2015 മേയ് 29, വെള്ളിയാഴ്‌ച

പത്തു കല്‍പനകളും "മ" പ്രസിദ്ധീകരണങ്ങളും

                   ആളുകൾ   പൊതുവെ ധരിച്ചുവച്ചിരിക്കുന്നത് വേദഗ്രന്ഥങ്ങൾ വിശേഷിച്ചു, ഹൈന്ദവ വേദങ്ങൾ ,ബൈബിൾ ,ഖുർആൻ തുടങ്ങിയവ പരസ്പര വിരുദ്ധവും,ഒന്ന് മറ്റൊന്നിനോട് ഒരിക്കലും യോജിക്കാത്തതും ,എന്നെന്നും ശത്രു സ്ഥാനത്ത് നിർത്തപ്പെടേണ്ടത് ആണെന്നും ആകുന്നു .എന്നാൽ ആ ധാരണയിൽ കഴമ്പില്ല എന്ന് അതിലെ സന്ദേശങ്ങള്‍ ഒരിക്കലെങ്കിലും വായിച്ചവർക്ക് മനസ്സിലാക്കാൻ കഴിയും .

                   ഇനി ഈ പറയുന്ന വേദങ്ങൾ തമ്മിൽ ആകെയുള്ള വ്യത്യാസം എന്നത് ദൈവീക വചനങ്ങളിൽ മനുഷ്യ വചനങ്ങൾ കടന്നു കൂടി എന്ന വിഷയമോ,അത് പോലെ വേദഗ്രന്ഥം  കയ്യിലുള്ളവർ അത് ജീവിതത്തിൽ പ്രയോഗിക്കാൻ സന്നദ്ധരല്ല എന്നുള്ളതോ മാത്രം ആകുന്നു.

 ഏതാണ് വേദങ്ങളുടെ ശത്രു ഗ്രന്ഥം ?

          തിന്മയെ പ്രോത്സാഹിപ്പിക്കുന്ന ,മനുഷ്യന്‍റെ അധമ വികാരങ്ങളെ ഉണർത്താൻ സഹായിക്കുന്ന എല്ലാ ഗ്രന്ഥങ്ങളും വേദങ്ങളുടെ ശത്രു സ്ഥാനത്താണ് .ഉദാഹരണമായി നമ്മുടെ മലയാളക്കരയിൽ മാസാ മാസവും ഇറങ്ങുന്ന "മ "മാസികകളും ,വനിതകള്‍ക്ക് മാത്രം എന്ന് പറഞ്ഞു ഇറക്കി കൂടുതലും പുരുഷന്മാരാൽ വായിക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങളും, വിവാഹ പൂർവ്വ ബന്ധങ്ങളെ കുറിച്ച് ഫീച്ചറുകൾ ഇറക്കുന്നവരും , ഓരോ ലക്കത്തിലും സ്ത്രീ -ലൈംഗീക രോഗ സംശയ നിവാരണം മുടങ്ങാതെ നടത്തുന്നവരും ,അടിവസ്ത്രത്തിന്‍റെ പരസ്യങ്ങൾ മാത്രം ഈ രണ്ടു പേജ് വിട്ടു പ്രസിദ്ധീകരിക്കുന്നവരും, ചിപ്പിക്കുള്ളിലെ മുത്തുകളെ പുറത്ത് വാരിയെരിയുന്നവരും ,സിനിമാ പുസ്തകങ്ങളുടെ പേരിൽ  ആഭാസ ചിത്രങ്ങൾ പേജുകളിൽ കുത്തിനിറക്കുന്നവരും ,ഗോസ്സിപ്പുകള്‍ക്ക് എരിവും പുളിയും ചാർത്തി മഷി പുരട്ടുന്നവരും ,  ആരോഗ്യ മാസികകളിൽ പോലും അനാരോഗ്യം കുത്തിവെച്ചു പണം നേടുന്നവരും ആയ ഒരു വലിയ തിന്മയുടെ ലോകം നമ്മുടെ ചുറ്റുവട്ടത്തുണ്ട് .അവരുടെ സ്വന്തം സാമ്പത്തിക ലാഭം അല്ലാതെ മറ്റൊരു മൂല്യവും സമൂഹത്തിനു അത്തരക്കാരിൽ നിന്ന് ലഭിക്കുന്നില്ല.

                       സ്ത്രീകളെ വെറും മിഥ്യയായ  ഗ്ളാമറിന്റെ പുറം പൂച്ച് കാണിച്ചു
അവരെ വിൽപ്പനചരക്കു മാത്രമായി കണ്ടു തങ്ങളുടെ പോക്കറ്റ് വീർപ്പിക്കുന്ന ഇത്തരക്കാരാണ്  യഥാർതത്തിൽ മനുഷ്യ കുലത്തിന്‍റെ ശത്രു ,അവർ അച്ചടിച്ച്‌ ഇറക്കുന്ന അധർമ്മ വാക്യങ്ങൾ തന്നെയാണ് സാക്ഷാൽ വേദങ്ങളുടെയും ,സനാതന മത -ധർമ്മങ്ങളുടെയും ശത്രു .ഇങ്ങനെ ഒരു തിരിച്ചറിവ് കൂടി കാലം നമ്മോടു ആവശ്യപ്പെടുന്നു

                       "യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്‌." (ഖുര്‍ആന്‍ 31 ,ലുഖ്‌മാൻ :6)

           സമൂഹത്തിൽ യാതൊരു മൂല്യങ്ങളും   നല്കാത്ത ഇത്തരം ചവറുകൾ തന്നെയാണ്   അടിച്ചമർത്തപ്പെട്ടവർക്കും ,നീതി നിഷേധിക്കപ്പെട്ടവർക്കും വേണ്ടി പൊരുതാനും അഗതിയുടെയും അനാഥരുടെയും ഭക്ഷണത്തിനായി പ്രവര്‍ത്തിക്കാനും (ദൈവമാർ ഗ്ഗം   ) ഇറങ്ങുന്നതിൽ ഒരു വലിയ തടസ്സമായി ജനങ്ങളുടെ മുന്നിൽ നിലകൊള്ളുന്നത് .

         അങ്ങിനെ നോക്കിയാല്‍ വ്യക്തമായ ധാർമീക തത്വങ്ങളോടുള്ള കടുത്ത വെല്ലുവിളിയായി വിനോദ  വാരികകളും മാസികകളും മാറുന്നത് നിങ്ങള്‍ക്ക് കാണാം .

 മതേതര ദൈവങ്ങളും അന്ധ വിശ്വാസങ്ങളും

          സനാതന ധാർ മീക തത്വങ്ങൾ ഉൾക്കൊള്ളുന്ന വേദഗ്രന്ഥങ്ങൾ പുരോഹിതന്മാർ കയ്യടക്കി വെക്കുകയും അതിൽ കൈകടത്തൽ നടത്തുകയും ചെയ്തപ്പോൾ അതിന്‍റെ അന്തസാരങ്ങൾക്ക് കാര്യമായ ഇടിവ് സംഭവിച്ചു .പിന്നീട് മതം ഒരു ചൂഷണോപാധി മാത്രമായി ചുരുങ്ങയപ്പോൾ മതേതര ചിന്തയുടെ മേധാവിത്വം അതിനെ പൂർണ്ണമായും കയ്യൊഴിയുന്ന രീതിയാണ് ആധുനിക സമൂഹത്തിൽ സൃഷ്ടിച്ചെടുത്ത് .
എന്നാൽ ഈ പുതിയ കാലത്ത് മത രഹിതമാവുക എന്നത് ഫാഷനും മതത്തെ സ്വകാര്യ മുറികളിൽ ഒതുക്കുക എന്നത്  മതേതരവമായി  ആക്കി മാറ്റിയപ്പോൾ മതങ്ങൾ സ്വകാര്യതയിലും ശത്രുക്കളായി തന്നെ കഴിയണം എന്നും ആരും മറ്റാരുടെയും വേദങ്ങൾ വായിക്കരുത് എന്ന കുടിലതയും മതതത്വത്തിന്റെ പേരില് തന്നെ സ്രിഷ്ടിക്കപ്പെട്ടു .
അതിനാൽ മത വേദങ്ങൾ പരസ്പരം ശത്രു ഗ്രന്ഥങ്ങളും ,അശ്ളീതയും ലൈ ലൈംഗീകതയും ഒഴുകുന്ന എന്റർറ്റൈൻ പുസ്തകങ്ങൾ  മതേതര വേദങ്ങൾ ആക്കുകയും  ചെയ്യിപ്പിച്ചു കൊണ്ട് നമ്മുടെ മസ്തിഷ്കത്തെ ഹൈജാക്ക് ചെയ്യപ്പെട്ടു എന്ന തിരിച്ചറിവ് നാം തിരിച്ചറിയാതെ പോകുന്നത് ,നമുക്കും  നമ്മുടെ സമൂഹത്തിനും സംഭവിക്കുന്ന ഒരു മഹാ നഷ്ടം ആയിരിക്കും .

           എല്ലാം  മതരഹിതവും മതേതരവും ആയി മാറണം എന്ന് പറയുന്നവരുടെ ബാല പുസ്തകങ്ങളിൽ  കൂടി ഡിങ്കനും മായാവിയും ,കുട്ടൂസനും  മുതൽ സാക്ഷാൽ മത രഹിതരുടെ അപ്പോസ്തലന്മാർ സൃഷ്ടിച്ചു വിടുന്ന  സുപ്പെര്‍ മാനും സ്പൈഡര്‍ മാനും ,ഹീ  മാനും, ഹാരി പൊർട്ടരും ,മന്ത്ര വാദികളും
മതേതര തലച്ചോറുകളുടെ ദൈവങ്ങളായി പിഞ്ചു കുഞ്ഞുങ്ങളുടെ നാഡി ഞരമ്പിൽ കൂടി കടത്തി വിടുന്നത് ഒരു മഹാ വൈരുധ്യം അല്ലെ.... ഇവരൊക്കെയാണ് ആധുനിക മതേതര ദൈവങ്ങള്‍!!!!

        ഇതാണ് ഇവരുടെ സംഭാവന ഒരു ഭാഗത്ത് തികഞ്ഞ അന്ധവിശ്വാസം ,മറുഭാഗത്ത്‌ തികഞ്ഞ ആരാകത്വം .എന്നാല്‍ വേദങ്ങളോ ?

വേദങ്ങള്‍ പരസ്പരം ശത്രു ഗ്രന്ഥമാണോ ??
       വേദ ഗ്രന്ഥങ്ങൾ എല്ലാം മനുഷ്യ നന്മയെ പ്രോത്സാഹിപ്പിക്കുന്നു .തിന്മയുടെ മേധാവിത്വത്തെ ചെറുക്കാൻ പ്രേരിപ്പിക്കുന്നു .അപ്പോൾ വേദ ഗ്രന്ഥങ്ങൾ പരസ്പരം ശത്രു ഗ്രന്ഥങ്ങൾ അല്ല .അവകള്‍ ഒന്നിന് പിറകെ മറ്റൊന്നിനെ സത്യപ്പെടുത്തി തന്നെയാണ് നിലകൊള്ളുന്നത് .മുൻ  വേദങ്ങളെ ഖുറാൻ സത്യപ്പെടുത്തുന്നത്  കാണുക .

