊഴുകും, നിങ്ങളുടെ വ്യക്ഷങ്ങൾ ഇലയും കൊമ്പും വർദ്ധിച്ച് ധാരാളം പഴങ്ങൾ കായ്ക്കും. നിങ്ങൾ സദാചാരങ്ങൾ കൊണ്ട് ആജ്ഞാപിക്കുവിൻ, ദുരാചാരങ്ങളെ നിരോധിക്കുവിൻ, അവ മതത്തെ സഹായിക്കുവിൻ.‘ (പ്രഭാഷണം-14)
ല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർ ത്ഥിക്കലും സഹായം പ്രതീക്ഷിക്കലും
‘ഹേ മനുഷ്യാ!  സ്യഷ്ഠാവിനെ സംബന്ധിച്ച് നീ സ്രഷ്ഠിയോട് അന്യായം പറയരുത്. നിന്റെ  അന്യായങ്ങളത്രയും അവന്റെ തിരുസന്നിധിയിൽ സമർപ്പിക്കൂ!  അവൻ കഴിവുള്ളവനാണ്. അവനല്ലാത്തവർക്ക് കഴിവില്ല. രഹസ്യങ്ങൾ മറക്കൽ, വിഷമതകളും രോഗങ്ങളും മാറ്റൽ എല്ലാം  അവന്റെ  കഴിവിലാണ്.‘ (പ്രഭാഷണം-3)
‘സഹായിക്കലോ, ഉപദ്രവിക്കലോ, ദാനം ചെയ്യലോ, ദാനം തടയലോ, അവരുടെ കൈവശമില്ലഉപദ്രവത്തിലും സഹായത്തിലും അവർക്കും (വിളിച്ച് പ്രാർത്ഥിക്കപ്പെടുന്നവർ), അചേതന വസ്തുക്കൾക്കുമിടയിൽ യാതൊരു വ്യത്യാസവുമില്ലരാജാവ് ഒരുവനാണ്. കാര്യങ്ങൾ പ്രതികൂലമാക്കുന്നവനും അനുകൂലമാക്കുന്നവനും ഒരുവനാണ്. ദാനം ചെയ്യുന്നവനും ദാനം റദ്ദ് ചെയ്യുന്നവനും ഒരുവനണ്. സ്രഷ്ഠാവും ചെലവ് കൊടുക്കുന്നവനും അവനാണ്, അല്ലാഹു അവൻ പണ്ടു പണ്ടേയുള്ളവനും ഇനി എന്നെന്നും ഒരുപോലെ നിൽക്കുന്നവനുമാണ്.‘ (പ്രഭാഷണം-13)
സദാചാരം
‘കാമത്തോട് കൂടിയുള്ള നോട്ടം നീ ശരിക്കും സൂക്ഷിച്ചേ  തീരൂ നിശ്ചയം അത് നിങ്ങളുടെ ഹ്ര് ദയത്തിൽ പാപത്തിന്റെ വിത്ത് വിതക്കും. അതിന്റെ  അനന്തരഫലം ഇഹത്തിലും പരത്തിലും ഗുണപരമല്ല. കള്ളസത്യം ചെയ്യുന്നത് നിങ്ങൾ സൂക്ഷിച്ചേ തീരൂ. നിശ്ചയം അത് വീടും കുടുബങ്ങളും പാഴ് ഭൂമിയാക്കിത്തീർക്കും. ദാനങ്ങളുടേയും സൽകർമ്മങ്ങളുടെയും ഫലം തീരേ നശിപ്പിച്ച് കളയും’(പ്രഭാഷണം-12)
സാമ്പത്തികം
‘നിനക്ക് നാശം!  നീ നിന്റെ  ചരക്ക് കള്ള സത്യം ചെയ്തു വിറ്റഴിക്കുന്നു. നിന്റെ  മതം നീ നശിപ്പിക്കുന്നു.’ (പ്രഭാഷണം-12)
രോഗവും ഔഷധവും
