2011, മാർച്ച് 18, വെള്ളിയാഴ്‌ച

വാ വിട്ട വാക്ക് - ഒരു ഖുര്‍ആനിക വിശകലനം

                                                                                  -ആബിദ് അലി ടി എം പടന്ന

                മനുഷ്യ സമൂഹത്തിനു ലഭിച്ച മഹത്തായ ദൈവീക അനുഗ്രഹങ്ങളില്‍ ഒന്നാണ് സംസാര ശേഷി എന്നുള്ളത്.പക്ഷെ ശരിയാം വണ്ണം ഉപയോഗിച്ചില്ലെങ്കില്‍ നാശത്തിന്റെ നാരായ വേര് കിടക്കുന്നത് സംസാരത്തില്‍ തന്നെയാണ്.വ്യക്തിത്വ വികസനത്തിന്റെ (Personality Development ) കാതല്‍ നമ്മുടെ സ്വഭാവതിലാണ് കുടികൊള്ളുന്നത്.സ്വഭാവത്തെ നിയന്ത്രിക്കുന്നത്‌ പെരുമാറ്റവും സംസാര ശൈലിയുമാണ്.അപ്പോള്‍ സംസാരത്തില്‍ ഉണ്ടാകുന്ന പാളിച്ചകള്‍ തീര്‍ച്ചയായും നമ്മുടെ സ്വഭാവത്തെയാണ്‌ നേരിട്ട് ബാധിക്കുന്നത്.

വാക്ക് -കൊടും നാശത്തിന്റെ ഹേതു
            സംസാരത്തില്‍ നാം ഉപയോഗിക്കുന്ന വാക്കുകള്‍ ചിലപ്പോള്‍ കുടുംബത്തിലും,സമൂഹത്തിലും വമ്പിച്ച കുഴപ്പങ്ങള്‍ക്ക് കാരണമാകാറുണ്ട്.പിണക്കങ്ങള്‍ ഉണ്ടാകുന്നത് അധികവും നമ്മുടെ വാക്കുകളിലൂടെയാണ്.ഭാര്യാ-ഭര്‍ത്ത് ബന്ധം,മാതാപിതാക്കളും മക്കളും,സഹോദരന്മാര്‍ തമ്മില്‍,സഹോദരികള്‍ തമ്മില്‍ സുഹ്രത്തുക്കള്‍ ,കച്ചവടക്കാര്‍,ഉദ്യോഗസ്ഥര്‍,തൊഴിലാളി,മുതലാളി, പള്ളി മുതല്‍ പള്ളിക്കൂട കമ്മിറ്റികള്‍  വരെ,മത നേതാക്കള്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ എന്ന് വേണ്ട സമൂഹത്തിലെ എല്ലാ ബന്ധങ്ങളെയും വാക്ക് സാരമായി ബാധിക്കുന്നു.വര്‍ഷങ്ങളായുള്ള പിണക്കം,ചിലത് മരണം വരെ, അവസാനിക്കാത്ത കുടുംബകലഹം, വിവാഹ മോചനം,ആത്മഹത്യ ,വീടുകള്‍ ചിന്ന ഭിന്നമാകുന്നതും പുതിയ വീടുകള്‍ ഉണ്ടാക്കേണ്ടി വരുന്നതും, ഒത്തു തീരാത്ത സ്വത്തു തര്‍ക്കങ്ങള്‍,പുതിയ അതിരുകളും മതിലുകളും ജനിപ്പിക്കുന്നതിന്നും , വിദ്വേഷം,പക,വെറുപ്പ്‌,അടിപിടി,രക്തചൊരിച്ചില്‍,കലാപങ്ങള്‍,അവസാനം കൊലപാതകങ്ങള്‍ക്ക് വരെ ചില വാക്കുകള്‍ കാരണമാകുന്നു.അപ്പോള്‍ അതിന്റെ പ്രാധാന്യം വളരെ ഗൌരവമായി നമ്മുടെ സമൂഹം ചിന്തിക്കേണ്ടതുണ്ട്.ഇതു നിസ്സാരമായി തള്ളേണ്ട ഒന്നല്ല എന്നര്‍ത്ഥം.

       നമ്മില്‍ പലരും പറയാറില്ലേ "അവന്‍ പറഞ്ഞ വാക്ക് മനസ്സില്‍ നിന്ന് മായുന്നില്ല.കല്ലില്‍ കൊത്തിയത് പോലെ പതിഞ്ഞിരിക്കുന്നു"."അവന്റെ വാക്ക് അറം പറ്റി"."അവളില്‍ നിന്നും അത്തരത്തിലുള്ള ഒരു വാക്ക് ഞാന്‍ പ്രതീക്ഷിച്ചില്ല".ഇതുപോലെ പലതും നിങ്ങളുടെ മനസ്സില്‍ തന്നെ ഉണ്ടാകും. അപ്പോള്‍ വാക്കുകള്‍ ചിലപ്പോള്‍ മനുഷ്യ ബന്ധങ്ങള്‍ക്കിടയിലെ മതിലുകളായി തീരും.ചിലപ്പോള്‍ നാവിന്നു വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടാകും.  
         