"നാം മൂസാക്കു വേദപുസ്തകം നല്‍കി. നന്മ ചെയ്തവര്‍ക്കുള്ള അനുഗ്രഹത്തിന്റെ പൂര്‍ത്തീകരണമായാണത്. എല്ലാ കാര്യങ്ങളുടെയും വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവുമായാണത്. അവര്‍ തങ്ങളുടെ നാഥനുമായി കണ്ടുമുട്ടുമെന്ന് വിശ്വസിക്കുന്നവരാകാന്‍. "(ഖുര്‍ആന്‍ 6,അൽ അൻആം :154)

"നിനക്ക് ഇറക്കിയ ഈ വേദപുസ്തകത്തിലും നിന്റെ ‎മുമ്പുള്ളവര്‍ക്ക് ഇറക്കിയവയിലും ‎വിശ്വസിക്കുന്നവരുമാണവര്‍. പരലോകത്തില്‍ ‎അടിയുറച്ച ബോധ്യമുള്ളവരും." ‎ (ഖുര്‍ആന്‍ 2,അല്‍ബഖറ :4)

"പ്രവാചകരേ, നിനക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചുതന്നിരിക്കുന്നു. അത് മുന്‍വേദഗ്രന്ഥത്തില്‍ നിന്ന് അതിന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നതാണ്. അതിനെ ഭദ്രമായി കാത്തുരക്ഷിക്കുന്നതും."( ഖുര്‍ആന്‍ 5 ,അൽ  മാഇദ :48)


പത്തു കൽപനകള്‍ വിവിധ മത ഗ്രന്ഥങ്ങളില്‍
        ഇനി ദൈവം മോസ്സസിനു (മൂസാ നബി )ക്ക് നൽകിയ ബൈബിളിലെ പത്തു കൽപനകളെ മറ്റു വേദങ്ങളുമായും നിയമ തത്വങ്ങളുമായി ഒന്ന് താരതമ്യം ചെയ്തു നോക്കാം.പത്തു കല്പനകളിലെ ആദ്യത്തെ നാല്   തീര്‍ത്തും ദൈവത്തോടുള്ള മനുഷ്യന്‍റെ അവകാശമാണ് .ബാക്കിയുള്ള ആറും മനുഷ്യന്നു തന്‍റെ സഹജീവികളോടുള്ള വ്യക്തിപരവും സാമൂഹ്യവുമായ അവകാശങ്ങളാണ്. 

കല്‍പന ഒന്ന് :ദൈവം
ബൈബിൾ :
"നിന്‍റെ ദൈവമായ കർത്താവ് ഞാനാണ് ,ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്."(നിയമാവർത്തനം : 5 :6  ) 

ഖുർആൻ:
"അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. ഈ ലോകത്തും പരലോകത്തും സ്തുതിയൊക്കെയും അവനാണ്. (ഖുർആൻ 28 അൽ ഖസസ് :70)
"കണ്ണുകള്‍ക്ക് അവനെ കാണാനാവില്ല. എന്നാല്‍ അവന്‍ കണ്ണുകളെ കാണുന്നു. അവന്‍ സൂക്ഷ്മജ്ഞനാണ്. എല്ലാം അറിയുന്നവനും". (ഖുര്‍ആന്‍ 6 ,അൽ അൻആം :103)
 "പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്." (ഖുര്‍ആന്‍ 112 ,അൽ ഇഖ്‌ലാസ് :1)

 വേദങ്ങള്‍:
"ഏകനായ അവൻ ഏകാനായിത്തന്നെ എന്നെന്നും നിലനിൽക്കുന്നവനാനെന്നു വിശ്വസിക്കുക ,രണ്ടാമതൊരു ദൈവം ഇല്ലതന്നെ ."(അഥർവ്വ വേദം, 13- 6- 20- 21)
"മുഴുവൻ പ്രപഞ്ചത്തിന്‍റെയും നാഥാൻ ഒരുവൻ ,ഒരുവൻ മാത്രമാണ്"( ഋഗ് വേദം, 6- 36- 4)

കല്പന രണ്ടു : പ്രതിരൂപങ്ങള്‍
"നിനക്കായി ഒരു വിഗ്രഹവും നീ ഉണ്ടാക്കരുത് ,മുകളിൽ ആകാശത്തോ ,താഴെ ഭൂമിയിലോ ,ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്" (നിയമാവർത്തനം : 5 : 7 )

"അല്ലാഹുവെക്കൂടാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരാരും ഒന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല; അവര്‍ തന്നെ സൃഷ്ടിക്കപ്പെടുന്നവരാണ്. (ഖുര്‍ആന്‍ 16,അന്നഹ്ല്‍:20)

അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.(20) - See more at: http://www.malayalamquransearch.com/view_quran_topic.php?topic_id=530#sthash.pgpNaAML.dpuf
അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.(20) - See more at: http://www.malayalamquransearch.com/view_quran_topic.php?topic_id=530#sthash.pgpNaAML.dpuf
"സുഹ്രത്തെ, ഒന്നിനെയും നീ പ്രകീർത്തിക്കരുത് ആരാധിക്കരുത്‌ .....കാരുണ്യവാനും സർവ്വ  ശക്തനുമായ ദൈവത്തെ മാത്രം പ്രകീർ ത്തിക്കുകയും ആരാധിക്കുകയും  ചെയ്യുക"( അഥർവ്വ വേദം 20- 85- 1)

"ഭൌതീകമായ വ്യാമോഹങ്ങളില്‍ ബുദ്ധി വ്യാപരിക്കുന്നവരാണ് വ്യജദൈവങ്ങള്‍ക്ക് കീഴ്പ്പെടുന്നതും തന്നിഷ്ടപ്രകാരമുള്ള ആരാധനകളും ഉപസനകളും പിന്തുടരുകയും ചെയ്യുന്നത്" (ഭഗവത് ഗീത 7:20)


കല്‍പന മൂന്നു:ദൈവ നാമം
നിന്‍റെ ദൈവമായ കർ ത്താവിന്‍റെ നാം വൃഥാ ഉപയോഗിക്കരുത് .(നിയമാവർത്തനം 5 :11 )

നന്മ ചെയ്യുക, ഭക്തി പുലര്‍ത്തുക, ജനങ്ങള്‍ക്കിടയില്‍ ‎രഞ്ജിപ്പുണ്ടാക്കുക എന്നിവക്ക് തടസ്സമുണ്ടാക്കാനായി ‎ശപഥം ചെയ്യാന്‍ നിങ്ങള്‍ അല്ലാഹുവിന്റെ ‎പേരുപയോഗിക്കരുത്. അല്ലാഹു എല്ലാം ‎കേള്‍ക്കുന്നവനാണ്. സകലതും അറിയുന്നവനും. ‎ (അൽ  ബഖറ :224)

"അവനാകുന്നു ഏക ദൈവം ,എല്ലാവസ്തുക്കളിലും മറഞ്ഞിരിക്കുന്നവൻ , സർവ്വവ്യാപി ,എല്ലാ വസ്തുക്കളുടെയും ആത്മം ,എല്ലാ കാര്യങ്ങളും സൂക്ഷമമായി നിരീക്ഷിക്കുന്നവൻ,
എല്ലാത്തിലും ചൂഴ്ന്നു നിൽക്കുന്നവൻ ,സാക്ഷി ,സർവ്വതും ഇന്ദ്രിയങ്ങൾ ഇല്ലാതെ അറിയുന്നവൻ,ഏകനിൽ ഏകൻ ,പങ്കുകാരില്ലാതവൻ."
(ശ്വേതസ്വതാര ഉപനിഷത് 6 .11)

 കല്‍പന നാല്: ധ്യാനം
"നിന്‍റെ ദൈവമായ കര്‍ത്താവ് കല്‍പിച്ചതു പോലെ സാബത്ത് ആചരിക്കുക" (നിയമാവർത്തനം 5 : 12)

"വിശ്വസിച്ചവരേ, വെള്ളിയാഴ്ച ദിവസം നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് തിടുക്കത്തോടെ ചെന്നെത്തുക. കച്ചവട കാര്യങ്ങളൊക്കെ മാറ്റിവെക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍! "(ഖുര്‍ആന്‍ 62 ,അൽ ജുമുഅ 9 )

ജപം :പാരായണം ,ദിനേനയുള്ള മന്ത്ര ജപം (നിയമ ,9 )

കൽപന അഞ്ചു :മാതാ പിതാക്കള്‍ (കുടുബം )
 "നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക"( നിയമാവർത്തനം 5 :16)

"നിന്‍റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക." (ഖുര്‍ആന്‍ 17,അൽ ഇസ്രാഅ`:23)

"നിങ്ങളുടെ മാതാവ്  ദേവനോടു പോലെ ഇരിക്കട്ടെ! നിങ്ങളുടെ  പിതാവ്   ഒരു ദേവനെ പോലെ
ഇരിക്കട്ടെ! നിങ്ങളുടെ ഗുരു ദേവനോടു പോലെ ഇരിക്കട്ടെ!" ( തൈത്തിരിയോപനിഷത് 1.11.2)


രാമന്‍ :എന്റെ പിതാവിന്‍റെയും മാതാവിന്‍റെയും കല്പനകളെ ഞാന്‍ എങ്ങിനെ അതിലംഘിക്കും ?
(രാമായണം :അയോദ്ധ്യ കാണ്ഡം : 101 )

കൽപന  ആറ് : കൊല
"നീ കൊല്ലരുത്" (നിയമാവർത്തനം 5. 17)

അല്ലാഹു ആദരിച്ച മനുഷ്യജീവനെ അന്യായമായി നിങ്ങള്‍ ഹനിക്കരുത്. (ഖുർആൻ 17 , അല്‍ഇസ്രാ അ`:33 )
"കൊലപാതകം ചെയ്യുന്നവനെ ഏറ്റവും വലിയ അക്രമിയായി കണക്കാക്കണം ,അവവേളിക്കുന്നവനെക്കാളും മോഷ്ടാവിനെക്കാളും ,പരിക്കേല്‍പ്പിക്കുന്നവനെക്കാളും" (മനു വിന്‍റെ നിയമങ്ങള്‍ 8.345)

കല്‍പന ഏഴ് :വ്യഭിചാരം
"നീ വ്യഭിചാരം ചെയ്യരുത്" (നിയമാവർത്തനം, 5 .18) 

"നിങ്ങള്‍ വ്യഭിചാരത്തോടടുക്കുകപോലുമരുത്. അത് നീചമാണ്. ഹീനമായ മാര്‍ഗവും." (ഖുർആൻ  17 ,അല്‍ഇസ്രാഅ`:32)

"വ്യഭിചാരം ചെയ്യുന്നവന്‍ ഇഹത്തിലും പരത്തിലും ശിക്ഷിക്കപ്പെടും" (വിഷ്ണു പുരാണം 3.11)

"അന്യസ്ത്രീക്ക് ഉപഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നവന്‍ ,നിയമ വിരുദ്ധമായ കാമ ലീലകളില്‍ അവളുമായി ഏര്‍പ്പെടുകയും .അവളുടെ ആഭരണങ്ങളിലും വസ്ത്രങ്ങളിലും സ്പര്ശിക്കുന്നതും അവളുമായി ഒരെകട്ടിലില്‍ ഇരിക്കുന്നതും കിടക്കുന്നതും വ്യഭിചാര പ്രവർത്തികളായി കണക്കാക്കപ്പെടും"
(മനുവിന്‍റെ നിയമങ്ങള്‍ 8.357)
കല്പന എട്ടു , മോഷണം
"നീ മോഷ്ടിക്കരുത്"(നിയമാവർത്തനം 5 : 19)

"മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക.ആരെങ്കിലും പശ്ചാതപിക്കുന്നുവെങ്കില്‍ അതാണ്‌ ഉത്തമം"  (ഖുര്‍ആന്‍ 5,അൽ  മാഇദ :38 )

