2013, മേയ് 1, ബുധനാഴ്‌ച

ജനിതക ശാസ്ത്രത്തിന്റെ അതി'ജീവന'വും ഖുർആനിലെ ജീവനും

                                                                    -Abid ali TM Padanna
                സ്വയം ചലിക്കുന്ന വസ്തുക്കളെ നാം പൊതുവെ ജീവനുള്ളവ എന്ന് വിലയിരുത്തുന്നു . കല്ല്‌ മണ്ണ്,ഇരുമ്പ് ,ചെമ്പ്  ... ..തുടങ്ങിയവക്ക്  ജീവനില്ല എന്ന് നാം മനസ്സിലാക്കുന്നു കാരണം അവയ്ക്ക് സ്വയം ചലിക്കാനുള്ള കഴിവില്ല .അതിനാൽ  മൃഗങ്ങൾ,  മത്സ്യങ്ങൾ, പറവകൾ ,മറ്റു ജന്തു ജാലങ്ങൾ, സസ്യങ്ങൾ  തുടങ്ങിയവയ്ക്ക് ജീവനുണ്ട് എന്ന് നാം പറയുന്നു. മരണത്തോടെ  അവയുടെ  ചലന ശേഷി നഷ്ടമാകുന്നു .മനുഷ്യന്റെ കാര്യവും തഥൈവ .അത് പോലെ വളര്‍ച്ച ,ശ്വസനം ,പ്രതികരണം ,ഊര്‍ജ്ജം നിലനിർത്തുക തുടങ്ങിയവയും ജീവന്റെ ലക്ഷണങ്ങള്‍ ആയി നാം  കണക്കാക്കുന്നു .അപ്പോൾ എന്താണ് ഈ ജീവൻ ? എപ്പോഴാണ് ഈ ജീവൻ നമുക്ക് ലഭിക്കുന്നത് ?
ഒന്ന് പരിശോധിക്കാം....

സ്വഭാവ കൈമാറ്റം തലമുറകളിലൂടെ 
              തലമുറകളിലൂടെ പിതാവിൽ നിന്നും മാതാവിൽ നിന്നും മക്കളിലേക്ക് സ്വഭാവങ്ങൾ , വർണ്ണം, ശരീര സാദ്രിശ്യം തുടങ്ങിയവ കൈമാറ്റം ചെയ്യുന്നത് എങ്ങിനെ എന്ന് ചില ശാസ്ത്രജ്ഞൻമാർ തെളിയിച്ചിട്ടുണ്ട് .മനുഷ്യ  ശരീരം സൂക്ഷ്മമായ  കോശങ്ങളാ (Cell)ൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഒരു കോശത്തിന്റെ കേന്ദ്ര ഭാഗത്തെ  ന്യൂക്ളിയസ്സി(Nucleus)എന്ന് പറയുന്നു . അതിനകത്ത് ക്രോമസോം(Chromosome) തന്തുക്കക്കൾ ജോഡികളായി കാണപ്പെടുന്നു.46 ക്രോമസോം മനുഷ്യരിൽ കാണാം .  അവ നിർമ്മിചിട്ടുള്ളത് കോണി ആകൃതിയിലുള്ള ഇഴപിരിഞ്ഞു നില്ക്കുന്ന ഡി എൻ എ  സ്ട്രാണ്ട് (DNA Strand ) കൊണ്ടാണ് .
കോശം- ക്രോമസോം-DNA - ജീൻ  

                ഒരു ഡി എന്‍ എ യുടെ നിർമ്മാണം ഇരുവശത്തും ഫോസ്പറ്റ് (Phosphate ),ഷുഗർ (Sugar ) കൊണ്ടുള്ള നീണ്ട ചങ്ങല(Chain) കൊണ്ടും . ഇവകളെ തമ്മിൽ ബന്ധിപ്പിക്കുന്നത് നൈട്രോജിനസ്( Nitrogenous) ബയിസുകൾ(Nucleobase) ആണ് . ഇവ നാലെണ്ണം ഉണ്ട് .
1. Adenine
2.Thymin
3.Guanin
4.Cytosine
             ഇവയല്ലാം അടങ്ങിയ  ഡി എൻ എ (DNA) യുടെ ഏറ്റവും സൂക്ഷമമായ ഭാഗത്തെ ന്യൂക്ളിയോ ടൈഡുകള്‍ (Nucleotide)എന്ന് പറയുന്നു . ഇനി മറ്റൊരു ഭാഷയിൽ പറഞ്ഞാൽ  ന്യൂക്ളിയോ ടൈഡുകളുടെ നീണ്ട ചങ്ങലകളെ DNA എന്ന് പറയാം .

