സംസ്ക്കാരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സംസ്ക്കാരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 മാർച്ച് 4, തിങ്കളാഴ്‌ച

അറബു സംസ്ക്കാരം ഇസ്ലാമിക സംസ്കാരമാണോ ??

-Abid Ali padanna 
        അറബ് സംസ്കാരവും  ഇസ്ലാമിക സംസ്ക്കാരവും തമ്മിലുള്ള വ്യത്യാസമെന്ത്? അവ തമ്മില്‍ വല്ല ബന്ധവും ഉണ്ടോ ?ഉണ്ടെങ്കില്‍ എന്ത്? ഇതു മനസ്സിലാക്കിയില്ലെങ്കില്‍ വല്ല കുഴപ്പവും ഉണ്ടോ?ഉണ്ടെങ്കില്‍ എന്ത് ?ഇവ രണ്ടും വേര്‍തിരിച്ചു മനസ്സിലാക്കാത്തതിന്റെ കുഴപ്പം പലപ്പോഴും പല രീതിയിലായി സമൂഹത്തില്‍ പൊങ്ങി വരാറുണ്ട്.അധികമാളുകളും അറബികളുടെ ശീലങ്ങള്‍ ഇസ്ലാമിക ശീലങ്ങളായി തെറ്റിദ്ധരിക്കുകയും അതുമൂലം പല  കുഴപ്പങ്ങളില്‍ ചാടുകകയും ചെയ്യുന്നു.
അല്പം വിശദീകരിക്കാം. 
അറബ് വേഷം 
       ഒരു സമൂഹത്തിന്റെ സംസ്ക്കാരത്തെ അടയാളപ്പെടുത്തുന്ന കാര്യങ്ങള്‍ ഇവയാണ്.
1)ഭാഷ
2)കല
3)ഭക്ഷണരീതികള്‍ 
4)വസ്ത്ര-വേഷങ്ങള്‍
5)പാര്‍പ്പിടരീതികള്‍
ഇവസൂക്ഷമമായി നിരീക്ഷിച്ചാല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് പെട്ടന്ന് മനസ്സിലാക്കാം. 
ഭാഷ
     മുഹമ്മദ്‌ നബി ജനിച്ചത് അറേബ്യയില്‍ ആയിരുന്നു .ഖുര്‍ആന്‍ അവതരിച്ചതും അറബി ഭാഷയില്‍ തന്നെ.ഇസ്ലാമിനെ കുറിച്ച് സാമാന്യം മനസ്സിലാക്കാന്‍ അല്പം അറബി ഭാഷ പഠിക്കേണ്ടതുണ്ട് .ശരി തന്നെ .എന്നാല്‍ എല്ലാ മുസ്ലിംകളും അറബി ഭാഷ തങ്ങളുടെ സംസാര ഭാഷയാക്കി മാറ്റാന്‍ ഇസ്ലാം കല്പിക്കുന്നില്ല .അതിനാലാണ്  അറബി ഭാഷ സംസരിക്കാത്ത മുസ്ലിംകള്‍ ലോകത്ത് കൂടുതല്‍ ഉണ്ടായതു . ലോകത്ത് മുസ്ലിം ജന സംഖ്യ 1570 മില്യണ്‍ ആണെങ്കില്‍ അതില്‍  അറബ്  ഭാഷ സംസാരിക്കുന്ന മുസ്ലിംകള്‍  260 മില്യണ്‍ മാത്രമേ വരികയുള്ളൂ.അറബി ഭാഷയെ അറബികളുടെ ഭാഷ എന്നെല്ലാതെ ലോക മുസ്ലിംകളെല്ലാം അറബി ഭാഷ സംസാരിക്കണമെന്ന് ഇസ്ലാം അടിച്ചേല്‍പ്പിക്കുന്നില്ല,നിങ്ങള്‍ക്ക് അറബി ഒരു ഭാഷയായി സ്വീകരിക്കാനുള്ള സ്വാതന്ത്രം ഉണ്ടെങ്കിലും. 
വസ്ത്രം-വേഷം 
      അറബികളിലെ പുരുഷന്മാരുടെ  വേഷം ഇസ്ലാമിക വേഷമായി ആരും വ്യാഖ്യനിക്കാറില്ല.അത് ഇസ്ലാമിന്നു എതിരാകുന്നില്ല എന്ന് മാത്രം.അതിനാല്‍ ലോകത്തിന്റെ മറ്റു ഭാഗത്തുള്ളവര്‍ വ്യത്യസ്ത വസ്ത്ര രീതികള്‍ സ്വീകരിക്കുന്നത് ഇസ്ലാം വിലക്കുന്നില്ല.പാകിസ്ഥാനികളും, ഉത്തരേന്ത്യന്‍ മുസ്ലിംകളും കുര്‍ത്ത, പൈജാമ ധരിക്കുന്നതും,ബംഗ്ലാദേശുകാരും, മലയാളികളും ഷര്‍ട്ട്, മുണ്ട് എന്നിവ ധരിക്കുന്നതും ഇസ്ലാം വിലക്കുന്നില്ലല്ലോ?അത് പോലെ തന്നെ അറബികള്‍ കന്തൂറയും(തൗബ്), കത്രയും,അഗാലും(Agal)ധരിക്കുന്നു എന്ന് മാത്രം.അതിന്നു ഇസ്ലാമികമായ മാനം നല്‍കേണ്ടതില്ല.
അറബ് ,പാക്കിസ്ഥാന്‍ ,ടുനേഷ്യന്‍ ,ബംഗ്ലാദേശ് വേഷങ്ങള്‍ 