"തിന്മ മാത്രം നിറഞ്ഞ മനസ്സുള്ള മോഷ്ടാവ്  , രഹസ്യമായി ഭൂമിക്കുമുകളില്‍ നിരന്തരം തിന്മാക്കായി പരത്തി നടക്കുന്നവന്‍ ശിക്ഷ ലഭിക്കാതെ  നില നില്‍ക്കരുത് ."
(മനുവിന്‍റെ നിയമങ്ങള്‍ 9.263)


കല്പന ഒമ്പത് ,നിയമം നീതി ന്യായം 
"അയല്‍ക്കാരനെതിരെ നീ കള്ള സാക്ഷ്യം വഹിക്കരുത് "(നിയമാവർത്തനം 5:20 )

"നിങ്ങള്‍ നീതി നടത്തി ദൈവത്തിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്നു നോക്കേണ്ടതില്ല."(ഖുർആൻ 4 ,അന്നിസാഅ `:135)
ആര്‍ജ്ജവം :"സത്യസന്ധത ,കാര്യങ്ങള്‍ നേരെ ചെയ്യുക ,തിന്മക്കു എതിരെ യുള്ള ജാഗ്രത"(യമ: 8)

കൽപന പത്ത് ,അയല്‍ക്കാര്‍ (സമൂഹം )
"അയൽ ക്കാരന്‍റെ ഭാര്യ ,ഭവനം ,ദാസി ,കാള, കഴുത ഒന്നിനെയും നീ മോഹിക്കരുത് ."(നിയമാവർത്തനം 5: 21)

"നിങ്ങള്‍ദൈവത്തിനു  വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക. ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, കുടുംബക്കാരായ അയല്‍ക്കാര്‍, അന്യരായ അയല്‍ക്കാര്‍, സഹവാസികള്‍, വഴിപോക്കര്‍, നിങ്ങളുടെ അധീനതയിലുള്ള അടിമകള്‍; എല്ലാവരോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചവും ദുരഹങ്കാരവുമുള്ള ആരെയും ദൈവം ഒട്ടും ഇഷ്ടപ്പെടുന്നില്ല." (ഖുര്‍ആന്‍ 4,അന്നിസാഅ`:36)

സന്തോഷം : "ആനന്ദ ഭാവം - കയ്യില്‍ ഉള്ളതില്‍ സംതൃപ്തി - അത്യാഗ്രഹങ്ങള്‍ ഹനിക്കുക" (നിയമ :2 )

2015 ജനുവരി 4, ഞായറാഴ്‌ച

pk എന്ന സിനിമ ok ആകുമ്പോള്‍

                                                                        - Abid ali Padanna

                  കാലികമായ പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യുക എന്നത് ഒരു കലാകാരന്നു തന്‍റെ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നന്മയാണ് .രാജ്കുമാര്‍ ഹിരാനി  സംവിധാനം ചെയ്തു ആമിര്‍ ഖാനും  അനുഷ്ക ശര്‍മയും അഭിനയിച്ച ചിത്രമാന് pk. ഒരു വലിയ നന്മയെ സിനിമ വിളമ്പരം ചെയ്യുന്നുണ്ട് .

ആമിര്‍ഖാന്‍ pk യില്‍
      രാജ് കുമാര്‍ ഹിരാനിയുടെ മറ്റു മികച്ച ചിത്രങ്ങളാണ് മുന്നാ  ബായ്MBBS,മുന്നാ ഭായി ലഗേ രഹോ ,3 idiots തുടങ്ങിയവ. മുന്നാഭായി ഗാന്ധിജിയുടെ നന്മകള്‍ സമൂഹ്യ ജീവിതത്തെ സ്വാധീനം ചെലുത്തേണ്ടതുണ്ട് എന്ന് ഉറക്കെ  പറഞ്ഞ സിനിമയാണ്. 3idiots ആണെങ്കില്‍ നിലവിലെ വിദ്യഭ്യാസത്തിന്‍റെ പോരായ്മകളെ നന്നായി പരിഹസിക്കുന്നതും ആണ് .
രാജ് കുമാര്‍ ഹിരാനി
                 നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് മതവും രാഷ്ട്രീയവും ഇത് രണ്ടിനെയും പൊതു സമൂഹത്തിനു മുന്നില്‍ തുറന്നു കാണിക്കുകയാണ് ചിത്രം ചെയ്യുന്നത് .സംവിധായകന് പറയാനുള്ളത് മുഴുവന്‍ കഥാപാത്രങ്ങളിലൂടെ പറയിപ്പിക്കുന്നുണ്ട് . ഭരണകൂടങ്ങള്‍ തന്നെ മതത്തെ പ്രശ്നല്‍ക്കരിക്കുന്ന കാലത്ത് ഒരു പ്രതിരോധം എന്ന നിലയില്‍ സിനിമ  കൂടുതല്‍ പ്രസക്തമാകുന്നുണ്ട് .മതത്തെയും ആത്മീയതയും കച്ചവട വല്‍ക്കരിക്കുന്നവര്‍ക്ക് കനത്ത താക്കീതാണ് സിനിമ .അതിനാല്‍ അത്തരക്കാര്‍ സിനിമക്ക് എതിരെ കയ്യൂക്ക് കാണിക്കും . 
അന്യ ഗ്രഹ മനുഷ്യന്‍:
                     ഭൂമിയിലെ മനുഷ്യന്‍റെ ജീവിത നാടകങ്ങള്‍ അറിയാത്ത കേവലം കുട്ടിയുടെ മനസ്സുമായി അന്യ ഗ്രഹത്തില്‍ നിന്നും എത്തുന്ന നായകന്‍ ആമിര്‍ ഖാന്‍(pk).ജ്ഞാനത്തിനു അഭൌതികമായ ആറാം ഇന്ദ്രിയം  ആവശ്യമാണ്‌ എന്നത് അടിവര ഇടുന്ന  പോലെ ഒരു "ഭൌതിക" ഫിക്ഷന്‍ കഥാപാത്രം . 
 അന്യ ഗ്രഹ പേടകത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ തന്നെ ഭൂമിയിലെ ഒരാള്‍ തന്റെ പേടകത്തിന്റെ റിമോട്ട് അടിച്ചു മാറ്റി ഓടി രക്ഷപ്പെട്ടു.അത് തിരിച്ചു കിട്ടാനായുള്ള യാത്രകളുടെയും ചോദ്യങ്ങളുടെയും ഘോഷയാത്രയാണ് സിനിമയുടെ ഇതിവൃത്തം . 
ഭൂമിയിലെ മനുഷ്യന്‍
                    മനുഷ്യന്റെ അടിസ്ഥാനപരമായ  കാര്യങ്ങളെ കുറിച്ചും സിനിമ ചോദ്യം ഉന്നയിക്കുന്നുണ്ട്‌ .
വസ്ത്രം ,നാണം എങ്ങിനെ മനുഷ്യനില്‍ ഉണ്ടായി ?
ഭാഷയുടെ ആവശ്യം ?ഭാഷയുടെ ഉത്ഭവം ?
ഭക്ഷണം ,അധ്വാനം ,പണം ,കച്ചവടം തുടങ്ങിയ ജിവിത ആവശ്യങ്ങള്‍ എങ്ങിനെയാണ് മനുഷ്യനില്‍ ഉണ്ടായത്  ?സ്നേഹം ,അനുകമ്പ തുടങ്ങിയവയാണോ പ്രണയത്തിന്റെ ആധാരം ??
തുടങ്ങിയ അടിസ്ഥാനങ്ങളെ കുറിച്ചുള്ള അന്വേഷണ ത്വര പ്രേക്ഷകരില്‍ സിനിമ നിഷേപിക്കുന്നുണ്ട് .
മതം പൌരോഹിത്യം കള്‍ട്ട്
          വേഷങ്ങളില്‍ അല്ല മതം എന്നും ,അനാദിയായ ദൈവത്തെ എവിടെയും കുടിയിരുത്താന്‍കഴിയില്ല എന്നും   മത പോരോഹിത്യം മതത്തെ ഉപയോഗിച്ച്  എങ്ങിനെയാണ് മനുഷ്യരെ ചൂഷണം ചെയുന്നത് എന്നും  ദൈവത്തിന്റെ പേരില്‍ പണമാണ് പുരോഹിതന്മാരുടെയും കല്ട്ടുകളുടെയും  ലക്‌ഷ്യം എന്നും സിനിമ പറയുന്നു .

ഭീകരത
                       ദൈവത്തിന്‍റെ പേരില്‍ ബോംബ്‌ വെക്കുകയും ,നിരപരാധികളെ കൊല്ലുകയും ചെയ്യുന്ന ഭീകരതയുടെ  പൊള്ളത്തരം സിനിമ അനാവരണം ചെയ്യുന്നുണ്ട് .
മീഡിയ
                ഭരണാധികാരികള്‍ക്കും പോരോഹിത്യ കല്ട്ടുകള്‍ക്കും ഓശാന പാടലല്ല മീഡിയ ദൌത്യം.ജഗ്ഗു(അനുഷക ശര്‍മ ) എന്ന കഥാപാത്രത്തിലൂടെ മീഡിയയുടെ  യഥാര്‍ത്ഥ ദൌത്യം എന്താണ് എന്ന് സിനിമ വരച്ചു കാണിക്കുന്നു .
അതിരുകളില്ലാത്ത ദേശീയത
         ഇന്ത്യക്കാരിയായ ജഗ്ഗു ബെല്‍ജിയത്തില്‍വെച്ച്പഠനകാലത്ത്പാക്കിസ്ഥാന്‍ യുവാവുമായി പ്രണയത്തില്‍ ആവുന്നു.ദേശീയത യുടെ അതിരുകള്‍ അവരെ വേര്‍തിരിക്കുന്നു .കഥാന്ത്യത്തില്‍ അവര്‍ ഒന്നിക്കുന്നു .നന്മകളെ അംഗീകരിക്കാത്ത ദേശീയത ആവശ്യമില്ല എന്ന് സിനിമ പറയുന്നു .
കത്തുന്ന രാഷ്ട്രീയം  
                        ചില രാഷ്ട്രീയം സിനിമ കൈകാര്യം ചെയ്യുന്നു
 1),രാമ ക്ഷേത്ര നിര്‍മ്മാണവും, മതപരിവര്‍ത്തനവും ,രാമന്‍റെ മക്കളും  താജ്മഹലും വിവാദമായ ഇക്കാലത്ത് മതത്തെയും പുരോഹത്യത്തേ യും കള്‍ട്ടുകളേയും അവരുടെ രാഷ്ട്രീയത്തെയും  ഒട്ടും കൂസലില്ലാതെ ചോദ്യം സിനിമ ചെയ്യുന്നു .
2), ഇന്നും കത്തിനില്‍ക്കുന്ന,നിരന്തരം വഷളായി കൊണ്ടിരിക്കുന്ന  ഇന്ത്യാ പാക്ക് ബന്ധം സിനിമ ശ്രദ്ധയില്‍ കൊണ്ട് വരുന്നു .
3), ഗാന്ധിയുടെ ആദര്‍ശങ്ങള്‍ക്കോ ,ചിത്രങ്ങള്‍ക്കോ അല്ല ,
ഗാന്ധിയുടെ ചിത്രങ്ങള്‍ ഉള്ള നോട്ടു കെട്ടുകള്‍ക്കാണ് ഇന്ന് വില എന്ന രാഷ്ട്രീയവും സിനിമ പറയുന്നു . 