              ഉപയോഗിക്കുന്ന വാക്കിന്റെ അടിസ്ഥാനത്തില്‍ നാം ആളുകളെ വിലയിരുത്താറുണ്ട്.  ചിലരെ നാം പൊങ്ങച്ചക്കാര്‍  എന്ന് പറയും,അവര്‍ തങ്ങളെ കുറിച്ചു സ്വയം പൊക്കിപ്പറയും  മറ്റുള്ളവരുടെ ഇഷ്ടം പരിഗണിക്കാറില്ല.അത്പോലെ സ്തുതിപാടകര്,  വായാടി, ഏഷണിക്കാരന്‍, പരദൂഷണക്കാരന്‍, പരിഹാസം, പുച്ഛം, തമാശ ഇതെല്ലാം  വാക്കുകളും സംസാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
         ചിലരെ നാം നുണയന്‍ എന്ന് വിളിക്കാറില്ലേ?വാക്കില്‍ കളവു ഉപയോഗിക്കുന്നവരാണവര്‍.ചില കളവുകള്‍ രാഷ്ട്രാന്തരീയ പ്രശനങ്ങള്‍ക്ക് വരെ കാരണമായേക്കാം ചിലപ്പോള്‍ യുദ്ധങ്ങള്‍ക്കും .ഇറാഖു അധിനിവേശത്തിന്നു അമേരിക്കയെ പ്രേരിപ്പിച്ചത്  ഇന്റലിജന്‍സ് വിഭാഗം നല്‍കിയ തെറ്റായ(കളവായ) റിപ്പോര്‍ട്ട് ആണെന്ന് ഇപ്പോള്‍ പറയുന്നു.ഒരാളുടെ കളവു എത്ര ലക്ഷം ജനങ്ങളുടെ ജീവനാണ് നഷ്ടപ്പെടുത്തിയത്!! അപ്പോള്‍ വാക്കുകള്‍ വളരെ ഗൌരവം തന്നെയല്ലേ? 
  
   അത് പോലെ ചിലരെ നാം മിതഭാഷി, സൌമ്യന്‍,സത്യവാന്‍ എന്നൊക്കെ വിളിക്കാറുണ്ട്.ചിലപ്പോള്‍ വാക്കുകള്‍ പറയാതിരിക്കുക എന്നത് പുണ്യകരമായി മാറും.അതിനെയാണ് നാം മൌന വ്രതം എന്ന് പറയുന്നത്. വയസ്സുകാലത്ത് സന്താന വാഗ്ദാനം ലഭിച്ച സക്കരിയ്യാ നബി(അ)ക്ക് അല്ലാഹു നല്‍കിയ അടയാളം എന്നത് മൂന്നു ദിവസം ആംഗ്യ ഭാഷയിലല്ലാതെ ജനങ്ങളോട് സംസാരിക്കുകയില്ല എന്നതാണ്(സൂറ മറിയം : 10 ). മറിയം തന്റെ ചോരക്കുഞ്ഞിനെയും(ഈസ(അ)) കൊണ്ട് സമൂഹത്തിലേക്കു പോകാനൊരുങ്ങുമ്പോള്‍ വന്ന ദൈവ കല്പന മൌന വ്രതയായിരിക്കുക എന്നതാണ് (മറിയം :26 ).ചിലപ്പോള്‍ മൌനം വിദ്വാനു ഭൂഷണം തന്നെ. 
     
     വാക്കുകളുടെ ഉപയോഗം ഖുര്‍ആന്‍ വളരെ ഗൌരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്.എങ്ങിനെ നമസ്കരിക്കണം എന്ന് വിശദീകരിക്കാത്ത ഖുര്‍ആന്‍ പക്ഷെ എങ്ങിനെ സംസാരിക്കണം എന്ന് വളരെ വിശദമായി കൈകാര്യം ചെയ്യുന്നു എന്നുള്ളത് അതിന്റെ പ്രാധാന്യത്തെയാണ്‌  ഊന്നുന്നത്. സമൂഹത്തില്‍ കുഴപ്പങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് അതിന്റെ ലക്‌ഷ്യം.ചില സൂചനകള്‍ കാണുക.

1 . ഖൌലന്‍ മഅറൂഫ(നന്മയുള്ള,മാന്യമായ(  polite  )വാക്ക്)  
"പ്രവാചക പത്നിനാരെ,നിങ്ങള്‍ മറ്റു സ്ത്രീകളെപ്പോലെയല്ല.അതിനാല്‍ നിങ്ങള്‍ ദൈവ ഭക്തകളാണെങ്കില്‍   കൊഞ്ചിക്കുഴഞ്ഞു സംസാരിക്കരുത്.അത് ദീനം പിടിച്ച മനസ്സുകളില്‍ മോഹമുണര്‍ത്തിയേക്കും.നിങ്ങള്‍ മാന്യമായി മാത്രം സംസാരിക്കുക"(അല്‍ അഹ്സാബ് :32 ) .ഇവിടെ സദാചാരത്തെ ബാധിക്കുന്ന സംസാരത്തെ കുറിച്ചു പറയുന്നു.

