2011 നവംബർ 28, തിങ്കളാഴ്‌ച

ആദം: മനുഷ്യ പ്രകൃതിയുടെ മാത്രക

                                                                                             -Abid ali TM Padanna
                   ആദം (അ) മനുഷ്യ സമൂഹത്തിന്റെ ആദി പിതാവായും ആദ്യത്തെ പ്രവാചകനായും നാം മനസ്സിലാക്കുന്നു. എന്നാല്‍ വെറും ചില കഥ പറയുക എന്നതിന്നപ്പുറം ആദമിലൂടെ മനുഷ്യ പ്രകൃതി, അവന്റെ ജന്മവാസന എന്നിവയെ അവതരിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.ചില അന്വേഷണങ്ങള്‍.......

                 എപ്പോഴാണ്  മനുഷ്യന്‍  വിശപ്പ്‌,ദാഹം  തുടങ്ങിയവ അനുഭവിക്കാന്‍ തുടങ്ങിയത് ? നാണം എന്ന ബോധം എന്ന് മുതല്‍ ഉണ്ടായി?  ചൂട്, തണുപ്പ് എന്നിവയില്‍ നിന്നും രക്ഷനേടാന്‍ പാര്‍പ്പിടങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത് എപ്പോള്‍? അതിനായ് നാം അധ്വാനിച്ചു തുടങ്ങിയത് എപ്പോള്‍ ?

ഖുര്‍ആന്‍ പറയുന്നു:
                "അപ്പോള്‍ നാം പറഞ്ഞു "ആദമേ, തീര്‍ച്ചയായും അവന്‍(പിശാച്) നിന്റെയും നിന്റെ ഇണയുടെയും ശത്രുവാണ്.അതിനാല്‍ അവന്‍ നിങ്ങളിരുവരെയും സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കാന്‍ ഇടവരാതിരിക്കട്ടെ.അങ്ങിനെ സംഭവിച്ചാല്‍ നീ ഏറെ നിര്‍ഭാഗ്യവാനായിത്തീരും.                       തീര്‍ച്ചയായും നിനക്ക് ഇവിടെ വിശപ്പ്‌ അറിയാതെയും നഗ്നനാകാതെയും കഴിയാനുള്ള സൌകര്യമുണ്ട്. ദാഹമനുഭാവിക്കാതെയും ചൂടേല്‍ ക്കാതെയും ജീവിക്കാം.
                    എന്നാല്‍ പിശാച് അദ്ദേഹത്തിനു ഇങ്ങനെ ദുര്‍ബോധനം നല്‍കി: "ആദമേ താങ്കള്‍ക്ക് നിത്യ ജീവിതവും അന്യൂനമായ ആധിപത്യവും നല്‍കുന്ന ഒരു വൃക്ഷം കാണിച്ചു തരട്ടയോ ?"അങ്ങിനെ അവരിരുവരും ആ വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചു.അതോടെ അവര്‍ക്കിരുവര്‍ക്കും തങ്ങളുടെ നഗ്നത വെളിവായി.ഇരുവരും സ്വര്‍ഗ്ഗത്തിലെ ഇലകള്‍ കൊണ്ട് തങ്ങളെ പൊതിയാന്‍ തുടങ്ങി.ആദം തന്റെ നാഥനെ ധിക്കരിച്ചു അങ്ങിനെ പിഴച്ചുപോയി.    
                    പിന്നീട് തന്റെ നാഥന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു.അദ്ദേഹത്തിന്റെ പാശ്ചാതാപം സ്വീകരിച്ചു.അദ്ദേഹത്തെ നേര്‍വഴിയില്‍ നയിച്ചു."  (ത്വാഹ :117  -122 ) 
അമരത്വം,അധികാരം എന്ന വ്യാമോഹങ്ങള്‍
               വ്യാമോഹമാണ് മനുഷ്യന്റെ എല്ലാ പതനത്തിന്നും കാരണം. അന്നും ഇന്നും എന്നും ഇതു തന്നെയാണ് സകലത്തിന്റെയും പ്രശ്നം. ഇതു കല്പിക്കുന്നത് പിശാചാണ്.അതിനാല്‍ ഈ വികാരം പൈശാചികമാണ്.
             
