2013, മാർച്ച് 4, തിങ്കളാഴ്‌ച

അറബു സംസ്ക്കാരം ഇസ്ലാമിക സംസ്കാരമാണോ ??

-Abid Ali padanna 
        അറബ് സംസ്കാരവും  ഇസ്ലാമിക സംസ്ക്കാരവും തമ്മിലുള്ള വ്യത്യാസമെന്ത്? അവ തമ്മില്‍ വല്ല ബന്ധവും ഉണ്ടോ ?ഉണ്ടെങ്കില്‍ എന്ത്? ഇതു മനസ്സിലാക്കിയില്ലെങ്കില്‍ വല്ല കുഴപ്പവും ഉണ്ടോ?ഉണ്ടെങ്കില്‍ എന്ത് ?ഇവ രണ്ടും വേര്‍തിരിച്ചു മനസ്സിലാക്കാത്തതിന്റെ കുഴപ്പം പലപ്പോഴും പല രീതിയിലായി സമൂഹത്തില്‍ പൊങ്ങി വരാറുണ്ട്.അധികമാളുകളും അറബികളുടെ ശീലങ്ങള്‍ ഇസ്ലാമിക ശീലങ്ങളായി തെറ്റിദ്ധരിക്കുകയും അതുമൂലം പല  കുഴപ്പങ്ങളില്‍ ചാടുകകയും ചെയ്യുന്നു.
അല്പം വിശദീകരിക്കാം. 
അറബ് വേഷം 
       ഒരു സമൂഹത്തിന്റെ സംസ്ക്കാരത്തെ അടയാളപ്പെടുത്തുന്ന കാര്യങ്ങള്‍ ഇവയാണ്.
1)ഭാഷ
2)കല
3)ഭക്ഷണരീതികള്‍ 
4)വസ്ത്ര-വേഷങ്ങള്‍
5)പാര്‍പ്പിടരീതികള്‍
ഇവസൂക്ഷമമായി നിരീക്ഷിച്ചാല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് പെട്ടന്ന് മനസ്സിലാക്കാം. 
ഭാഷ
     മുഹമ്മദ്‌ നബി ജനിച്ചത് അറേബ്യയില്‍ ആയിരുന്നു .ഖുര്‍ആന്‍ അവതരിച്ചതും അറബി ഭാഷയില്‍ തന്നെ.ഇസ്ലാമിനെ കുറിച്ച് സാമാന്യം മനസ്സിലാക്കാന്‍ അല്പം അറബി ഭാഷ പഠിക്കേണ്ടതുണ്ട് .ശരി തന്നെ .എന്നാല്‍ എല്ലാ മുസ്ലിംകളും അറബി ഭാഷ തങ്ങളുടെ സംസാര ഭാഷയാക്കി മാറ്റാന്‍ ഇസ്ലാം കല്പിക്കുന്നില്ല .അതിനാലാണ്  അറബി ഭാഷ സംസരിക്കാത്ത മുസ്ലിംകള്‍ ലോകത്ത് കൂടുതല്‍ ഉണ്ടായതു . ലോകത്ത് മുസ്ലിം ജന സംഖ്യ 1570 മില്യണ്‍ ആണെങ്കില്‍ അതില്‍  അറബ്  ഭാഷ സംസാരിക്കുന്ന മുസ്ലിംകള്‍  260 മില്യണ്‍ മാത്രമേ വരികയുള്ളൂ.അറബി ഭാഷയെ അറബികളുടെ ഭാഷ എന്നെല്ലാതെ ലോക മുസ്ലിംകളെല്ലാം അറബി ഭാഷ സംസാരിക്കണമെന്ന് ഇസ്ലാം അടിച്ചേല്‍പ്പിക്കുന്നില്ല,നിങ്ങള്‍ക്ക് അറബി ഒരു ഭാഷയായി സ്വീകരിക്കാനുള്ള സ്വാതന്ത്രം ഉണ്ടെങ്കിലും. 