              ഇങ്ങനെ കുറെ  ന്യൂക്ളിയോ ടൈഡുകള്‍ കൂടി ഡി എൻ എ (DNA) യുടെ ഒരു ഭാഗത്തെ  നാം  ജീനുകൾ (Gene) എന്ന് വിളിക്കുന്നു .  പരസ്പരം ബന്ധിപ്പിക്കപ്പെട്ട  ന്യൂക്ളിയോബയിസുകളുടെ വ്യത്യസ്ത കൊമ്പിനേഷനുകളെ  കോഡോണുകൾ (Codon) കൾ  എന്ന് വിളിക്കാം . ഈ കോഡുകൾ കൊണ്ടാണ് ജീനുകളിൽ ഒരു മനുഷ്യ ജീവിക്ക് ആവശ്യമായ എല്ലാ നിർദേശങ്ങളും എഴുതി വെക്കപ്പെട്ടത്‌ .വെറും നാല് അക്ഷരങ്ങൾ കൊണ്ടാണ് ഇവ എഴുതിയത് .അതിനാൽ  ജീനുകളെ  ജീവപുസ്തകം എന്നും വിളിക്കാം.

            ഇതിൽ എഴുതിവെക്കപ്പെട്ടത് മുഴുവനും ഇതുവരെ അനാവരണം ചെയ്യപ്പെട്ടിട്ടില്ല . മനുഷ്യന്നു ആവശ്യമായ പ്രോട്ടീനുകൾ നിർമ്മിക്കുക എന്നതാണ് ജീനുകളുടെ ഒരു പ്രധാന ജോലി . പ്രോട്ടീനുകൾ നിർമ്മിച്ചിരിക്കുന്നത് അമിനോ അമ്ളങ്ങൾ(Amino Acids) കൊണ്ടാണ്.ജീനുകളിൽ മനുഷ്യന്നു ആവശ്യമായ 20 അമിനോ ആസിഡുകൾ നിർമ്മിക്കാൻ ആവശ്യമായ നിർദേശങ്ങൾ അടങ്ങിയിരിക്കുന്നു . ഊർജ്ജത്തെ (Energy ) ഉല്പാദിപ്പിക്കുന്നതിലും ,വഹിക്കുന്നതിലും ന്യൂക്ളിയോ ടൈഡുകള്‍ മുഖ്യമായ പങ്ക് വഹിക്കുന്നു 
ഒരു DNA രൂപം 
 
                  ഒരു ഭ്രൂണം വളർന്നു ഏതൊക്കെ അവയവങ്ങൾ ഉണ്ടാകണം,ആ അവയവങ്ങൾ എന്തൊക്കെ ധർമ്മം നിർവ്വഹിക്കണം , ഏതൊക്കെ സ്വഭാവ രൂപങ്ങൾ പ്രകടിപ്പിക്കണം തുടങ്ങിയവയെല്ലാം ജീനിൽ എഴുതിയിരിക്കുന്നു . ഈ കാര്യങ്ങൾ മക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു .ഇതിൽ ചിലത് ഒരു തലമുറയിൽ പ്രകടിപ്പിക്കുമ്പോൾ ചിലതു അടുത്ത തലമുറയിൽ മാത്രമേ പ്രകടമായി കാണുകയുള്ളൂ.
ഉദാ : പിതാവിന്റെ രൂപ സാദ്രിശ്യം മക്കളിൽ ഉണ്ടാവണം എന്നില്ല ,എന്നാൽ അത്  മക്കളുടെ മക്കളിൽ കാണാം .

ചുരുക്കി ,
      ഒരു കോശത്തിലെ ക്രോമസോം  സെറ്റുകളെ ജീനോം എന്ന് പറയാം . 23 ക്രോമസോമുകളിലായി 300 കോടി   ഡി.എൻ.എ ബയിസ് പെയറുകൾ (Base Pairs of DNA) അടങ്ങിയതാണ് മനുഷ്യ ജീനോം (human genome) .ജനിതക വിവരങ്ങൾ അടങ്ങിയിരിക്കുന്ന  ഒരു  കഷ്ണം ഡി എൻ  എ ഭാഗത്തെ നാം ജീൻ എന്ന് വിളിക്കുന്നു.ഒരു മനുഷ്യന്റെ എല്ലാ വിവരങ്ങളും ജീനിൽ അടങ്ങിയിരിക്കുന്നു .ഇതാണ് പാരമ്പര്യമായി അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് .


