2010, നവംബർ 30, ചൊവ്വാഴ്ച

ദൈവീക നിയമങ്ങളും പ്രായോഗിക സ്വാതന്ത്രവും



                                     - Abidali T.M Padanna
ദിവ്യബോധനം വഴി അവതീർണ്ണമായ ദൈവീക നിയമങ്ങൾ അലംഘനീയവും അതിൽ വ്യക്തികൾക്കോ, സമൂഹത്തിനോ, ഭൂരിപക്ഷത്തിനോ കൈകടത്താൻ സ്വാതന്ത്രമില്ല  എന്നുമാണല്ലോ ഇസ്ലാമിക കാഴ്ചപ്പാട്. എല്ലാകാര്യങ്ങളും വിശദമായി പ്രതിഭാധിക്കുന്ന ഗ്രന്ഥം എന്നും ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നു. പക്ഷേ അതേ ഖുർആൻ തന്നെ വിശദാംശങ്ങൾക്ക് പ്രവാചക മാത്യക പിൻപറ്റേണ്ടുന്നതിന്റെ  ആവശ്യകതയും ഊന്നിപ്പറയുന്നുണ്ട്. അങ്ങിനെയുള്ള പ്രവാചക മാത്യകകളെ നാം ’സുന്നത്ത്’ എന്നും, ദൈവീക കല്പനകളേയും സുന്നത്തിനേയും ചേർത്ത് നാം ‘ശരീഅത്ത്’(നിയമ സംഹിത) എന്നും സാങ്കേതിക ഭാഷയിൽ വിളിക്കുന്നു.

            എന്നാൽ നബി തിരുമേനി(സ) ദൈവത്തിൽ നിന്നും സ്വീകരിച്ച നിയമങ്ങൾ തന്റെ  കാലഘട്ടത്തിന്റെ  പരിധിയിൽ നിന്ന് കൊണ്ട് പൂർണ്ണമായും വിശദീകരിച്ചതായി നമുക്ക് കാണാവുന്നതാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ കാലഹരണപ്പെടാത്ത ദൈവപ്രോക്ത നിയമങ്ങളുടേയും, പ്രവാചക വിശദാംശങ്ങളുടേയും പ്രായോഗികതയ്ക്ക് കാലാഹരണപ്പെട്ട് പോകുന്ന (മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന‍‍) മനുഷ്യരുടെ ജീവിത സാഹര്യങ്ങളുടെ വികാസവും കൂടി പരിഗണിക്കേണ്ടതുണ്ട് എന്നാണ്.

            മുസ്ലിം സമൂഹം ദൈവീക നിയമങ്ങളെ(ശരീഅത്ത്) പ്രയോഗവത്കരിക്കുന്നതിൽ നിന്നും മാറി നിൽക്കുന്നതിന്ന് രാഷ്ട്രീയമോ, സാമൂഹികമോ, സാമുദായികമോ ആയ പല കാരണങ്ങളും കണ്ടെത്താനവുമെങ്കിലും അതിൽ സുപ്രധാനമായി നിലകൊള്ളുന്നത് ശരീഅത്തിനെ പ്രയോഗവൽക്കരിക്കാൻ ഇസ്ലാം സ്വയം സ്വാതന്ത്രം അനുവദിക്കുന്നു എന്ന വസ്തുതയെ കുറിച്ചുള്ള സമുദായത്തിന്റെ  അജ്ഞതയാണ്. ആ അറിവ് സുന്നത്തിനെക്കുറിച്ചും അതിന്റെ  പ്രായോഗികതയെക്കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാട് മാറ്റിമറിക്കാൻ പര്യാപ്തമാണ് . ദൈവം നൽകിയ ഈ സ്വാതന്ത്രത്തെ ശരീഅത്തിൽ നമുക്ക്  ‘ഫിഖ് ഹ്’ അഥവാ പ്രായോഗിക സ്വാതന്ത്രം(Implementation freedom) എന്ന് വിളിക്കാം.

