2014, മേയ് 11, ഞായറാഴ്‌ച

ദൃശ്യം എന്ന സിനിമ: അറിവിൻറെ ഉറവിടം മാറുന്നുവോ ??

                                                                                                                  - Abid ali Padanna
ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ചു മോഹന്ലാലും മീനയും അഭിനയിച്ച ദൃശ്യം എന്ന സിനിമ വ്യത്യസ്തമായ ഒരു കുടുംബ ത്രില്ലറിന്റെ കഥ പറയുന്നു.

മുമ്പ് നമുക്ക്  ദ്രിശ്യങ്ങൾ സൂക്ഷിക്കാൻ സാധിച്ചിരുന്നില്ല .പിന്നെ ഫോട്ടോകളുടെ കാലം വന്നു .അത് കഴിഞ്ഞു സിനിമകളിലൂടെ ദ്രിശ്യ ആവിഷ്ക്കാരങ്ങൾ ഉണ്ടായി തുടങ്ങി.പിന്നെ ദ്രിശ്യ മാധ്യമങ്ങൾ പുതിയ ഒരു ലോകം നമുക്ക് തുറന്നു തന്നു  . മൊബൈലിന്റെ വരവോടെ ഏതു സാധാരണക്കാരന്റെ കയ്യിലും ചലന ദ്രിശ്യങ്ങള്‍ കൂടി സൂക്ഷിക്കാവുന്ന രീതിയായി ,അത് വന്നതോട് കൂടി അതുമായി ബന്ധപ്പെട്ട മനുഷ്യന്റെ പ്രശ്നങ്ങളും കൂടി വന്നു .

മനുഷ്യൻ പുതിയത് നിര്മ്മിചെടുക്കാൻ കഴിവുള്ളവനാണ്‌ . പുതിയ സാങ്കേതിക കണ്ടുപിടുത്തങ്ങൾ മനുഷ്യ ജീവിതത്തിൽ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് .അതു ചിലപ്പോള്‍ ധാർമീകവും സാമൂഹികവും ,നിയമപരം ,സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. അവസാനം അതും തരണം ചെയ്യേണ്ട പുതിയ ബാധ്യത കൂടി മനുഷ്യന്റെ തലയില വന്നു ചേരുന്നു .




ഈ ഒരു പശ്ചാത്തലത്തിൽ സിനിമ പ്രേക്ഷകനോട് പറയുന്നത് എന്തൊക്കെഎന്ന്പരിശോധിക്കാം ......
1 . ദൃശ്യം എന്ന അറിവ്  :
വായന മരിക്കുന്നു ,ദ്രിശ്യങ്ങൾ അറിവിന്റെ അടിസ്ഥാനമാകുന്നു എന്ന് സിനിമ പറയുന്നു.
അഥവാ വായനയിൽ നിന്ന് കാഴ്ചയിലേക്ക് മാറുന്ന അറിവുകൾ . നിലവിലെ പത്രവായന അസത്യം കൂടി ചേർന്നതാണെന്നും ,ദ്രിശ്യ മാധ്യമങ്ങൾ ആണ് യഥാർത അറിവിന്റെ അടിസ്ഥാനം എന്നും കാണാം . എന്ന് വെച്ചാൽ നാം കേൾക്കുന്നതും വായിക്കുന്നതും കളവുകൾ ആവാം ,എന്നാൽ കണ്ണ് കൊണ്ട് കാണുന്നത് നമുക്ക് നിഷേധിക്കാൻ കഴിയില്ലഎന്നർഥം .
സിനിമ എന്ന ദ്രിശ്യങ്ങളുടെ കൂട്ടമാണ്‌ ജോര്ജ്ജുട്ടിക്ക് (മോഹൻ ലാലിന് ) ബുദ്ധിയും സാമർത്യവും നല്കുന്നത് .തന്റെ ആ അറിവാണ് നിയമത്തെ പോലും പരാജയപ്പെടുത്താൻ  അദ്ദേഹത്തെ പ്രാപ്തനാക്കുന്നത്.
എന്നാൽ അതേ പോലെയുള്ള  ഒരു ദ്രിശ്യത്തിന്റെ പേരിലാണ് മകൾ  ട്രാപ്പിൽ പെട്ട് പോകുന്നതും 