മനുഷ്യ ശരീരത്തിലെ ക്രോമാസോം ,അതിൽ  അടങ്ങിയിരിക്കുന്ന ജീനുകളുടെ എണ്ണം ,അവയിൽ അടങ്ങിയിരിക്കുന്ന ബയിസ്  പെയറുകൾ തുടങ്ങിയവയുടെ  ചാർട്ട് കാണുക 

ലിംഗ നിർണ്ണയം എങ്ങിനെ ??
            23 ജോഡി അഥവാ 46  ക്രോമസോമുകളാണ് മനുഷ്യ കോശത്തിൽ ഉള്ളത് . ഇതിൽ അവസാനത്തേത് സെക്സ് ക്രോമാസോം  എന്ന് പറയും .അവ രണ്ടുണ്ട്. x ,y. ഇതാണ് പുരുഷ -സ്ത്രീ ലിംഗ നിർ ണ്ണയത്തിന്റെ  ആധാരം .23 ആം നമ്പർ x x ആണെങ്കിൽ  സ്ത്രീയും ,x y ആണെങ്കിൽ  പുരുഷനും ആയിരിക്കും.
               അപ്പോൾ പുരുഷ ബീജത്തിൽ 4 6 ന്റെ പകുതി (2 2 +x) അല്ലെങ്കിൽ (2 2 +y)  എണ്ണം മാത്രമേ ക്രോമസോം ഉണ്ടാവുകയുള്ളൂ.അതു പോലെ സ്ത്രീയുടെ അണ്ഡത്തിൽ  4 6 ന്റെ പകുതി (2 2 +x) ക്രോമസോം മാത്രമേ ഉണ്ടാവുകയുള്ളൂ .
നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന ഏക ഏക കോശം അണ്ഡ(Ovum) മാണ്. 

ചുരുക്കി,
                പുരുഷ ബീജം ആണ് സ്ത്രീ -പുരുഷ ലിംഗ നിർണ്ണയം തീരുമാനിക്കുന്നത്. സ്ത്രീയുടെ അണ്ഡത്തിനു അതിൽ റോള് ഇല്ല .മനുഷ്യൻ തലമുറകളിലൂടെ സ്വഭാവം ,വർണ്ണം ,മുഖ സാദ്രിശ്യം, തുടങ്ങിയവ കൈമാറുന്നത്,ആണ്‍ -പെണ്‍  വേർതിരിവ് ഉണ്ടാകുന്നത്   ജീൻ - ക്രോമസോം തുടങ്ങിയവയിലൂടെ ആണെന്ന് ഇതിലൂടെ മനസ്സിലാക്കാം.

 Note  :-ഗ്രിഗർ മെണ്ടലിന്റെ (Gregor Johann Mendel -1822 -1884)  പാരമ്പര്യ സിദ്ധാന്തം (The laws of inheritance) ,വീസ്മാന്റെ(Weizmann ,1834–1914))  ജെം പ്ളാസം തിയറി(Germ Plasm Theory) തുടങ്ങിയവ പരിശോധിക്കുക.

മനുഷ്യന്റെ ആയുസ്സ് പോലും ജീനിൽ എഴുതി വെച്ചിരിക്കുന്നു എന്ന് ശാസ്ത്രം പറയുന്നു .
ഇവിടെ ഖുറാൻ പറയുന്നത് കാണുക .
               "ദൈവം  നിങ്ങളെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ ബീജകണത്തില്‍നിന്നും. അതിനുശേഷം അവന്‍ നിങ്ങളെ ഇണകളാക്കി. അവന്റെ അറിവോടെയല്ലാതെ ഒരു സ്ത്രീയും ഭാരം ചുമക്കുന്നില്ല. പ്രസവിക്കുന്നുമില്ല.  ഒരു വൃദ്ധനും ആയുസ്സ് നീട്ടിക്കൊടുക്കുന്നില്ല; ആരുടെയും ആയുസ്സില്‍ കുറവു വരുത്തുന്നുമില്ല ,ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടല്ലാതെഅല്ലാഹുവിന് ഇതൊക്കെയും വളരെ എളുപ്പമാണ്." (ഖുർആൻ, അദ്ധ്യായം ,35, അൽ ഫാത്തിർ :11)