       ഇനി അറബി സ്ത്രീകള്‍ പൊതുവേ കറുത്ത അബായയും ചിലപ്പോള്‍ ഇരുമ്പ് കവചം കൊണ്ടോ,കറുത്ത തട്ടം കൊണ്ടോ മുഖവും മറക്കുന്നു.ഇതില്‍ തലയും ശരീരവും മറക്കുന്ന അബായ ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനാല്‍ ലോകത്ത് പ്രചാരണം നേടി എടുത്തു.എന്തെങ്കിലും വസ്തു ഉപയോഗിച്ചു മുഖം മറക്കുക എന്നത് ഒരു അറബി സംസ്കാരമായി മാത്രം കാണേണ്ടതാണ്.അത് എല്ലാവരിലും ഇസ്ലാമിക ശസനയായി അടിച്ചെല്പിക്കുന്നവര്‍ മലയാളികളായ പുരുഷന്മാര്‍ കന്തൂറയും കത്രയും ,അഗാലും ധരിക്കണമെന്ന് പറയാന്‍ ധൈര്യപ്പെടാത്തത് എന്ത് കൊണ്ട്?
ആഫ്രിക്കന്‍ - അറബ് വേഷ വൈവിധ്യങ്ങള്‍ 
വേഷ വൈവിധ്യങ്ങള്‍ -ചൈന,ഫിലിപ്പിന്‍സ് ,മലേഷ്യ ,ജപ്പാന്‍ ,കാശ്മീര്‍ ,കേരള ,കിര്‍ഗിസ്ഥാന്‍ ,ഉസ്ബക് ,റഷ്യ 
      മലയാളി മാപ്പിള പെണ്ണുങ്ങളുടെ കാച്ചി മുണ്ടും,കുപ്പായവും ഇസ്ലാമിക വേഷം തന്നെയല്ലേ? അത് പോലെ ഉത്തരേന്ത്യന്‍ മുസ്ലിം സ്ത്രീകളുടെ സല്‍വാരും കമ്മീസും.അങ്ങിനെ ഇന്ത്യോനേഷ്യ മുതല്‍ ,ഫിലിപ്പിന്‍സ് ,ഫലസ്തീന്‍ തുടങ്ങിയ എല്ലാ രാജ്യങ്ങളിലെയും സ്ത്രീ -പുരുഷ വേഷങ്ങള്‍ താരതമ്യം ചെയ്‌താല്‍ അത്ഭുതകരമായ വൈവിധ്യങ്ങള്‍ നിങ്ങള്‍ക്ക് കാണാം.
ആചാരങ്ങള്‍
അറബ് ചാരങ്ങളായ ഘഞ്ചര്‍ ,വടി 
     വാള്‍ ഉപയോഗിക്കുക എന്നത് പഴയ അറബ് സംസ്ക്കാരത്തിന്റെ ഭാഗമാണ്.അത് ഇസ്ലാമിക ആചാരമല്ല. കാരണം മുഹമ്മദ്‌ നബി  വരുന്നതിനു മുമ്പേ ഈ ആചാരം അറബികളുടെ ഭാഗമാണ്. അതിനാല്‍  ലോകത്തുള്ള മറ്റു മുസ്ലിംകള്‍ മുഴുവന്‍ വാളും കയ്യില്‍ പിടിച്ചു കൊണ്ട് നടക്കുന്നില്ല.ഇസ്ലാം അങ്ങിനെ കല്‍പ്പിക്കുന്നും ഇല്ല. അത്പോലെ വടി ,ചെറിയ വാള്‍ (ഘഞ്ചര്‍ /Dagger)   തുടങ്ങിയവയും അറബികള്‍ ആചാരമായി ഉപയോഗിക്കാറുണ്ട് . ആ ശീലങ്ങളും ഇസ്ലാം ആരോടും കല്‍പ്പിക്കുന്നില്ല എന്നതല്ലേ സത്യം.യു..യിലെ അറബികള്‍ക്ക്  ഫാല്‍ക്കന്‍ പക്ഷികള്‍ അവരുടെ ജീവിത ഭാഗമാണ്.എന്നാല്‍ ഈ ശീലം നാം ആരും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാറില്ല.        
കല
നൃത്ത കലകള്‍ -സിന്ധി,സൗദി,യമന്‍ ,തുര്‍ക്കി 
  അറബികളുടെ സംഗീതം,സംഗീത ഉപകരണങ്ങള്‍ ,നൃത്ത രൂപങ്ങള്‍ എന്നിവ എന്ത് കൊണ്ട് നമ്മുടേതില്‍ നിന്ന് വ്യത്യസ്തമായി ?
ഉത്തരേന്ത്യയിലെ ഖവ്വാലി,കേരളത്തിലെ മാപ്പിളപ്പാട്ട്,ഒപ്പന  എന്നിവ  അറബി കലകള്‍   അല്ല . രണ്ടും തനതായ ഇന്ത്യന്‍ മുസ്ലിം പാശ്ചാത്തലത്തില്‍ വന്നതാണ് .ഇമാറാത്തി(യു..ഇ)അറബികളുടെ യോവാല(Yola),ഹബാന്‍   എന്ന നൃത്ത കലകള്‍ ,സൌദികളുടെ അര്‍ദ്ധ ഡാന്‍സ്(Al Ardha)എന്നിവ ഇസ്ലാമിക നൃത്തമല്ല .അങ്ങിനെ ആണെങ്കില്‍  ഇസ്ലാമിന്റെ കൂടെ ഇതൊക്കെ നമ്മുടെ നാട്ടില്‍ എത്തേണ്ടിയിരുന്നു. എന്നാല്‍ അങ്ങിനെ എത്തിയില്ല എന്നതാണ് സത്യം .  
ചൈനീസ് നൃത്ത രൂപം 