2 . ഖൌലന്‍ കരീമ(ആദരവുള്ള ( respect  ) വാക്ക്) 
"മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക അവരില്‍ ഒരാളോ രണ്ടുപേരുമോ നിന്നോടോപ്പമുണ്ടെങ്കില്‍  അവരോട് 'ച്ചെ'എന്ന് പോലും പറയരുത്.പരുഷമായി സംസാരിക്കരുത്.ഇരുവരോടും ആദരവോടെ സംസാരിക്കുക"(അല്‍ ഇസ്രാഅ` : 23 )  ഇതില്‍ കുടുംബ ബന്ധത്തില്‍ പാലിക്കേണ്ട വാക്കുകളെ വിവരിക്കുന്നു.   

3 . ഖൌലന്‍ സദീദ(നേരായ(straight )വാക്ക്) 
"അല്ലയോ വിശ്വാസികളെ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക.നേരായ വാക്കുകള്‍ മാത്രം പറയുക"(അല്‍ അഹ്സാബ് : 70 ).  ഇവിടെ നേരായ  വാക്ക് പറയുക എന്നത്  വിശ്വാസത്തിന്റെയും തഖ് വയുടെയും ഭാഗമായി കണക്കാക്കുന്നു. 

4 . ഖൌലന്‍ ലയ്യിന(സൌമ്യമായ (gentle ) വാക്ക്)  
"നിങ്ങളിരുവരും (മൂസയും ഹാരൂനും(അ)) ഫറോവന്റെ അടുത്തേക്ക് പോവുക.നിശ്ചയം അവന്‍ അതിക്രമി(തഗൂത്ത് )ആയിരിക്കുന്നു.നിങ്ങള്‍ അവനോട്  സൌമ്യമായി സംസാരിക്കുക."(ത്വാഹാ :43 ,44 ).അക്രമിയായ ഭരണാധികാരിയാണ് ഇവിടെ പ്രമേയം.എത്ര മാന്യമയിട്ടാണ് അക്രമികളോടുള്ള സംസാരം എന്നത് ശ്രദ്ധിക്കുക.

5 . ഖൌലന്‍ അഹ്സന്‍ (ഏറ്റവും മികച്ച (best )വാക്ക്) 
"നീ എന്റെ  ദാസന്മാരോടു പറയുക:അവര്‍ പറയുന്നത് ഏറ്റവും മികച്ച വാക്കുകളാകട്ടെ .തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ കുഴപ്പം കുത്തിപ്പോക്കുന്നു."(അല്‍ ഇസ്റാഅ`  : 53 )- ഇവിടെ സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണം മോശം വാക്കുകളാണെന്നും അത് പൈശാചികമാണെന്നും അതിനെ തടയെണ്ടതിന്റെ  ആവശ്യകത ഉണര്‍ത്തുകയും,പകരം സമൂഹ സുരക്ഷയ്ക്ക് നല്ല വാക്കുകളെ  പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

6 . ഖൌലന്‍ മൈസൂറ(ആശ്വാസ (kind ) വാക്ക്) 
"നിനക്ക് അവരുടെ (മാതാപിതാക്കളും അടുത്ത ബന്ധുക്കളും)ആവശ്യങ്ങള്‍ അവഗണിക്കേണ്ടി വന്നാല്‍ നീ അവരോട് സൌമ്യമായി ആശ്വാസ വാക്ക് പറയണം"(അല്‍ ഇസ്റാഅ` : 28 ).ഇവിടെയും കുടുംബത്തിലെ ബന്ധങ്ങളെയാണ് സൂചിപ്പിക്കുന്നത്.

7 . ഖൌലന്‍ സഖീല(ഭാരിച്ച (heavy ) വാക്ക്) 
 "നിനക്ക് നാം ഭാരിച്ച വചനം അവതരിപ്പിക്കുന്നതാണ്".(അല്‍ മുസ്സമ്മില്‍ : 5 ) പ്രവാചകന്റെ ജീവിത ദൌത്യവുമായി ബന്ധപ്പെട്ട ശാസനകളുടെയും,നിയമങ്ങളുടെയും വചനങ്ങള്‍ ഇവിടെ ഉദ്ദേശിക്കുന്നു. 