ജീവനും ആത്മാവും എവിടെ ?
           അപ്പോൾ ജീവനോ ? ജീവനും ഇത് പോലെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടോ ?മരണ സമയത്ത് നമുക്ക് ജീവൻ  നഷ്ടപ്പെടുന്നു എന്ന്  നമുക്ക് അറിയാം. എന്നാൽ ഈ ജീവൻ  എവിടെ നിന്ന് വന്നു എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ? മനുഷ്യൻ ഒരു വ്യക്തി ആയി രൂപാന്തരപ്പെടുന്നത് എപ്പോൾ ?ആരാണ് ഈ ഞാൻ ?മാതാവിന്റെ  ഗർഭപാത്രത്തിൽ  നിന്ന് വരുമ്പോൾ ഞാൻ എന്ന  പേര് ഉണ്ടായിരുന്നില്ല . കുറച്ചു നാളുകൾക്ക് ശേഷം എനിക്ക്   പേരിട്ടു. അതിന്നു മുമ്പ് ഈ "ഞാൻ"  എവിടെ ആയിരുന്നു ?? എന്തായിരുന്നു അന്ന് എന്റെ പേര് ??മാതാവിന്റെ  വയറ്റിൽ ........ബ്രൂണാവസ്ഥയിൽ  ഞാൻ എന്ന ഒരു അസ്ഥിത്വം ആയിരുന്നോ അതോ വെറും ഒരു മാംസ ക്കട്ട മാത്രമായിരുന്നോ ?അതിന്നു മുമ്പ് രണ്ടു ബീജങ്ങളിൽ  ആയി ഭാഗിക്കപ്പെട്ടിരുന്നോ ഈ ഞാൻ ...., അതിന്നും മുമ്പ്  ഞാൻ എവിടെ ആയിരുന്നു ???? അതെ ഈ "ഞാൻ" എന്ന വ്യക്തി അല്ലെങ്കിൽ വ്യക്തിത്വം (ആത്മാവും മനസ്സും ഉള്ള വ്യക്തി ) എവിടെ നിന്ന് വന്നു  ??

ഉത്തരം അത്ര വ്യക്തമല്ല .ഉത്തരം ശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാനാവുന്നുമില്ല.
എന്നാൽ മറ്റു വല്ലവരും ഇതിനെ കുറിച്ച് പറയുന്നുണ്ടോ ??

വേദ ഗ്രന്ഥങ്ങൾ പറയുന്നു :
               ആദിമ മനുഷ്യനായ ആദമിനെ ദൈവം കളിമണ്ണിൽ നിന്നും സൃഷ്ടിച്ചു കൃത്യമായ രൂപം നല്കി . ദൈവത്തിൽ നിന്നുള്ള ചൈതന്യം അവനിലേക്ക്‌ സന്നിവേശിപ്പിച്ചു .അതോടെ അവൻ ചലിക്കുന്ന ജീവനുള്ള മനുഷ്യനായി ,അവന്നു സംസാരിക്കാനുള്ള കഴിവ് ലഭിച്ചു  ,ചിന്തിക്കാനും  വിവേചിക്കാനും ബുദ്ധിയും നല്കി . അവന്റെ ആത്മാവിൽ നിന്ന് തന്നെ അവന്റെ ഇണയെ സൃഷ്ടിച്ചു ........അത് പോലെ സ്ത്രീ പുരുഷ ബന്ധത്തിലൂടെ അവന്റെ തലമുറ നില നിർത്തേണ്ട രീതിയും ഉണ്ടാക്കി വെച്ചു.

"നിശ്ചയമായും മനുഷ്യനെ നാം, മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള കറുത്ത കളിമണ്ണില്‍ നിന്നു
സൃഷ്ടിച്ചു." (ഖുർആൻ, അദ്ധ്യായം, 15 ,അല്‍ ഹിജ്ര്‍ : 26)
 
"പിന്നീട് അവനെ വേണ്ടവിധം ശരിപ്പെടുത്തി. എന്നിട്ട് തന്റെ റൂഹില്‍ നിന്ന് അതിലൂതി (ജീവന്‍ സന്നിവേശിപ്പിച്ചു). നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നു. എന്നിട്ടും നന്നെ കുറച്ചേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ."(ഖുറാൻ, അദ്ധ്യായം ,32 ,അസ്സജദ : 9 )