‘സുന്നത്ത്’ എന്നാൽ പ്രവാചകന്റെയും അനുയായികളുടേയും ചില ആരാധനാ കർമ്മങ്ങളുടെ ഫോട്ടോ കോപ്പി സ്യ് ഷ്ടിക്കുക എന്നതായി ചുരുങ്ങിയിരിക്കുന്നു മുസ്ലിം സമൂഹത്തിന്റെ  പൊതു ധാരണ. ഈ മാത്യകകൾ തന്നെ നൂറ്റാണ്ടുകളായി ഇതേ പൊതു സമൂഹത്തിന്ന് ഒരു ഏകരൂപം നൽകുവാൻ സാധിച്ചിട്ടില്ല.  ഇനിയൊട്ട് സാധിക്കുകയുമില്ല. ഈ അടുത്ത കാലത്തായി സമുദായത്തിൽ നിന്ന് ചിലർ ഉയർത്തുന്ന ‘ഏക ഫിഖ് ഹ് കോഡി’നു വേണ്ടിയുള്ള മുറവിളിയും ‘സർവ്വ മദ് ഹബ് സത്യവാദ’ത്തിനെതിരെയുള്ള പടയോരുക്കവും ഫിഖ് ഹിനെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ  അഭാവമാണ്. അന്ധമായ മദ് ഹബ് പക്ഷപാതിത്വം എതിർക്കപ്പെടേണ്ടത് തന്നെയാണെങ്കിലും.
            പരമ്പരാഗത ഫിഖ് ഹീ ധാരകളെ(മദ് ഹബ്) സൂക്ഷ്മമായി നിരീക്ഷിക്കുന്ന പക്ഷം അതിൽ രണ്ട് ഭാഗങ്ങൾ ഉൾച്ചേർന്നതായി കാണാം. ഒന്ന് ഖുർ ആനിൽ നിന്നും, പ്രവാചക ചര്യയിൽ നിന്നും നിയമങ്ങൾ നിർദ്ധാരണം ചെയ്യുന്ന ഭാഗം. രണ്ട് ആ നിയമങ്ങളെ കാലോചിതമായി പ്രയോഗവൽക്കരിക്കുന്ന ഭാഗം. ഫിഖ് ഹിന്റെ  ഈ രണ്ട്  മേഖലയിലും ശരീഅത്ത് ഫിഖ് ഹ് (പ്രായോഗിക സ്വാതന്ത്രം) അനുവദിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇവിടെ രണ്ടാം വശത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.         
ഈ പ്രായോഗിക സ്വാതന്ത്രം ഇസ്ലാം ശുദ്ധി, ആരാധന തുടങ്ങി വ്യക്തിപരമായ കാര്യങ്ങൾ മുതൽ സാമ്പത്തികം, രാജ്യഭരണം, യുദ്ധം, സന്ധി തുടങ്ങിയ സാമൂഹികകാര്യങ്ങളിൽ വരെ അനുവദിച്ച് കൊടുത്തിരിക്കുന്നു.
സുന്നത്ത് അഥവാ ശരീഅത്ത് എന്നത്  കോൺക്രീറ്റ് കട്ടകളല്ലെന്നും അത് ഉറക്കം, ദന്തശുദ്ധി, കുളി, വസ്ത്രധാരണം, ആരാധന, വിവാഹം, കുടുംബം, അനന്തരസ്വത്ത്, കച്ചവടം, വിദ്യാഭ്യാസം, ജോലി, രാജ്യഭരണം, നീതിന്യായം, ശിക്ഷാനടപടികൾ തുടങ്ങിയ നിത്യ ജീവിത ശീലങ്ങളോ അല്ലെങ്കിൽ ജീവിത സത്യങ്ങളോ ആയ സംഭവ ലോകത്ത് നാം അനുഭവിക്കുന്ന പച്ചയായ യാഥാർത്യങ്ങളാണ് എന്ന് നാം സ്വയം ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.
             പ്രായോഗികസ്വാതന്ത്രം(ഫിഖ് ഹ്) ഏതൊക്കെ ജീവിത മേഖലകളിൽ ശരീഅത്ത് അനുവധിച്ചിട്ടുണ്ട് എന്ന് നമുക്ക് പരിശോധിക്കാം. കുളിക്കുന്നത് സുന്നത്താണ്. എന്നാൽ അത് ഏത് സോപ്പ് കൊണ്ട് വേണം, എവിടെ വെച്ച് വേണം? (കുളത്തിലോ, ബാത്ത് റൂമിലോ) എന്നൊന്നും ശരീഅത്ത് നിർദ്ദേശിക്കില്ല. ദന്തശുദ്ധിക്ക് ഏത് വസ്തുക്കൾ ഉപയോഗിക്കണം? നഖം, മുടി എന്നിവ എന്ത് കൊണ്ട് വെട്ടണം? എവിടെ പോയി വെട്ടണം? എന്നും സുന്നത്തിൽ കാണില്ല. വുദു ടാപ്പിൽ നിന്നോ, അതോ ഹൌളിൽനിന്നോ? നമസ്ക്കാര പള്ളി ഏത് വസ്തു കൊണ്ട് നിർമ്മിക്കണം? കമ്മിറ്റി എങ്ങിനെ ആയിരിക്കണം? ഫാൻ വേണോ, എ.സി. ഫിറ്റ് ചെയ്യാമോ? തറയിൽ പായയോ, അതോ കാർപറ്റോ? മിമ്പർ ഏത് വസ്തു കൊണ്ട് നിർമിക്കണം? ഇതൊന്നും നബിചര്യയിൽ കാണില്ല. വീട് എന്ത് കൊണ്ട് നിർമിക്കാം? ഏത് തരം മരം ഉപയോഗിക്കണം? ഇതൊക്കെയും നാഗരികതയുടെ വികാസത്തിന് അനുസരിച്ച് നമ്മുടെ സ്വാതന്ത്രത്തിന്ന് വിട്ടു തന്നിരിക്കുന്നു.
            ഭക്ഷണം എങ്ങിനെ പാകം ചെയ്യണം? ഏത് തരം ആഹാരം കഴിക്കണം? അരിയോ, ഗോതമ്പോ? ബിരിയാണിയോ, ചപ്പാത്തിയോ? ഇതൊന്നും ശരീഅത്തിൽ പരതിയിട്ട് കാര്യമില്ല. ഏത് വാഹനത്തിൽ യാത്ര ചെയ്യണം? എന്ത് ക്രഷി ചെയ്യണം? വിത്ത്, വളം ഏത് ഉപയോഗിക്കണം? ഏത് തരം തൊഴിലിൽ ഏർപ്പെടാം? എന്ത് കച്ചവടമാണ് നടത്തേണ്ടത്? ഏത് വ്യവസായമാണ് ലാഭകരം? ഇതൊന്നും ഇസ്ലാം വ്യക്തിയുടെ മേൽ അടിച്ചേല്പിക്കുന്നില്ല.  ഹലാൽ-ഹറാം പരിധികൾ പാലിക്കണമെന്ന് മാത്രം.
രാജ്യ ഭരണം :ശരീഅത്തും ,ഫിഖഹും 
            അത്പോലെ രാജ്യ ഭരണവും പ്രവാചക സുന്നത്ത് തന്നെ. അതിന്റെ  അടിസ്ഥാന നിയമങ്ങളും പ്രായോഗിക സ്വാതന്ത്രവും  തമ്മിൽ കുറഞ്ഞരീതിയിൽ താരതമ്മ്യം ചെയ്ത് നോക്കാം.
ബൈഅത്ത്:- നേത്യത്വത്തെ തിരഞ്ഞെടുക്കേണ്ടത് ജനങ്ങളുടെ അനുസരണ പ്രതിജ്ഞയിലൂടെയാണെന്നത് പ്രവാചക രീതിയാണല്ലോ. അത് ഹസ്തദാനത്തിലൂടെ വേണോ, വാക്കാൽ മതിയോ, എഴുതിവാങ്ങണോ? എഴുതിയത് പെട്ടിയിൽ നിക്ഷേപിക്കണമോ? അതൊ ആരെയെങ്കിലും ഏല്പിച്ചാൽ മതിയോ? വോട്ടിംഗ് വേണമോ?
വോട്ടിംഗ് മെഷീൻ മതിയോ? എന്നൊന്നും ശരീഅത്ത് നിർദ്ദേശിച്ചിട്ടില്ല 
.ഏതാണ് എളുപ്പവും ശാസ്ത്രീയവും അത് ഉപയോഗിക്കാം.
ശൂറ:- ഇത് ഖുർആനിന്റെ  നേരിട്ടുള്ള ആജ്ഞ തന്നെ. ഇതിന്ന് സമിതി, സെനറ്റ്, കമ്മിറ്റി, പോളിറ്റ് ബ്യൂറോ, അസംമ്പിളി, പാർലമെന്റ് എന്ത് പേരും വിളിക്കാം. ഇതിനൊക്കെ കീഴ് സഭ, മന്ത്രിസഭ, ഉപസമിതി, ഗവർണർ എന്നിവ വേണോ, എത്ര അംഗങ്ങൾ വേണം, എങ്ങിനെ തെരഞ്ഞടുക്കണം, സഭകൾ എത്ര തവണ ചേരണം? തുടങ്ങിയ കാര്യങ്ങൾ നമ്മുടെ പ്രയോഗിക സ്വാതന്ത്രത്തി(ഫിഖ് ഹ്)ന്ന് വിട്ട് തന്നിരിക്കുന്നു. പക്ഷേ അടിസ്ഥാനതത്വം എന്നത്  നിയമനിർമ്മാണവും, തീരുമാനവും എടുക്കേണ്ടത് ശരീഅത്ത് വിധികൾ പാലിച്ച്കൊണ്ട് കൂടിയാലോചന ചെയ്തായിരിക്കണം.
നേത്യത്വം:- നേത്യത്വം ഉണ്ടാവുക എന്നത് നിർബന്ധമാണ്. അതുതന്നെയാണ് സുന്നത്തും. അയാൾ തെരഞ്ഞെടുക്കs¸ട്ട വ്യക്തിയായിരിക്കണം. ആ സ്ഥാനത്തെ ഖലീഫ, അമീർ, ഇമാം, പ്രസിഡണ്ട്, പ്രധാനമന്ത്രി, ചാൻസലർ തുടങ്ങി എന്ത്  പേർ വിളിക്കാനുമുള്ള സ്വാതന്ത്രം ശരീഅത്ത് നമുക്ക് നൽകുന്നു.
നേത്യത്വകാലാവധി:- എത്രകാലപരിധി വേണമെന്ന്  കൂടിയാലോചന സമിതിക്ക് (ശൂറ) തീരുമാനിക്കാം. പക്ഷേ ഒരു ഉപാധി മാത്രം സത്യം, ധർമ്മം, നീതി എന്നിവ എത്ര കാലം ഉൾക്കൊള്ളുന്നു അത്രയും കാലം എന്നതാണ് അടിസ്ഥാനം.
ശിക്ഷാവിധികൾ നടപ്പിലാക്കുക:- ഇതും പ്രവാചകചര്യതന്നെ. കേസ് എവിടെ വെച്ച് വാദിക്കണം, ന്യായാധിപന്ന് പ്രത്യേക വസ്ത്രവും, ഇരിപ്പിടവും വേണമോ? കുറ്റവാളികളെ എവിടെ പാർപ്പിക്കണം? കേസുകൾ എങ്ങിനെ സൂക്ഷിച്ച് വെക്കണം? ശിക്ഷകൾ എപ്പോൾ എവിടെ വെച്ച് നടപ്പാക്കണം? തുടങ്ങിയ കാര്യങ്ങൾ നമ്മുടെ  ഫിഖ് ഹിന്ന് ശരീഅത്ത് വിട്ടിരിക്കുന്നു. അടിസ്ഥാനം ശിക്ഷകൾ നടപ്പിലാക്കുക നീതി സ്ഥാപിക്കുക എന്നതാണ്.
            കാര്യം എളുപ്പത്തിൽ ഗ്രഹിക്കാൻ ശരീഅത്തിനെ നമുക്ക് ശുദ്ധമായ വെള്ളത്തോട് ഉപമിക്കാം. വെള്ളമെടുക്കാൻ  ഉപയോഗിക്കുന്ന പാത്രത്തെ ഫിഖ് ഹായും(പ്രായോഗിക സ്വാതന്ത്രം). വെള്ളം നബിയുടെ കാലത്തും, ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. പക്ഷേ പാത്രങ്ങൾ പലതും വന്നു പോയിക്കൊണ്ടിരുന്നു. തോൽ, മരം, മണ്ണ്, ചെമ്പ്, ഇരുമ്പ്, ഗ്ളാസ്, സ്റ്റീൽ, ഫൈബർ തുടങ്ങിയവ. നബി(സ) ഉപയോഗിച്ചത് തോൽ പാത്രമായിരുന്നു എന്നത് കൊണ്ട് അത് മാത്രമാണ് സുന്നത്ത് എന്ന്  നാം പറയാവതല്ല.
പ്രായോഗിക സ്വാതന്ത്രവും മുസ്ലിം സമുദായവും  
            പ്രായോഗിക സ്വാതന്ത്രത്തെക്കുറിച്ചുള്ള അജ്ഞത മുസ്ലിം സമൂഹത്തെ ചില അബദ്ധധാരണകളിൽ കൊണ്ടെത്തിക്കുന്നുണ്ട്. കാലഘട്ടത്തെക്കുറിച്ചും , പരിസരത്തെക്കുറിച്ചും യാതൊരു ബോധവുമില്ലാതെ ഖുർആനിക വചനങ്ങൾ, ഹദീസ് തുടങ്ങിയവയെ അക്ഷരങ്ങളിൽ മാത്രം വായിക്കുകയും പ്രവാചക സുന്നത്തുകളെ അതിന്റെ പ്രായോഗിക ഭൂമിക അടക്കം പിഴുതെടുത്ത്  ഇവിടെ ആധുനിക യുഗത്തിൽ പ്രയോഗവൽക്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അത് ഫിറ്റാവാതിരിക്കുമ്പോൾ നിരാശരാവുകയും ആത്യന്തികമോ തീവ്രമോ(Extreme) ആയരീതികൾ പിന്തുടരുകയും ചെയ്യേണ്ടിവരുന്നു.
നിരാശരും, പ്രതീക്ഷയറ്റവരുമായവർ  ശരീഅത്തിനേയും ഫിഖ് ഹിനേയും പാടേ തള്ളിപ്പറയുന്ന ആദ്ധ്യാത്മികതയിലേക്ക്(Sufism) എത്തിരുന്നു.  തീവ്രമായി ആവിഷ്ക്കരിക്കാൻ ശ്രമിക്കുന്നവർ കടുത്ത മദ് ഹബ് പക്ഷപാതികളോ, ആത്യന്തിക മദ് ഹബ് നിഷേധികളോ ആയിമാറുന്നു. മറ്റു ചിലർ വൈകാരികതമൂത്ത് തൊട്ടതിനെല്ലാം ആയുധമെടുക്കുന്ന തീവ്രഗ്രൂപ്പുകളോ ആയിത്തീരുന്നു.
            പ്രായോഗിക സ്വാതന്ത്രജ്ഞാനത്തിന്റെ  അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തെ നമുക്ക്  താഴെ പറയും പ്രകാരം വിഭജിക്കാം
മറ്റുചിലർ ഇങ്ങനെയാണു അവർക്ക് കലഘട്ടത്തെക്കുറിച്ചും സാമൂഹ്യ പരിസരത്തെക്കുറിച്ചും സാമന്യബോധമുണ്ട്. പക്ഷേ അതേ കാലഘട്ടവും, പരിസരജ്ഞാനവും തന്നെയാണ് അവരുടെ മുന്നിലെ തടസ്സങ്ങൾ. എപ്പോഴും “കാലഘട്ടം ഇങ്ങനെയല്ലേ , നാമെന്ത് ചെയ്യാൻ“ എന്ന് ഉരുവിട്ട് കൊണ്ടിരിക്കുന്നവരാണവർ. അവരെ നിങ്ങൾക്ക് നിരീശ്വര-മതേതര-സാമുദായിക ഭൌതീക പ്രസ്ഥാനങ്ങളിൽ കാണാം. കാലഘട്ടത്തെ(ലോകസാഹചര്യം,ഇന്ത്യൻ സാഹചര്യം,ബഹുസ്വരത)ക്കുറിച്ച അനാവശ്യവും, അമിതവുമായ ഉത്കണ്ഡ ഇവരിൽ കാണാം. പൊതുവിൽ ഇവരുടെ വാദങ്ങൾ ഇവയാണ്. മതവും രാഷ്ട്രീയവും ഭിന്ന ധ്രുവങ്ങളിലാണ്. എന്ന് വെച്ചാൽ മതമൂല്യങ്ങളായ സത്യം, നീതി തുടങ്ങിയവയെ രാഷ്ട്രീയ-സാമൂഹ്യ മേഖലകളിൽ അനുവദിക്കില്ല. ദൈവീക നിയമങ്ങൾ പഴഞ്ചനാണ്, അവ കാലോചിതമായി മാറ്റി എഴുതണം. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് മതത്തിൽ പ്രായോഗിക പരിഹാരമില്ല. പ്രവാചക സുന്നത്തിന്റെ പ്രായോഗികതയെ ആധുനികയുഗത്തെ ഏഴാം നൂറ്റാണ്ടിലേക്ക്  പറിച്ച് നടലായും, ഏഴാം നൂറ്റാണ്ടിലെ അടിമത്ത സമ്പ്രദായം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പുനസ്ഥാപിക്കാലായും ചില മതേതര ബുദ്ധിജീവി നാട്യക്കാർ കണ്ണുമടച്ച് എഴുതിയേക്കാം(2009 ജൂൺ മാസത്തിലെ ചന്ദ്രിക ദിനപത്രത്തിൽ വന്ന മതരാഷ്ട്രവാദ ലേഖനങ്ങൾ കാണുക). ഇവരെ പൊതുവില്‍ അപ്രായോഗികവാദികൾ എന്ന് വിളിക്കാം. 
"പ്രവാചകരേ, നിനക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചുതന്നിരിക്കുന്നു. അത് മുന്‍വേദഗ്രന്ഥത്തില്‍ നിന്ന് അതിന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നതാണ്. അതിനെ ഭദ്രമായി കാത്തുരക്ഷിക്കുന്നതും. അതിനാല്‍ അല്ലാഹു അവതരിപ്പിച്ചുതന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക. നിനക്കു വന്നെത്തിയ സത്യത്തെ നിരാകരിച്ച് അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും നാം ഓരോ നിയമവ്യവസ്ഥയും കര്‍മരീതിയും നിശ്ചയിച്ചു തന്നിട്ടുണ്ട്."(ഖുർആൻ, 5 :48)
e - mail : ali.abidtm757@gmail.com