8 . ഖൌലന്‍ ബലീഗ(തറക്കുന്ന strike വാക്ക്)
"അവര്‍ക്ക് സദുപദേശം നല്‍കുക.അവരോടു ഉള്ളില്‍ തട്ടുന്ന വാക്ക് പറയുകയും ചെയ്യുക"(അന്നിസാഅ` :64 ). പ്രബോധനപരമായ വിഷയത്തില്‍  വാക്ക് എങ്ങിനെ ഉപയോഗിക്കണം എന്ന് ഇവിടെ ഉണര്‍ത്തുന്നു. 

9 . ഖൌലന്‍ അളീമ (ഗുരുതരമായ (serious /strong )വാക്ക് )
"നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക് പുത്രന്മാരെ തരികയും തനിക്കുവേണ്ടി മലക്കുകളില്‍ നിന്ന് പുത്രിമാരെ സ്വീകരിക്കുകയുമാണോ ചെയ്തത്?തീര്‍ച്ചയായും നിങ്ങള്‍ വളരെ ഗുരുതരമായ വാക്കാണ്‌ പറയുന്നത് (അല്‍ ഇസ്റാഅ` : 40 ) .ദൈവത്തിന്റെ സത്തയില്‍ പങ്കുചേര്‍ക്കുന്ന വിശ്വാസവുമായി ബന്ധപ്പെട്ട വാക്കുകള്‍.അറിയാത്ത കാര്യങ്ങള്‍ ദൈവത്തില്‍ ആരോപിക്കുന്നതിന്റെ ഗൌരവം ഉല്‍ബോധിപ്പിക്കുന്നു.

10 .ഖൌലല്‍ ഹഖ് (സത്യം,യഥാര്ത്യമായ (True )വാക്ക് ) 
"...ദത്തുപുത്രന്മാരെ നിങ്ങളുടെ പുതന്മാരാക്കിയിട്ടുമില്ല.അതൊക്കെ നിങ്ങളുടെ വായ കൊണ്ടുള്ള വെറും വാക്കുകളാണ്.അല്ലാഹു സത്യമായ വാക്ക് പറയുന്നു.(അല്‍ അഹ്സാബ് : 4 )    

        തിരു നബി(സ) പറയുന്നു "ആരെങ്കിലും അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ"(ഹദീസ്)  

    അറിയുക നാവില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന വാക്കുകള്‍ തിരിച്ചെടുക്കാനാകുന്നതല്ല.എന്ത് പറയുമ്പോഴും അതിന്റെ ഗുണവും ഭവിഷ്യത്തും അവന്‍ രണ്ടുവട്ടം ചിന്തിക്കട്ടെ. 