               മരിക്കാതെ എന്നെന്നും ജീവിക്കണം എന്ന മോഹം, അത് പോലെ ഒരിക്കലും  നശിക്കാത്ത അധികാരം വേണമെന്ന മോഹവും മനുഷ്യ പ്രകൃതിയാണ്. എന്നും ജീവിക്കാനുള്ള ആഗ്രഹം അവനെ കൂടുതല്‍ സ്വാര്‍ത്ഥനും അത്യാഗ്രഹിയും ആക്കിത്തീക്കുന്നു.കഴിയുന്നത്ര ജീവിതം ആസ്വദിക്കണം എന്ന ചിന്തയുടെ അടിസ്ഥാനം ഇതാണ്.അധികാരം ഏതു രീതിയിലും കൈക്കലാക്കുക, കഴിയുന്നത്ര സമ്പത്ത് തന്റെ അധീനതയില്‍ കൊണ്ട് വരിക,അത് ഏതു രീതിയിലും വെട്ടിപ്പിടിച്ചാലും ശരി.ഇതു ചെയ്യിപ്പിക്കുന്നത് അധികാരമോഹമാണ്.

                   വൃക്ഷത്തിന്റെ പഴം രണ്ട് പേരും കഴിച്ചു എന്ന് പറഞ്ഞാല്‍ ജീവിതം ആസ്വദിക്കാനും സമ്പത്തും അധികാരവും നിലനിര്‍ത്താനും മനുഷ്യന്‍ ദൈവ കല്‍പ്പനക്കു എതിര്‍ പ്രവര്‍ത്തിക്കുകയും തിന്മകള്‍ ചെയ്യുമെന്നുമാണ് മനസ്സിലാക്കേണ്ടത് .   
ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം 
               ആദിയില്‍ മനുഷ്യന്‍ സ്വര്‍ഗ്ഗത്തില്‍ വിശപ്പ്‌,ദാഹം എന്നിവ  അറിഞ്ഞിരുന്നില്ല. അതിനാല്‍ ഭക്ഷണം ആവശ്യമുണ്ടായിരുന്നില്ല.
               ആദിയില്‍ മനുഷ്യന്നു നാണം എന്ന ബോധം ഉണ്ടായിരുന്നില്ല .അതിനാല്‍ വസ്ത്രം ആവശ്യമാരുന്നില്ല.
               ആദിയില്‍ മനുഷ്യന്‍ തണുപ്പ് ചൂട് എന്നിവ അറിഞ്ഞിരുന്നില്ല അതിനാല്‍ പാര്‍പ്പിടത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.            
                ആദിയില്‍ മനുഷ്യന്നു അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം വസ്ത്രം പാര്‍പ്പിടം തുടങ്ങിയവയുടെ പൂര്‍ത്തീകരണത്തിനായ്  പരിശ്രമിക്കേണ്ടി വന്നില്ല.പിന്നീട് മനുഷ്യന്റെ മേല്‍ ഈ ആവശ്യങ്ങള്‍ ഒരു ഉത്തരവാദിത്വങ്ങളായി വന്നു ചേരുകയാണ് ഉണ്ടായത്.
                നിരോധിച്ച പഴം  ഭുജിച്ചതോടെ മനുഷ്യന്റെ മേല്‍  ഈ ആവശ്യങ്ങള്‍ ചുമത്തപ്പെടുകയായി. നഗ്നത വെളിവാവുകയും നാണം മറച്ചു തുടങ്ങി എന്ന് പരാമര്‍ശിച്ചത്  അതിന്റെ സൂചനയാണ്. ചൂടേല്‍ക്കുക അല്ലെങ്കില്‍ വിശപ്പ്‌ അനുഭവപ്പെടുക എന്നത് സമയം ആവശ്യമുള്ള കാര്യമാണ്.അവയെ അപേക്ഷിച്ച് നഗ്നത എന്നത് സമയം ആവശ്യമില്ലാതെ വസ്ത്രം അഴിഞ്ഞു വീണയുടന്‍  പെട്ടന്ന് തന്നെ വെളിവാകുന്നതാണ്.അതിനാലാണ് മറ്റ് രണ്ടിനെയും പറയാതെ നഗ്നതയെ മാത്രം കുറിച്ചു പറയാന്‍ കാരണം.
മറവിയും പശ്ചാത്താപവും  
                മറവി എന്ന അനുഗ്രഹം ചിലപ്പോള്‍ അബദ്ധങ്ങളിലേക്ക്  മനുഷ്യനെ ചാടിച്ചേക്കാം.അതേ സമയം അതില്‍ നിന്ന് വിരമിക്കാന്‍ പാശ്ചാതാപം എന്ന ബോധവും മനുഷ്യ പ്രകൃതിയില്‍ അന്തര്‍ലീനമാണ്.
ദുഃഖം ഭയം 
           ആദിയില്‍ സന്തോഷം മാത്രമേ അവന്നു ഉണ്ടായിരുന്നുള്ളൂ സമാധാനം മാത്രമേ അവന്‍ അനുഭവിച്ചിരുന്നുള്ളൂ. ദുഃഖം ഭയം തുടങ്ങിയ വികാരങ്ങള്‍ അവന്നു പിന്നീട് വന്നു ചേര്‍ന്നതാണ്. അതില്‍ നിന്ന് മോചനം നേടാനുള്ള മാര്‍ഗ്ഗം അവന്നു നല്‍കപ്പെട്ടിട്ടുണ്ട്.     