2010, നവംബർ 27, ശനിയാഴ്‌ച

ദീനിന്റെ അർത്ഥവ്യാപ്തി

                          - ആബിദലി ടി.എം. പടന്ന

           ദീൻ എന്ന വാക്ക് നാം എല്ലാവരും നിത്യവും ഉപയോഗിക്കുന്നു.സാധാരണ മതം എന്ന അർത്ഥത്തിലാണ് നാം അതിനെ മനസ്സിലാക്കുന്നത്.എന്നാൽ ഖുർ ആൻ ഏതൊക്കെ അർത്ഥത്തിൽ ദീൻ എന്ന വാക്ക് പരിചയപ്പെടുത്തുന്നു? നമുക്കു പരിശോധിക്കാം.

1.പരലോകം :“വിധി ദിനത്തിന്റെ ഉടമസ്ത്ഥൻ “ (ഫാത്തിഹ )
2.രാജ്യ നിയമം : “രാജാവിന്റെ നിയമപ്രകാരം” (യൂസുഫ് :76)
3.ശിക്ഷാനിയമങ്ങൾ : “വ്യഭിചാരിയേയും,വ്യഭിചാരിണിയേയും നൂറു വീതം അടിക്കുക.അല്ലാഹുവിന്റെ ദീൻ(ശിക്ഷാ നിയമങ്ങൾ) നടപ്പിലാക്കുന്നതിൽ ദയ കാണിക്കാതിരിക്കുക." (അന്നൂർ : 2)
4.നമസ്ക്കാരം,നോമ്പ്(ആരാധനകൾ) : “നമസ്ക്കാരം നിശ്ടയോടെ നിർവ്വഹിക്കാനും,സക്കാത്തു നൽകാനും-അതാണു നേരായ ദീൻ “ (അൽ ബയ്യിന : 5)
5.മതം: “ദീനിൽ (മതത്തിൽ) ബലാത്ക്കാരമില്ല“ (അൽ ബഖറ :256)
6.യുദ്ധം : “ദീൻ അല്ലാഹുവിന്ന് ആയിത്തീരുന്നത് വരെ അവരോട് യുദ്ധം ചെയ്യുക” (അൽ ബഖറ : 193)
7.വ്യവസ്ഥ (ജീവിതക്രമം):“ ഈ ദിനം നിങ്ങളുടെ ദീനിനെ നിങ്ങൾക്ക് പൂർത്തീകരിച്ചു തന്നു” (അൽ മാഇദ :3)
8.സാമൂഹ്യകാര്യങ്ങൾ:  “ദീൻ നിഷേധിയെ നീ കണ്ടുവോ? അവൻ അനാഥയെ ആട്ടിയകറ്റുന്നവനാണ്.അഗതിയുടെ അന്നം കൊടുക്കാൻ പ്രേരിപ്പിക്കാത്തവനാണ്.” (അൽ മാഊൻ :1-3)
9.പ്രാ ത്ഥന: “ദീൻ അല്ലാഹുവിനോട് മാത്രമാക്കി അവനോട് മാത്രം പ്രാർത്ഥിക്കുക.” (അൽ മുഅമിൻ:14)
10.പ്രക്യതി നിയമങ്ങൾ: “ആകാശ ഭൂകളുടെ സ്യഷ്ടിപ്പ് നടന്ന നാൾ തൊട്ട് അല്ലാഹുവിന്റെ അടുത്തു ദൈവ പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം 12 ആകുന്നു.അതിൽ 4 എണ്ണം യുദ്ധം നിഷിദ്ധമാണ്. ഇതാണ് യഥാർത്ഥ ദീൻ“ (അത്തൌബ :36 )
        പ്രസക്താമായവ മാത്രമെ ഇവിടെ കൊടുത്തിട്ടുള്ളൂ. ഇതിന്റെ വിശദാംശങ്ങൾ മറ്റു ആയത്തുകളിൽ കാണാവുന്നതാണ്.
        അപ്പോൾ കാര്യങ്ങൾ വ്യക്തമാണ്. ലോകത്തിന്റെയും ജീവന്റെയും ആരംഭം,പ്രക്യതി,മനുഷ്യ ജീവൻ,ജീവിതത്തിന്റെ എല്ലാവശങ്ങളും,ശേഷം പരലോകം എല്ലാം ദീൻ എന്നവാക്കിന്റെ അർത്ഥവ്യാപ്തിയിൽ ഉൾപ്പെടുന്നു.
        ഇനി എല്ലായിടത്തും മതം എന്നു അർത്ഥം പറഞ്ഞാൽ നാം കുടുങ്ങും.ഉദാ:- “ ഈ ദിനം നിങ്ങളുടെ ദീനിനെ നിങ്ങൾക്ക് പൂർത്തീകരിച്ചു തന്നു” (അൽ മാഇദ :3) എന്ന ആയത്തിൽ 'നിങ്ങളുടെ "മതം" പൂർത്തീകരിച്ചു' എന്നാണ് അർത്ഥം കല്പിക്കുന്നതെങ്കിൽ, ഈ ആയത്തു ഇറങ്ങുന്ന സമയത്തും,അതിന്നു ശേഷവും, ഇസ്ലാമിക രാഷ്ട്രത്തിലും അതിന്നു പുറത്തും ,ബഹുദൈവാരാധകർ,ക്രിസ്ത്യാനികൾ,യഹൂദർ തുടങ്ങി നിരവധി മതസ്ഥർ ജീവിച്ചിരുന്നു.മതം പൂർത്തീകരിച്ചു എന്നു പറഞ്ഞാൽ പിന്നെ മറ്റു മതസ്ഥർ ഉണ്ടാകുമായിരുന്നില്ലല്ലൊ? പക്ഷേ,അങ്ങിനെയല്ല ചരിത്ര സത്യം.
       ഇനി “ദീൻ അല്ലാഹുവിന്ന് ആയിത്തീരുന്നത് വരെ അവരോട് യുദ്ധം ചെയ്യുക” (അൽ ബഖറ : 193) എന്ന ആയത്ത് നോക്കുക. അവിടെയും മതം മാറുന്നത് വരെ അവരോട് യുദ്ധം ചെയ്യുക എന്നു ആരെങ്കിലും അർത്ഥം പറയുമോ? പ്രത്യേകിച്ച് “ദീനിൽ(മതത്തിൽ) ബലാത്ക്കാരമില്ല”എന്നു ഖുർ ആൻ വ്യക്തമായി പറഞ്ഞിരിക്കെ.
       അപ്പോൾ  ഇവിടെ ദീൻ എന്നത് ഒരു വ്യവസ്ഥ എന്ന അർത്ഥത്തിലാണ് കാണേണ്ടത്.അപ്പോൾ ആശയം വ്യക്തമാകും.“ഒരു വ്യവസ്ഥ(System) എന്ന നിലക്കു പൂർത്തീകരിച്ചു“. “ഇസ്ലാമിക രാഷ്ട്രത്തിന്നു(Islamic System) കീഴ്പ്പെടുന്നത് വരെ അവരോട് യുദ്ധം ചെയ്യുക”.
       ഇനി ആരുടെ നിയമമനുസരിച്ചാണ് നിങ്ങൾ ജീവിക്കുന്നത് അപ്പോൾ നിങ്ങൾ അവരുടെ ദീനിലാണ്.ഉദാ:- നിങ്ങൾ ഫറോവന്റെ നിയമമാണ് പിൻപറ്റുന്നതെങ്കിൽ നിങ്ങൾ അയാളുടെ ദീനിലാണ്. ഇനി നിങ്ങൾ മത-പുരോഹിതന്മാർ കെട്ടിച്ചമച്ച നിയമങ്ങളാണ് പിന്തുടരുന്നതെങ്കിൽ നിങ്ങൾ അവരുടെ ദീനിലാണ്. ഇനി നിങ്ങൾ നിങ്ങളുടെ ദേഹേഛയുടെ ആജ്ഞയെയാണ് തുടരുന്നതെങ്കിൽ നിങ്ങൾ അതിന്റെ ദീനിലാണ്.ഇനി നിങ്ങൾ ഏതെങ്കിലും ഭൌതീക പാർട്ടികളെയാണ് പിൻപറ്റുന്നതെങ്കിൽ(സോഷ്യലിസം,കമ്മ്യൂണിസം)നിങ്ങൾ അവരുടെ ദീനിലാണ്. ഇനി നിങ്ങൾ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും നിയമങ്ങളാണ് അനുസരിക്കുന്നതെങ്കിൽ നിങ്ങൾ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും ദീനിലാണ്.