"മനുഷ്യനെ നാം കൂടിക്കലര്‍ന്ന ദ്രവകണ ത്തില്‍നിന്ന് സൃഷ്ടിച്ചു; നമുക്ക് അവനെ പരീക്ഷിക്കാന്‍ . അങ്ങനെ നാമവനെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കി."(ഖുർആൻ അദ്ധ്യായം,76,അല്‍ ഇന്‍സാന്‍ :2)

"താന്‍ സൃഷ്ടിച്ച ഏതും ഏറെ നന്നാക്കി ക്രമീകരിച്ചവനാണവന്‍. അവന്‍ മനുഷ്യസൃഷ്ടി ആരംഭിച്ചത് കളിമണ്ണില്‍നിന്നാണ്.പിന്നെ അവന്റെ വംശപരമ്പരയെ നന്നെ നിസ്സാരമായ ഒരു ദ്രാവക സത്തില്‍ നിന്നുണ്ടാക്കി."(ഖുറാൻ, അദ്ധ്യായം ,32 ,അസ്സജദ: 7 ,8)

"ജനങ്ങളേ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഒരൊറ്റ നഫ്സില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു."(ഖുറാൻ, അദ്ധ്യായം,4,അന്നിസാഅ` :1)
           തലമുറകളിലൂടെ കുറെ സ്വഭാവങ്ങൾ മാത്രം കൈമാറ്റം ചെയ്യപ്പെടുക മാത്രമല്ല ചെയ്യുന്നത് . ജീവനുള്ള പ്രോഡക്റ്റ്  തന്നെയാണ് ഉണ്ടാകുന്നത് .ജീവ ചൈതന്യം എന്നത് ആദിയില്‍ മനുഷ്യന്നു ദൈവം നല്‍കി. റൂഹ് എന്നാണ് അതിനെ പറഞ്ഞത് . അതിൽ ആത്മാവും അടങ്ങിയിരുന്നു.അതോടെ അദ്ദേഹം വ്യക്തിത്വമുള്ള ഒരു മനുഷ്യനായി മാറി. ഇണ ഒരു വ്യത്യസ്ത സൃഷ്ടിയല്ല . പുരുഷന്റെ ആത്മാവിൽ നിന്ന് തന്നെ അതിനെ സൃഷ്ടിച്ചു . എന്ന് വെച്ചാൽ സ്ത്രീ പുരുഷ ബന്ധം എന്നത് പ്രകൃതി പരമായ ഒരു ആത്മീയ ബന്ധം ആണ് . രണ്ടു പേർക്ക് പ്രകൃതി പരമായി വിട്ടു പിരിഞ്ഞു ജീവിക്കാൻ ആവില്ല . വെറും ശാരീരികമായ ആകർഷണത്തിന്നു (Physical  attraction )മാത്രമല്ല , ഒരു തരം  ആത്മീയ ആകർഷണം (spiritual attraction ) തന്നെ സ്ത്രീ-പുരുഷ ബന്ധത്തിനു ഉണ്ട് . വ്യത്യസ്ത ആത്മാക്കളും വ്യക്തിത്വവും ഉള്ളവരായി ജനിക്കുന്നുവെങ്കിലും അവർ ഒന്നായി ജീവിക്കാനുള്ള സിസ്റ്റം  ഉണ്ടാവേണ്ടതുണ്ട് .അതിനാണ്  വിവാഹം എന്ന് പറയുന്നത് . മതങ്ങളാണ് യഥാർത്ഥത്തിൽ വിവാഹം  എന്ന യൂനിറ്റ്‌ തുടങ്ങിയത് .അതിപ്രാചീനവും  പുരാതനവും ആയ എല്ലാ മതങ്ങളിലും നിങ്ങൾക്ക് ഇത് കാണാം .