നാലാം  ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള  ജോർജ്ജുട്ടി (മോഹൻലാൽ ) തന്റെ കാഴ്ചയിൽ താൻ നേടിയ അറിവുകളെ അനുഭവം ആക്കിയ വ്യക്തിയാണ് . വിജ്ഞാനം എന്നത് അനുഭവം ആണെന്ന് സിനിമ പറയുന്നു . അതേ സമയം പണം കൊടുത്തു മക്കളെ പഠിപ്പിക്കുന്ന ഇന്നത്തെ വിദ്യാഭ്യാസം തിരിച്ചറിവ് നല്കുന്നില്ല എന്ന പാഠവും സിനിമ നല്കുന്നു .മൊബൈൽ ഫോട്ടോകളെ കുറിച്ച് ജോര്ജ്ജുകുട്ടി യുടെ മകളുടെ(അന്സിബ) അഭിപ്രായവും  ,അവളുടെ തന്നെ വീഡിയോ പിടിക്കുന്ന വിദ്യാർഥി(സിദ്ധീകിന്റെ മകൻ )യുടെ ധാർമീക നിലവാരവും വിദ്യാഭ്യാസത്തിന്റെ പരിമിതി തന്നെ . (നിലവാരമുള്ള ഇംഗ്ലീഷ്  മീഡിയം സ്കൂളിനെ കുറിച്ചുള്ള ചര്ച്ചകളും ചേർത്തു വായിക്കുക) 

2 .ദൃശ്യം എന്ന തെളിവ് :

അത് പോലെ നിയമങ്ങളുടെ സാധുത എന്നത് തെളിവുകളാണ് .തെളിഞ്ഞ ദ്രിശ്യങ്ങൾ ആണ് യഥാര്ത തെളിവ് . തന്റെ ഭാഗം സംശയ രഹിതമാക്കാൻ ജോര്ജ്ജൂട്ടി  തന്റെ ചുറ്റുമുള്ളവരുടെ മനസ്സിലും കണ്ണിലും ചില ദ്രിശ്യങ്ങൾ നിർമ്മിക്കുകയാണ് ചെയ്യുന്നത് .ആ ദ്രിശ്യങ്ങളാണ് തനിക്കു അനുകൂലമായ തെളിവുകളായി അദ്ദേഹം മാറ്റുന്നത് .

3  .ഭയത്തെ മറികടക്കുക   : ഭയം എന്ന വികാരം വളരെ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു . സ്വയം ബോധ്യപ്പെടുതലിലൂടെയും നിശ്ചയധാർഡ്യത്തിലൂടെയും ഭയം എന്ന വികാരത്തെ മനസ്സില് നിന്ന് ഇല്ലയ്മചെയ്യാം. മുഖഭാവം, സംസാര രീതി തുടങ്ങിയവ ഉൾഭയത്തെ പുറത്തു കാണിക്കുന്ന കണ്ണാടികൾ ആണ് .ഭയത്തെ മറികടന്നവൻ വിജയിച്ചു.അതിനുള്ള കരുത്ത് സിനിമ പ്രേക്ഷകന് നല്കുന്നുണ്ട് .

4 . സദാചാരം :
നാം നേരിടുന്ന ഏറ്റവും ഭീകരമായ സദാചാര പ്രശനം സ്ത്രീ വിരുദ്ധതയാണ് . സ്ത്രീ കളോട് എന്ത് നിലപാട് സ്വീകരിക്കണം എന്ന ഒരു ഗൗരവമായ ചിന്ത സിനിമ ഉണര്ത്തുന്നുണ്ട് .
കുടുംബാംഗം  എന്ന സ്ത്രീ
ആർഭാടങ്ങൾ ആഗ്രഹിക്കുന്ന സ്ത്രീ
ഭർത്താവിന്നു മാത്രം ഉള്ള സ്ത്രീ
വീട്ടു ഭരണം നടത്തുന്നവൾ എന്ന സ്ത്രീീ
ട്രാപ്പിൽ പെട്ട് പോകുന്ന സ്ത്രീ
മാനം ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീ
ഉയർന്ന ഉദ്യോഗം വഹിക്കാൻ പറ്റുന്ന സ്ത്രീ .
ഉറച്ച നിലാടുള്ള സ്ത്രീ
ഒത്തൊരുമ ഉള്ള സ്ത്രീ.
സ്ത്രീകളുടെ ഈ നിലകൾ സിനിമ വരച്ചു കാട്ടുന്നു