അല്ലാഹു നമുക്ക് ഉൾക്കാഴ്ച നൽകുമാറാവട്ടെ !

2010, നവംബർ 24, ബുധനാഴ്‌ച

നമസ്ക്കാരം ഫലശൂന്യമായത് എന്ത് കൊണ്ട്?




        നാം എപ്പോഴും  നമസ്ക്കാരം ക്യത്യമായി അനുഷ്ഠിക്കാൻ ശ്രമിക്കുന്നവരാണല്ലോ. പക്ഷെ,   എന്ത്കൊണ്ടാണ് നമസ്ക്കാരം നമ്മുടെ ഹ്ര് ദയത്തേയും ശരീരത്തേയും ശുദ്ധീകരിക്കാത്തത്? എന്ത്കൊണ്ട് നാം ഒരേ സമയം നമസ്ക്കാരക്കാരും തെറ്റ് ചെയ്യുന്നവരുമായി ? കള്ളന്മാരും, കള്ളുകുടിയന്മാരുമായി? പലിശക്കാരും, സ്ത്രീ ലംഭടരുമായി? എന്ത് കൊണ്ട് നമസ്ക്കാരം നമ്മെ തെറ്റിൽ നിന്നും തടയുന്നില്ല ? ദൈവം തമ്പുരാൻ പറയുന്നു:

            “തീർച്ചയായും നമസ്ക്കാരം പാപങ്ങളിൽ നിന്നും ദുഷിച്ച പ്രവർത്തനങ്ങളിൽ നിന്നും നിങ്ങളെ തടയും” (അൽ അൻകബൂത്ത്  : 45)

അപ്പോൾ ആർക്കാണ് തെറ്റ് പറ്റിയത്? നമുക്ക് തന്നെ. ബാഹ്യമായി നമ്മുടെ നമസ്ക്കാരത്തിന്ന് കുഴപ്പമൊന്നും കാണാനുമില്ല. പിന്നെ എവിടെയാണു കുഴപ്പം? പാരമ്പര്യമായി നമസ്കാരത്തിന്റെ  ബാഹ്യമായ കർമങ്ങൾ മാത്രമേ നാം അഭ്യസിക്കുന്നുള്ളൂ. ആന്തരികമായ അർത്ഥതലങ്ങൾ നാം മനപ്പൂർവ്വം ഒഴിവാക്കുകയാണ്. ഭയവും-ഭക്തിയും(ഖുശൂഅ')ഉള്ള നമസ്ക്കാരക്കാർ മാത്രമേ വിജയിക്കുകയുള്ളൂ എന്ന് ഖുർ-ആൻ പറയുന്നു(23:2). നമസ്ക്കാരത്തിന്റെ  ശർത്തിലോ ഫർളിലോ നാം ‘ഖുശൂഅ'’ എണ്ണാറില്ല. ‘ഖുശൂഅ'’ ഇല്ലാത്ത നമസ്ക്കാരം ആത്മാവ് പോയ ശരീരം പോലെയാണ്. അതിനാൽ നമസ്ക്കാരത്തിന്റെ  ആന്തരിക ചൈതന്ന്യവും, ലക്ഷ്യബോധവും നമുക്ക് നഷ്ടപ്പെട്ടുപോയി. നമസ്ക്കാരം വെറും നിക്കരിക്കൽ (നിക്കൽ+ഇരിക്കൽ) മാത്രമായി മാറി. ലക്ഷ്യ ബോധമില്ലാത്ത (അശ്രദ്ധമായ) നമസ്ക്കാരം ഫലശൂന്യമാണ്. അങ്ങിനെയുള്ള നമസ്ക്കാരക്കാർക്കാണ് നരകം എന്ന് ഖുർ-ആൻ (അൽമാഊൻ : 4,5) പറയുന്നു. ശരീരത്തെ ഹ്ര്-ദയം ശുദ്ധീകരിക്കുന്നു എന്നപോലെ നമസ്ക്കാരം നമ്മുടെ ജീവിതം ശുദ്ധീകരിക്കുകയും, ജീവിതത്തിന്ന് വെളിച്ചവും, ലക്ഷ്യബോധവും നൽകേണ്ടതുമാണ്.
            പാപങ്ങളിൽ നിന്നും നമസ്ക്കാരം സ്വയം തന്നെ നമ്മെ തടയുംഎങ്ങിനെനമുക്ക് പരിശോധിക്കാം.  അല്ലാഹു   സർവ്വാധിപതിയായ രാജാധിരാജനാണ്സർവ്വ വസ്തുക്കളേയും അവൻ സ്രഷ്ടിച്ചുസർവ്വതും അവന്റെ  ഉടമസ്ഥതയിലാണ്അതോട് കൂടി അവന്റെ ജോലി  തീർന്നോല്ല. ല്ലാത്തിന്നും വ്യവസ്ഥയും നിയമങ്ങളും നൽകിഅവന്റെ  അടിമ എന്നനിലക്ക് അവന്റെ  നിയമങ്ങൾ ജീവിതത്തിന്റെ  സകല മേഖലകളിലും പൂർണ്ണമായി അനുസരിക്കുക എന്നത് നമ്മുടെ ബാധ്യതയാണ്അങ്ങിനെ ചെയ്യുന്ന ല്ലാ  പ്രവർത്തനങ്ങളും ഇബാദത്തുകളാണ്.
            “മനുഷ്യരേയും ജിന്നുകളേയും എനിക്ക് കീഴ്പ്പെട്ടു ജീവിക്കാനല്ലാതെ ഞാൻ സ്യഷ്ടിച്ചിട്ടില്ല.” (അദ്ദാരിയാത് : 56)
മനസ്സറിഞ്ഞ് നിങ്ങൾ അവന്റെ  നിയമങ്ങൾക്ക് കീഴ്പ്പെടുമ്പോൾ  നിങ്ങൾ ‘മുസ്ലിം’ ആകുന്നു. മുസ്ലിം എന്ന വാക്കിന്റെ  അർത്ഥം അനുസരിക്കുന്നവൻ എന്നാണല്ലോ. അങ്ങിനെയുള്ള അടിമയുടെ വിനീതമായ അടിമത്ത   പ്രകടനത്തെ നാം ആരാധന എന്ന് പറയും. സർവ്വാധിപതിയായ അല്ലാഹു നമ്മോടു  ആജ്ഞാപിക്കുകയാണ്  എന്റെ  അടിമകളേ നിങ്ങൾ ദിവസവും എന്റെ  സന്നിധിയിൽ അഞ്ച് നേരം വരിക. എന്നോട് മാത്രമേ അനുസരണവും, ഭയ-ഭക്തിയും, കൂറും കാണിക്കുകയുള്ളൂ എന്ന് പ്രഖ്യാപിക്കുക. നിങ്ങൾ അഭിമാനത്തോടെ ഉയർത്തിപ്പിടിച്ച് നടക്കുന്ന നിങ്ങളുടെ തല എന്റെ  മുന്നിൽ കുനിച്ച് കൊണ്ട് പ്രണമിക്കുക. അങ്ങിനെ പരസ്യമായി സുജൂദ് ചെയ്യാത്തവൻ തന്റെ  നാഥനോട് എത്രവലിയ ധിക്കാരമാണ് ചെയ്യുന്നത്? അവൻ താൻ പോന്നവനാണെന്ന് കരുതുന്നു. ഈ അഹങ്കാരം ചെയ്യുന്നവന്ന് അല്ലാഹുവിന്റെ  അടിമയാണെന്ന് വാദിക്കാനും അവന്റെ  ത്യപ്തിയും, സ്വർഗ്ഗവും പ്രതീക്ഷിക്കാനും എന്ത് അവകാശമാണുള്ളത്.?

“കുമ്പിടുവിൻ എന്ന്  അവരോട്  കല്പിച്ചാൽ   അവർ കുമ്പിടുന്നില്ല.“ (അൽമുർസലാത്ത് :48)

ആരാധനകളുടെ ലക്ഷ്യം

ആരാധനകൾ സ്വയം ഒരു ജീവിതലക്ഷ്യമല്ല എന്ന് നാം തിരിച്ചറിയുക. അത് ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗമാകുന്നു. പക്ഷെ മാർഗ്ഗത്തെ നാം ലക്ഷ്യമായി തെറ്റിദ്ധരിച്ചിരിക്കുന്നു. എല്ലാ ആരാധനകളുടേയും ലക്ഷ്യം ജീവിതത്തിൽ തഖ്-വ (സൂക്ഷ് മത) ഉണ്ടാക്കുക എന്നതാണ്. നോമ്പും സക്കാത്തും ഹജ്ജും എല്ലാം  അതിന്ന് തന്നെ.
“അല്ലയോ മനുഷ്യരേ, നിങ്ങളുടേയും  മുൻഗാമികളുടേയും സ്യഷ്ടാവായ നിങ്ങളുടെ നാഥന്ന് കീഴ്പ്പെടുക. നിങ്ങൾ തഖ്-വ(ജീവിത സൂക്ഷ്മത)  ഉള്ളവരാകാൻ“. (അൽബഖറ:21)
ആരാധനകൾ ക്യത്യമായി അനുഷ്ടിക്കുന്ന ഒരാൾ കച്ചവടത്തിൽ ക്യത്രിമം കാണിക്കുന്നു, അല്ലെങ്കിൽ രാഷ്ട്രീയത്തിൽ അയാൾ സത്യം,നീതി എന്നിവ പാലിക്കുന്നില്ല. അതിനർത്ഥം അയാൾ ആരാധനയുടെ ലക്ഷ്യമായ തഖ്-വ (ജീവിത സൂക്ഷ്മത)യിലേക്ക് എത്തിച്ചേരുന്നില്ല എന്നാണ്. അതിനാൽ അയാൾ മുത്തഖിയല്ല.