യുക്തിയുടെ ചോദ്യങ്ങള്‍
സ്ത്രീ പുരുഷ ലൈംഗീക ബന്ധം വിവാഹത്തില്‍ അനുവദനീയവും
വ്യഭിചാരത്തില്‍ പാപവും ആകുന്നതു എന്ത് കൊണ്ട് ?
സൃഷ്ടാവായ ദൈവത്തെ രക്ഷിക്കാന്‍ ദൈവത്തിന്റെ മാനേജര്‍മാര്‍ക്ക് കഴിയുമോ ?
മനുഷ്യനെ സൃഷ്‌ടിച്ച ദൈവത്തില്‍ വിശ്വസിക്കുക ,മനുഷ്യന്‍ സൃഷ്‌ടിച്ച ദൈവത്തെ അവഗണിക്കുക .
ദൈവത്തോട് ദുഃഖങ്ങള്‍ പറയാന്‍ കാണിക്കകളും പണത്തിന്‍റെ ഭാണ്ടാരങ്ങളും എന്തിനു ?
വിഗ്രഹങ്ങള്‍ക്ക് പാലഭിഷേകം ആവശ്യമില്ല .പാല്‍ വേണ്ടത് ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളായ കുട്ടികള്‍കക്കല്ലേ ?
അങ്ങിനെ ഉത്തരം ഇല്ലാത്ത ചോദ്യങ്ങള്‍പോകുന്നതു റോന്‍ഗ് നമ്പരിലേക്ക്.......      

ഭയം എന്ന മാര്‍ക്കറ്റ്
                            മതം ചൂഷണത്തിന്‍റെയും  കൊള്ളയുടെയുടെയും കച്ചവട മാര്‍ക്കറ്റാകുന്നതു ഭയം എന്ന വികാരത്തെ  സമര്‍ത്ഥമായി വിറ്റിട്ടാണ് .
ദൈവത്തെ പോലും മൂര്‍ത്തികളായി വില്പനയ്ക്ക് വെച്ച സമൂഹം.
മൂര്‍ത്തി വല്‍ക്കരിച്ച ദൈവത്തെ ദര്‍ശിക്കാന്‍ വേണ്ടത് പണം .ആവശ്യങ്ങള്‍ പറയാന്‍ വേണ്ടത് പണം .ദൈവത്തിന്‍റെ യും മനുഷ്യരുടെയും ഇടയിലെ ഇടനിലക്കാര്‍ക്ക് ദൈവീക ചടങ്ങുകള്‍ക്ക് വേണ്ടതും പണം . ഭയം എന്ന ,മാര്‍ക്കറ്റിലെ ലാഭ കരമായ വ്യവസായം :അതാണ്‌ ഭക്തി വ്യവസായം അഥവാ ആത്മീയ വ്യാപാരം .

ചോദ്യങ്ങള്‍ ഉയര്‍ത്തുക
                    സകല ആത്മീയ വ്യവസായതിനെതിരെയും ,ചൂഷണത്തിനെതിരെയും ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ സിനിമ സമൂഹത്തോട് ആവശ്യപ്പെടുന്നു . അതായിരിക്കാം  ഒരു പക്ഷെ സംവിധായകന്‍ pk എന്ന വാക്ക് കൊണ്ട് അര്‍ഥമാക്കിയത്.poochon kyun (pk) ,ചോദിക്കുക എന്തുകൊണ്ട്? എന്നര്‍ത്ഥം.  സമൂഹം ചൂഷങ്ങള്‍ക്ക് എതിരെ ചോദ്യം ചെയ്തു തുടങ്ങുമ്പോള്‍ അന്ന് pk ,ok ആകും .
മനുഷ്യനെ വട്ടം കറക്കുന്ന മത ആചാരങ്ങള്‍
                  ഒരു മതത്തില്‍ മദ്യം നിഷിദ്ധം ,മറ്റൊരു മതത്തില്‍ മദ്യം ആരാധനാ ചടങ്ങ് .ഒരു മതത്തില്‍ വിധവകള്‍ക്കു വെള്ള വസ്ത്രം ,മറ്റൊരു മതത്തില്‍ കല്യാണത്തിന് വേണ്ടത് വെള്ള വസ്ത്രം .
മതം വേഷത്തിലും രൂപത്തിലുംഅല്ല നിലകൊള്ളേണ്ടത് .മനുഷ്യനെ തിരിച്ചറിയാത്ത മതം ,വെറും മദം .

നിയമങ്ങളുടെ പരിമിതി
                 ആത്മീയ ചൂഷണങ്ങള്‍ക്ക് നേരെ നിയമ നടപടി എടുക്കാന്‍ നിലവിലെ സംവിധാനഗള്‍ക്ക് പരിമിതിയുണ്ട് .കാരണം വിശ്വാസം വലിയ ഒരു ഫ്രെയിം ആണ് .അതില്‍ എന്ത് ചെയ്താലും ആരും ചോദിക്കില്ല എന്ന ഒരു പൊതു ധാരണ രൂപപ്പെട്ടു വന്നിട്ടുണ്ട് .
 
രണ്ടു കല്ലുകടി
ഒന്ന് ,ഇന്ദ്രിയാതീതമായ അഭൌതികമായ അറിവിനെ സിനിമ നിഷേധിക്കുന്നില്ല എന്നാല്‍ അത് എങ്ങിനെ ലഭിക്കുന്നു എന്നത് വിശദീകരിക്കാനും സിനിമക്ക് ആവുന്നില്ല .
രണ്ട് ,ദൈവത്തെ വിറ്റ് ആൾദൈവങ്ങൾ വാരുന്നത് കോടികൾ .
ആള്‍ ദൈവങ്ങളെ വിറ്റ് സിനിമാക്കാർ വാരുന്നതും കോടികൾ

2014 സെപ്റ്റംബർ 29, തിങ്കളാഴ്‌ച

സുന്നി-ഷിയ വിഭജനം എന്ത് ?ഒരു ചരിത്ര വിശകലനം

                                                                                                       -Abid Ali Padanna
          ചരിത്രം എന്നത് പഠിച്ചു തള്ളാന്‍ ഉള്ളതല്ല .അതിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു ഇന്നത്തെ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്‌ വേണ്ടത് .ചരിത്രത്തില്‍ ഉണ്ടായ അബദ്ധങ്ങള്‍ പഠിച്ചു മനസ്സിലാക്കിയില്ലെങ്കില്‍ വര്‍ത്തമാനത്തിലും അതേ തെറ്റുകള്‍ നാം ആവര്‍ത്തിക്കും .അപ്പോള്‍ ഭാവിയിലും അതിന്‍റെ പ്രത്യാഘാതം സമൂഹം അനുഭവിക്കേണ്ടി വരും . പ്രവാചകന്‍ മുഹമ്മദ്‌ നബിക്ക് ശേഷമുള്ള അറബ് ഇസ്ലാമിക ചരിത്രത്തിലേക്കും ,സുന്നി -ഷിയ വിഭജനത്തിലേക്കും  ഒരു എത്തിനോട്ടം ..

മുഹമ്മദ്‌ നബിയുടെ  ചരിത്ര സൂചിക

1.ക്രിസ്താബ്ദം 570 :മക്കയില്‍ ജനനം ജനനത്തിനു മുമ്പേ പിതാവ് അബ്ദുള്ള മരണ മടഞ്ഞു .തന്റെ ആറാം വയസ്സില്‍ മാതാവ് ആമിനയും ഈ ലോകത്തോട്‌ വിടവാങ്ങി
2.ക്രിസ്താബ്ദം 595 :40 വയസ്സ് പ്രായമുള്ള ഖദീജയുമായി വിവാഹം
3.ക്രിസ്താബ്ദം 610 :ആദ്യ വെളിപാടോട് കൂടി പ്രവാചകനായി .
4.ക്രിസ്താബ്ദം 620 :ജറൂസലമിലെക്കുള്ള നിശായാത്ര
5.ക്രിസ്താബ്ദം 622 :മദീനയിലേക്കുള്ള പലായനം .രാഷ്ട്ര സംസ്ഥാപനം
6.ക്രിസ്താബ്ദം 624 :ബദര്‍ യുദ്ധം
7.ക്രിസ്താബ്ദം 625 :ഉഹദ് യുദ്ധം
8.ക്രിസ്താബ്ദം 627 :ഖന്ദഖ് യുദ്ധം
9.ക്രിസ്താബ്ദം 628 :ഹുദൈബിയ സന്ധി
10.ക്രിസ്താബ്ദം 630: മക്ക വിജയം :പ്രതികാര നടപടി ഇല്ലാതെ ശത്രുക്കളെ വിട്ടയച്ചു
11.ക്രിസ്താബ്ദം 630:അറേബ്യയുടെ ഭരണാധികാരി .
12.ക്രിസ്താബ്ദം 631: അറേബ്യ മുഴുവനും ഇസ്ലാമിലേക്ക്
13.ക്രിസ്താബ്ദം 632 : വിടവാങ്ങല്‍ പ്രസംഗം , വിയോഗം  

ഖിലാഫത്ത് ഭരണം

             പ്രവാചകന്‍ സ്ഥാപിച്ച മദീന ആസ്ഥാനമായ രാഷ്ട്രത്തിനു തുടര്‍ച്ചയായി നാല് സാരഥികള്‍ ഉണ്ടായി

1)അബൂബക്കര്‍ സിദ്ധീഖ് 
ഭരണ കാലം :8 June 632 – 22 August 634
2)ഉമര്‍ ബിന്‍ ഖത്താബ്
ഭരണ കാലം :23 August 634  – 03 November 644

3)ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ 
ഭരണ കാലം 11 November 644 – 20 June 656


4)അലി ബിന്‍ അബൂത്വാലിബ്
ഭരണ കാലം A.D 656–661
അലിയുടെ കാലത്ത് രാഷ്ട്രത്തിന്റെ ആസ്ഥാനം മദീനയില്‍ നിന്ന് ഇറാഖിലെ ഖൂഫയിലേക്ക് മാറ്റിയിരുന്നു .
അലിയെ അംഗീകരിക്കാത്ത മുആവിയയുടെ പ്രവിശ്യ വേറെ തന്നെ ഇവിടെ കാണുക .

          ഇവരെ ഖുലഫാ ഉ രാഷിദീന്‍ (സച്ചരിതരായ ഖലീഫമാര്‍ )എന്ന് അറിയപ്പെടുന്നു.ഇവര്‍ക്ക് ശേഷം ഖിലാഫത്ത് രാജവാഴ്ചയിലേക്ക് മാറി .
പിന്നീട് ഒരിക്കലും ലോകത്ത് അതുല്യമായ  ആ ഖിലാഫത്ത് തിരിച്ചുവന്നില്ല .
ഉമവീ ഭരണാധികാരി ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്‍റെ ശ്രമം അല്ലാതെ .

ഷിയാ രൂപ വല്‍ക്കരണത്തിന്‍റെ പാശ്ചാത്തല ഘട്ടങ്ങള്‍
          ഇതിനെ മൂന്നു ഘട്ടങ്ങളായി നമുക്ക് തിരിക്കാം,
A) പ്രവാചക വിയോഗം മുതല്‍ ഖര്‍ബല സംഭവം വരെയുള്ളത്
B) ഖര്‍ബല മുതല്‍ ഷിയാ സ്റ്റേറ്റ് വരെ യുള്ള ഷിയാ വല്‍ക്കരണ ഘട്ടം
C) ഷിയാ ഭരണകൂടങ്ങളും അതിനു  ശേഷവും 

1.  പ്രവാചകന്‍റെ വിയോഗം (എ.ഡി-632) :

                പ്രവാചകന്‍റെ  വിയോഗതിന്നു ശേഷം സഖീഫയില്‍ ഒരുമിച്ചു കൂടിയ പ്രമുഖ പ്രവാചക ശിഷ്യന്മാര്‍ കൂടിയാലോചിച്ച്  അബൂബക്കറിനെ ഖലീഫയായി തെരഞ്ഞെടുത്തു .ജനങ്ങളുടെ പ്രാധിനിത്യം ആ തെരഞ്ഞെടുപ്പിന് ഉണ്ടായിരുന്നു . അതിനു ശേഷമാണ് പ്രവാചകന്‍റെ ഖബറടക്കം പോലും നടക്കുന്നത് . അലിക്കാണ് അധികാരം ലഭിക്കേണ്ടത് എന്ന ആഗ്രഹമുള്ള   ഒരു ചെറിയ ന്യൂനപക്ഷം മദീനയിലും ചുറ്റുവട്ടത്തും   ഉണ്ടായിരുന്നു.അലി അങ്ങിനെ ആഗ്രഹിചിട്ടില്ലെങ്കിലും. അന്ന് ആരും അബൂബക്കറിന്‍റെ  സ്ഥാനത്തെ ചോദ്യം ചെയ്തിട്ടും ഇല്ല .