2011 ഒക്‌ടോബർ 30, ഞായറാഴ്‌ച

മതം, രാഷ്ട്രീയം പിന്നെ ഇസ്ലാം


                                                                   - Abid ali T.M. Padanna 
         മതം എപ്പോഴും ചരിത്രത്തില്‍ പുരോഹിതന്മാരാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടുണ്ട്.പുരോഹിതന്മാര്‍ മതത്തെ ചൂഷണത്തിന്റെയും ധന സമ്പാദാനത്തിന്റെയും മാര്‍ഗ്ഗമാക്കിയിട്ടുണ്ട്. ഭരണാധികാരികളുടെ ചൂഷണത്തിന്നും അനീതിക്കും പുരോഹിതന്മാര്‍ എന്നും കൂട്ട് നിന്നിട്ടുമുണ്ട് .

        രാഷ്ട്രീയം എന്നും ചരിത്രത്തില്‍ ഏകാധിപധികളാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.ഭരണാധികാരികള്‍  രാഷ്ട്രീയത്തെ  ചൂഷണത്തിന്റെയും ധന സമ്പാദനത്തിന്റെയും മാര്‍ഗ്ഗമാക്കിയിട്ടുണ്ട്. പുരോഹിത മതത്തിന്റെ നില നില്പ്പിനായ് രാഷ്ട്രീയക്കാര്‍ എന്നും കൂട്ട് നിന്നിട്ടുണ്ട്.

          ഇസ്ലാം ഈ രണ്ട് അടിമത്തത്തില്‍ നിന്നും മനുഷ്യ വംശത്തെ മോചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.മതത്തെ ചൂഷണ മുക്തമാക്കി വിമോചനപരമാക്കി മാറ്റുക.രാഷ്ട്രീയത്തെ ഏകാധിപത്യത്തില്‍ നിന്നും കുടുംബധിപത്യത്തില്‍ നിന്നും രക്ഷികുക.അതിനെ ജനാധിപത്യപരമാക്കുക. ഇനി ജനാധിപത്യം മൂല്ല്യ രഹിതമാണെങ്കില്‍ അതിനെ മൂല്ല്യവല്‍ക്കരിക്കുക. 

പ്രവാചകന്‍ ഈ ദൌത്യ മാണ് നിവ്വഹിച്ചത്.ഈ നിരന്തര പരിശ്രമത്തിന്റെ പേരാണ് ഇസ്ലാം.

"വിശ്വസിച്ചവരെ മത പണ്ഡിതന്മാരിലും,പുരോഹിതന്മാരിലും ഏറെ പേരും ജനങ്ങളുടെ ധനം അന്യായമായി തിന്നുന്നവരും ജനങ്ങളെ ദൈവമാര്‍ഗ്ഗത്തില്‍ നിന്ന് തടയുന്നവരുമാകുന്നു."(അത്തൌബ :34) 

"അധികാരം ലഭിച്ചാല്‍ അവര്‍ ശ്രമിക്കുക ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ്:കൃഷി നാശം വരുത്താനും മനുഷ്യ കുലത്തെ നശിപ്പിക്കാനുമാണ് .എന്നാല്‍ അല്ലാഹു കുഴപ്പം ഇഷ്ടപ്പെടുന്നില്ല."(അല്‍ബഖറ : 205 )      