ആരാധനകൾ എല്ലാം സാമൂഹികം
പള്ളി ആളൊഴിഞ്ഞ സ്ഥലത്ത് നാം നിർമ്മിക്കാറില്ല, ബാങ്ക് ഉച്ചത്തിൽ സമൂഹ മധ്യേ പരസ്യമായി വിളിക്കുന്നു. പരസ്യമായി നമസ്ക്കരിക്കാൻ കല്പിക്കപ്പെട്ടിരിക്കുന്നു. ധ്യാനവും,സന്ന്യാസവും ഇസ്ലാമിൽ ഇല്ല. ആത്മ നിർവ്യതി ഒറ്റയ്ക്ക് നിർവ്വഹിക്കുമ്പോഴാണ് ലഭിക്കുക എങ്കിലും നമസ്കാരം കൂട്ടായി ചെയ്യാനാണ് അല്ലാഹു കല്പിച്ചത്. 27 ഇരട്ടി കൂടുതൽ പുണ്യം സാമൂഹികമായി ചെയ്യുമ്പോഴാണ്. മാത്രമല്ല നോമ്പും, സക്കാത്തും, ഹജ്ജുമെല്ലാം കൂട്ടായി തന്നെയാണ് ചെയ്യേണ്ടത്.

നമസ്ക്കാരം :ആത്മീയ-ഭൌതിക സമന്ന്വയം
            ലോകത്ത് രണ്ട് ജീവിത വീക്ഷണമാണുള്ളത്. ഒന്ന് ആത്മീയം രണ്ട് ഭൌതികം. രണ്ടിന്റെയും പ്രവർത്തന മേഖല തികച്ചും വ്യത്യസ്തമാണ്. ഒന്നു മറ്റതിൽ ലയിക്കുക ഒരിക്കലും സാധ്യമല്ല. ഇതാണ് പൊതുവേ നമ്മുടെ ധാരണ. എന്നാൽ  ഇസ്ലാമിൽ ഈ ആത്മീയ-ഭൌതിക വിഭജനമില്ല. മനസ്സും, ശരീരവും രണ്ടുധ്രുവങ്ങളിലുമല്ല. ഭൌതിക വിജയത്തിന്നു ആത്മീയതയെ ഹനിക്കേണ്ടതില്ല. രണ്ടിനേയും സമന്വയിപ്പിച്ച് കൊണ്ട് പോകുന്നു. അതിന്റെ  പ്രത്യക്ഷ ഉദാഹരണമാണ് നമസ്ക്കാരം. അത് വെറും ആത്മീയമായ ധ്യാനമോ, പ്രാർത്ഥനയോ മാത്രമല്ല. ശാരീരികമായ വണക്കവും കൂടിയുണ്ട്. നമസ്ക്കാരം ശരീരത്തേയും-മനസ്സിനേയും, ആത്മീയതയേയും-ഭൌതീകതയേയും കൂട്ടിയോജിപ്പിക്കുന്നു. അതിലൂടെ ആത്മാവിനേയും, ശരീരത്തേയും, സമൂഹത്തേയും സംസ്ക്കരിക്കുകയും ചെയ്യുന്നു.

നമസ്ക്കാരം :ആത്മാവിന്റെ  തീർഥയാത്ര
വുളു ശരീരത്തിലെ അഴുക്ക് കളയുമെങ്കിലും മനസ്സിലുള്ള അഴുക്കാണ് അത് കൊണ്ട് യഥാർത്ഥത്തിൽ ഉദ്ധേശിക്കുന്നത്. കൈ-കാലു കൊണ്ടും, ചെവി-കണ്ണ് കൊണ്ടും നാം ചെയ്ത പാപങ്ങൾ കഴുകുകയാണെന്ന് ഒർക്കുക. അതിനാലാണ്  വെള്ളത്തിന്റെ  അഭാവത്തിൽ മണ്ണ് കൊണ്ട് ശുദ്ധീകരണം (തയമ്മും) നടത്താൻ പറഞ്ഞത്. മണ്ണ് അഴുക്ക് നീക്കുകയില്ലെയെങ്കിലും..
നമസ്ക്കാരം നിർബന്ധമാക്കിയത് മിഅറാജിലാണ്, അപ്പോൾ നമസ്ക്കാരം ഒരു ചെറിയ മിഅറാജാണ് എന്ന് പറയാം. അടിമയുടെ തന്റെ  നാഥനിലേക്കുള്ള തീർത്ഥയാത്ര. തക്-ബീറിൽ തുടങ്ങി രണ്ടു സലാമിൽ അവസാനിക്കുന്നു. തക്-ബീറോട് കൂടി നാം ഈ ലോകത്തോട് വിട പറയുകയാണ്. അല്ലാഹു അക്-ബർ (അല്ലാഹുവാണ് ഏറ്റവും വലിയവൻ) എന്ന് പറഞ്ഞ് കൊണ്ടാണല്ലോ തുടക്കം. ആരാണ് നിങ്ങളുടെ ജീവിതത്തിൽ വലിയവൻ? കൈകെട്ടി നിന്നു കൊണ്ട് ചിന്തിക്കുക. അത് നിങ്ങളുടെ നഫ്-സോ, നിങ്ങളിലുള്ള പിശാചോ, നിങ്ങളുടെ പണമോ, കുടുംബങ്ങളോ, നേതാക്കളോ ആവാം. സമ്പത്താണ് നിങ്ങൾക്ക് വലുതെങ്കിൽ അല്ലാഹുവിനോട് നിങ്ങൾ കള്ളമാണ്  പറയുന്നതെന്ന് ർക്കുക.
ല്ലാഹുവുമായുള്ള കൂടിക്കാഴ്ചയുടെ യാത്ര കഴിഞ്ഞ് വന്നത് കൊണ്ടാണ് നാം സലാം വീട്ടി നമസ്ക്കാരം അവസാനിപ്പിക്കുന്നത്. യഥാർത്ഥത്തിൽ നിങ്ങളുടെ ചുറ്റുപാടുമുള്ള മലക്കുകൾ, മനുഷ്യർ, മരങ്ങൾ, പർവ്വതങ്ങൾ,സസ്യ-ജന്തു ജാലങ്ങൾ,മണ്ണ്,വെള്ളം,കാറ്റ് തുടങ്ങിയവയുടെ രക്ഷയ്ക്കും, സമാധാനത്തിനും, അനുഗ്രഹത്തുനുമായി അല്ലാഹുവിനോട് പ്രാർഥിക്കുകയാണ് സലാം വീട്ടലിലൂടെ നിങ്ങൾ ചെയ്യുന്നത്.
അഞ്ച് നേരത്തെ നിർബന്ധ നമസ്ക്കാരം സാമൂഹികവും, രാത്രിയുടെ ഏകാന്തതയിലെ തനിച്ചുള്ള നമസ്ക്കാരങ്ങൾ മാനസികവും ആത്മീയവുമായ ഉയർച്ചയ്ക്കും ഇസ്ലാം പ്രത്യേകം നിശ്ചയിച്ചതായികാണാം. അല്ലാഹുവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും, അവനോട് നന്ദി പ്രകാശിപ്പിക്കാനും, പാപമോചനത്തിനും, വിഷമങ്ങളിൽനിന്ന് സഹായം ചോദിക്കാനും നിർബന്ധ നമസ്ക്കാരത്തിന്ന് പുറമേ രാത്രികാലങ്ങളിൽ ഒറ്റയ്ക്കുള്ള നമസ്ക്കാരങ്ങൾ ഖുർ ആൻ നിർദേശിക്കുന്നു.
‘‘രാത്രി നമസ്ക്കാരം നിങ്ങളെ സ്തുത്യർഹമായ സ്ഥാനത്തേക്ക് ഉയർത്തും‘‘(17:79)
‘‘രാത്രിയിൽ അവന്ന് സുജൂദിൽ വീഴുക. നീണ്ട നേരം അവന്റെ  മഹത്വം പ്രകീർത്തിക്കുക‘‘(76:26)
‘‘രാത്രിയിൽ എഴുന്നേറ്റ് നമസ്ക്കരിക്കുക“. “ രാവിന്റെ  പകുതി. അതിൽ അല്പം കുറച്ച്’‘‘(73:2-3)
‘‘രാത്രിയിൽ സുജൂദിലും പ്രാർത്ഥനയിലുമായി തന്റെ  നാഥന്റെ  മുന്നിൽ കഴിയുന്നവർ‘‘(25:64)
നമസ്ക്കാരം : ഒരു പ്രതിജ്ഞ
            അല്ലാഹുവുമായുള്ള നിരന്തരമായ പ്രതിജ്ഞയാണ് നമസ്കാരം. നാം അല്ലാഹുവിനോട് പറയുന്നത് എന്താണെന്ന് അറിയൽ നമ്മുടെ കടമയാണ്. അല്ലാഹുവും റസൂലും നൽകിയ കല്പന അനുസരിക്കുമെന്നും മറ്റാരുടേയും അധീശത്വം അംഗീകരിക്കില്ലെന്നും നാം കരാർ ചെയ്യുകയാണ്. അതാണ് നാം വജ്ജഹ്തുവിൽ ‘വ അന മിനൽ മുസ്ലിമീൻ‘ (ഞാൻ അല്ലാഹുവിനെ അനുസരിക്കുന്നവനിൽ പെട്ടവനാകുന്നു) എന്ന് പറയുന്നത്. വീണ്ടും നാം പറയുന്നു എന്റെ നമസ്കാരവും, ത്യാഗവും, ജീവിതവും, മരണവും എല്ലാം സർവ്വലോക രക്ഷിതാവായ ദൈവത്തിനാണെന്ന്. ജീവിതം അല്ലാഹുവിന്നാണെന്ന് നേർന്നു കഴിഞ്ഞാൽ പിന്നെ  ഏതെങ്കിലും പാർട്ടിക്കോ, നേതാവിനോ, ഇസങ്ങൾക്കോ, ആശയങ്ങൾക്കോ അത് സമർപ്പിക്കാൻ നിങ്ങൾക്ക് അവകാശമില്ല.
അത്തഹിയ്യാത്തിന്റെ  അവസാനം നാം വിരൽ ചൂണ്ടിക്കൊണ്ട് ശഹാദത്ത് ഉച്ചരിക്കുന്നു. ഈ ശഹാദത്ത് ഉള്ളത് കൊണ്ടാണ്  അത്തഹിയ്യാത്തിനെ ‘തശഹുദിന്റെ  ഇരുത്തം’ എന്ന് പറയുന്നത്. വിരൽ ചൂണ്ടുക എന്നാൽ അല്ലാഹുവിന്റെ ഏകത്വം പ്രഖ്യാപിക്കുന്നു അല്ലെങ്കിൽ ജീവിതം കൊണ്ട് അല്ലാഹുവിന്ന് സാക്ഷിയാകാം എന്ന് പ്രതിജ്ഞ ചെയ്യുകയാണ് നമ്മൾ.
‘അല്ലാഹു അല്ലാതെ ഇലാഹ് ഇല്ല‘ എന്നും ‘മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്നും‘ ഞാൻ വിശ്വസിക്കുന്നു എന്നല്ല  നാം പറയുന്നത്. മറിച്ച്, ജീവിതം കൊണ്ട് ഞാൻ സാക്ഷ്യം വഹിക്കുന്നു (അശ്-ഹദു) എന്നാണ്  പറയുന്നത്. വിശ്വാസവും സാക്ഷ്യവും രണ്ടാണ്. വിശ്വാസം മാനസികവും സാക്ഷ്യം പ്രവർത്തനവുമാണ്. ഉദാ:- നിങ്ങൾ മദ്യപിക്കുകയാണെങ്കിൽ അല്ലാഹുവിന്റെ  നിയമം തെറ്റാണെന്നും, നബി(സ) നിങ്ങളുടെ ജീവിതത്തിന്ന് മാത്യകയല്ലെന്നും പൊതു ജനങ്ങളുടെ മുന്നിൽ ജീവിതം കൊണ്ട് നിങ്ങൾ കാണിച്ച് കൊടുക്കുകയാണ്. ഒരു തെറ്റിന്റെ  പിന്നിൽ ഇത്ര ഗൌരവമായ കാര്യമാണ് നാം ചെയ്യുന്നതെങ്കിൽ ഒരോ തെറ്റും ചെയ്യുമ്പോൾ എത്ര വലിയ കരാർ ലംഘനമാണ് നടക്കുന്നതെന്ന്   ഗൌരവമയി ചിന്തിക്കുക. ജീവിതം കൊണ്ട് ഇസ്ലാനിന്നു സാക്ഷ്യം നിർവ്വഹിക്കാത്തവർക്ക് ഈ ലോകത്ത് ഹീനത്വവും പരലോകത്ത് കടുത്ത ശിക്ഷയുമാണുള്ളത്. ചരിത്രത്തിൽ ജുത സമുദായത്തിന്ന് സംഭവിച്ചത് അതായിരുന്നു.
“അവരുടെ മേൽ നിന്ദ്യതയും ഹീനത്വവും മുദ്രകുത്തി. ദൈവത്തിൽ നിന്നുള്ള കോപത്തിന്നും അവർ ഇരയായി“.(അൽബഖറ:61,ആലുഇം-റാൻ : 112)