2 . ഉസ്മാന്‍റെ വധം (എ.ഡി -656)  :                

                 മൂന്നാം ഖലീഫ ഉസ്മാന്‍ തന്‍റെ  വിദൂര ഭരണ  പ്രദേശങ്ങളില്‍ സ്വന്തം കുടുംബക്കാരെ നിയമിച്ചു എന്നും ,അവരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു എന്നും, ഭരണകാര്യത്തില്‍  ഉസ്മാന്‍റെ  ചില അടുത്ത ബന്ധുക്കള്‍ അമിതമായി ഇടപെടുന്നു എന്നും  അതിനാല്‍ ഉസ്മാന്‍ ഖലീഫ സ്ഥാനം രാജി വെക്കണം എന്നും ആവശ്യപ്പെട്ടു രാജ്യത്തിന്‍റെ  പലഭാഗങ്ങളില്‍ നിന്നും രണ്ടായിരത്തില്‍ പരം ആളുകള്‍ മദീനയില്‍ തമ്പടിച്ചു .

                   അവരോട് ചര്‍ച്ച ചെയ്തു  അനുനയിപ്പിക്കാന്‍ ഉസ്മാന്‍ അലിയെ നിയമിച്ചു .അലി അവരോടു ചര്‍ച്ച ചെയ്യുകയും ആരോപണം അന്വേഷണ സമിതിക്ക് വിടാം എന്നും ഉള്ള ഉറപ്പില്‍ ആ ആളുകള്‍ പിരിഞ്ഞു പോയി .പിരിഞ്ഞു പോയ അവരെ ഉസ്മാന്‍റെ  കയ്പ്പടയിലെ ഒരു ലെറ്ററിന്‍റെ  പേരില്‍ തെറ്റി ദ്ധരിപ്പിക്കുകയും അവര്‍ തിരിച്ചു വന്നു ഉസ്മാന്‍റെ  വീട് വളയുകയും ചെയ്തു . ഈ സംഘത്തിനു എതിരെ ഒരു സൈനീക നടപടിക്കും ഉസ്മാന്‍ ആഹ്വാനം ചെയ്തില്ല . വാള്‍ മുന കാട്ടി തന്നോട് ഭരണം കയ്യൊഴിയാന്‍ പറഞ്ഞ ആ കൂട്ടരോട് ഉസ്മാന്‍ പുഞ്ചിരി തൂകി പറഞ്ഞു :
"വാള്‍കൊണ്ടല്ല ഞാന്‍ ഈ  അധികാരം നേടിയത് ,അതിനാല്‍ വാള്‍ കണ്ടാല്‍ ഇത് വിട്ടേച്ചു പ്പോകേണ്ട ആവശ്യം എനിക്കില്ല ".

                  കുറച്ചു ദിവസം വീട് ഘരോവോ ചെയ്ത അവര്‍ ഒരു നാള്‍ പ്രഭാത നമസ്ക്കാര ശേഷം ഖുറാന്‍ പാരായണം ചെയ്തുകൊണ്ടിരിക്കെ അദ്ദേഹത്തെ വീടിനകത്ത് ഇരച്ചു കയറി വധിച്ചു കളഞ്ഞു . ഇസ്ലാമിലേക്ക് വന്ന അബ്ദുള്ള ഇബ്നു സബ എന്ന യമനി ജൂതനാണ് ഈ ഉപജാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് .ശിയാക്കളുടെ പല വിശ്വാസങ്ങളുടെയും ബീജം ഉത്പാദിപ്പിച്ചത് അദ്ദേഹം ആണെന്ന് പറയപ്പെടുന്നു .
 
                ഉസ്മാന്‍റെ  വധവും തുടര്‍ന്ന് ഭരണം ഏറ്റെടുത്ത അലി, ഉസ്മാന്‍റെ  ഖാതകരെ പിടികൂടാന്‍ മന:പൂര്‍വ്വം വൈകിക്കുന്നു എന്ന ആരോപണം ശരിവെച്ചു അലിക്കെതിരെ ആയിഷയടക്കം പ്രമുഖരായ ചില സഹാബികള്‍(പ്രവാചക ശിഷ്യന്മാര്‍) യുദ്ധം നടത്തി.ആയിഷയുടെ കൂടെ ത്വല്‍ഹാ ,സുബൈര്‍ തുടങ്ങിയ പ്രമുഖരും ഉണ്ടായിരുന്നു .ചരിത്രത്തില്‍ ഇതിനെ ജമല്‍ യുദ്ധം എന്ന് പറയപ്പെടുന്നു .യുദ്ധം ജയിച്ച അലി , ആയിഷയെ മാന്യമായി വീട്ടിലേക്കു നയിച്ചു.

3 . സ്വഫീന്‍ യുദ്ധം (എ.ഡി-657) :
                   അലിയെ ധിക്കരിച്ചു ബൈഅത്ത്(അനുസരണ പ്രതിഞ്ഞ ) ചെയ്യാതെ നിന്ന   മുആവിയ ദമാസ്കസ്  ആസ്ഥാനമാക്കി ഒരു സമാന്തര ഭരണ കൂടം സ്ഥാപിച്ചു.സഫീനില്‍ വെച്ചു അലിയുടെയും മുആവിയയുടെയും സൈന്യം ഏറ്റുമുട്ടി.ഇതിനെ സ്വഫീന്‍ യുദ്ധം എന്ന് അറിയപ്പെടുന്നു വിജയം അലിയുടെ പക്ഷത് വരും എന്നായപ്പോള്‍ , മുആവിയയുടെ പക്ഷത്തുള്ള ചിലര്‍ ഖുര്‍ആന്‍ കുന്തത്തില്‍ കെട്ടി  ഉയര്‍ത്തി ,ഇനി ഖുര്‍ആന്‍ കൊണ്ട് വിധി കല്‍പിക്കണം എന്ന വ്യവസ്ഥയില്‍ യുദ്ധം നിര്‍ത്തി വെച്ചു.മധ്യസ്ഥരില്‍ ചിലര്‍   വിധി മാറ്റിപ്പറഞ്ഞു. യുദ്ധം ജയിക്കാതെ അലി തിരിച്ചു പോയി.അലിയുടെ ഈ നിലപാടില്‍ മനംനൊന്തു പിന്തിരിഞ്ഞു പോയവര്‍ ഖവാരിജുകള്‍(ഇറങ്ങിപ്പുറപ്പെട്ടുപ്പോയവര്‍) എന്നപേരില്‍ അറിയപ്പെട്ടു .അലിയുടെ അന്ത്യം വരെ മുആവിയ ശ്യാം പ്രവിശ്യയുടെ (സിറിയ )അധികാരിയായി തുടര്‍ന്നു.

4  . മുആവിയയുടെ ഭരണം (എ.ഡി 661-680) :

       അലി പക്ഷത്തില്‍ നിന്നും പിന്മാറിയ പോയ തീവ്ര ആശയക്കാരായ  ഖവാരിജുകളുടെ കൈകളാല്‍ അലി കൊല്ലപ്പെട്ടു .അലിയുടെ  മരണശേഷം കൂഫ വാസികള്‍ അദ്ദേഹത്തിന്‍റെ മകന്‍ ഹസ്സനെ ഖലീഫയായി തിരഞ്ഞെടുത്തു.ആറുമാസം അങ്ങിനെ തുടര്‍ന്നു.മദീന അടക്കം എല്ലാ പട്ടണങ്ങളിലും വന്നു മുആവിയ നിര്‍ബന്ധിപ്പിച്ചു പലരോടും അനുസരണ പ്രതിഞ്ഞ വാങ്ങി.ഹസ്സന്‍റെ കൂടെ വലിയ ഒരു സൈന്യം ഉണ്ടായിരുന്നു. ഏറ്റമുട്ടല്‍ സര്‍വ്വ നാശം വരുത്തും എന്ന് രണ്ടു കൂട്ടര്‍ക്കും അറിയാമായിരുന്നു .മുആവിയ ചില മധ്യസ്ഥരെ അയച്ചു സന്ധിക്ക് ഒരുങ്ങി .ഒരു പ്രശ്നത്തിനും  രക്തച്ചോരിച്ചലിനും  നില്‍ക്കാതെ ഹസ്സന്‍ ചില സന്ധി വ്യവസ്ഥകളോടെ അധികാരം വിട്ടൊഴിഞ്ഞു. അങ്ങിനെ അധികാരം മുആവിയ യുടെ കയ്യില്‍ ഭദ്രമായി .
          ചില വ്യവസ്ഥകള്‍ ഇങ്ങനെ ആയിരുന്നു .
ഒന്ന്, ജുമുഅ പ്രസംഗത്തിലെ അലിക്ക് എതിരെഉള്ള ശാപപ്രാര്‍ത്ഥന നിര്‍ത്തണം .
രണ്ടു, മുആവിയക്ക്‌ ശേഷം ഭരണം ആര്‍ക്കു എന്നത് കൂടിആലോചന സമിതിക്ക് വിടണം .
മൂന്നു ,പൊതു സ്വത്തു മുആവിയ വ്യക്തിപരമായി ഉപയോഗിക്കരുത് ......തുടങ്ങിയവ .

 ഇതൊന്നും പിന്നീട് പാലിക്കപ്പെട്ടില്ല .ഹുസൈന്‍ ഏ ഡി 670 ഇല്‍ വിഷം നല്‍കിയ കാരണത്താല്‍ കൊല്ലപ്പെട്ടു. കൊലപാതകത്തില്‍ മുആവിയക്ക്‌ പങ്കുണ്ട് എന്ന് ആരോപിക്കപ്പെടുന്നു .
5 .യസീദിന്‍റെ  നിയമനം (എ.ഡി -680) :   

                 തന്‍റെ 19 വര്‍ഷത്തെ ഭരണ തുടര്‍ച്ചക്കു  മുആവിയ തന്‍റെ മകന്‍ യസീദിനെ നിയമിച്ചു മരണ മടഞ്ഞു. യസീദ് ദുര്‍മാര്‍ഗ്ഗി ആയിരുന്നു.
മക്കളെ ഭരണം ഏല്‍പ്പിക്കുന്ന ഒരു രീതി പ്രവാചകനും മുന്‍കഴിഞ്ഞ നാലു ഖലീഫമാരും സ്വീകരിച്ചിരുന്നില്ല . ഈ ഒരു രീതി തികച്ചും ഇസ്ലാമിക സമൂഹത്തിനു നൂതനം ആയിരുന്നു .ക്രാന്ത ദര്‍ശികളായ പലര്‍ക്കും വരാനിരിക്കുന്ന അപകടം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നു .
അതോടെ ഖിലാഫത്ത് റാഷിദ പൂര്‍ണ്ണമായും രാജവാഴ്ച്ചയിലേക്ക് മറിഞ്ഞു വീണു . എന്ന് വെച്ചാല്‍ ഖിലാഫത്ത് റാഷിദ, ഉമവീ ഖിലാഫത്ത് എന്ന കുടുംബ ഭരണം ആയി മാറി