2011, മാർച്ച് 15, ചൊവ്വാഴ്ച

സര്‍വ്വ സ്വതന്ത്രവാദവും മനുഷ്യ സ്വാതന്ത്രത്തിന്റെ പരിമിതിയും

                                                                                  -ആബിദ് അലി ടി.എം പടന്ന

            സര്‍വ്വ സ്വതന്ത്രവാദിയായി ആരും തന്നെ  ഈ ഭൂമിയില്‍  ജനിച്ചു വീഴുന്നില്ല .പക്ഷെ മനുഷ്യന്‍ പരിപൂര്‍ണ്ണ സ്വതന്ത്രം ഇചിക്കുന്നു.എന്ന് വെച്ചാല്‍ അവന്‍ സര്‍വ്വ സ്വതന്ത്രനാവാന്‍ ആഗ്രഹിക്കുന്നു.അതിന്നു വേണ്ടി അവന്‍ വാദിക്കുന്നു. നിയമങ്ങളുടെ കെട്ടുപാടുകള്‍ ,നിയന്ത്രണങ്ങളുടെ ഭാരങ്ങള്‍  അവന്‍ ഇഷ്ടപ്പെടുന്നില്ല എന്നാണ്  അവന്റെ ഇതുവരെയുള്ള ചരിത്രം നമ്മോടു പറയുന്നത്.കുടുംബങ്ങളുമായുള്ള കെട്ടുപാടുകള്‍ , മാതാ- പിതാകളുടെ നിയന്ത്രണങ്ങള്‍ മുതല്‍ രാഷ്ട്രം അവരുടെ ജനങ്ങള്‍ക്ക്‌ വേണ്ടി നിര്‍മിക്കുന്ന സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ വരെ  ഇതില്‍ പെടും.എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മനുഷ്യന്‍  ജന്മനാ പ്രകൃതിപരമായി തന്നെ സ്വാതന്ത്രത്തിന്റെ പരിമിതികള്‍ അനുഭവിക്കുന്നവരാണ്  എന്നത് ഒരു വൈരുദ്ധ്യമായി നിലനില്‍ക്കുന്നു.ഒരു അന്വേഷണം.
ജനനം:-   നാം ഏതു ഭാഷക്കാരനായി ,ഏതു  വര്‍ണ്ണത്തില്‍ ,ഏതു വര്‍ഗ്ഗത്തില്‍,ഏതു രാജ്യത്ത്,ഏതു കാലത്ത് ജനിക്കണം എന്നത് എന്ത് കൊണ്ട് നമ്മുടെ ഇച്ചാ സ്വതന്ത്രതിന്നു പുറത്തായി.
പ്രായം:- എന്തുകൊണ്ട് നമ്മുടെ പ്രായം കൂടുന്നതിനനുസരിച്ച് ശരീരം ശോഷിക്കുന്നു? ചര്‍മ്മം ചുളിയുന്നു? നര ബാധിക്കുന്നു? നാം ഇഷ്ടപ്പെടാതെ രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കും അടിപ്പെടുന്നു?ക്ഷണിക്കാത്ത അഥിതിയായി മരണം വന്നെത്തുന്നത് എന്ത് കൊണ്ട്? നമ്മുടെ സ്വതന്ത്രതിന്നു ഇവകളെ പിടിച്ചു കെട്ടാനവാത്തതെന്തു?
ശരീരത്തിന്റെ ആഗ്രഹ വികാരങ്ങളുടെ പരിമിതി :-
              വിശപ്പ്‌ ഇല്ലാത്ത ആരും ഉണ്ടാകില്ല,അതിശക്തമായ വിശപ്പുള്ളപ്പോള്‍ നാം മേശക്കു പുറത്തു  വെച്ചിരിക്കുന്ന സകലതും തിന്നാന്‍ ആഗ്രഹിക്കുന്നു .പക്ഷെ ഒരു ചാണ്‍ വയര്‍ നിറക്കാന്‍ വളരെ കുറഞ്ഞ ഭക്ഷണം മതി എന്നതാണ് സത്യം.ദാഹവും അത് പോലെ തന്നെ.കാമവും തഥൈവ. ലൈംഗീക സുഖം ആഗ്രഹിക്കാത്തവരായി ആരുണ്ട്‌? പക്ഷെ ഒരു നേരം എത്രപ്രാവശ്യം അവന്നു തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ കഴിയും? വളരെ പരിമിതം മാത്രം.എന്തുകൊണ്ട് അനന്തമായ ആഗ്രഹങ്ങള്‍ പരിമിതമായ ലഭ്യത കൊണ്ട് പൂര്‍ത്തീകരിക്കപെടുന്നു? സ്വന്തം ഇച്ചകള്‍ക്ക് തന്നെ പരിധികളുള്ള മനുഷ്യന്‍  തന്നെ ആരും നിയന്ത്രിക്കേണ്ടതില്ല എന്ന് പറയുന്നത് എത്ര വിഡ്ഢിത്തമാണ്.                  
ചിന്ത:- പരിമിതിയില്ലാത്ത ഒന്നായാണ് നാം ചിന്തയെ കാണുന്നത്.പക്ഷെ അതിന്നും പരിമിതിയുണ്ട് എന്നതാണ് സത്യം.ഒരു നേരം നമുക്ക് ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ ചിന്തിക്കുക സാധ്യമല്ല.തൊട്ടുമുമ്പുള്ള ചിന്തയെ അല്‍പനേരത്തേക്കു ചിന്താമണ്ഡലത്തില്‍ നിന്നും മാറ്റി നിര്‍ത്താതെ.
അറിവ് :-എന്ത്കൊണ്ട് നാം പൂര്‍ണ്ണ അറിവുള്ളവരായി പിറക്കുന്നില്ല?ഇതിലൊക്കെ ഉപാധികളും നിയന്ത്രണങ്ങളും ഉണ്ടെന്നു സമ്മതിക്കുന്ന നാം പിന്നെ ജീവിതത്തില്‍ മാത്രം അത് വേണ്ട എന്ന് പറയുന്നത് അര്‍ത്ഥശൂന്യമല്ലേ?     
ചൂട്:- ചെരുപ്പഴിച്ചു വെച്ച് ചുട്ടുപൊള്ളുന്ന മണലിലൂടെ ഒന്ന് നടന്നു നോക്കൂ.തലച്ചോറ് പോലും തിളച്ചു മറിയുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടും.നാം മനുഷ്യരല്ലേ,നാം ജീവ പരിണാമത്തിന്റെ അവസാന കണ്ണിയായ വികസിത ജീവിയല്ലേ.നമുക്ക് ഇങ്ങനെയൊക്കെ ഉണ്ടാവാന്‍ പാടുണ്ടോ?മില്ല്യന്‍ കണക്കിനു വര്‍ഷങ്ങള്‍  കാല്‍ പൊള്ളലേറ്റ് കൊണ്ടിരുന്നാല്‍  പിന്നെ ഇപ്പോള്‍ ഈ നൂറ്റാണ്ടില്‍ നമ്മുടെ കാല്‍ പൊള്ളാന്‍ പാടുണ്ടോ?   എന്ത് കൊണ്ട് നമ്മുടെ ചര്‍മ്മത്തിനു പരിമിതികള്‍ ഉണ്ടായി?  
തണുപ്പ് :-ഐസ് എടുത്തു  നമുക്ക് എത്രനേരം പിടിച്ചിരിക്കാന്‍ പറ്റും? ചര്‍മ്മത്തിനു എന്ത് കൊണ്ട് അതിനെ പ്രതിരോധിക്കാന്‍ ആവുന്നില്ല.   
കാഴ്ച:-നമ്മുടെ മുന്നിലൂടെ കടന്നു പോകുന്ന റേഡിയോ ടെലിവിഷന്‍ സിഗ്നലുകള്‍ നാം കാണാത്തത് എന്തേ? മൊബൈല്‍ റഡാര്‍ തരംഗങ്ങള്‍ നമ്മുടെ കണ്ണിന്റെ പരിധിക്കു പുറത്തായത് എന്ത് കൊണ്ട്?   
കേള്‍വി :- 20  Hz നു  താഴെയും 20000  Hz നു  മുകളിനും  ഉള്ള ശബ്ദ തരംഗങ്ങള്‍ എന്ത് കൊണ്ട് നാം കേള്‍ക്കുന്നില്ല.അള്‍ട്ര സോണിക് ,ഇന്ഫ്രാ സോണിക് ശബ്ദങ്ങള്‍ ചില മ്രഗങ്ങള്‍ക്ക് കേള്‍ക്കാനുകുന്നു.ഇവിടെയും പരിണാമ ശ്രേണിയുടെ പ്രശ്നം വരുന്നു.അതിനാല്‍ പരിമിതികള്‍ക്ക്‌ പരിധിയില്ല  എന്ന് നാം തിരിച്ചറിയുന്നു.
  