നമസ്ക്കാരം :ദിവ്യസംഭാഷണം(മുനാജാത്ത്)
            ഫാത്തിഹയുടെ ആദ്യത്തെ 3 വാക്യങ്ങൾ  ‘അവൻ‘ (അല്ലാഹു) എന്ന  വചനത്തിൽ തുടങ്ങുന്നു. തുടർന്നുള്ള 2 വാക്യങ്ങൾ ‘ഞങ്ങൾ‘ എന്ന ബഹുവചനത്തിലും സമാപിക്കുന്നു. എന്നുവെച്ചാൽ ‘അവൻ‘ എന്നത് ‘ഞങ്ങൾ‘ ആയിമാറുകയാണ്. അല്ലാതെ ‘ഞാൻ‘ എന്നത് ‘നീ’ ആയിമാറുകയല്ല. ഫാത്തിഹയിലെ “നേരായ മാർഗ്ഗത്തിൽ ഞങ്ങളെ നയിക്കേണമേ” എന്ന നമ്മുടെ ചോദ്യത്തിനുള്ള ദൈവത്തിൽ നിന്നുള്ള ഉത്തരമാണ് അത് കഴിഞ്ഞ് നാം പാരായണം ചെയ്യുന്ന ഖുർ-ആൻ വാക്യങ്ങൾ. അല്ലാഹു ഉത്തരം നൽകിയതിന്റെ  നന്ദിസൂചകമായി റുകൂഇലേക്കും, അവിടുന്ന് സുജൂദിലേക്കും നാം പോകുന്നു. അല്ലാഹുവോട് ഏറ്റവും അടുക്കുന്നത് സുജുദിലാവുമ്പോഴാണ്.
തശഹുദിൽ നാം പറയുന്ന ‘അത്തഹിയ്യാത്ത്‘ എന്നത് നബി(സ) മിഅറാജിൽ അല്ലാഹുവുമായി നടത്തിയ ദിവ്യ സംഭാഷണമാകുന്നു.
നബി(സ): അത്തഹിയ്യാതു അൽമുബാറക്കാത്തു അസ്സലവാത്തു അത്ത്വയ്യിബാത്തു ലില്ലാഹി (എല്ലാ തിരുമുൾക്കാഴ്ചകളും, എല്ലാ അഭിവാദ്യങ്ങളും, എല്ലാ സൽക്കർമങ്ങളും, പരിശുദ്ധമായ എല്ലാ വസ്തുക്കളും അല്ലാഹുവിന്നാകുന്നു.)
ല്ലാഹു: അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു വറഹ്മത്തുള്ളാഹി വബറകാത്തുഹു (നബിയേ, അങ്ങയ്ക്ക് ദൈവരക്ഷയും സമാധാനവും അല്ലാഹുവിന്റെ  കരുണയും അനുഗ്രഹവും ഉണ്ടാവട്ടെ!)
നബി(സ): അസ്സലാമു അലൈനാ വ അലാഇബാദില്ലാഹി സ്വാലിഹീൻ. (നമ്മുടെ മേലും, സജ്ജനങ്ങളായ അല്ലാഹുവിന്റെ    സകല അടിമകളുടെ മേലും സമാധാനമുണ്ടാവട്ടെ!)
            ഒരോ പ്രാവശ്യവും ഇത് പറയുമ്പോൾ നാം ഒരോരുത്തരും അല്ലാഹുവുമായി മിഅറാജിലെ സംഭാഷണത്തിലാണെന്ന് ർക്കുക! അത് പോലെ സമാധാനത്തിന്ന് വേണ്ടി പ്രാർത്ഥിച്ച് കഴിഞ്ഞ ശേഷം അതിനെതിരായി ഭൂമിയിൽ കുഴപ്പമുണ്ടാക്കാനോ,അക്രമങ്ങളിൽ പങ്കെടുക്കാനോ നിങ്ങൾക്ക് പാടുള്ളതല്ല എന്ന് തിരിച്ചറിയുക. അത്പോലെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ സകല സജ്ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നതിലൂടെ സത്യവിശ്വാസി കാല-ദേശ അതിരുകൾ ഭേദിക്കുകയാണ് ചെയ്യുകയാണ് .

നമസ്ക്കാരം : ദൈവ സ്മരണയും അടിമത്ത്വ ബോധവും നിലനിർത്തുന്നു
‘‘ദൈവ സ്മരണക്കായ് നിങ്ങൾ നമസ്ക്കാരം നിലനിർത്തുക“ (ത്വാഹ : 14)
നമസ്കരിക്കുക എന്നല്ല പറയുന്നത് നിലനിർത്തുക(ഇഖാമത്ത്) എന്നത് ശ്രദ്ധിക്കുക. റുകൂഇലും, ഇഅതിദാലിലും, സുജൂദിലും നാം തസ്-ബീഹ്(പുകഴ്ത്തൽ), തഹ്-ലീൽ(സ്തുതിക്കൽ) തുടങ്ങിയവയിലൂടെ അല്ലാഹുവിനെ പ്രകീർത്തിക്കുന്നു. അതിലൂടെ ദൈവ സ്മരണ നിലനിർത്തുന്നു. സമയ ബന്ധിതമായ നമസ്കാരം ദൈവ കല്പന അനുസരിക്കാനും, സദാ താൻ ദൈവത്തിന്റെ  അടിമയാണെന്നും അത് ലംഘിക്കരുത് എന്ന ബോധം ഉണ്ടാക്കുന്നു. ഒരിക്കലും ആരുടെ മുന്നിലും കുനിയാത്ത തന്റെ  നട്ടെല്ലും , ‘ഞാൻ‘ എന്ന ഭാവവും ഉടമസ്ഥനായ അല്ലാഹുവിന്റെ  മുന്നിൽ അടിയറവെക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ക്ഷമകൊണ്ടും, നമസ്ക്കാരം കൊണ്ടും സഹായം തേടാനും കല്പിച്ചിരിക്കുന്നു. (അൽബഖറ : 153)

നമസ്ക്കാരം : മാനവിക ഐക്യവും,വിശ്വസാഹോദര്യവും
            ഒരു ദൈവം. എല്ലാവരും അവന്റെ മുന്നിൽ സമന്മാർ. തോളോട് തോൾ ചേർന്ന് നിൽക്കുന്നു. ർക്കുക! അടുത്ത് നിൽക്കുന്ന ഒരാളും നിങ്ങളുടെ പാപത്തിന്റെ  ഭാരം ചുമക്കുകയില്ല (17:15). ഇവിടെ കറുപ്പ്-വെളുപ്പ് നിറ വ്യത്യാസമോ, അറബി-അനറബി ദേശ  വ്യത്യാസമോ, തൊഴിലാളി-മുതലാളി വർഗ്ഗ വ്യത്യാസമോ ഇല്ല. ജാതിയുടേയും ഭാഷയുടേയും പേരിലുള്ള വിഭജനവുമില്ല.  നമസ്ക്കാരം  മനുഷ്യ സമത്വവും, സാഹോദര്യവും, ഏകതയും ഉയർത്തിപ്പിടിക്കുന്നു. നമസ്ക്കാരം  നിര്‍വ്വഹിച്ചു കഴിഞ്ഞാൽ പിന്നെ ഭാഷ,ദേശം,വർഗ്ഗം,ജാതി,സമുദായം,പാർട്ടി തുടങ്ങിയ നിസ്സാര കാര്യങ്ങളുടെ പേരിൽ അടിപിടി കൂടാനോ, ജനങ്ങൾക്കിടയിൽ ഉച്ചനീചത്വം കല്പിക്കാനോ നിങ്ങൾക്ക് അവകാശമില്ല
            “അല്ലയോ മനുഷ്യരെ, നിങ്ങളെ ഒരാണിൽനിന്നും പെണ്ണിൽനിന്നും നാം സ്യഷ്ടിച്ചു. നിങ്ങളെ വർഗ്ഗങ്ങളും ഗോത്രങ്ങളുമാക്കി നാം തിരിച്ചു. നിങ്ങൾ പരസ്പരം തിരിച്ചറിയാൻ വേണ്ടി.” (അൽ ഹുജുറാത്ത് :13)  

നമസ്ക്കാരം : നേത്യ് ത്വവും, അനുസരണവും
ഇമാമിനെ അനുസരിക്കുന്നതിലൂടെ സമൂഹത്തിൽ ഏക നേത്യത്വത്തിന്റെ ആവശ്യകതയും, പൂർണ്ണമായ അച്ചടക്കത്തോടു കൂടിയ അനുസരണയും(അൽ ജമാഅത്ത്) നാം പ്രഖ്യാപിക്കുകയാണ്. അത് കൊണ്ടാണ് ഇമാമും ജമാഅത്തും എന്ന് നാം പറയുന്നത്. പള്ളിയിൽ ഒരു നേത്യ്-ത്വവും പള്ളിക്ക് പുറത്ത് പല നേതാക്കളും, പല പാർട്ടികളും എന്ന വൈരുദ്ധ്യം നമ്മിൽ നിന്ന്  ഉണ്ടാവാൻ പാടുള്ളതല്ല.