6 .കര്‍ബല സംഭവം (എ.ഡി - 680 ):
              ഭരണ നേത്രത്വം എല്പിക്കാം എന്ന വാഗ്ദാനത്തില്‍ ഇറാഖിലെ  കൂഫക്കാരുടെ നിരന്തരമായ  ക്ഷണക്കത്തുകള്‍ പ്രാചക പൌത്രനായ ഹുസൈന് മദീനയില്‍ ലഭിചു കൊണ്ടേയിരുന്നു .അവിടെ നേരിട്ട് പോകുന്നതിനു മുന്നേ തന്‍റെ പിതാവിന്‍റെ സഹോദരനായ അഖീലിന്റെ പുത്രന്‍ മുസ്ലിമിനെ കൂഫയിലേക്ക് അയക്കുകയുണ്ടായി . കൂഫയില്‍ നാല്‍പതിനായിരം പേരുടെ പിന്തുണ ഉണ്ട് എന്ന മുസ്ലിമിന്റെ കത്ത് ഹുസൈന് ലഭിച്ചു . കത്ത് കിട്ടിയ ഹുസൈന്‍ പല പ്രമുഖരുടെയും എതിര്‍പ്പ് അവഗണിച്ചു കൂഫയിലേക്ക് തിരിച്ചു. ഇതിനിടയില്‍ യസീദ് കൂഫ ഗവര്‍ണറായി ഇബ്നു സിയാദിനെ നിയമിച്ചു . ഒറ്റ രാത്രികൊണ്ട്‌ തന്നെ ഇബ്നു സിയാദ് കാര്യങ്ങള്‍ അട്ടിമറിച്ചു . മുസ്ലിം ബിന്‍  ആഖീലിനെയും അദ്ദേഹത്തിന് സംരക്ഷണം നല്‍കിയ ഒരു പ്രമുഖനെയും പടികൂടി. കൊട്ടാരത്തിന് മുന്നില്‍ അദ്ധേഹത്തെ കെട്ടിയിട്ടു . അവസാനം മുസ്ലിം ബിന്‍ അഖീലിനെ പിന്തുണക്കാന്‍  നാല്പതിനായിരത്തില്‍ ഒരാള്‍ പോലും അവശേഷിച്ചില്ല,എല്ലാരും ഭയന്ന് പിന്നോട്ടടിച്ചു . പിറ്റെന്നാള്‍ മുസ്ലിമിനെ ഇബ്നു സിയാദ് കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ടു വധ ശിക്ഷ നടപ്പാക്കി . ഇതൊന്നും അറിയാതെ കൂഫയിലേക്ക് പോയ  അലിയുടെ മകന്‍ ഹുസൈനും കുടുംബക്കാര്‍ക്കും എതിരെ കര്‍ബലയില്‍ ഉപരോധം സൃഷ്ടിക്കുകയും  കുടിവെള്ളം പോലും തടഞ്ഞുവെക്കുകയുംചെയ്തു .
കര്‍ബല രംഗം -ഭാവനയില്‍
         കൂഫ ഗവര്‍ണറായ ഇബ്നുസിയാദിന്‍റെ പട്ടാളം ഹുസൈന്‍റെ തല വെട്ടിയെടുത്തു കുന്തത്തില്‍ തൂക്കി നാട് നീളെ കറങ്ങി നടന്നു.ആകാശവും ഭൂമിയും കരഞ്ഞു പോയആ ക്രൂരത ചെയ്ത ഇബ്നു സിയാദിനെതിരെ ഒരു നടപടിയും ഭരണാധികാരി ആയ യസീദ് ബിന്‍ മുആവിയ  എടുത്തില്ല .രാജവാഴ്ചയിലേക്ക് പോകുന്ന ഖിലാഫത്തിനെ നേരെ നിലനിര്‍ത്താന്‍ വേണ്ടി ജീവന്‍ ത്യജിച്ച മഹല്‍ വ്യക്തിയാണ് ഹുസൈന്‍ എന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം . ഈ സംഭവം നടന്നത് മുഹറം പത്തിനാണ് .അതിനാലാണ് ആ ദിനം ആശൂറദിനമായി ശിയാക്കള്‍ വര്‍ഷാവര്‍ഷവും കൊണ്ടാടുന്നത് .

ആശൂറ ആഘോഷം

                  ഈ ഒരു മഹാ ദുഖ  സംഭവത്തോട് കൂടി അലിയില്‍ വിശ്വാസം അര്‍പ്പിച്ചവര്‍  തൌവ്വാബീന്‍(പാശ്ചാതാപര്‍)  എന്നും പിന്നീട്  അലിയുടെ കക്ഷി എന്ന അര്‍ത്ഥത്തില്‍ ശീഅത്തു*അലി എന്നും   അവസാനം ശീയ എന്നും അറിയപ്പെട്ടു. രാഷ്ട്രീയമായ ഒരു ഭിന്നത പിന്നീട് മതപരമായ ഭിന്നതയായി മാറി.
*ശീഅത്തു =കക്ഷി

7 .രണ്ടാം ഫിത്ന(civil war)യുടെ കാലം (എ.ഡി 680-692):

          വളരെ സംഭവ ബഹുലമായ  രാഷ്ട്രീയ സംഭവങ്ങളാണ് യസീദിന്റെ സ്ഥാനോരോഹണത്തിന് ശേഷം ഉണ്ടായിട്ടുള്ളത്. അതില്‍ പ്രധാനമായത്  മക്ക മദീന കൂഫ എന്നിവിടങ്ങളില്‍ വലിയ അതൃപ്തിയും പ്രതിഷേധവും  ഉണ്ടാക്കി എന്നതാണ് .  പ്രശസ്ത സ്വഹാബിമാരായ ഹുസൈന്‍ ബിന്അ‍ലി ,അബ്ദുല്ലാ ഇബ്നു സുബൈര്‍ , അബ്ദുല്ലാ ഇബ്നു ഉമര്‍,അബ്ദുരഹ്മാനുബിനു അബൂബക്കര്‍ തുടങ്ങിയവർ 

പ്രധാന സംഭവങ്ങള്‍  ഇവയാണ് 

A. ഹുസൈന്‍ ബിന്‍ അലിയുടെ ക്രൂരമായ കൊല .
B. ഹുസൈന്‍ ബിന്‍ അലിയുടെ അനുയായിയായ സുലൈമാന്‍ ബിന്‍ സുറാദി ന്റെ തൌവ്വാബീന്‍   പ്രസ്ഥാന ഉയര്തെഴുന്നെല്പ്പു 
C. യസീദിന്റെ മക്ക, മദീന കൂഫ ആക്രമണങ്ങള്‍  .
D.  683-ല്‍ ഉമവിയ്യ ഖലീഫ  യസീദിന്റെ ആകസ്മിക മരണം. തുടര്‍ന്നു   മുആവിയ ഇബ്നു യസീദ് , മര്‍വാന്‍ ബിന്‍ ഹകം,അബുല്‍ മാലിക് ഇബ്നു മര്‍വാന്‍ എന്നിവര്‍ ക്രമപ്രകാരം ഭരണത്തില്‍ 
E. 683-692 : മക്ക ആസ്ഥാനമാക്കി അബ്ദുല്ലാഹിബിനു സുബൈറിന്റെ ഭരണകൂടം.  ഉമവികളെ കവച്ചുവെക്കുന്ന രാഷ്ടം അദ്ധേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നു .
F.  685-ല്‍ ഹുസൈനിന്‍റെ അനുയായി ആയിരുന്ന മുഖ്താര്‍ ബിന്‍ തഖാഫി യുടെ  നേത്രത്വത്തില്‍  കൂഫ ആസ്ഥാനമാക്കി  ഇറാഖില്‍  മറ്റൊരു സമാന്തര ഭരണകൂടം സ്ഥാപിച്ചു . അലിയുടെ മറ്റൊരു  മകനായ മുഹമ്മദ്‌  ബിന്‍ അല്‍ഹനഫിയെ  മഹദിയും ഇമാമും ആയി മുഖ്താര്‍ ബിന്‍ തഖഫി പ്രഖ്യാപിച്ചു . 
G . ഹുസൈന്‍റെ കൊലപാതകത്തിന് പകരം വീട്ടുക എന്നത് മുക്താരിന്റെ ഉദ്ദേശ്യമായിരുന്നു . ഒരു യുദ്ധത്തില്‍ വെച്ച്  ഇബ്നു സിയാദിനെ വധിച്ചു കൊണ്ട് അദ്ദേഹം അത് പൂര്‍ത്തിയാക്കി.
H. ദാമാസ്കസിലെ  ഉമവികള്‍ ,മക്കയിലെ  ഇബ്നു സുബൈര്‍ ,ഇറാഖിലെ  മുക്താര്‍ തുടങ്ങിയവര്‍  തമ്മില്‍  പരസ്പരം പലവട്ടം  യുദ്ധങ്ങള്‍ ഉണ്ടായി. 
I .ഇതേ സമയം അറേബ്യന്‍  ഉപദ്വീപിന്റെ ചില മേഖലകള്‍ ഖവാരിജുകളുടെ കയ്യിലും ഉണ്ടായിരുന്നു.അത് ഒരു  ഒരു ഭരണകൂടം എന്ന നിലയില്‍ ആയിരുന്നില്ല.  
J. ഇബ്നു സുബൈറിന്റെ പതനത്തോടെ മുഴുവന്‍  മേഖലകളും  അബ്ദുല്‍ മാലിക് ഇബ്ന്‍ മര്‍വാന്‍റെ അധീനതയില്‍ വീഴുകയും ഉമവി ഭരണം ശക്മായി തിരിച്ചു വരികയും ചെയ്തു .    



              ശിയാക്കള്‍ അല്ലാത്തവരെ പൊതുവേ പറയുന്ന പേരാണ് സുന്നി എന്നത് .അഹല് സുന്നത് വല്‍ ജമാഅത്(പ്രവാചക ചര്യയും ,ഭരണ നേത്രത്വവും പിന്‍പറ്റുന്നവര്‍) എന്നതിന്‍റെ ചുരുക്കമാണ് സുന്നി .

       ആദ്യകാലത്ത് വ്യത്യാസങ്ങള്‍ അത്ര പ്രകടമായി സമൂഹത്തില്‍ ഉണ്ടായിരുന്നില്ല . വര്‍ഷങ്ങള്‍ക്കു ശേഷം പൊതു ധാരയില്‍ ലയിച്ചു പോകുന്നതില്‍ നിന്നും ശിയാക്കളെ തടയാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടന്നിരുന്നു . ഈ കാലത്തെ ഷിയാ വല്‍ക്കരണ കാലം എന്ന് പറയാം .അതിനു ശേഷമാണ് ശിയാക്കളില്‍ വിശ്വാസം ,ആചാരം തുടങ്ങിയ വേരുറച്ചു പോവുകയും ഒരുപ്രത്യേകവിഭാഗം (sect)ആയിമാറുകയും ചെയ്തത്.