     നമ്മുടെ  പ്രകൃതി തന്നെ  ആവശ്യപ്പെടുന്നത് നിയമങ്ങളും ചട്ടങ്ങളും നമുക്ക് വേണമെന്നാണ്.പക്ഷെ പ്രസക്തമായ ചോദ്യം അത്  ആര് നമുക്ക്  നിര്‍മ്മിച്ച്‌ തരും  എന്നതാണ്.

2011, മാർച്ച് 7, തിങ്കളാഴ്‌ച

കേരള മുസ്ലിംകളിലെ ഷിയാ സ്വാധീനം

                                                                                           -ആബിദ് അലി ടി എം പടന്ന 
                  കേരള മുസ്ലിംകള്‍ പൊതുവേ ശിയാക്കളെ  ഇസ്ലാമില്‍ നിന്ന് വ്യതിചലിച്ച കൂട്ടരായിട്ടാണ് കണക്കാക്കുന്നത്.   അവരുമായുള്ള എല്ലാ ബന്ധങ്ങളും അറുത്തു മുറിക്കാന്‍ പെടാപ്പാടു ചെയ്യുന്നവരും ആകുന്നു.എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും  ഒരു വൈരുധ്യമെന്ന നിലക്ക്  അവരില്‍ ശിആ  സ്വാധീനം വളരെ പ്രകടമായി കാണാവുന്നതാണ്.ഇവിടെ ചേര്‍ക്കുന്ന നിരീക്ഷണങ്ങള്‍ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളായി മാത്രം  കണക്കാക്കാന്‍ അപേക്ഷ .  