നമസ്ക്കാരം : ജീവിതക്രമം ചിട്ടs¸ടുത്തുന്നു
‘സത്യവിശ്വാസികളുടെ മേൽ നമസ്കാരം സമയ നിർണ്ണിതമാക്കിയിരിക്കുന്നു’ (4:103)
നമസ്ക്കാരം 5 നേരം നിർണ്ണയിച്ചതിലൂടെ നിങ്ങളുടെ ഒരു ദിവസം ക്രമീകരിക്കുകയും, സമൂഹത്തിന്റെ  ജീവിതവും, സമയവും നിർണ്ണയിക്കുകയുമാണ് ഇസ്ലാം ചെയ്യുന്നത്. സുബ്-ഹിയോട് കൂടി നിങ്ങൾ ജീവിതം ആരംഭിക്കുന്നു. നിങ്ങളുടെ ജോലി, കച്ചവടം, വിദ്യാഭ്യാസം തുടങ്ങിയവക്കായി ളുഹർ വരെ സമയം അനുവദിച്ചിരിക്കുന്നു. ളുഹറിന്നു ശേഷം അസർ വരെ വിശ്രമം, അസർ മുതൽ മഗ്-രിബ് വരെ വിനോദം,കളി. മഗ്-രിബിന്ന്  ശേഷം വിജ്ഞാനാഭ്യാസം. ഇശാഇന്ന് ശേഷം ഉറക്കം. സമൂഹത്തെ കറക്കുന്ന ചക്രമായിമാറുന്നു നമസ്ക്കാരം. ഇപ്പോള്‍ നാം അനുഭവിക്കുന്ന സമയക്രമത്തിൽ നിന്നും വ്യത്യസ്തമായ  പുതിയ ഒരു ലോകത്തിന്റെ  സ്യഷ്ടിയാണ് നമസ്ക്കാരം നമ്മോട് ആവശ്യപ്പെടുന്നത്.
സത്യം സത്യമായി മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും സർവ്വശക്തൻ നമ്മെ അനുഗ്രഹിക്കുമാറാവട്ടെ!
ആബിദ് അലി പടന്ന, ഫോൺ :+971 555157051

ഹജ്ജിന്റെ ആന്തരാർത്ഥം,ഈദിന്റെയും


                                                                - ആബിദലി ടി.എം. പടന്ന
                 നമ്മുടെ തിരക്കേറിയ ജീവിതത്തിൽ നിത്യവും നാം ചെയ്യുന്നതും, നമ്മുടെ മുന്നിൽ  നടക്കുന്നതുമായ അനുഷ്ടാനങ്ങളുടെയും,പ്രവർത്തനങ്ങളുടെയും ആന്തരികവും, സാമൂഹികവുമായ അർത്ഥതലങ്ങൾ നാം അന്വേഷിക്കാറില്ല. ഇവിടെ ഇസ്ലാമിന്റെ അഞ്ചാം സ്തംഭമായ ഹജ്ജിന്റെയും, അതിന്റെ പര്യവസാനമായ  ആഘോഷത്തിന്റെയും (ഈദ്) പിന്നാമ്പുറത്തേക്ക് ഒരു എളിയ യാത്ര.
               