            സ്ത്രീ പുരുഷ ബന്ധത്തിലൂടെ പുതിയ തലമുറകള സ്രിഷ്ടിചെടുക്കപ്പെടുന്നു . അങ്ങിനെ മനുഷ്യ വംശം നില നില്ക്കുന്നു . സ്വഭാവങ്ങളും ശരീര രൂപവും ഈ ബന്ധതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു . എന്നാൽ പുരുഷ ബീജത്തിലൂടെ അടുത്ത തലമുറയിലേക്കു ജീവനും കടക്കുന്നു പോകുന്നു. എന്നാല്‍ ആത്മാവ് അഥവാ വ്യക്തിത്വം ഉള്ള ഒരു മനുഷ്യന്‍ എന്നത് ഗർഭാവസ്ഥയില്‍ ഒരു ഘട്ടത്തില്‍ വന്നു ചേരുകയാണ് . ഈ പ്രക്രിയ  ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
മനുഷ്യന്ന് ജീവൻ എപ്പോള്‍  ലഭിച്ചു ?
മനുഷ്യൻ എന്ന വാക്കിന്നു രണ്ടു പദങ്ങൾ ഉപയോഗിക്കുന്നു :
1 .ബഷർ= നല്ല വാര്‍ത്ത നല്‍കുന്നവന്‍ 
2 .ഇൻസാൻ  = തിരിച്ചറിയാൻ കഴിവുള്ളത്

അപ്പോൾ സ്വയം തിരിച്ചറിയാനും , മറ്റുള്ളവർക്ക് സന്തോഷം നല്കാനും കഴിവുള്ളവൻ എന്നർഥം.

ഖുർആൻ  മനുഷ്യനെ നിർവചിക്കുന്നത് മൂന്നു വസ്തുക്കളുടെ മിശ്രിതമായാണ്.
1. ജിസ്മ് / ബദൻ /ജസദ്  (Body) :മനുഷ്യന്റെ  ഭൌതീക ശരീരം.
2.നഫ്സ് (Soul) :ആത്മാവ്,മനസ്സ്  എന്ന് അതിനെ പറയാം.കാരണം ആത്മാവിന്റെ കേന്ദ്രമാണ് മനസ്സ്.
3.റൂഹ് (Rooh )(Spirit) : ജീവന്‍ അഥവാ ജീവ ചൈതന്യം(ദിവ്യ ചൈതന്യം).

രണ്ടു സ്ഥലത്ത് മനുഷ്യന്നു റൂഹ് നല്കി എന്ന് ഖുറാൻ പറയുന്നു :
1 ) ആദമിന്റെ സൃഷ്ടിയിൽ :
"നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: നിശ്ചയമായും മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള, കറുത്ത കളിമണ്ണില്‍ നിന്ന് നാം മനുഷ്യനെ (ബഷര്‍ )സൃഷ്ടിക്കാന്‍ പോവുകയാണ്."
(അല്‍ ഹിജ്ർ :26 )
 

"അങ്ങനെ ഞാനവനെ രൂപപ്പെടുത്തുകയും എന്റെ ആത്മാവില്‍ നിന്ന് അവനിലൂതുകയും ചെയ്താല്‍ നിങ്ങളെല്ലാവരും അവന് പ്രണാമമര്‍പ്പിക്കുന്നവരായിത്തീരണം."

(അല്‍ ഹിജ്ർ :29 )  
2 ) ഈസായുടെ സൃഷ്ടിയിൽ:
"അങ്ങനെ നാമവളില്‍ (മറിയം) നമ്മുടെ റൂഹില്‍ നിന്ന് ഊതി. "(ഖുർആൻ ,അല്‍ അന്‍ബിയാഅ`: 91 )
            ഈ രണ്ടു സന്ദർഭത്തിലും  പുരുഷ ബീജത്തിന്റെ സാന്നിധ്യം ഇല്ലാതെയാണ് അവർ സൃഷ്ടിക്കപ്പെടുന്നത് . അതിനാല്‍ അവിടെ റൂഹ് നല്‍കപ്പെട്ടു എന്ന് പറയുന്നു . അപ്പോൾ ആദിയിൽ ആദ്യ മനുഷ്യനിൽ തന്നെ ജീവൻ നല്കപ്പെട്ടു. ആ ജീവൻ  രേതസ്ക്കണത്തിലൂടെ തല മുറ ,തല മുറകളായി കൈ മാറ്റം ചെയ്തു കൊണ്ടിരിക്കുന്നു . ഈസായുടെ ജനനത്തിൽ അങ്ങിനെ നടന്നില്ല .അതിനാൽ അവിടെയും രൂഹ് നല്കി എന്ന് പറയുന്നു .