‘നിനക്ക് രോഗം വരുമ്പോൾ ക്ഷമ എന്ന കൈകൊണ്ട് നീ അതിനെ നേരിടുകയും അടങ്ങിയിരിക്കുകയും വേണം. നിനക്ക് മരുന്ന് വന്ന് ചേരുന്നത് വരെ. മരുന്ന് വന്ന് ചേരുമ്പോൾ നന്ദി രേഖപ്പെടുത്തൽ എന്ന ഹസ്തം കൊണ്ട് നീ അതിനെ നേരിടണം. എന്നാൽ നിന്റെ  ജീവിത നിലവാരം ഉയർത്തs¸ടും’ (പ്രഭാഷണം-16)
‘അല്ലാഹു മരുന്നും രോഗവും സ്ര് ഷ്ഠിച്ചു. പാപകർമം രോഗവും സൽകർമം ഔഷധവുമണ്. അനീതി രോഗവും നീതി ഔഷധവുമാണ്. തെറ്റ് രോഗവും ശരി ഔഷധവുമാണ്.’ (പ്രഭാഷണം-11)
ദീൻ കൊണ്ട് ഭക്ഷിക്കരുത്
‘നീ നിന്റെ  ജോലി കൊണ്ട് ഭക്ഷിക്കൂ, ദീൻ കൊണ്ട് ഭക്ഷിക്കരുത്. നീ പ്രവർത്തി എടുക്കൂ, ഭക്ഷിക്കൂ. അതിൽ നിന്നും വല്ലതും മറ്റുള്ളവർക്കും കൊടുക്കൂ. സത്യവിശ്വാസികൾ തൊഴിൽ ചെയ്യുക എന്നത് ദിവ്യന്മാരകുന്ന സിദ്ധീഖുകളുടെ സ്വഭാവഗുണമാകുന്നു.‘ (പ്രഭാഷണം-3)
ദൈവജ്ഞാനമില്ലാത്ത പണ്ഡിതർ
‘അല്ലാഹുവിനെക്കുറിച്ച് അജ്ഞാതരായ ഈ പണ്ഡിതരെ കൊണ്ട് നീ വഴിപിഴക്കാതിരിക്കൂ....അവർ അല്ലാഹുവിന്റെ വിധിവിലക്കുകളെ സംബന്ധിച്ച് അജ്ഞന്മാരുമാണ്. ഒരു കാര്യം ചെയ്യാൻ അവർ ജനങ്ങളെ ആജ്ഞാപിക്കും. ആ കാര്യം അവർ ചെയ്യുന്നതല്ല. ഒരു കാര്യം ചെയ്യരുത് എന്ന് ജനങ്ങളെ അവർ ഉപദേശിക്കും ആ കാര്യം അവർ പ്രവർത്തിക്കുകയും ചെയ്യും’(പ്രഭാഷണം-11)
‘ഹേ പാണ്ഡിത്യം വാദിക്കുന്നവനേ! അല്ലാഹുവിനെ പേടിച്ചുള്ള നിന്റെ  കരച്ചിൽ എവിടെ? നിന്റെ ഭക്തി എവിടെ? നിന്റെ  ജാഗ്രതപാലിക്കലെവിടെ? അല്ലാഹുവിന്റെ വിഷയത്തിൽ ചെയ്യേണ്ട സമരമെവിടെ? അതോടുള്ള മാത്സര്യമെവിടെ? നിന്റെ  മനസ്സ് – നിന്റെ  കുപ്പായം, തലേകെട്ട്, ഭക്ഷണം, ദാമ്പത്യം, അങ്ങാടികളിൽ ചുറ്റിനടത്തം, ജനങ്ങളോട് കൂടിയിരിക്കൽ, അവരെകൊണ്ട് നേരമ്പോക്കൽ എന്നിവയിലാണ്. ഈ കാര്യങ്ങളിൽനിന്നും നിന്റെ  മനസ്സിനെ തിരിച്ചെടുക്കൂ.‘ (പ്രഭാഷണം-13)
‘അറിവില്ലാത്തവന് അവൻ പഠിക്കാത്തതിന്റെ  പേരിൽ ഒരേ ഒരു നാശം. പണ്ഡിതന് ഏഴുപ്രാവശ്യം നാശം. അവൻ അറിഞ്ഞു . അറിഞ്ഞതിനെ അവൻ അനുസരിച്ചില്ല.’ (പ്രഭാഷണം-13)