      മൊറോക്കോ  മുതല്‍ ഫിലിപ്പിന്‍സ് വരെയുള്ള രാജ്യങ്ങളിലെ നാടന്‍ കലാ രീതികളും, സംഗീത-നൃത്ത രൂപങ്ങളും വൈവിധ്യങ്ങള്‍ നിറഞ്ഞതും  അതിശയിപ്പിക്കുന്നതുമാണ്.ചില രാജ്യങ്ങളും അവിടുത്തെ നൃത്ത-സംഗീതവും  ഉദാഹരണമായി കാണുക.   
ഇന്ത്യ-ഖവ്വാലി-ഒപ്പന 

അള്‍ജീരിയ -റായ്
കുവൈത്ത് -സൌത്ത്
ഇറാഖ് -മഖാം
സൗദി -അര്‍ദ്ധ,അല്‍ ശിഹ്ബ ,മിസ്മര്‍ ,സംരി
യു..ഇ -യോല ,ഖയാലി
ലബനാന്‍ -ധബ്ക
ടുണിഷ്യ -മലീല,മലൗഫ് 
തുര്‍ക്കി -സയ്ബെക്
ഇന്ത്യോനേഷ്യ-സപിന്‍
ഭക്ഷണം
     അറബികളുടെ വ്യത്യസ്തമായ ഭക്ഷണ രീതി ലോകത്തുള്ള എല്ലാ മുസ്ലിംകളും സ്വീകരിക്കുന്നില്ല .നാം കേരളീയര്‍ ചോറും സാമ്പാറും കഴിക്കുമ്പോള്‍  അറബികള്‍
ഗാവ ,ഈത്തപ്പഴം, റൊട്ടി ,ഒലിവ് ,അത്തിപ്പഴം  ,ഒട്ടകപ്പാല്‍ തുടങ്ങിയവ ഭക്ഷണ സാധനങ്ങളായി ഉപയോഗിക്കുന്നു.
പാര്‍പ്പിടം(വാസ്തു, ശില്പം)

      മുന്‍കാല അറബികളുടെ പാര്‍പ്പിട രീതി മറ്റു രാജ്യക്കാര്‍ അനുകരിച്ചിരുന്നില്ല.അവരവരുടെ രാജ്യത്തെ രീതികള്‍ അവര്‍ പിന്തുടര്‍ന്നു പോന്നു.വാസ്തു ചാരുതയും ,ശില്പ ഭംഗിയും വ്യത്യസ്തമായിരുന്നു .ഇത് എത്രത്തോളം  എന്നാല്‍ ,മുസ്ലിം പള്ളികള്‍ക്ക് പോലും ഏകമായ ഒരു രൂപം ഇസ്ലാം ഉണ്ടാക്കി വെച്ചില്ല . അനേക വര്‍ഷങ്ങള്‍ക്കു ശേഷമാണ് മിനാരങ്ങളും ഖുബ്ബകളും പള്ളികളുടെ മുകളില്‍ സ്ഥാനം പിടിക്കുന്നത്‌ .
മുസ്ലിം പള്ളി ചൈനയിലും കേരളത്തിലും

         അതിനാല്‍ കേരളത്തിലെ മുന്‍കാല പള്ളികള്‍ ക്ഷേത്ര ശില്പ മാത്രകയിലാണ് പണി കഴിപ്പിച്ചിരുന്നത് .അതില്‍ അറബ് രീതി കാണാത്തതിനാല്‍ അത് ഇസ്ലാമികം അല്ല എന്ന് ആരും വാദിക്കില്ല .അത് പോലെ തന്നെ ചൈന,ഇന്ത്യോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളും താരതമ്യം ചെയ്യുക.  
വൈവിധ്യങ്ങള്‍ ദൃഷ്ടാന്തങ്ങള്‍ 
     "ആകാശഭൂമികളുടെ സൃഷ്ടിപ്പ്, നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലെയും വൈവിധ്യം; ഇവയും അവന്റെ അടയാളങ്ങളില്‍പെട്ടവയാണ്. ഇതിലൊക്കെയും അറിവുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്."(ഖുര്‍ആന്‍ ,അദ്ധ്യായം 30,അറൂം(റോമക്കാര്‍ ):32)
ചിത്രങ്ങള്‍ :ഗൂഗിള്‍ 

2011 ഏപ്രിൽ 11, തിങ്കളാഴ്‌ച

മനുഷ്യന്‍ സംസ്ക്കാര സമ്പന്നനാകുന്നത്‌ എങ്ങിനെ?

                                                                             
എന്താണ് സംസ്കാരം(Culture)? 
             നമ്മുടെ ജീവിതം എന്നത് സ്വഭാവം,വൃത്തി,പെരുമാറ്റം,ആചാര- മര്യാദകള്‍ തുടങ്ങിയ   ശീലങ്ങളാല്‍ സമ്പന്നമാണ് . ഇങ്ങനെയുള്ള ശീലങ്ങളുടെ കൂട്ടത്തെ നാം സംസ്ക്കാരം എന്ന് പറയും. ഉന്നത സംസ്ക്കാരമുള്ള വ്യക്തികള്‍ കൂടിച്ചേര്‍ന്നു ഉന്നത സംസ്ക്കാരമുള്ള സമൂഹമായി മാറുന്നു.

സംസ്ക്കാരം രൂപീകരിക്കപ്പെടുന്നത് എങ്ങിനെ? 