വസ്ത്രം-വേഷം 
      അറബികളിലെ പുരുഷന്മാരുടെ  വേഷം ഇസ്ലാമിക വേഷമായി ആരും വ്യാഖ്യനിക്കാറില്ല.അത് ഇസ്ലാമിന്നു എതിരാകുന്നില്ല എന്ന് മാത്രം.അതിനാല്‍ ലോകത്തിന്റെ മറ്റു ഭാഗത്തുള്ളവര്‍ വ്യത്യസ്ത വസ്ത്ര രീതികള്‍ സ്വീകരിക്കുന്നത് ഇസ്ലാം വിലക്കുന്നില്ല.പാകിസ്ഥാനികളും, ഉത്തരേന്ത്യന്‍ മുസ്ലിംകളും കുര്‍ത്ത, പൈജാമ ധരിക്കുന്നതും,ബംഗ്ലാദേശുകാരും, മലയാളികളും ഷര്‍ട്ട്, മുണ്ട് എന്നിവ ധരിക്കുന്നതും ഇസ്ലാം വിലക്കുന്നില്ലല്ലോ?അത് പോലെ തന്നെ അറബികള്‍ കന്തൂറയും(തൗബ്), കത്രയും,അഗാലും(Agal)ധരിക്കുന്നു എന്ന് മാത്രം.അതിന്നു ഇസ്ലാമികമായ മാനം നല്‍കേണ്ടതില്ല.
അറബ് ,പാക്കിസ്ഥാന്‍ ,ടുനേഷ്യന്‍ ,ബംഗ്ലാദേശ് വേഷങ്ങള്‍ 
       ഇനി അറബി സ്ത്രീകള്‍ പൊതുവേ കറുത്ത അബായയും ചിലപ്പോള്‍ ഇരുമ്പ് കവചം കൊണ്ടോ,കറുത്ത തട്ടം കൊണ്ടോ മുഖവും മറക്കുന്നു.ഇതില്‍ തലയും ശരീരവും മറക്കുന്ന അബായ ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനാല്‍ ലോകത്ത് പ്രചാരണം നേടി എടുത്തു.എന്തെങ്കിലും വസ്തു ഉപയോഗിച്ചു മുഖം മറക്കുക എന്നത് ഒരു അറബി സംസ്കാരമായി മാത്രം കാണേണ്ടതാണ്.അത് എല്ലാവരിലും ഇസ്ലാമിക ശസനയായി അടിച്ചെല്പിക്കുന്നവര്‍ മലയാളികളായ പുരുഷന്മാര്‍ കന്തൂറയും കത്രയും ,അഗാലും ധരിക്കണമെന്ന് പറയാന്‍ ധൈര്യപ്പെടാത്തത് എന്ത് കൊണ്ട്?
ആഫ്രിക്കന്‍ - അറബ് വേഷ വൈവിധ്യങ്ങള്‍ 
വേഷ വൈവിധ്യങ്ങള്‍ -ചൈന,ഫിലിപ്പിന്‍സ് ,മലേഷ്യ ,ജപ്പാന്‍ ,കാശ്മീര്‍ ,കേരള ,കിര്‍ഗിസ്ഥാന്‍ ,ഉസ്ബക് ,റഷ്യ 
      മലയാളി മാപ്പിള പെണ്ണുങ്ങളുടെ കാച്ചി മുണ്ടും,കുപ്പായവും ഇസ്ലാമിക വേഷം തന്നെയല്ലേ? അത് പോലെ ഉത്തരേന്ത്യന്‍ മുസ്ലിം സ്ത്രീകളുടെ സല്‍വാരും കമ്മീസും.അങ്ങിനെ ഇന്ത്യോനേഷ്യ മുതല്‍ ,ഫിലിപ്പിന്‍സ് ,ഫലസ്തീന്‍ തുടങ്ങിയ എല്ലാ രാജ്യങ്ങളിലെയും സ്ത്രീ -പുരുഷ വേഷങ്ങള്‍ താരതമ്യം ചെയ്‌താല്‍ അത്ഭുതകരമായ വൈവിധ്യങ്ങള്‍ നിങ്ങള്‍ക്ക് കാണാം.