ഷിയാ വല്‍ക്കരണ കാലം :
      1. ഖലീഫമാരോടുള്ള വെറുപ്പ്:‌  അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ തുടങ്ങിയവര്‍ ഭരണം തട്ടിയെടുത്തവര്‍ ആണെന്നും അതിനാല്‍ അവരെ വെറുക്കല്‍ മതപരമായി തന്നെ ബാധ്യത ഉണ്ടെന്നും തെറ്റിധരിപ്പിക്കപ്പെട്ടു .
       2.മഹത്വ വല്‍ക്കരണം : അലിയെ കുറിച്ച കെട്ടുകഥകള്‍(ഇതിഹാസ കഥകള്‍ ) വ്യാപകമായി പ്രചരിപ്പിച്ചു .
     3. ആയിഷയെ കുറിചു വ്യാജപ്രചരണം: നബി പത്നി ആയിഷയെ കുറിച്ച് അപവാദവും വെറുപ്പും ആശയമാക്കി കുത്തിനിറച്ചു .എത്രത്തോളം എന്നാല്‍ തന്‍റെ പിതാവ് അബൂബക്കറിനു ഭരണം ലഭിക്കാന്‍ ആയിശയാണ് നബിക്ക് വിഷം കൊടുത്തത് എന്ന് വരെ ശിയാക്കളെ വിശ്വസിപ്പിച്ചു കളഞ്ഞു .
      4.കര്‍ബലക്കും അവിടെയുള്ള കല്ലുകള്‍ക്കും  പുണ്യം കല്പിച്ചു .
      5.മഖ്ബറ സംസ്ക്കാരവും വ്യക്തി പൂജയും വ്യപിപിച്ചു .
      6.പാപ സുരക്ഷിതത്വം : അലിയും കുടുമ്പ പരമ്പരയും  പാപ സുരക്ഷിതരാണ് എന്ന കള്ളത്തരം 
      7.തകിയ്യ : -
            സുന്നികളുടെ ഇടയില്‍ ഷിയാ എന്നാ അസ്ഥിത്വം മറച്ചു പിടിക്കാനുള്ള മതപരമായ അനുവാദം .
      8.മഹ്ദി വാദം :മഹദിയെ കുറിച്ചുള്ള ഇല്ലാ കഥകള്‍ പരത്തി
      9.ഉമവികളുടെ ശാപ പ്രാര്‍ത്ഥന :-
                ഉസ്മാന്‍റെ കൊലപാതകത്തോടെ ഉമവികള്‍ (ഉസ്മാന്‍റെ കുടുംബം ) അലിയുടെ കുടുംബത്തോട്(ഹാഷിമികള്‍) ശത്രുത ഉള്ളവരായി മാറി .അതിനു കാരണം ഉസ്മാന്‍റെ വധത്തിനു പിന്നില്‍ അലിക്ക് പങ്കുണ്ട് എന്ന തെറ്റിധാരണയാണ് .അതിനാല്‍ മുആവിയയുടെ കാലം മുതല്‍ അലിയുടെ മേല്‍ ശാപം ചൊരിയല്‍ എല്ലാ ഖുതുബകളിലും നടപ്പിലാക്കി തുടങ്ങി .ഇത് ഷിയാ വല്‍ക്കരണത്തിന് പ്രത്യക്ഷമായ ഒരു കാരണം ആണ് .അത് അറുപത്തഞ്ചു വര്‍ഷം തുടര്‍ന്ന് വന്നു . ഈ അനാചാരം നിര്‍ത്തലാക്കിയത് ഉമവീ ഭരണാധികാരിയും രണ്ടാം ഉമര്‍ എന്നും അറിയപ്പെട്ട ഉമര്‍ ബിന്‍ അബ്ദുല്‍ അസീസാണ് .ഈ 65 വര്‍ഷമാണ്‌ ഷിയാ വല്‍ക്കരണത്തിന്‍റെ പ്രധാന കാലഘട്ടം .

                  പ്രസിദ്ധ സുന്നി പണ്ഡിതന്മാരായ അബൂഹനീഫ ,മാലിക് ബിന്‍ അനസ്  തുടങ്ങിയവര്‍ സമകാലികനും ഷിയാ ഇമാമുമായി പില്‍ക്കാലത്ത് എണ്ണപ്പെട്ട  ജാഫര്‍ സാദിഖിന്‍റെ സമശീര്‍ഷരും പരസ്പരം വിജ്ഞാനം കരസ്ഥമാക്കിയവരും  ആണ് എന്നത് ഈ വിഭജനം പില്‍ക്കാലത്ത് ഉണ്ടാക്കി എടുത്തതാണ് എന്നതിന്‍റെ കൃത്യമായ ഉദാഹരണമാണ് .ജാഫര്‍ സാദിഖിനും ,ഇമാം അബൂഹനീഫക്കും അബ്ബാസി ഖലീഫ മന്‍സൂറില്‍ നിന്ന് പീഡനങ്ങള്‍ ഏറ്റു വങ്ങേണ്ടി വന്നിട്ടുണ്ട് എന്നത് ഇതിന്‍റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്. 

പ്രധാന വ്യത്യാസം
1 .ഇമാമത്ത് എന്ന രാഷ്ട്രീയ നേതൃത്വം :

                 പ്രവാചകൻ മുഹമ്മദ്‌ നബിക്ക് ശേഷം അധികാരം ലഭിക്കേണ്ടത് പ്രവാചക കുടുംബത്തിനു മാത്രം ആണെന്നും  അത് അലിക്ക് തന്നെ ആവണമെന്നും ഉള്ള വിശ്വാസം . അലിയും അലിക്ക് ശേഷം മകൻ ഹസൻ ,ഹുസൈന്‍  തുടങ്ങിയവരും അവരുടെ പരമ്പരയേയും ശിയാക്കൾ ഇമാമുമാരായി കണക്കാക്കുന്നു .

ഇവരാണ് ആ പരമ്പരയായി കണക്കാകുന്ന ആ പന്ത്രണ്ട് ഇമാമുമാര്‍

1.അലി ബിന്‍ അബൂത്വാലിബ്
2.ഹസന്‍ ബിന്‍ അലി
3.ഹുസൈന്‍ ബിന്‍ അലി
4.അലി ബിന്‍ ഹുസൈന്‍
5.മുഹമ്മദ്‌ ബാഖിര്‍ (മുഹമ്മദ്‌ ബിന്‍ അലി )
6.ജാഫര്‍ ബിന്‍ മുഹമ്മദ്‌ (ജാഫര്‍ സാദിഖ് )
7.മൂസാ ബിന്‍ ജാഫര്‍
8.അലി ബിന്‍ മൂസ (അലി അല്‍ രിള  )
9.മുഹമ്മദ്‌ ബിന്‍ അലി (മുഹമ്മദ്‌ അല്‍ തഖി)
10.അലി ബിന്‍ മുഹമ്മദ്‌ (അലി  നഖി )
11.ഹസന്‍ ബിന്‍ അലി (ഹസന്‍ അല്‍ അസ്കരി )
12.മുഹമ്മദ്‌ ബിന്‍ ഹസന്‍ (അല്‍ മഹദി )

               സുന്നികൾ വിശ്വസിക്കുന്നത് ഖിലാഫത്തിലാണ് . ഖിലാഫത്ത് ഭരണക്രമം പാരമ്പര്യമായി കിട്ടുന്നതല്ല .ജനങ്ങള്‍ തെരെഞ്ഞുടുക്കുന്ന വ്യക്തി ഖലീഫയാകും ,അത് പ്രവാചക കുടുമ്പത്തിൽ നിന്നുള്ളവർ ആവണം എന്ന് നിര്‍ബന്ധം ഇല്ല . ഭരണകര്‍ത്താവിനു ഖലീഫ എന്ന പേര് വേണമെന്ന് നിര്‍ബന്ധം ഇല്ല .അമീര്‍ എന്നോ ഇമാം എന്നോ എന്തും വിളിക്കാം .

             മുആവിയക്ക്‌ ശേഷം ഖിലാഫത്ത് രാജവാഴ്ചയിലേക്ക് കൂപ്പു കുത്തി വീണു .അധികാരം ഉള്ളവര്‍ സുന്നി പക്ഷം ആയിരുന്നു .എന്നാല്‍ ചില ഷിയാ ഭരണകൂടങ്ങള്‍ പില്‍ക്കാലത്ത്  നിലവില്‍ വന്നിരുന്നു .

ഉദാ :- a)ഈജിപ്തിലെ ഫാതിമീ ഭരണകൂടം(AD 909–1171)
             b)സഫവിദ് ഭരണകൂടം (AD 1501 മുതല്‍ AD 1722)(ഇപ്പോഴത്തെ ഇറാന്‍)


സഫവിദ്-ഫാത്തിമി ഭരണകൂടങ്ങള്‍

                   ഈ ഇമാമുമാരുടെ കാര്യത്തില്‍ തന്നെ വ്യത്യസ്ത അഭിപ്രായം ഉള്ളതിനാൽ ശിയാക്കൾ താഴെപറയുന്ന വിഭാഗങ്ങളായി പിരിഞ്ഞു പോയി .
പ്രധാന വിഭാഗങ്ങള്‍ ഇവയാണ് .

a ) ഇസ്നാ അശ്രിയ (Twelver )
-
                 പന്ത്രണ്ട് ഇമാമുമാരിൽ വിശ്വസിക്കുന്നവർ .പന്ത്രണ്ടാമത്തെ ഇമാം മുഹമ്മദ്‌ അൽ മഹ്ദി തന്‍റെ ആറാം വയസ്സില്‍ അപ്രത്യക്ഷയമായി എന്നും ലോകാവസാന നാളിൽ അദ്ദേഹം പ്രത്യക്ഷ്യപ്പെടും എന്നും വിശ്വസിക്കുന്നു .

b )സൈദികൾ :

               സുന്നി വിഭാഗങ്ങളോട് ഏറെക്കുറെ സാമ്യത പുലർത്തുന്നവർ സൈദികളാണ് .ഹനഫീധാരയുമായി ഇവര്‍ക്ക് അടുത്ത ബന്ധം ഉണ്ട്.യമനിലാണ് ഇവര്‍കൂടുതൽ ഉള്ളത് .ആദ്യത്തെ നാല് ഇമാമുമാരുടെ കാര്യത്തില്‍ തരര്‍ക്കമില്ല .ഹുസൈനിന്‍റെ പൌത്രന്‍ സൈദ്‌ ബിന്‍ അലിയെ അഞ്ചാമത്തേയും  അവസാനത്തേയും  ഇമാമായി ഇവര്‍ വിശ്വസിക്കുന്നു .

c) ഇസ്മായിലിയ്യ :
      ആറാം ഇമാമായ ജാഫര്‍ സാദിഖിനു ശേഷം അദ്ധേഹത്തിന്‍റെ മകന്‍  ഇസ്മായിൽ ബിന്‍ ജാഫറിനെ ഏഴാമത്തേതും അവസാനത്തേതും ആയ  ഇമാമായി വിശ്വസിക്കുന്നു . ആന്തരിക അർത്ഥങ്ങൾക്ക്‌ പ്രാമുഖ്യം കൊടുക്കുന്ന ചില ധാരകൾ ഇവരിൽ നിന്ന് ഉത്ഭവിച്ചു ,അവരെ ബതനിയാക്കൾ എന്ന് വിളിക്കുന്നു  .സൂഫീധാരകളുടെ തുടക്കം ഇവിടെ നിന്നാണ് എന്ന് കാണാം .
മതപാഠങ്ങള്‍ വ്യാഖ്യാനിക്കാൻ പ്രവാചകന്മാര്‍ക്കും ഇമാമുമാര്‍ക്കും മാത്രമേ പാടുള്ളൂഎന്നാണു ഇവരുടെ കാഴചപ്പാട്.ഇവര്‍ തന്നെ  ഇമാമികൾ (നസ്രികൾ) ,ബോറ,ദാവൂദി ബോറ തുടങ്ങിയ അനേകം  ഉപവിഭാഗങ്ങള്‍ ആയി പിരിഞ്ഞു പോയി .