        ആരും പറഞ്ഞു തരാതെയും  ഒന്നും കാണാതെയും മനുഷ്യന്‍ ഒരു അറിവും നേടുന്നില്ല.എന്ന് വെച്ചാല്‍.അനുകരണത്തിലൂടെ മാത്രമാണ് നാം എല്ലാം  ശീലിക്കുന്നത്. ചെറുപ്പകാലത്ത് നാം ശീലിക്കുന്നത് എന്തോ  അതാണ് നമ്മുടെ സംസ്ക്കാരമായി  മാറുന്നത്.നമ്മുടെ ചെറിയ കുട്ടികള്‍ എങ്ങിനെയാണ് ഭാഷകളും ശീലങ്ങളും പഠിക്കുന്നത്? മാതാപിതാക്കളും,കുടുംബത്തിലെ അടുത്ത അംഗങ്ങളും പറയുന്നതും  ചെയ്യുന്നതും ചെറിയ കുട്ടികള്‍  കോപ്പി ചെയ്യുന്നു . അവരുടെ ഭാഷ, സംസാര രീതി(ടോണ്‍),സംസാര ശൈലി(സ്ലാങ്ക്), ശരീരഭാഷ, മുഖ ഭാവം,അവരുടെ നടത്തം, ആംഗ്യങ്ങള്‍, അതുപോലെ  ആചാര -പെരുമാറ്റ രീതികള്‍, അഭിവാദ്യ രീതികള്‍,ഭക്ഷണ മര്യാദകള്‍,വൃത്തി, ശുചിത്വം തുടങ്ങി എല്ലാം നാം  മറ്റുള്ളവരില്‍ നിന്ന് പകര്‍ത്തി എടുക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ചെറുപ്പ കാലത്ത് കുട്ടികള്‍ ഒരു വീഡിയൊ  റെക്കോര്‍ഡര്‍ പോലെയാണ്.അത് മുന്നില്‍ കാണുന്നതും കേള്‍ക്കുന്നതും നടക്കുന്നതുമായ എല്ലാം  ഒപ്പിയെടുക്കുകയും അത് തന്നെ ആവശ്യമുള്ളപ്പോള്‍ നമുക്ക് കാണിച്ചു തരികയും ചെയ്യുന്നു .അതില്‍ നല്ലതേത് ചീത്തയേത്‌ എന്ന് തിരിച്ചറിയാന്‍ അവര്‍ക്കാവില്ല.നല്ലതെന്തെന്നുകൂടി നാം തന്നെ അവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടതുണ്ട്.  

 കുട്ടികളുടെ വളര്‍ച്ചയുടെ വലിയൊരു ഘട്ടം നാം വിദ്യഭ്യാസത്തിന്നായാണ് ചിലവഴിക്കുന്നത്.അതിനര്‍ത്ഥം മനുഷ്യന്‍ അറിവില്ലാത്തവനായാണ് ജനിക്കുന്നത് എന്നാണ്.ജനനം മുതല്‍ ഏകദേശം 5 വയസ്സ് വരെ വീട്ടിലും ശേഷം ഔപചാരികമായി 12 - 16 വര്‍ഷം സ്കൂളിലോ കോളെജിലോ ആയി നാം പഠിപ്പിക്കുകയാണ് 



മാതൃകാ വ്യക്തിത്വം-പ്രകൃതിയുടെ തേട്ടം   
         അപ്പോള്‍  അനുകരിക്കപ്പെടെണ്ട ഒരു  മാതൃകാ വ്യക്തിത്വ  (ideal person ) ത്തിന്റെ ആവശ്യകത  മനുഷ്യ പ്രകൃതി യുടെ തേട്ടമാണ്‌.  അനുകരിക്കേണ്ട വ്യക്തിത്വങ്ങളെ ചെറുപ്പത്തില്‍ മനസ്സില്‍ കാണാത്ത ആരെങ്കിലുമുണ്ടോ? ഞാന്‍ ഇന്ന ഒരാളാകണം  എന്ന് നമ്മില്‍ പലരും മനസ്സില്‍ കരുതാറില്ലേ ? ചിലപ്പോള്‍ നമ്മുടെ വീട്ടുകാര്‍ നമ്മോടു പറയാറില്ലേ- നിനക്ക് എന്ത് കൊണ്ട് അവനെ പ്പോലെ ആയിക്കൂടാ. അല്ലെങ്കില്‍ അവളെ  കണ്ടു പഠിക്കണം എന്നും മറ്റും. കുട്ടികള്‍ മോശം വാക്കുകളും പ്രവര്‍ത്തനങ്ങളും ശീലിക്കുന്നത് മോശം കൂട്ടുകെട്ടില്‍ നിന്നാണെല്ലോ?

            ഇനി ഈ അറിവ് നമുക്ക് പാരമ്പര്യമായി ലഭിക്കുന്നില്ല.അല്ലെങ്കില്‍ നമുക്ക് പകര്‍ന്നു കിട്ടുന്നത് മോശമായ ശീലങ്ങളാണെങ്കില്‍ നമ്മുടെ സ്വഭാവം, ശുചിത്വം ,ആചാര-മര്യാദകള്‍ തുടങ്ങി നമ്മെ നാമാക്കിത്തീര്‍ക്കുന്ന അല്ലെങ്കില്‍ ഓരോനിമിഷവും നമ്മില്‍ നിന്ന് മറ്റുള്ളവര്‍ അനുഭവിച്ചറിയുന്ന നമ്മുടെ ശീലങ്ങളെ നാം മോശമായി പ്രതിഫലിപ്പിക്കുന്നതാണ്.   