               ദൈവം(അല്ലാഹു), അവൻ ഏകൻ, സ്രഷ്ടാവ്, പരിപാലകൻ, സംരക്ഷകൻ, സർവ്വ ശക്തൻ, ഉടമസ്ഥൻ, സർവ്വാധിപതി, കല്പനാധികാരി. എല്ലാം അവന്റെ സൃഷ്ടി, അവന്റെ നിയമത്തിനു മാത്രം വിധേയർ. സർവ്വതും അവന്റെ അടിമകൾ. ആരാധനകൾ അടിമയുടെ വിനീതമായ അടിമത്ത പ്രകടനങ്ങൾ.  
               ആരാധനകൾ ഊർജ്ജ സ്രോതസ്സുകൾ, സമൂഹത്തെ ശുദ്ധീകരിക്കുന്ന ഹ്രദയം, വഴികാട്ടുന്ന വെളിച്ചം. തഖ്-വ(ജീവിത സൂക്ഷ്മത)യുടെ ഉറവിടങ്ങൾ. ആരാധനകൾ താൻ ദൈവത്തിന്റെ അടിമയാണെന്ന ബോധം നിലനിർത്തുന്നു . അനുസരണ ശീലം വളർത്തുന്നു
              ഹജ്ജ് , “സന്ദർശനത്തിന്ന് ഉദ്ദേശിക്കുക” എന്ന് ഭാഷാർത്ഥം. ദൈവത്തോടുള്ള അടിമത്ത വികാരത്തിന്റെ ഉജ്ജ്വല മാത്രക. ഇതിലെ ഒരോ കർമങ്ങളും അതിന്റെ സാക്ഷി പത്രം.   
              ഹജ്ജ് , ചലനാത്മകതയാണ്(Movement) :
 നിരന്തരമായ ചലനം, ആദ്യം ക-അബക്ക് ചുറ്റും, പിന്നെ   സഫയിലേക്ക്, അവിടെ നിന്ന് മർവ്വ, മിന, അറഫ, മുസ്ദലിഫ, വീണ്ടും മിന, ജമ്രയിൽ കല്ലേറ്, ബലി, തല മുണ്ഡനം, അവസാനം ക-അബക്ക് ചുറ്റും വീണ്ടും. ചലനാത്മകതയുള്ള ആരാധന!! അതെ ദൈവം അതാണ് വിശ്വാസിയോട് ആവശ്യപെടുന്നത്. അവനു വേണ്ടിയുള്ള നിരന്തര പ്രവർത്തനം. ഒന്നിൽ നിന്നും വിരമിച്ചാൽ അടുത്തത്. ചലിക്കാതെ കിടക്കുന്ന വെള്ളം ചീഞ്ഞു നാറുന്നു.
              ഹജ്ജ്, സമൂഹികതയാണ് :
അത് പ്രഖ്യാപിക്കുന്നു - ഏകാന്തതയും, സന്ന്യാസവും മനുഷ്യ വിരുദ്ധമാണ്. ആരാധനകൾ സാമൂഹികമാണ്. അതെ നമസ്ക്കാരവും, നോമ്പും, സക്കാത്തും, ഹജ്ജും എല്ലാം സാമൂഹികമായാണ് നിർവ്വഹിക്കേണ്ടത്. മനുഷ്യരിൽ നിന്നും അകന്നല്ല നാം ജീവിക്കേണ്ടത്.  അവരിൽ ഒരാളായി.  ഇടകലർന്ന്.അവരുടെ സുഖ-ദുഖങ്ങളറിഞ്ഞ്. 
             ഹജ്ജ്, മുഴുവൻ ആരാധനകളുടെയും സത്ത :  
നമസ്ക്കാരം-ദൈവത്തെക്കുറിച്ച് ഒർമപെടുത്തൽ, 
നോമ്പ്- ലൈംഗീകത, അശ്ലീലത, ആഡംഭരം, വേട്ട തുടങ്ങിയവ്യ്ക്കുള്ള നിയന്ത്രണം.
സക്കാത്ത്- ബലി മ്യഗത്തിനായ് സമ്പത്തു ചെലവഴിക്കുന്നു. അതിന്റെ മാംസം ദാനം ചെയ്യുന്നു.
             ഹജ്ജ്, ചരിത്രത്തിന്റെ ആവർത്തനം :
അതെ ചരിത്രം ആവർത്തിക്കില്ല എന്നു നാം പറയുന്നു. ഇവിടെ അത് തിരുത്തി എഴുതുന്നു. 4500 വർഷങ്ങൾക്ക് മുമ്പുള്ള ചരിത്രം. ഒരു പിതാവ്, ഒരു മാതാവ്, ഒരു പുത്രൻ. സമൂഹത്തിൽ കുടുംബത്തിന്റെ പ്രധാന്യം ഊന്നിപ്പറയുന്നു.
              ഇബ്രാഹീം(അ), ത്യാഗിയായ പിതാവ് :
ഇറാഖിലെ ഊർ പട്ടണത്തിൽ ജനനം. വികല വിശ്വാസങ്ങൾക്കും, പൌരോഹിത്യത്തിനും(ആസർ), സ്വേച്ഛാധിപത്യ ഭരണത്തിനും(നം റൂദ്) എതിരെ പട പൊരുതി. അല്ലഹുവിനെ അനുസരിക്കുന്നവരിൽ ഒന്നാമൻ. തീവ്ര പരീക്ഷണങ്ങൾക്ക് ഇരയായി. നാടും വീടും വിട്ട് പാലായനം ചെയ്തു. സിറിയ, ഫലസ്തീൻ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിൽ പ്രബോധനം നടത്തി. അവസാനം മക്കയിലെ ജനശൂന്യമായ തഴ്വരയിൽ.
             ഇസ്മാഈൽ(അ) , അനുസരണ ശീലനായ മകൻ : 
  പുത്ര ബലിക്ക് ദൈവ നിർദ്ധേശം. സമർപ്പണത്തിന്റെ സന്നദ്ധത. അതെ നിങ്ങളേടുള്ള ചോദ്യം- ദൈവ കല്പനക്കും, അവനോടുള്ള അനുസരണത്തിന്നും, സമർപ്പണത്തിന്നും സന്നദ്ധമാണോ??
           ഹാജറ , ദൈവത്താൽ ആദരിക്കപ്പെട്ട അടിമ സ്ത്രീ : 
 കറുകറുത്തവൾ, ആഫ്രിക്കൻ അടിമ, ദരിദ്ര, പിന്നെ സ്ത്രീയും. നോക്കൂ ഇന്നും നമ്മുടെ മനസ്സും, സമൂഹവും ഔന്ന്യത്തിന്റ് ലക്ഷണങ്ങളായി ഇവയൊന്നും എണ്ണാറില്ല. എല്ലാം അടിമത്വത്തിന്റെയും, നീചത്വത്തിന്റെയും ലക്ഷണങ്ങൾ. പക്ഷേ അല്ലാഹുവിന്റെ അടുക്കൽ ഹാജറ ഉന്നത സോപാനത്തിൽ. ഇതിലൂടെ ഇസ്ലാം വർണ്ണം, ജാതി, കുലം, ആഡ്യത തുടങ്ങിയവയുടെ വേരറുക്കുന്നു.
          ഹ ജ്ജിൽ നിങ്ങൾ ഒരോരുത്തരും ഇബ്രഹീം(അ),ഇസ്മായിൽ(അ),ഹാജറ(റ) എന്നിവരായി മാറുകയാണ്. 
           ക-അബ , മനുഷ്യർക്കായി ഉയർത്തിയ ആദ്യത്തെ ദൈവ മന്ദിരo:
ലോകത്തിലെ എല്ലാ പള്ളികളുടെയും കേന്ദ്രം. ലളിത രൂപം. പക്ഷെ ഗംഭീരം. ശില്പചാരുതകളില്ല. കാണിക്കകളോ, അർച്ചനകളോ വേണ്ട. ദൈവത്തിനുള്ള സമർപ്പണം അത്ര മാത്രം. ഏകാത്മകതയുടെ പ്രതീകം.
            മക്ക, നിർഭയ പട്ടണം:
പ്രശാന്തം. ജനശൂന്യമായ മരുഭൂമി ജനനിബിഡമായ പട്ടണമായിമാറി. ഇസ്മായിലെന്ന പിഞ്ചുകുഞ്ഞിന്റെ കാലടിയിലെ ഭൂമിയിൽ നിന്നു പുറത്തു വന്ന സംസം നീരുറവ. അടിമയായ ഹാജറയുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയുടെ ദൈവ സാഫല്യം. അതെ, ജലം, ഒരു പട്ടണത്തിന്റെയും, നാഗരികതയുടെയും വികസനത്തിന്റെ അടിത്തറയായി മാറുന്നു. ഒർക്കുക ഇനിയൊരു ലോക യുദ്ധമുണ്ടാകുമെങ്കിൽ അത് ജലത്തിന്ന് വേണ്ടിയാകും. 
           ഇഹ്-റാം , ലാളിത്യത്തിന്റെ വേഷം :
  ദേശീയ വേഷങ്ങൾക്ക് സ്ഥാനമില്ല. വിവിധ മുദ്രാവക്ക്യങ്ങളില്ല. ദൈവത്തിന്റെ മുന്നിൽ നിങ്ങൾ എല്ലാവരും ദരിദ്രർ(ഫക്കീർ). അവന്റെ ആശ്രിതർ. രണ്ട് കഷണം കഫൻ തുണി മാത്രം സ്വന്തമായുള്ളവർ. ഇഹ്റാം സമത്വം, സാഹോദര്യം വിളംബരം ചെയ്യുന്നു. 
           ത്വവാഫ് (പ്രദക്ഷിണം), പ്രപഞ്ചത്തിന്റെ താളം:
എതിർ ഘടികാര ദിശയിലെ (Anti Clockwise Direction) നിരന്തരമായ കറക്കം. അതിസൂക്ഷമമായ ആറ്റത്തിന്റെ കേന്ദ്രത്തിന്നു ചുറ്റും ഇലക്ട്രോണുകൾ, അണ്ഡത്തിന്നു ചുറ്റും ബീജം, ഭൂമി ഉൾപെടെ പ്രപഞ്ചത്തിലെ കോടാനു കോടി ഗ്രഹങ്ങളും ഗോളങ്ങളും. എല്ലാം ഒരേ ദിശയിൽ. കറക്കം സർവത്ര കറക്കം. പ്രക്യതിയോടുള്ള ഐക്യദാർഡ്യം. നിങ്ങൾ പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. ജീവിതത്തിന്റെ തിക്കിലും,തിരക്കിലും വിട്ടുവീഴ്ചയില്ലാത്ത സമ്പൂർണ്ണമായ ദൈവാസരണവും, സമർപ്പണവും ത്വവാഫ്  നമ്മോട് ആവശ്യപെടുന്നു.   
            സഫാ-മർവ്വ, തളരാത്ത പാദങ്ങൾ :
ഇബ്രാഹീം(അ), ഇസ്മായിൽ(അ), ഹാജറ(റ) തുടങ്ങിയവരുടെ മാർഗ്ഗമാണ് തന്റെതെന്നും, ആ മാർഗ്ഗത്തിലൂടെയുള്ള ലക്ഷ്യത്തിലേക്കുള്ള ചലനത്തിൽ(പ്രവർത്തനത്തിൽ) തന്റെ പാദം തളരുകയില്ലെന്നുള്ള ദ്യഡനിശ്ചയത്തിന്റെ പ്രകടനം.
         അറഫ , വിശ്വ മാനവിക ഐക്യത്തിന്റെയും, വിമോചനത്തിന്റെയും പ്രതീകം:
ആദം നബി(അ) മുതൽ മുഹമ്മദ് നബി(സ) വരെയുള്ള പ്രവാചക പരമ്പരയുടെ എണ്ണവും, മുഹമ്മദ് നബി(സ) യുടെ അവസാന പ്രസംഗത്തിൽ സന്നിഹിതരായ അനുയായികളുടെ എണ്ണവും ഒരുലക്ഷത്തിലധികം. ഇത് ഒരു പ്രതീകമാണ്. പ്രവാചക സന്ദേശം ഒരു ഒഴുക്കാണ്. ലോകാവസാനം വരേക്കും. അറഫയുടെ സന്ദേശം വിമോചനമാണ്. പലിശയുടെ അടിത്തറയിലുള്ള സാമ്പത്തിക വ്യവസ്ഥയിൽ നിന്നും, സ്ത്രീയെ ഉല്പന്നമായി കാണുന്ന പാശ്ചാത്യൻ ചിന്തയിൽ നിന്നും, വർണ്ണ-ഭാഷ-ദേശ-ജാതി-സമുദായ ഉച്ചനീചത്തങ്ങളിൽ നിന്നും മനുഷ്യ സമൂഹത്തിന്റെ പൂർണ്ണമായ മോചനം (നബി (സ)യുടെ അവസാന പ്രസംഗം കാണുക). ഒരോ അറഫയും മനുഷ്യ ലോകത്തോട് വിളിച്ച് പറയുന്നു-സ്വാർത്ഥ, സങ്കുചിത, കുടില, കപട ചിന്തകളുടെ കെട്ടുനാറിയ ഓടകളിൽ മുങ്ങി നിൽക്കുന്നവരേ, നിങ്ങളുടെ വിമോചനം ഇതിലെ, ഇതിലേ മാത്രം.
             മുസ്-ദലിഫയിലെ രാപാർക്കൽ, ഒരു പലോകയാത്ര : 
 മനുഷ്യന്റെ നിസ്സാരതയും, ജീവിതത്തിന്റെ നശ്വരതയും, ജീവിതയാത്രയിൽ താൻ അഭയാർത്ഥിയാണെന്ന ബോധവും, പരലോകത്തിന്റെ അനശ്വരതയും, മുസ്-ദലിഫയിലെ രാത്രിലുള്ള അവന്റെ മണ്ണിലുള്ള കിടത്തം അവനെ ഓർമിപ്പിക്കുന്നു. 
            ജമ്രയിലെ കല്ലേറ് , പൈശാചിക ശക്തികൾക്ക് എതിരെയുള്ള പോരാട്ടം:

മൂന്ന്  ജമ്രകൾ മൂന്ന് പൈശാചിക പ്രതീകങ്ങൾ. ഒന്ന്-പൌരോഹിത്യം(ആസർ). രണ്ട്-അധികാരം(നമ്രൂദ്). മൂന്ന്-സമ്പത്ത് (ഖാറൂൻ). മനുഷ്യ വംശത്തിന്റെ  മുതുകിൽ എന്നും ഇരുമ്പ് നുകങ്ങളുടെ ഭാരങ്ങളും, വരിഞ്ഞു മുറുക്കുന്ന ചങ്ങലക്കെട്ടുകളും എടുത്ത് വെക്കുന്ന ഈ മൂന്ന് പ്രതീകങ്ങൾക്ക് നേരെയുള്ള നിരന്തരമായ ജീവിത പോരാട്ടത്തിന്റെ ആവശ്യകത ജമ്ര നമ്മെ ഉണർത്തുന്നു
            ഈദ് (ബലി പെരുന്നാൾ) , സമർപ്പണത്തിന്റെ ആഘോഷം :

                ഇബ്രാഹീം നബിയുടെ മേലുണ്ടായ അവസാന പരീക്ഷണമായ പുത്ര ബലിയിലെ സമർപ്പണ സന്നദ്ധതയ്ക്കുള്ള പ്രതിഫലമാണ് ഈദ്. മഹത്തായ ഒരു ബലിക്ക് പകരം അല്ലാഹു ഇസ്മാഇൽ (അ)യെ ബലിപീഡത്തിൽ നിന്നും മോചിപ്പിക്കുന്നു. ഇബ്രാഹീം നബി(അ)യെ ലോക ജനതയുടെ നേതാവാക്കിയതും, ക-അബ നിർമ്മിക്കനുള്ള ഉത്തരവുണ്ടായതും ഈ പരീക്ഷണ വിജയത്തിന്ന് ശേഷമാണ്.
         “ബലി മ്യഗത്തിന്റെ രക്തമോ, മാംസമോ അല്ലാഹുവിന്റെ അടുക്കൽ എത്തുകയില്ല. മറിച്ച് നിങ്ങളുടെ തഖ്-വയാണ് അവനിൽ എത്തുന്നത്”(അൽ ബഖറ). അതെ നിങ്ങളുടെ ത്യാഗ-പരിശ്രമങ്ങളും, അതിനായുള്ള സന്നദ്ധതയും മാത്രമെ ദൈവത്തിന്നു വേണ്ടൂ.