             എല്ലാ മനുഷ്യരിലും ഉള്ളത് ഒരേ തരത്തിലുള്ള ജീവനാണ് .എന്നാൽ എല്ലാ ഓരോ മനുഷ്യനിലും അവരുടെത് മാത്രമായ വ്യത്യസ്ത ആത്മാക്കളാണ് ,അതിന്നു സ്വന്തമായ അസ്തിത്വവും വ്യക്തിത്വവും ഉണ്ട് . അതിനെയാണ് നാം ഒരു പേരിട്ടു വിളിക്കുകയും , "ഞാൻ " എന്ന് അഭിമാന പൂർവ്വം  പറയുകയും ചെയ്യുന്നത് .
ചലന ശേഷി പുരുഷ ബീജത്തിന്നു എവിടുന്നു കിട്ടി ?
             അപ്പോൾ തലമുറകളിലൂടെ ജീവന്റെ അംശങ്ങളും പുരുഷ ബീജത്തിലൂടെ കടന്നു പോകുന്നു എന്ന് നാം മനസ്സിലാക്കുന്നു. കാരണം പുരുഷ ബീജത്തിന്നു (Sperm ) സ്വയം ചലിക്കാനുള്ള കഴിവുണ്ട് . സ്ത്രീയുടെ അണ്ഡം(Ovum ) സ്വയം  ചലന ശേഷി ഇല്ലാത്തതാണ് .ഫോലോപ്പിയൻ ട്യൂബി (Fallopian Tube) ലെ സീലിയ(Cilia)  കളുടെ ചലനമാണ് അണ്ഡം ഗർഭപാത്രത്തിലേക്ക് എത്താൻ സഹായിക്കുന്നത് .Sperm സ്വയം ചിലച്ചു അണ്ഡത്തെ പുല്കുകയാണ് ചെയ്യുന്നത് .
പുരുഷ ബീജം 

           എങ്ങിനെയാണ് സ്പെർമ്  ചലിക്കുന്നത്‌ ? അതിന്നു ജീവനുണ്ടോ ? ഒരു ദ്രവകത്തിലൂടെ അതിന്നു നീന്തി സഞ്ചരിക്കാൻ കഴിയുന്നത്‌ എന്ത് കൊണ്ട് ?  അതിനർത്ഥം അതിന്നു ജീവനുണ്ട് എന്ന് തന്നെയല്ലേ ?
         
             ഇരു ബീജങ്ങളും ചേര്‍ന്ന് സിക്താണ്ഡം( zygote) രൂപപ്പെടുന്നു.അത് ഒരു ഏക കോശമാണ് ,അത്  വിഘടിച്ചു  ക്രമേണ വളർന്നു ഭ്രൂണം(Embryo) ആകുന്നു. ബീജ സങ്കലനത്തിന്നു ശേഷമാണ് അണ്ഡം ബ്രൂണമായി മാറുന്നതും സ്വയം വളരാനുള്ള ശേഷി ലഭിക്കുന്നതും. അഥവാ  ജീവൻ  ലഭിക്കുന്നത് എന്നർത്ഥം . ബ്രൂണ വളർച്ചയുടെ ഒരുഘട്ടത്തിൽ ,നാലാം മാസത്തിൽ , റൂഹ് നല്കപ്പെടുന്നു എന്ന് ഹദീസിൽ കാണുന്നു .ജീവൻ  ഉള്ള വസ്തുവിന്നു വീണ്ടും ജീവൻ പ്രവേശിപ്പിക്കേണ്ട ആവശ്യം ഉണ്ടോ ? ആത്മാവ്(Soul)   നല്കപ്പെടുന്നു എന്നാണു അതിൽ നിന്നും മനസ്സിലാക്കേണ്ടത് . ജീവൻ അവിടെ നല്കപ്പെടുന്നില്ല കാരണം  ജീവൻ ഉണ്ടായത് കൊണ്ടല്ലേ ആ ഭ്രൂണം ഇത്രയും വളർന്നു വലുതായത് ? ആത്മാവ് പ്രവേശിക്കുന്നതോടെ  വ്യക്തി എന്ന അർത്ഥത്തിൽ അവ സ്വയം മാറുകയാണ്  . അങ്ങിനെ സ്വയം വ്യക്തിത്വമുള്ള ഓരോ കുട്ടികൾ ജനിച്ചു വീഴുന്നു.അവനെ  നാം പല പേരുകളിൽ വിളിക്കുന്നു .ആ കുട്ടിയുടെ ശരീരം വളരുന്നതിനൊപ്പം അവന്റെ വ്യക്തിത്വവും വളരുന്നു , എന്ന് വെച്ചാൽ ശരീരവും മനസ്സും വളരുന്നു എന്നർഥം.
ഉറക്കവും മരണവും
             ഉറക്കും മരണവും തമ്മിൽ സാദ്രിശ്യമുണ്ട് . ഉറങ്ങുമ്പോൾ നമ്മുടെ ജീവൻ നഷ്ടപ്പെടുന്നില്ല എന്നാൽ ആത്മാവ് (നഫ്സ് ) ഉയർത്തപ്പെടുന്നു . അതിനാൽ  ചിന്ത, ബുദ്ധി, കേൾവി, കാഴ്ച തുടങ്ങിയ ആത്മീയ ഗുണങ്ങൾ ഉറങ്ങുന്ന നമുക്ക് ഭൌതീകമായി നഷ്ടപ്പെടുന്നു .എന്തിന്നു, ഒരു പരിധി വരെ  സ്വയം ചലിക്കാനുള്ള ശേഷിയും നഷ്ടപ്പെടുന്നു.അതേസമയം ശ്വാസ-നിശ്വാസം ,ഹൃദയമിടിപ്പ്‌, രക്ത ചംക്രമണം തുടങ്ങിയ ജീവൽ പ്രവർത്തികൾ ശരീരത്തിൽ നടക്കുന്നു . 