        ഞാനൊരു നല്ല സംസ്കാര സമ്പന്നനാണ് എന്ന് ഉറപ്പിച്ചു പറയണമെങ്കില്‍ എന്താണ് സംസ്ക്കാരം എന്ന് നാം അറിയേണ്ടതുണ്ട്.അപ്പോള്‍ ഒരു ചോദ്യം. എന്തടിസ്ഥാനത്തിലാണ് നാം നല്ലതും മോശവും തീരുമാനിക്കുക എന്നതാണത്.നാം ചെയ്യുന്നതോ അല്ലെങ്കില്‍ നമുക്ക് പകര്‍ന്നു കിട്ടിയതോ ആയ ശീലങ്ങള്‍ നല്ലതോ ചീത്തയോ എന്ന് അറിയണമെങ്കില്‍ നാം ആരെയാണ്  മാത്രകാ യോഗ്യതയ്ക്ക് മാനദണ്ഡമാക്കേണ്ടത് . ഇവിടെ നമ്മുടെ സമൂഹം എപ്പോഴും മാതാപിതാക്കളെയോ  കുടുംബത്തിലെ ഏതെങ്കിലും അംഗങ്ങളെയോ ആണ് മാത്രകയായി  സ്വീകരിക്കാരുള്ളത്. അപ്പോള്‍ നാം മറ്റൊരു പ്രശ്നത്തില്‍  പെടും.ഓരോരുത്തരും അവരവരുടേതായ രീതികള്‍ സ്വീകരിക്കും .അപ്പോള്‍ എല്ലാ കാര്യങ്ങളിലും  വ്യതസ്തമായ അഭിപ്രായങ്ങളും ശീലങ്ങളും സമൂഹത്തില്‍ ഉണ്ടാകുന്നു എന്നതാണ് ഇതിന്റെ പ്രത്യാഘാതം.  

സംസ്ക്കാരത്തിന്റെ അടയാളങ്ങള്‍ 
          നമ്മുടെ സംസ്ക്കാരത്തെ അടയാളപ്പെടുത്തുന്ന താഴെ പറയുന്ന കാര്യങ്ങളില്‍ നാം എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചയിരിക്കും നിങ്ങളെ വിലയിരുത്തുക.മാത്രകാ വ്യക്തിത്വങ്ങളെ അനുകരിക്കുന്നില്ലെങ്കില്‍ നാം എത്തിപ്പെടുന്ന സംസ്ക്കാര ശൂന്യത എന്തെന്ന് നോക്കാം     

ശുചിത്വം:- മലിന വസ്തുക്കള്‍ എന്തൊക്കെ? മല മൂത്ര വിസര്‍ജ്ജനം എവിടെ നടത്തണം? എവിടെ നടത്തരുത്?  വൃത്തിയാക്കെണ്ടതുണ്ടോ? എങ്കില്‍ എങ്ങിനെ ? എന്ത് ഉപയോഗിക്കണം? ശരീരത്തില്‍ വൃത്തിയാക്കേണ്ട ഭാഗങ്ങള്‍ ഏതൊക്കെ?  കിളിക്കേണ്ടത് എങ്ങിനെ? ഏതു രൂപത്തില്‍ ? നിര്‍ബന്ധമായ അവസരങ്ങള്‍ എപ്പോള്‍? കോട്ടുവായ, തുമ്മല്‍ ഉണ്ടായാല്‍ എന്ത് ചെയ്യണം?ദന്ത ശുദ്ധി എങ്ങിനെ ?മുടി നഖം എന്നിവ വെട്ടേണ്ടതുണ്ടോ ?  .ആര്‍ത്തവതിന്റെ നിയമമെന്തു?

              ഈ ചോദ്യങ്ങള്‍ക്ക്  നമ്മുടെ സമൂഹം നല്‍കുന്ന പൊതുവായ ഉത്തരങ്ങള്‍  ഇങ്ങനെ - മലിന വസ്തുക്കള്‍ എന്തെന്നതിന്നു കൃത്യമായ അറിവ് നമുക്കില്ല.മൂത്രം മാലിന്ന്യമായി പൊതുവ ആരും കണക്കകാറില്ല.വസ്ത്രങ്ങളില്‍ പറ്റിയാല്‍ വൃത്തിയാക്കാറുമില്ല. വഴിവക്കിലോ വൃക്ഷച്ചുവട്ടിലോ,കുളങ്ങളിലോ,കായലുകളിലോ മല മൂത്ര വിസര്‍ജ്ജനം നടത്തുന്നു. ചില സമൂഹങ്ങള്‍ പേപ്പേര്‍ ഉപയോഗിച്ചു വൃത്തിയാക്കുന്നു. മുന്തിയ ടൈല്‍സ് ഇട്ട കുളി മുറികളില്‍ സാധാരണ ചെരുപ്പ് ഉപയോഗിക്കാറില്ല. ചിലര്‍ കുളിക്കുന്നത് തോര്‍ത്തില്‍ വെള്ളം മുക്കിപ്പിഴിഞ്ഞു ശരീരത്തില്‍  ഉരച്ചുകൊണ്ടാണ്.ജോലിയുമായോ വിശ്വാസവുമായോ ബന്ധപ്പെട്ടു കുളിക്കും,നിര്‍ബന്ധ സമയങ്ങളില്ല. ഇപ്പോഴും പല്ല് തേക്കാതെ ഭക്ഷണം കഴിക്കുകയും ജോലിക്ക് പോവുകയും ചെയ്യുന്ന ആളുകളെ എനിക്ക് അറിയാം. ആര്‍ത്തവ സമയത്ത് വീട്ടില്‍ നിന്നും സ്ത്രീകളെ പുറത്താക്കുകയും ഭക്ഷണം വീടിന്നു പുറത്തു വെച്ച്  കൊടുക്കുകയും ചെയ്യുന്ന സമൂഹങ്ങളുണ്ട്. ആര്‍ത്തവ സമയത്ത് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരും ഉണ്ട്.               

ഭക്ഷണം:- ഏതൊക്കെ ഭക്ഷണം കഴിക്കാം? ഏതു  കഴിക്കരുത്?ഏതു കൈകൊണ്ടു?മലിന  ഭക്ഷണങ്ങള്‍ എന്തൊക്കെ ? പാമ്പ്‌, പട്ടി,പന്നി, പൂച്ച തുടങ്ങി പാറ്റകള്‍,പുഴുക്കള്‍ മുതല്‍ രക്തം വരെ ഭക്ഷണമായി ഉപയോഗികുന്നവരെ പല സമൂഹങ്ങളില്‍ കാണാം.കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നവരും, കഴിച്ച കൈകൊണ്ടു തന്നെ വെള്ളം നിറച്ച ഗ്ലാസ് പിടിക്കുന്നവരുണ്ട്.വാരി വലിച്ചു മ്രഷ്ടാനം കഴിക്കുന്നവരും,മദ്യം പാനീയമായി ഉപയോഗിക്കുന്നവരും ഉണ്ട്.        