5. അമ്മമാർ നേരിടുന്ന വെല്ലു വിളി :

മകന്റെ കാര്യത്തിൽ  സമ്പൂർണ്ണ പരാജയം സംഭവിക്കുന്ന അമ്മ(സിദ്ധീഖിന്റെ ഭാര്യ). ഉയര്ന്ന ജോലിയും(ഡി ജി പി) ,വിദ്യാഭ്യാസവും ഉണ്ടായിട്ടും മകനെ നിയന്ത്രിക്കാൻ പറ്റാത്ത അമ്മ.
കുറഞ്ഞ വിദ്യാഭ്യാസം മാത്രം ഉള്ള മീന(മോഹന്ലാലിന്റെ ഭാര്യ )യും മകളുടെ കാര്യത്തിൽ പരാജയപ്പെടുകയാണ് . താൻ അകപ്പെട്ട ട്രാപ്പിനെ കുറിച്ച്  മകൾ അമ്മയോട് പറയുന്നില്ല .
അങ്ങിനെ ഒരു വിടവ് അമ്മയും മക്കളും തമ്മിൽ ഉണ്ടാകാവതല്ല എന്ന് സിനിമ ഓര്മിപ്പിക്കുന്നു .

അത് പോലെ നിലവിലെ വിദ്യാഭ്യാസം തിരിച്ചറിവ് നല്കില്ല എന്നും അനുഭവങ്ങളാണ്  യഥാര്ത അറിവ് എന്നും സിനിമ വീണ്ടും ഊന്നിപ്പറയുന്നു.

6 .പോലീസും സുരക്ഷിതത്വവും :
സുരക്ഷിതത്വം മനുഷ്യന്റെ ജന്മാവകാശമാണ് .ജീവൻ , മാനം ,സമ്പത്ത് എന്നിവയാണ് മനുഷ്യന് സംരക്ഷിക്കേണ്ടത് . വ്യക്തി ഓരോരുത്തനും അതിനു ബാധ്യസ്ഥനാണ് . സമൂഹത്തിന്റെ ആ ബാധ്യത സമൂഹം നല്കുന്നത് പോലീസിനാണ് . അവർ അത് നീതി പൂർവ്വം നിർവ്വഹിക്കുന്നില്ലെങ്കിൽ സമൂഹത്തിൽ അരാചകത്വം പടരും .
നമ്മുടെ സ്വകാര്യതകളിലേക്ക് കൂടി ദ്രിശ്യങ്ങൾ (മൊബൈൽ ക്യാമറകൾ )എത്തുന്നതോട് കൂടി, നാം അനുഭവിക്കുന്നത് ഒരു വലിയ സുരക്ഷിത്വത പ്രശനമാണ് . ഇതിൽ ഏറ്റവും കൂടുതൽ ഇരയാവുന്നത് സ്ത്രീകളും .അത് പോലെ നാട്ടിലും (കേബിൾ ടി വി യിലെ രാത്രി സിനിമകൾ) ,വീട്ടിലും, സ്വകാര്യതയിലും(കുളിമുറി)  സ്ത്രീ സുരക്ഷിത അല്ല എന്ന് സിനിമ പറയുന്നു . സുരക്ഷ നല്കാത്ത പോലീസിനെ സമൂഹം വിരട്ടി ഓടിക്കുകയാണ് ,അതെ സമയത്ത് ജനകീയ പോലീസിനെ ജനങ്ങൾ സ്വീകരിക്കുകയാണ് സിനിമയിൽ ചെയ്യുന്നത്