              "മരണവേളയില്‍ ആത്മാക്കളെ(നഫ്സ്)  പിടിച്ചെടുക്കുന്നത് അല്ലാഹുവാണ്. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ (നഫ്സ്) അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നതും അവന്‍ തന്നെ. അങ്ങനെ താന്‍ മരണംവിധിച്ച ശരീരത്തിന്റെ ആത്മാക്കളെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്."(ഖുറാൻ, അദ്ധ്യായം, 39, അസ്സുമര്‍ :42 )

എന്നാൽ ,
ഒരു മനുഷ്യന്റെ  മരണം സംഭവിക്കുമ്പോൾ രണ്ടു കാര്യങ്ങൾ നഷ്ടപ്പെടുന്നു .
1 , ജീവൻ. 2 , ആത്മാവ്.
          ഇതിൽ ജീവൻ തലമുറയായി അവന്നു കൈമാറിക്കിട്ടിയതും ,ആത്മാവ് (വ്യക്തി,മനസ്സ്  ) അവന്റെ ബ്രൂണ വളർച്ചയുടെ ഒരു ഘട്ടത്തിൽ അവനിൽ വന്നു ചേർന്നതുമാണ്.ജീവൻ നിലനില്ക്കാൻ ആവശ്യമായ ശരീരത്തിന്റെ ശേഷി നഷ്ടപ്പെടുമ്പോൾ ആത്മാവ് ഇറങ്ങിപ്പോകുന്നു. വണ്ടിയുടെ എഞ്ചിൻ തകരായാൽ ഡ്രൈവർ വണ്ടിയിൽ നിന്നും ഇറങ്ങി പ്പോകുന്നു എന്നത് പോലെ .

      ശരീരത്തിൽ നിന്നും ജീവൻ (റൂഹ് )നഷ്ടപ്പെടുമ്പോൾ അതി കഠിനമായ വേദന അനുഭവപ്പെടുന്നു .കാരണം ഓരോ കോശത്തിൽ നിന്നും ജീവൻ നഷ്ടപ്പെടുകയാണ് അപ്പോൾ ചെയ്യുന്നത് .നമ്മുടെ എല്ലാ ജീവൽ പ്രവർത്തനങ്ങളും അവിടെ നിലക്കുകയാണ് .മനുഷ്യൻ ഒഴിച്ച് മറ്റുള്ള ജീവ ജാലങ്ങൾക്ക്  ആത്മാവ് (വക്തിത്വം )( നഫ്സ് )  ഇല്ല. എന്നാൽ അവയ്ക്ക് ജീവനുണ്ട് .  അവ മരണമടയുമ്പോൾ അത് മാത്രമേ നഷ്ടപ്പെടുന്നുള്ളൂ .

ഇത് ഒരു പഠനവും  അന്വേഷണവും മാത്രമാണ് ,വിയോജിപ്പുകൾ സ്വാഗതം ചെയ്യുന്നു  

Note :The law of conservation of energy :  Energy can be neither created nor destroyed....
ജീവനും തഥൈവ .