വസ്ത്രം:- എന്താണ് നഗ്നത ? വസ്ത്രം നമുക്ക് തോന്നിയത് പോലെ ധരിക്കാമോ? ഏതൊക്കെ ഭാഗങ്ങളാണ് മറക്കേണ്ടത്‌ ?ഏതൊക്കെ വെളിവാക്കാം?നഗ്നത വെളിവാക്കുന്ന വസ്ത്രങ്ങള്‍ പൊതുവേ പാശ്ചാത്യ സംസക്കാരത്തിന്റെ ഭാഗമാണ്.
        
അഭിവാദ്യങ്ങള്‍:-നാം ഏതു രീതിയിലാണ് ആളുകളോട് അഭിവാദ്യം ചെയ്യേണ്ടത്.?ഓരോ കാലത്തും അവരുടെ ഇഷ്ടമനുസരിച്ച് മതിയോ ? പല രീതിയില്‍ എന്ത് കൊണ്ട്? പരീക്ഷയ്ക്ക് തോറ്റ കുട്ടിയോടും,വീട്ടില്‍ പിതാവ് മരിച്ചു കിടക്കുമ്പോഴും,ഭര്‍ത്താവ് ആശുപത്രിക്കിടക്കയില്‍ വേദന തിന്നു മരിക്കുമ്പോഴും "ഗുഡ് മോര്‍ണിംഗ് "  എന്ന് പറയുന്നതില്‍ എന്തോ കൊഴപ്പമില്ലേ?   

വിവാഹം :- വിവാഹം അനുവദനീയമായി കാണുന്ന സമൂഹങ്ങള്‍ തന്നെ വിവാഹത്തിന് പുറമേയുള്ള  ബന്ധങ്ങളും അനുവദനീയമായി കാണുന്നത് എന്ത്കൊണ്ട്? സാമൂഹത്തില്‍ എന്ത് കൊണ്ട് ഈ വൈരുധ്യം ഉണ്ടായി? ഉത്തരം വളരെ ലളിതം ഒരു സമ്പൂര്‍ണ്ണ മാത്രകാ വ്യക്തിത്വത്തിന്റെ ആവശ്യകത അവര്‍ ജീവിതത്തില്‍ സ്വീകരിക്കുന്നില്ല എന്നതാണ് അത്.    
     
മാതൃക വ്യക്തിത്വത്തിന്റെ ആവശ്യകത. 

     അപ്പോള്‍ നമ്മുടെ പ്രക്രതി തന്നെ ആവശ്യപ്പെടുന്നത് നാം ആരെയെങ്കിലും മാതൃകാ  വ്യക്തിത്വങ്ങളായി കണ്ടെതെണ്ടതും അവരെ അനുകരിക്കെണ്ടതും ആകുന്നു   എന്നാണ്. മാതൃകാ  വ്യക്തിത്വങ്ങളില്‍ പരിപൂര്‍ണരായും,അനുകരിക്കപ്പെടെണ്ടാവരായും ആരെയും  നിങ്ങള്‍ കാണുന്നുല്ലെങ്കില്‍ അതിനര്‍ത്ഥം അങ്ങിനെയുള്ള വ്യക്തിത്വങ്ങള്‍ ഇല്ല എന്നാണോ? അപ്പോള്‍ നാം ചരിത്രത്തിലേക്ക് നാം ഒരു എത്തി നോട്ടം നടത്തേണ്ടതുണ്ട്. ആരെങ്കിലും അങ്ങിനെ ചരിത്രത്തില്‍ ഉണ്ടോ? നിങ്ങള്‍ ഓരോരുത്തരും അന്വേഷിക്കേണ്ടതാണ് .സദ്ഗുണ സമ്പന്നരായും അനുകരിക്കപ്പെടെണ്ട അനുപമ വ്യക്തിത്വങ്ങളായും  നിങ്ങള്‍ക്ക് പ്രവാചകന്മാരെ മാത്രമേ കണ്ടെത്താനാകൂ. അതിനാല്‍ അവരെ നമുക്ക് തീര്‍ച്ചയായും മാതൃകകളാക്കവുന്നതാണ്. എന്നും ലോകം അവരെ തന്നെയാണ് മാതൃകകളായി  കണ്ടതും.അത് കൊണ്ടാണ് മതങ്ങള്‍ ഇന്നും ലോകത്ത് സജീവ സാന്നിധ്യമായി നിലനില്‍ക്കുന്നത് .ഇതില്‍ ചരിത്രത്തില്‍ മുഴുവനായും രേഖപ്പെടുത്തിയതും നമുക്ക് കയ്യെത്തും ദൂരത്തു നില്‍ക്കുന്ന ഒരു ഉജ്വല വ്യക്തിത്വമാണ് പ്രവാചകാനായ മുഹമ്മദ്‌ നബി(സ). നിങ്ങള്‍ നിങ്ങളുടെ പഠനം എത്ര തന്നെ മുന്നോട്ടു കൊണ്ട് പോയാലും അവസാനം എത്തിച്ചേരുന്നത് അദ്ദേഹത്തില്‍ തന്നെയായിരിക്കും. ജീവിതത്തിന്റെ എല്ലാ അംശങ്ങളും അവിടെ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. വഴി അറിയില്ലെങ്കില്‍ അത് അറിയുന്നവരോട് ചോദിക്കുക എന്നുള്ളത് ഒരു ശാസ്ത്രീയ രീതിയാണ്. വണ്ടി ഓടിച്ചു കൊണ്ടിരിക്കെ വഴി അടയാളങ്ങള്‍ (വഴി സൂചകങ്ങള്‍) നോക്കിക്കൊണ്ട്‌ പോകുക എന്നത് ഒരു അപമാനമായി ആരും കരുതാറില്ല. വഴി വിളക്കുകളില്‍  നിന്ന് ലഭിക്കുന്ന വെളിച്ചം കൂരിരുട്ടില്‍ നമുക്ക് കാഴ്ച നല്‍കുന്നു. ഇരുട്ടില്‍ ടോര്‍ച്ചു ഉപയോഗിക്കുക എന്നത് ലജ്ജിക്കേണ്ട കാര്യമായി നാം ആരും കണക്കാക്കാറില്ലല്ലോ. ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഏതു നന്മയുടെയും അടിസ്ഥാനം മുന്‍ കഴിഞ്ഞ പ്രവാചകന്മാരും,ഋഷിമാരും,പുണ്യപുരുഷന്മാരും തെളിച്ച വെളിച്ചത്തിന്റെ അംശമാണെന്ന് കാണാം.