        ആത്മീയ നേതാവ് :- മുസ്ലിം സമുദായതിന്നു ഒരു ആത്മീയ നേത്രത്വം ഉണ്ടാകണമെന്നും അത് പ്രവാചക കുടുംബ പാരമ്പര്യത്തില്‍ നിന്ന് തന്നെ യാകണമെന്നും അവര്‍ തന്നെയാകണം രാഷ്ട്രീയ  നേത്രത്വതിലും ഉണ്ടാവേണ്ടതും എന്നത്  ഷിയാ വിശ്വാസത്തിന്റെ കാതലാകുന്നു.എന്നാല്‍ ഇതേ വിശ്വാസം എതോതരത്തില്‍ കേരളീയ മുസ്ലിം ജന മനസ്സുകളില്‍ എവിടെയോ വേരിറങ്ങിയതായി   സൂക്ഷമമായ നിരീക്ഷണം നിങ്ങള്‍ക്ക് പറഞ്ഞു തരും.അതിന്നു വ്യക്തമായ ഒരു ഉദാഹരണമാണ് കേരളീയ  മുസ്ലിം മത വിശ്വാസങ്ങളില്‍ ശക്തമായ സ്വാധീനമുള്ള തങ്ങള്‍ വിശ്വാസം.തങ്ങന്മാര്‍ പ്രവാചക കുടുംബത്തില്‍ പെട്ടവരും (അഹല് ബൈത്ത്) അവരുടെ അനുഗ്രഹാശിസ്സുകള്‍ സ്വീകരിക്കല്‍ വിശ്വാസത്തിന്റെ ഭാഗവും ,അവരെ വെറുപ്പിക്കല്‍ ശാപകോപങ്ങള്‍ക്ക് വിധേയമായ കാര്യമാണെന്നും ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നു.അത് പോലെ  കേരള മുസ്ലിംകളുടെ രാഷ്ട്രീയ നേത്രത്വം എപ്പോഴും  തങ്ങള്‍ കുടുംബത്തിലൂടെ മാത്രമേ മുന്നോട്ടു നീങ്ങിയിട്ടുള്ളൂ.അതില്‍ നിന്ന് മാറി ചിന്തിച്ച ചരിത്രം ഉണ്ടായിട്ടില്ല.
     അലി-ഫാത്തിമ:- ഷിയാ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദു അലി (റ) യുമായി ബന്ധപ്പെട്ടു കിടക്കുന്നു.അവരുടെ വിവാഹം,കുടുംബ ജീവിതം തുടങ്ങിയവയെ കുറിച്ചു ഒരു പാട് അത്ഭുത കഥകള്‍  ഗദ്യവും പദ്യവുമായി ഷിയാ ഗ്രന്ഥങ്ങളില്‍ കാണാം.പക്ഷെ എന്ത് കൊണ്ടോ വളരെ മുന്നേ തന്നെ കേരളത്തില്‍ പക്ഷിപ്പാട്ട് എന്ന ഒരു ഗാന ശാഖ തന്നെ ഉണ്ടായിരുന്നു.അതില്‍ അലി (റ)യുടെ വീര കൃത്യങ്ങളെ അതിശയോക്തിയായി അവതരിപ്പിച്ചതായി കാണാം.പഴയ തലമുറ ഇതിനെ വളരെ ആദരവോടെ കണ്ടിരുന്നു.അത് പോലെ ഫാത്തിമ ബീവിയുടെ വിവാഹത്തെ കുറിച്ചും പല കഥകളും ഉണ്ട് . ഇപ്പോള്‍ കാണുന്ന "ഫാത്തിമ" ഗാനങ്ങളുടെ മന:ശാസ്ത്രവും ഇതു തന്നെയാകാം.
           
    ആശൂറ (മുഹറം 10 )  :- അത് പോലെ കര്‍ബലയിലെ പ്രവാചകന്റെ പ്രിയ പൌത്രനായ ഹുസൈന്‍ (റ)യുടെ  ദാരുണ അന്ത്യം ശിയാക്കള്‍ ദുഖ ദിനമായി ആചരിക്കുമ്പോള്‍ പൊതുവേ പ്രവാചക കുടുംബത്തോട് സ്നേഹമുണ്ടെന്ന് വാദിക്കുന്ന സുന്നി വിഭാഗം മൌനം പാലിക്കുന്നതായി കാണാം.ഇതിന്നു കാരണം ഹുസൈന്‍(റ) യുടെ രക്തത്തിന്റെ ഉത്തരവാദിത്വം അന്നത്തെ സുന്നി  ഖലീഫയായിരുന്ന യസീദിന്റെ കരങ്ങള്‍ക്കുള്ള പങ്കു നിഷേധിക്കാന്‍ ആകാത്തത്  കൊണ്ടാണ്.
     ഔലിയ:-ഖുര്‍ആന്‍ നാലുതരതിലാണ് ഔലിയ എന്ന വാക്ക് പരിചയപ്പെടുത്തുന്നത്  
1 )അല്ലാഹു വിശ്വാസികളുടെ വലിയ്യ്‌ 
2 )വിശ്വാസികള്‍ അല്ലാഹുവിന്റെ ഔലിയാക്കള്‍ 
3 )പിശാചു അവിശ്വാസികളുടെ വലിയ്യ്‌ 
4 )അവിശ്വാസികള്‍ തഗൂത്തിന്റെ ഔലിയാക്കള്‍ 
ഇതെല്ലാത്ത ഒരു ഔലിയാ സങ്കല്‍പം ആദ്യമായി ഇസ്ലാമില്‍ കടത്തിയത് ഷിയാ വിഭാഗമാണ്‌.അവരില്‍ ചില വിഭാഗങ്ങള്‍ ഇപ്പോഴും ബാങ്ക് വിളിയില്‍ പോലും "അലി വലിയ്യുള്ള" എന്ന വാക്ക് ഉപയോഗിക്കുന്നത് ശ്രദ്ധ്ക്കുക.ഈ വാക്കാണ്‌ പില്‍കാലത്ത് വളരെ വ്യാപകമായ തെറ്റിദ്ധാരണയ്ക്കു ഇടയാക്കിയത് .അത് പിന്നെ സൂഫികള്‍ ഏറ്റെടുത്ത് ഇപ്പോള്‍ നമ്മുടെ ഇടയിലുള്ള  ആളുകള്‍ വിശ്വസിക്കുന്നത് പോലെ ആക്കിത്തീര്‍ത്തു .  
      ഉറൂസ് :- മക്കയിലെ മസ്ജിദുല്‍ ഹറമും മദീനയിലെ മസ്ജിടുന്നബവിയും കഴിഞ്ഞാല്‍ അടുത്ത ഷിയാ തീര്‍ഥാടന കേന്ദ്രമാണ് നജഫിലെ ഇമാം അലിയുടെ പേരിലുള്ള പള്ളിയും  കര്‍ബലയിലെ ഇമാം ഹുസൈന്റെ ഖബരിടവും.ഇവിടെ വര്‍ഷവര്‍ഷവും  ലോകത്തുള്ള ശിയാക്കള്‍  ചില പ്രത്യേക ദിവസങ്ങളില്‍ ഒത്തുകൂടാറുണ്ട്.ഇതും സൂഫികള്‍ ഏറ്റെടുത്തു ഔലിയാക്കളുടെ എന്ന പേരില്‍ നമ്മുടെ വിശ്വാസങ്ങളിലും ആചാരാങ്ങളിലും കടത്തിവിടുകയും ചെയ്തതായി കാണാം.