7. നിയമം :
നിയമങ്ങല്ക്ക് കണ്ണില്ല എന്നാണല്ലോ നാം പറയാറുള്ളത് . അതിനാലാണ് അത് കണ്ണ് മൂടി കെട്ടിയിരിക്കുന്നത് . നിരപരാധികൾ പോലും തെളിവ് അനുകൂലമല്ലെങ്കിൽ ശിക്ഷിക്കപ്പെടും.അപ്പോൾ നിയമത്തെ അതിജയിക്കേണ്ടത് ആവശ്യമായി വരും. അതിനും നിയമപരമായ മാര്ഗ്ഗം തന്നെയാണ് ഉപയോഗിക്കേണ്ടത് .നിയമ വിരുദ്ധതയെ നിയമതിന്റെ അടിയിൽ കുഴിച് മൂടുക എന്നതാണ് സിനിമയുടെ മറ്റൊരു സന്ദേശം .
ജോര്ജ്ജൂട്ടി ശവം മാറ്റിക്കുഴിചിടുന്നത് പോലീസ് സ്റ്റേഷനിൽ ആണെന്നത് കാണുക .

8 . മീഡിയ :
ജന വികാരത്തിന് അനുകൂലമായ മീഡിയ മാറ്റങ്ങൾ ,സാധാരണ പോലീസ് നല്കുന്ന വാർത്തയാണ് മീഡിയകൾക്ക് വേദവാക്യം .ജനക്കൂട്ടവും ,അനുകമ്പയും ഉള്ളിടതെക്ക്  മീഡിയ വഴി മാറിപ്പോകുന്നത് സിനിമ വരച്ചു കാട്ടുന്നു .

9 . ശരി തെറ്റുകൾക്കിടയിലെ ശരികള്‍ :

ശരിയും തെറ്റും വളരെ വ്യക്തമാണ് .എന്നാൽ ചിലപ്പോൾ നമുക്ക് ശരി തെറ്റുകളെ വേർതിരിക്കാൻ പറ്റാത്ത വിഷമ ഘട്ടങ്ങൾ വന്നു ചേരാം .ചിലപ്പോൾ  ചില തെറ്റുകൾ ശരി ആയി ഭവിക്കും . അത് നിയമത്തിന്റെ മുന്നില് തെറ്റാണ് എങ്കിലും ,നിയമം നിലനില്ക്കുന്നത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് .നിയമം ശാശ്വതമായ ഒരു സത്യമല്ല .അതിനാൽ അത് എന്നും സത്യത്തിന്റെ കൂടെ നില്ക്കണം എന്നില്ല .കളവ് പറയുക എന്നത് നിയമ വിരുദ്ധവും തിന്മയും ആണ് .എന്നാൽ ചില കളവുകൾ സമൂഹ നന്മക്ക് ആവശ്യമായി വരും . നമ്മുടെ മുന്നില് രണ്ടു തിന്മകൾ വരുമ്പോൾ താരതമ്യേന കുറഞ്ഞ തിന്മ തെരഞ്ഞെടുക്കുക എന്നത് നിർബന്ധമായി വരും . അത്തരം സന്ദർഭങ്ങളിൽ അതാണ്‌ നന്മ.
 
10 .ഒത്തൊരുമയും കുടുംബവും :
കുടുംബമാണ് സമൂഹത്തിന്റെ ആണിക്കല്ല് . അതിന്റെ അസ്ഥിവാരത്തെ തകര്ക്കുന്ന എന്തും തിന്മയാണ് .ഒത്തൊരുമയും നിശ്ചയ ദാര്ദ്യവും അതിനെ മറികടക്കാൻ ആവശ്യമാണ്‌ .ഏതൊരു  കുടുംബത്തിൻറെ നിലനിൽപ്പിനു അത്യാവശ്യം ആണതു  .അങ്ങിനെ ഉണ്ടെങ്കിൽ  ഇതു കടുത്ത ജീവിത പ്രതിസന്ധിയും മറികടക്കാൻ കഴിയും എന്ന സന്ദേശവും ,ഒര്മാപ്പെടുത്തലും സിനിമ നല്കുന്നു .

നോട്ട് : സിനിമാ വിശകലനം അല്ലെങ്കിൽ നിരൂപണംഎന്നാൽ കുറെ കുറവുകൾ കണ്ടെത്തുക എന്നതിന് പകരം അതിൽ നിന്നും അല്പം നന്മ സമൂഹത്തിനു  പകരുക എന്ന ഉദ്ദേശത്തിലാണ് ഇത്രവും ഇവിടെ കുറിച്ചിട്ടത്‌ .