മുഹമ്മദ്‌ നബി(സ):- സമ്പൂര്‍ണ്ണ  മാതൃകാ വ്യക്തിത്വം     
     മുകളില്‍ പറഞ്ഞ വിഷയങ്ങളില്‍ മുഹമ്മദ്‌ നബി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എ ന്തൊക്കെയാണെന്നു പരിശോധിക്കാം. 

                മാലിന്യങ്ങള്‍ എന്താണെന്നു കൃത്യമായി വിവരിച്ചു.രക്തം, ചലം മൂത്രം, മലം തുടങ്ങിയവ മാലിന്യങ്ങളാണ്.ഇവ വെള്ളം ഉപയോഗിച്ചു വൃത്തിയാക്കെണ്ടാതാണ്. മല-മൂത്ര വിസര്‍ജ്ജനം ആളൊഴിഞ്ഞ സ്ഥലത്തോ മറക്കുള്ളിലോ  ആയിരിക്കണം,മാളങ്ങളിലും കെട്ടിനില്‍ക്കുന്ന വെള്ളത്തിലും വൃക്ഷ ചുവട്ടിലും ജനങ്ങള്‍ സഞ്ചരിക്കുന്ന വഴിവക്കിലും  വിസര്‍ജ്ജനം അരുത്.ചെരുപ്പ് ധരിക്കാന്‍ കല്പിച്ചു. വൃത്തികെട്ട വസ്തുക്കള്‍ എടുക്കാനും, ശുചീകരണം നടത്താനും  ഇടതു കൈ ഉപയോഗിക്കണം.ഭാര്യ സംസര്‍ഗ്ഗം,സഖലനം തുടങ്ങിയ ഉണ്ടായാല്‍ കുളിച്ചു ശുദ്ധിയാകേണ്ടതുണ്ട്.അതുപോലെ സ്ത്രീകള്‍ക്കു ആര്‍ത്തവം,പ്രസവാനന്തര ശേഷവും കുളി നിര്‍ബന്ധമാണ്‌. കുളിയില്‍ ആദ്യം കൈരണ്ടും കഴുകുക,പിന്നെ ഗുഹ്യഭാഗങ്ങള്‍ കഴുകുക, അംഗസ്നാനം(വുളു)ചെയ്യുക, കൈവിരല്‍ നനച്ചു മുടികള്‍ക്കിടയിലെ ജട നീക്കുക. തലയില്‍ മൂന്നു പ്രാവശ്യം വെള്ളം കോരി ഒഴിക്കുക.പിന്നെ ശരീരം മുഴുവനും വെള്ളം ഒഴിച്ച് കഴുകുക  എന്നതാണ് നബിയുടെ പൊതുവേയുള്ള കുളിയുടെ രീതി. ആര്‍ത്തവ സമയത്ത് ലൈംഗീക ബന്ധമൊഴിച്ചു എല്ലാ ഇടപാടുകളിലും അവര്‍ക്ക് ഏര്‍പ്പെടാം.  പ്രവാചകന്‍ വീട്ടില്‍ കയറിയാല്‍ ആദ്യം ചെയ്തകാര്യം ദന്ത ശുദ്ധീകരമാണ്.രാത്രിയിലോ പകലോ ഉറങ്ങിയെഴുന്നെറ്റാല്‍  പല്ല് തേക്കുക എന്നത് ശീലമാക്കിയിരുന്നു.ആയിഷ പറയുന്നു  "പത്തു കാര്യങ്ങള്‍ പ്രവാചകന്മാരുടെ ചര്യയില്‍ പെട്ടതാണ്.മീശ വെട്ടുക,താടി വളര്‍ത്തുക,ബ്രഷു ചെയ്യുക ,മൂക്കില്‍ വെള്ളം കയറ്റി കഴുകുക,വായ കഴുകുക,നഖം വെട്ടുക ,വിരല്‍ മടക്കുകള്‍ കഴുകുക,കക്ഷം പറിക്കുക(വൃത്തിയാക്കുക),ഗുഹ്യ ഭാഗത്തെ രോമങ്ങള്‍ കളയുക,ഷൌച്യം ചെയ്യുക തുടങ്ങിയവയാണത്".                                         