       തവസ്സുല്‍:- ശിയാകളിലെ ഇതനാ ആശരിയ്യ വിഭാഗം മരിച്ചു പോയവരോ ജീവിച്ചിരിക്കുന്നവരോ ആയ നബിമാര്‍,ഇമാമീങ്ങള്‍,ഔലിയാക്കള്‍ തുടങ്ങിയവരെ ഇടയാന്മാരായി അല്ലാഹുവോട് പ്രാര്‍ഥിക്കാം എന്ന് വിശ്വസിക്കുന്നു.ഇതേ വിശ്വാസം സുന്നികളില്‍ പെട്ട സൂഫീ വിഭാഗങ്ങളും ബാരെല്‍വികളും പങ്കിടുന്നു.ഇതേ വിശ്വാസം സൂഫികളോ  ബരെലവികാളോ അല്ലാത്ത കേരള മുസ്ലിംകളിലും പൊതുവില്‍  കാണപ്പെടുന്നു.  
   
     മീലാദ് നബി:- പ്രവാചകന്‍ മുഹമ്മദു നബി(സ)യുടെ ജന്മ ദിനം ആദ്യമായി കൊണ്ടാടി തുടങ്ങിയത്  ഈജിപ്തിലെ ശിയാക്കളുടെ ഭരണകൂടമായ ഫാതിമികള്‍ ആകുന്നു.അതിന്നു അവര്‍ക്ക് മറ്റൊരു കാരണവും കൂടി ഉണ്ടായിരുന്നു.അവര്‍ ആറാം ഇമാം ആയി കണക്കാക്കുന്ന ജഅഫര്‍ സാദിഖിന്റെ ജന്മ ദിനവും അതേ ദിവസതിലാണെന്ന് മാത്രം.മിലാദ്നബി ശിയാക്കള്‍ക്ക്  റബീഉല്‍ അവ്വല്‍ 17 നു ആണെന്നത് പ്രസ്താവ്യമെത്രേ.
    സഫര്‍ മാസം ആപത്തു കാലം :- മുഹറം 10 ലെ ഇമാം ഹുസൈന്‍ (റ)യുടെ കര്‍ബലയിലെ ദാരുണമായ അന്ത്യത്തിന്നു ശേഷം അദ്ധേഹത്തിന്റെ ഭാര്യയും കുടുംബവും അടങ്ങുന്ന പ്രവാചക കുടുംബത്തിലെ അംഗങ്ങള്‍ കര്‍ബലയില്‍ നിന്നും സിറിയയിലേക്കുള്ള ദുരിതപൂര്‍ണ്ണമായ മരുഭൂമി യാത്രയില്‍ ദാഹ ജലമില്ലാതെ മരിച്ചു വീണു.അവര്‍ അനുഭവിച്ച 40 ദിവസത്തെ ദുരന്ത യാത്ര അവസാനിച്ചത്‌ സഫര്‍ 20 ന്നാണ്.ഈ ദിനം ശിയാക്കള്‍ ഇപ്പോഴും അറബഈന്‍(നാല്പതു) എന്നപേരില്‍ ആചരിക്കുന്നു.ഇതായിരിക്കാം നമ്മില്‍ പലരും സഫര്‍ മാസത്തെ ആപത്തിന്റെ കാലമായും  യാത്രയ്ക്ക് യോജിക്കാത്ത മാസമായും കണക്കാക്കുന്നതിന്റെ കാരണം. 
          
     ഷഅബാന്‍ 15 :- അവസാനത്തേതും പന്ത്രണ്ടാം  ഇമാമുമായ ഇമാം മഹദിയുടെ ജന്മദിനമായ  അന്നേ ദിനം ശിയക്കളിലെ വലിയൊരു വിഭാഗം നോമ്പനുഷ്ടിക്കുകയും മധുരം വിളമ്പുകയും ചെയ്യാറുണ്ട്.ഇതേ ആചാരം കേരള മുസ്ലിംകളിലും നിങ്ങള്‍ക്ക് കാണാവുന്നതാണ്.