ഷിയാ ഭൂരിപക്ഷ പ്രദേശങ്ങള്‍

2 .ശഹാദത്  എന്ന സത്യസാക്ഷ്യം
               ദൈവത്തെയും, പ്രവാചകന്‍ മുഹമ്മദ്‌ നബിയെയും  സാക്ഷ്യ പ്പെടുത്തുന്ന സത്യവചനത്തിന്‍റെ  അവസാനം അലി വലിയ്യുള്ളഹി(ദൈവത്തിന്‍റെ മിത്രം)  എന്നും  ഓരോ ഷിയയും സാക്ഷ്യം വഹിക്കണം .എന്നാൽ സുന്നി ഇസ്ലാമിൽ ദൈവം പ്രവാചകന്‍ എന്നിവരെ മാത്രം  സാക്ഷ്യപ്പെടുത്തിയാൽ മതി.

3 .ഇസ്മത് അഥവാ  പാപ സുരക്ഷിതത്വം :

                  പ്രവാചകന്മാര്‍ക്ക് പുറമേ ഇമാമുമാർ പാപ സുരക്ഷിതർ ആണെന്ന് ശിയാക്കൾ വിശ്വസിക്കുന്നു ,എന്നാൽ സുന്നീ പക്ഷം പ്രവാചകന്മാര്‍ക്ക് മാത്രമാണ് പാപ സുരക്ഷിതത്വം  ഉള്ളൂ എന്നും വിശ്വസിക്കുന്നു .പ്രവാചകന്മാര്‍ ഒഴിച്ചു ബാക്കിയുള്ള ഒരു മനുഷ്യനും പാപ സുരക്ഷിതര്‍ അല്ല .

4 .രക്ഷകനായുള്ള പ്രതീക്ഷ (മഹ്ദി ):
                       ലോകാവസാന നാളിൽ മഹദി രക്ഷകനായി വരും എന്നും , ചിലര്‍, അന്ന് അപ്രത്യക്ഷനായ മഹദി  തിരിച്ചു വരും എന്നും, വേറെ ചിലര്‍, പുതിയ ഒരു മഹദി  വരും എന്നും വിശ്വസിക്കുന്നു .എന്നാല്‍ സുന്നീ ഇസ്ലാമിൽ മഹദി വരും എന്നുള്ളത് ഒരു വിശ്വാസ കാര്യമല്ല .പ്രവാചകന്‍റെ ഒരു പ്രവചനം മാത്രമായി കണക്കാക്കുന്നു .

വിശ്വാസ കാര്യങ്ങള്‍  :
  സുന്നി :-
1.തൗഹീദ് (ഏകദൈവത്വം)
2മലക്കുകള്‍
3പ്രവാചകന്മാര്‍
4വേദ ഗ്രന്ഥങ്ങള്‍
5പരലോകം
6.നന്മ തിന്മ ദൈവത്തില്‍ നിന്ന്

ഷിയാ*:-
1.തൗഹീദ് (ഏകദൈവത്വം) :മലക്കുകൾ ,വേദങ്ങൾ എന്നിവ ദൈവ വിശ്വാസത്തിന്‍റെ കൂട്ടത്തില്‍ എണ്ണുന്നു .
2.അദാല -നീതി
3.റിസാല -പ്രവാചകത്വം
4.ഇമാമത്ത്  : ഇമാമുമാരുടെ നേത്രത്വം ദൈവത്താൽ നിയോഗിതമായതാണ്  എന്ന് വിശ്വസിക്കണം
5.അന്ത്യനാളും  പരലോകവും

കര്‍മ്മ കാര്യങ്ങൾ

സുന്നി:-
1.ശഹാദത്(സത്യ സാക്ഷ്യം )
2.നമസ്ക്കാരം
3.നോമ്പ്
4.സക്കാത്
5.ഹജ്ജ്

ഷിയാ**:-
1.നമസ്ക്കാരം
2.നോമ്പ്
3.ഹജ്ജ്
4.ദാനം
5.ജിഹാദ്
6.ഖുംസ് :സമ്പത്തിന്‍റെ  ഇരുപതു ശതമാനം ഇമാമിന്നു കൊടുക്കേണ്ടതാണ്.
7.അമ്രും ബില്‍ മഅറൂഫ് (നന്മ കല്പിക്കുക)
8.നഹിയുന്‍ അനില്‍ മുന്‍കര്‍( തിന്മ വിരോധിക്കുക)
9.തവല്ലുഅ :പ്രവാചക കുടുമ്പത്തെ സ്നേഹിക്കുന്നവരെ സ്നേഹിക്കുക
10.തബറുഅ :പ്രവാചക കുടുമ്പത്തോട് ശത്രുത പുലര്‍ത്തുന്നവരോട് ബന്ധം വിഛെദിക്കുക.
(*,**ഇതനാ അശ്രികളുടെ വിശ്വാസം ആണ് ഇവിടെ കൊടുത്തത് )

ചരിത്ര വിശകലനം
                            പ്രവാചക കുടുംബതോടുള്ള അമിതമായ അനുകമ്പയാണ് ശീയിസത്തിന്‍റെ  അടിത്തറ.അതിന്‍റെ ഉത്ഭവകാലത്ത് അതിനനുസരിച്ചുള്ള രാഷ്ട്രീയ മാറ്റങ്ങളും യദ്രിശ്ചികമായി ഉണ്ടാവുകയും ചെയ്തു .അലിയോ അവരുടെ കുടുബമോ ഇങ്ങനെ ഒരു ധാര ഉണ്ടാക്കിയിട്ടില്ല .പിന്നീട് അലിയെ വിഗ്രഹവൽക്കരിക്കുകയാണ് ചെയ്തത് .

                        പ്രവാചകന് ശേഷം ഗോത്ര ചിന്തകള്‍ ഉടലെടുത്തു എന്നും അധികാരം കിട്ടിയ ഉമവികള്‍ അത് ഹാശിമികളോട് കാണിച്ചു  എന്നും സൂക്ഷമമായ ചരിത്ര പഠനം നമ്മെ അറിയിക്കുന്നു .പ്രവാചക കുടുംബ അംഗമായ അബ്ബാസിന്‍റെ പേരിലുള്ള അബ്ബാസിയ ഭരണകൂടം ഉമവികള്‍ക്ക് ശേഷം വരികയുണ്ടായി .ഉമവികളെ കവച്ചു വെക്കുന്ന ക്രൂരതകള്‍ അവരും ചെയ്തിരുന്നു എന്ന് ചരിത്രം പറയുന്നു .എന്നാല്‍ ഈ എല്ലാ ഭരണകൂടങ്ങളുടെയും   നന്മകളെ നാം വിലകുറച്ച് കാണുന്നുമില്ല .

                  ഷിയാ ലോകത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കടന്നു കൂടിയത് പോലെ സുന്നി  ലോകത്തും അത്  കടന്നു കൂടിയിട്ടുണ്ട് .ഇവ രണ്ടിനെയും യോജിപ്പിക്കുന്ന ഘടകം സൂഫീ ധാരകള്‍ ആണ്.സൂഫീ ധാരകള്‍ ഒട്ടു മിക്കതും ഉത്ഭവിച്ചത്‌ ശിയീ പശ്ചാത്തലത്തില്‍ ആണ് .അതിനാലാണ് പ്രമുഖ സൂഫീ പരമ്പരകള്‍ അലിയിലേക്ക് വന്നു ചേരുന്നത്.ഒരേ പോലുള്ള  അനാചാരങ്ങളും സുന്നികളിലും ശിയാക്കളിലും നിങ്ങള്‍ക്ക് കാണാനും  കഴിയും . ഇവിടെ ക്ലിക്കിയാല്‍ ചില സാമ്യതകള്‍ വായിക്കാം......കേരള മുസ്ലിംകളിലെ ഷിയാ സ്വാധീനം

                        നവോത്ഥാനം ,പരിഷ്ക്കരണ സംരംഭങ്ങള്‍ തുടങ്ങിയവ ആധുനിക സുന്നീ ലോകത്ത് നടന്നത് പോലെ ഇവ ഷിയാ ലോകത്തും നടന്നിരുന്നു .ചരിത്രത്തിലെ തെറ്റ് രണ്ടു കൂട്ടരും ഏറ്റു പറഞ്ഞാല്‍ സുന്നി ഷിയാ ഐക്യം ഇന്നും സാധ്യമാണ് . ഉമവികളുടെ തെറ്റ് സുന്നീ തെറ്റുകളായി സുന്നികള്‍ സമ്മതിക്കുകയും ,അലിയെ കുറിച്ചുള്ള തെറ്റിധാരണകളും കള്ളക്കഥകളും ഷിയാ ആചാരങ്ങളും പിന്നീട് കൂട്ടിക്കലര്‍ത്തിയ തെറ്റുകളാണ് എന്ന് ശിയാക്കളും അന്ഗീകരിചാല്‍ തീരാവുന്ന പ്രശനമെ ഇതില്‍ ഉള്ളൂ ...

                      സുന്നി ലോകം ശിയാക്കളെ ഇസ്ലാമില്‍ നിന്ന് പുറത്തായ കക്ഷി എന്ന രീതിയില്‍ കാണുന്നില്ല . പരിശുദ്ധ ഹജ്ജിനു പോലും അവര്‍ക്ക് വിലക്കില്ല എന്നതും നാം കാണേണ്ട പ്രസക്തമായ വശമാണ് .

നിലവിലെ സുന്നീ ഷിയാ രാഷ്ട്രീയ വടം വലി

                      ഇപ്പോള്‍ നമ്മുടെ കാലത്ത് നടക്കുന്ന മുഴുവന്‍ രാഷ്ട്രീയ വടം വലികള്‍ക്കും സുന്നി-ഷിയ വിഭാഗീയതയെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.സൌദിയുടെ സലഫീ ധാരയിലെ സുന്നീ പക്ഷപാതിത്വവും .ഇറാനിന്‍റെ ശിയീ പക്ഷപാതിത്വവും അവരവരുടെ രാഷ്ട്രീയ നിലനില്‍പ്പിനു ഉപയോഗിക്കുന്നു എന്ന് ചുരുക്കം . അത് പോലെ ഖിലാഫത്ത് എന്ന് കേള്‍ക്കുമ്പോള്‍ ചാടി വീണ് കെട്ടിപ്പിടിക്കേണ്ടതില്ല എന്നും അതിലും നെല്ലും പതിരും ഉണ്ട് എന്നും ഉമറിന്‍റെയും യസീദിന്‍റെയും ഭരണത്തെ ഖിലാഫത്ത് എന്ന് തന്നെയാണ് വിളിച്ചിരുന്നത്‌ എങ്കിലും രണ്ടും തമ്മില്‍ കടലും കടലാടിയും തമ്മിലെ അന്തരം ഉണ്ടായിരുന്നു എന്നും നാം തിരിച്ചറിയുക .

          
ഇറാഖിലെ ഷിയാ മിലിഷ്യയും -സുന്നി ഐസിസ് രിബലും 
                ഇപ്പോള്‍ ഇറാഖ് - സിറിയ മേഖലയിലെ സംഘര്‍ഷത്തിന്‍റെ മൂല കാരണം തിരഞ്ഞാല്‍ കടുത്ത ഷിയീ -സുന്നീ പക്ഷപാതിത്വം ,വംശീയതയുടെ രൂപം പ്രാപിച്ചതാണെന്ന്   കണ്ടെത്താന്‍ കഴിയും.

ഇത് ഇവിടെ പൂര്‍ണ്ണമാവുന്നില്ല ....
ചിത്രങ്ങള്‍ :ഗൂഗിള്‍
റെഫെറന്‍സ് : ഖിലാഫതും രാജവാഴ്ചയും - സയ്യിദ് അബുല്‍ അഅ`ലാ മൌദൂദി (പ്രസിദ്ധീകരണം :ഐ പി എച് ,കോഴിക്കോട് )