ആചാരങ്ങള്‍
അറബ് ചാരങ്ങളായ ഘഞ്ചര്‍ ,വടി 
     വാള്‍ ഉപയോഗിക്കുക എന്നത് പഴയ അറബ് സംസ്ക്കാരത്തിന്റെ ഭാഗമാണ്.അത് ഇസ്ലാമിക ആചാരമല്ല. കാരണം മുഹമ്മദ്‌ നബി  വരുന്നതിനു മുമ്പേ ഈ ആചാരം അറബികളുടെ ഭാഗമാണ്. അതിനാല്‍  ലോകത്തുള്ള മറ്റു മുസ്ലിംകള്‍ മുഴുവന്‍ വാളും കയ്യില്‍ പിടിച്ചു കൊണ്ട് നടക്കുന്നില്ല.ഇസ്ലാം അങ്ങിനെ കല്‍പ്പിക്കുന്നും ഇല്ല. അത്പോലെ വടി ,ചെറിയ വാള്‍ (ഘഞ്ചര്‍ /Dagger)   തുടങ്ങിയവയും അറബികള്‍ ആചാരമായി ഉപയോഗിക്കാറുണ്ട് . ആ ശീലങ്ങളും ഇസ്ലാം ആരോടും കല്‍പ്പിക്കുന്നില്ല എന്നതല്ലേ സത്യം.യു..യിലെ അറബികള്‍ക്ക്  ഫാല്‍ക്കന്‍ പക്ഷികള്‍ അവരുടെ ജീവിത ഭാഗമാണ്.എന്നാല്‍ ഈ ശീലം നാം ആരും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാറില്ല.        
കല
നൃത്ത കലകള്‍ -സിന്ധി,സൗദി,യമന്‍ ,തുര്‍ക്കി 
  അറബികളുടെ സംഗീതം,സംഗീത ഉപകരണങ്ങള്‍ ,നൃത്ത രൂപങ്ങള്‍ എന്നിവ എന്ത് കൊണ്ട് നമ്മുടേതില്‍ നിന്ന് വ്യത്യസ്തമായി ?
ഉത്തരേന്ത്യയിലെ ഖവ്വാലി,കേരളത്തിലെ മാപ്പിളപ്പാട്ട്,ഒപ്പന  എന്നിവ  അറബി കലകള്‍   അല്ല . രണ്ടും തനതായ ഇന്ത്യന്‍ മുസ്ലിം പാശ്ചാത്തലത്തില്‍ വന്നതാണ് .ഇമാറാത്തി(യു..ഇ)അറബികളുടെ യോവാല(Yola),ഹബാന്‍   എന്ന നൃത്ത കലകള്‍ ,സൌദികളുടെ അര്‍ദ്ധ ഡാന്‍സ്(Al Ardha)എന്നിവ ഇസ്ലാമിക നൃത്തമല്ല .അങ്ങിനെ ആണെങ്കില്‍  ഇസ്ലാമിന്റെ കൂടെ ഇതൊക്കെ നമ്മുടെ നാട്ടില്‍ എത്തേണ്ടിയിരുന്നു. എന്നാല്‍ അങ്ങിനെ എത്തിയില്ല എന്നതാണ് സത്യം .  
ചൈനീസ് നൃത്ത രൂപം 

      മൊറോക്കോ  മുതല്‍ ഫിലിപ്പിന്‍സ് വരെയുള്ള രാജ്യങ്ങളിലെ നാടന്‍ കലാ രീതികളും, സംഗീത-നൃത്ത രൂപങ്ങളും വൈവിധ്യങ്ങള്‍ നിറഞ്ഞതും  അതിശയിപ്പിക്കുന്നതുമാണ്.ചില രാജ്യങ്ങളും അവിടുത്തെ നൃത്ത-സംഗീതവും  ഉദാഹരണമായി കാണുക.   