ദുഷിച്ച ഭരണാധികാരിളോടും അവരുടെ ശിങ്കടികളോടും
‘അധികാരം,സ്ഥാനമാനം,വികാരങ്ങൾ,ആഗ്രഹങ്ങൾ തുടങ്ങിയവയുടെ അടിമകളായി നിങ്ങൾ കാലം കഴിച്ച്കൂട്ടുന്നു. തീർച്ചയായും നിങ്ങളും നിങ്ങളുടെ ഭരണാധികാരികളും അല്ലാഹുവിന്റെയും അവന്റെ  ദൂതരുടേയും ഒറ്റുകാരാണ്.‘ (പ്രഭാഷണം-51)
‘ഈ ദുഷിച്ച സ്വേഛാധികാരികളായ ഭരണാധികാരികൾക്ക് വേണ്ടി സേവനം ചെയ്യാൻ നിങ്ങളുടെ അത്യാർത്തി നിങ്ങളെ പ്രേരിപ്പിക്കുന്നു. ശരീഅത്ത് നിരോധി¨തും നിയമ വിരുദ്ധവുമാക്കിയതിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തിനായി നിങ്ങൾ അവരോട് കെഞ്ചുന്നു. അധികാരികൾക്ക് വേണ്ടി നിങ്ങൾ കളിക്കുന്ന ഈ തരംതാണ കളി അല്പം കാലത്തിനുള്ളിൽ ഇല്ലാതാകും.ശേഷം നിങ്ങളെല്ലാവരും മരണമില്ലാത്തവനും, സർവ്വാധിപതിയുമായ അല്ലാഹുവിന്റെ  മുന്നിൽ ഹാജരാക്കപ്പെടുമെന്നും നിങ്ങൾ അറിയില്ലേ? ‘ (പ്രഭാഷണം-52).
ശൈഖ് അവർകൾ  സ്വന്തം പ്രവർത്തനത്തെക്കുറിച്ച്
‘എന്നോട് സ്നേഹബന്ധം പുലർത്തുവാനും എന്റെ  കൈയ്യാൽ ഖേദിച്ച് മടങ്ങാനും ഉദ്ദേശിച്ചവരാരോ, അവൻ എന്റെ നേരെ അവന്റെ  ധാരണ ശരിയാക്കണം. ഞാൻ ഉപദേശിക്കുന്നത് അനുസരിച്ച് പ്രവർത്തിക്കണം.’ (പ്രഭാഷണം-3)
‘ജനങ്ങളെ! നിങ്ങൾ എന്റെ അടുത്ത് വരുവിൻ, തീർച്ചയായും ഞാൻ നിങ്ങൾക്ക് ല്ലതുമാത്രം ഉപദേശിക്കാം’ (പ്രഭാഷണം-18)
                                                            =================
 മതത്തെ കപട ആചാരാനുഷ്ഠാനങ്ങളിൽ ഒതുക്കി മറ്റു ജീവിത മേഖലകളിൽ തന്നിഷ്ടങ്ങളെ പിൻപറ്റിയ ഉള്ള് പൊള്ളയായ ഒരു സമൂഹത്തോടാണ് ശൈഖ് ജീലാനി(റ) ഇക്കാര്യങ്ങളൊക്കെ പറഞ്ഞത്. അത്കൊണ്ട് തന്നെ ഈ കാലഘട്ടത്തിലും അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. മുൻ ധാരണ ഇല്ലാതെ തുറന്ന ഹ്രദയത്തോടെ അദ്ദേഹത്തിന്റെ  വാക്കുകൾ സ്വീകരിക്കുകയും അത് ജീവിതത്തിൽ പകർത്തുകയും ചെയ്യുന്ന ഉത്തമരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തുമാറാവട്ടെ!