           മ്രഗങ്ങളെ അറുത്തു  ഭക്ഷിക്കേണ്ടതാണ് .രക്തം ഒഴുക്കികളയുക എന്നത്  നിര്‍ബന്ധമാണ്‌ .ശവം(മല്‍ത്സ്യം ഒഴികെ),രക്തം,പന്നിയിറച്ചി,ദൈവേതര നാമത്തില്‍ അറുത്തത്,  ഞെരിച്ചു കൊന്നത്, ശ്വാസം മുട്ടിച്ചു കൊന്നത്,തല്ലികൊന്നത്,വീണു ചത്തത്,തമ്മില്‍ കുത്തി ചത്തത്,വന്യ മ്രഗം കടിച്ചു തിന്നിട്ടത് എന്നിവ അനുവദനീയമല്ല(അല്‍ മാഇദ :3 ).തുടങ്ങിയവ ഭക്ഷിക്കരുത്.അതുപോലെ വളര്‍ത്തുകഴുത,നഖമുള്ള പക്ഷികള്‍ ,തേറ്റ മ്രഗങ്ങള്‍ തുടങ്ങിയവയുടെ മാംസം നിരുല്സാഹപ്പെടുതിയിട്ടുണ്ട്. കൈകഴുകുക, വലതുകൈ കൊണ്ട് കഴിക്കുക എന്നത് നല്ല ശീലത്തിന്റെ അടയാളമാണ്  .വാരിവലിച്ചു കഴിക്കരുത്.വയറിനെ ഭക്ഷണം,വെള്ളം,വായു എന്നീ മൂന്നു കാര്യങ്ങള്‍ക്കായ് വീതിച്ചു വെക്കണം.ലഹരി പാനീയങ്ങള്‍ ഉപയോഗിക്കരുത്. പാത്രത്തില്‍ ശ്വസിക്കുന്നതും ഊതുന്നതും നബി വിലക്കി. 

            എന്താണ് നഗ്നത എന്നു വിശദീകരിച്ചു.പുരുഷന്റെ നഗ്നത എന്നത് അവന്റെ കാല്‍ മുട്ടിന്റെയും പൊക്കിളിന്റെയും ഇടയിലെ ഭാഗങ്ങളാണ്. സ്ത്രീയുടേതു മുഖവും മുന്‍ കയ്യും ഒഴിച്ചുള്ള എല്ലാ ഭാഗവും.ജനങ്ങളുമായി ഇടപെടുമ്പോള്‍ അവര്‍ ഈ ഭാഗങ്ങള്‍ മറച്ചിരിക്കണം.ഈ അറിവ് ഇല്ലാത്തതിനാലും,ആരെയും ജീവിതത്തില്‍ മാത്രകയായ് സ്വീകരിക്കാതതിന്റെയും ദുരന്ത ഫലമാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. അര്‍ദ്ധ നഗ്നയായോ വസ്ത്രമുരിഞ്ഞോ നടക്കുന്നത് സംസ്ക്കാരമായി കൊണ്ട് നടക്കേണ്ടി വരുന്നത് അതിനാലാണ്.അത് പോലെ പുരുഷന്‍ പട്ട്,സ്വര്‍ണ്ണം എന്നിവ ധരിക്കുന്നത് നിരോധിച്ചിരിക്കുന്നു.

         അഭിവാദ്യ രീതിയായ് സലാം (ദൈവത്തിന്റെ രക്ഷയുണ്ടാവട്ടെ)എന്ന വാക്ക് പഠിപ്പിച്ചു.ഇതു ഏതു അവസരത്തിലും ആരോടും പറയാവുന്ന ഒന്നാണ്.ഹസ്ത ദാനം, ആലിംഗനം,നെറ്റിയില്‍ ചുംബിക്കുക തുടങ്ങിയവ അഭിവാദ്യ മര്യാദകളാണ്.എന്നാല്‍ പാശ്ചാത്യരെ പോലെ ഈ കാര്യങ്ങളൊക്കെ പര സ്ത്രീകളോടോ,മറ്റുള്ളവരുടെ ഭാര്യമാരോടോ ചെയ്യുന്നത് സാംസ്ക്കാര ശൂന്യത തന്നെ.
          
      പൊതുവേ മതങ്ങളെ കുറിച്ചുള്ള നമ്മുടെ ധാരണ ആധ്യാത്മികതയുടെ വഴി എന്നാണ്. സന്ന്യാസവും വിരക്തിയുമാണ് ദൈവത്തിലേക് അടുക്കാനുള്ള മാര്‍ഗ്ഗം.പക്ഷെ എന്തോ ഒരു വൈരുധ്യമെന്ന നിലക്ക് എല്ലാ മത സമൂഹങ്ങളിലും വിവാഹം എന്ന ഒരു കര്‍മ്മം നിലനില്‍ക്കുന്നു.ഇതില്‍ നിന്നും സന്ന്യാസം, ബ്രഹ്മചര്യം  പോലെയുള്ളവ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന്   മനസ്സിലാക്കാം. അപ്പോള്‍ വിവാഹത്തിലൂടെ മാത്രമേ സ്ത്രീ പുരുഷ ബന്ധം ഉണ്ടാകാന്‍ പാടുള്ളൂ. ,വിവാഹ പൂര്‍വ്വമോ  വിവാഹ ശേഷമോ ഉള്ള  പരസ്ത്രീ, പരപുരുഷ ബന്ധം നിരോധിച്ചിരിക്കുന്നു.വിവാഹം വളരെ ലളിതവും സുതാര്യവും ആയിരിക്കണം.സ്ത്രീയുടെയും പുരുഷന്റെയും ജീവിത നട്ടെല്ല് പൊട്ടുന്ന രീതിയിലുള്ള ഭാരമാകരുത് എന്ന് അര്‍ഥം.

          ദൈര്‍ഘ്യ ഭയം മൂലം  വിശദീകരണം ഒഴിവാക്കുന്നു. കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ തല്സംബന്ധമായി ചിന്തിക്കട്ടെ. 

   -ആബിദ് അലി ടി എം പടന്ന