ഇന്ത്യ-ഖവ്വാലി-ഒപ്പന 

അള്‍ജീരിയ -റായ്
കുവൈത്ത് -സൌത്ത്
ഇറാഖ് -മഖാം
സൗദി -അര്‍ദ്ധ,അല്‍ ശിഹ്ബ ,മിസ്മര്‍ ,സംരി
യു..ഇ -യോല ,ഖയാലി
ലബനാന്‍ -ധബ്ക
ടുണിഷ്യ -മലീല,മലൗഫ് 
തുര്‍ക്കി -സയ്ബെക്
ഇന്ത്യോനേഷ്യ-സപിന്‍
ഭക്ഷണം
     അറബികളുടെ വ്യത്യസ്തമായ ഭക്ഷണ രീതി ലോകത്തുള്ള എല്ലാ മുസ്ലിംകളും സ്വീകരിക്കുന്നില്ല .നാം കേരളീയര്‍ ചോറും സാമ്പാറും കഴിക്കുമ്പോള്‍  അറബികള്‍
ഗാവ ,ഈത്തപ്പഴം, റൊട്ടി ,ഒലിവ് ,അത്തിപ്പഴം  ,ഒട്ടകപ്പാല്‍ തുടങ്ങിയവ ഭക്ഷണ സാധനങ്ങളായി ഉപയോഗിക്കുന്നു.
പാര്‍പ്പിടം(വാസ്തു, ശില്പം)

      മുന്‍കാല അറബികളുടെ പാര്‍പ്പിട രീതി മറ്റു രാജ്യക്കാര്‍ അനുകരിച്ചിരുന്നില്ല.അവരവരുടെ രാജ്യത്തെ രീതികള്‍ അവര്‍ പിന്തുടര്‍ന്നു പോന്നു.വാസ്തു ചാരുതയും ,ശില്പ ഭംഗിയും വ്യത്യസ്തമായിരുന്നു .ഇത് എത്രത്തോളം  എന്നാല്‍ ,മുസ്ലിം പള്ളികള്‍ക്ക് പോലും ഏകമായ ഒരു രൂപം ഇസ്ലാം ഉണ്ടാക്കി വെച്ചില്ല . അനേക വര്‍ഷങ്ങള്‍ക്കു ശേഷമാണ് മിനാരങ്ങളും ഖുബ്ബകളും പള്ളികളുടെ മുകളില്‍ സ്ഥാനം പിടിക്കുന്നത്‌ .
മുസ്ലിം പള്ളി ചൈനയിലും കേരളത്തിലും

         അതിനാല്‍ കേരളത്തിലെ മുന്‍കാല പള്ളികള്‍ ക്ഷേത്ര ശില്പ മാത്രകയിലാണ് പണി കഴിപ്പിച്ചിരുന്നത് .അതില്‍ അറബ് രീതി കാണാത്തതിനാല്‍ അത് ഇസ്ലാമികം അല്ല എന്ന് ആരും വാദിക്കില്ല .അത് പോലെ തന്നെ ചൈന,ഇന്ത്യോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളും താരതമ്യം ചെയ്യുക.  
വൈവിധ്യങ്ങള്‍ ദൃഷ്ടാന്തങ്ങള്‍ 
     "ആകാശഭൂമികളുടെ സൃഷ്ടിപ്പ്, നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലെയും വൈവിധ്യം; ഇവയും അവന്റെ അടയാളങ്ങളില്‍പെട്ടവയാണ്. ഇതിലൊക്കെയും അറിവുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്."(ഖുര്‍ആന്‍ ,അദ്ധ്യായം 30,അറൂം(റോമക്കാര്‍ ):32)
ചിത്രങ്ങള്‍ :ഗൂഗിള്‍