2011 ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

തസവ്വുഫിന്റെ പാഠങ്ങള്‍


                                                                                        -Abid Ali TM, Padanna 
               അറിവില്ലായ്മ  മനുഷ്യന്റെ കര്‍മ്മത്തെ സാരമായി ബാധിക്കുന്നു.ഏതൊരു വിഷയത്തെയും കുറിച്ചു അറിയാതെ നമുക്ക്  ഒരു കര്‍മ്മവും ചെയ്യുക സാധ്യമല്ല.ഇസ്ലാമും ഇതിന്നു അപവാദമല്ല.പഠന സൌകര്യത്തിനായ് ഇസ്ലാം വിഷയങ്ങളെ നമുക്ക് വ്യക്തമായി വേര്‍തിരിച്ചു തന്നിട്ടുണ്ട്.ഇങ്ങനെ പഠനത്തിനായ് വിഭജിച്ച ചില വിഷയങ്ങള്‍ പില്‍കാലത്ത് പല തെറ്റിദ്ധാരണകള്‍ക്കും ഇടയാക്കിയിട്ടുണ്ട്.ഇതിന്നു  ഒരു ഉദാഹരണമാണ് ഫിഖ് ഹും(കര്‍മ്മ ശസ്ത്രം)  തസവ്വുഫും(ആത്മ സംസ്ക്കരണം) തമ്മിലെ വിഭജനം. പിന്നെ ഇതു രണ്ട് പരസ്പര വിരുദ്ധ ധാരയാണെന്ന് ജനങ്ങള്‍ തെറ്റി ദ്ധരിച്ചു.പല കാരണങ്ങളും അതിനെ സ്വാധീനിച്ചിട്ടുണ്ട്. ഫിഖ് ഹ് പഠിക്കുന്നവര്‍ അത് മാത്രം മതിയെന്നും തസവ്വുഫ് പഠിക്കുന്നവര്‍ നമുക്ക് ഫിഖ് ഹ് ബാധകമല്ലെന്നും ഉള്ള വിചിത്ര വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നു.

             പക്ഷെ സത്യം ഇതില്‍ നിന്നും വളരെ അകലെയാണ്.രണ്ടും ഒരേ പോലെ പഠിക്കാതെ നമ്മുടെ കര്‍മ്മം പൂര്‍ണ്ണ മാവുകയില്ല . കാരണം രണ്ടും ഒരേ വിഷയത്തിന്റെ അകവും പുറവുമാണ്.

           ഫിഖ് ഹിന്റെ വിഷയങ്ങള്‍ നാം ഇങ്ങനെ അക്കമിട്ടു പഠിക്കുന്നു 
1.ത്വഹൂറാത്ത് (ശുദ്ധി) 
2.ഇബാദത്ത് (ആരാധനകള്‍) 
3.മുഅമലാത്തു (സാമ്പത്തിക ഇടപാടുകള്‍) 
4.കുടുമ്പം(വിവാഹം,വിവാഹ മോചനം )
5.ഹുദൂദ് (ശിക്ഷാ വിധികള്‍) 
6.ജിഹാദ് (രാജ്യ സംരക്ഷണം,യുദ്ധം സന്ധി)    

             എന്നാല്‍ തസവ്വുഫിന്റെ വിഷയങ്ങള്‍ നാം പഠിക്കുകയോ പഠന ക്രമത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നില്ല എന്നുള്ളത് വിഷമമുള്ള കാര്യം തന്നെ.    
പഠന സൌകര്യാര്‍ത്ഥം അതിന്റെ വിഷയക്രമം നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം
          
1.ഇഖ്‌ലാസ്( ആത്മാര്‍ഥത ) 
2.തൌബ (പശ്ചാത്താപം) 
3.തഖ് വ (ജീവിത സൂക്ഷ്മത )
4.സ്വബ്ര്‍ (ക്ഷമ )
5.സ്വദഖ 
6.ഇഹ്സാന്‍ 
7.തവക്കുല്‍ /യഖീന്‍
8.ഫിഖ് ര്‍( ചിന്ത) 
9.ദിഖ്ര്‍ (സ്മരണ /ഓര്‍മ)  
10.ഇസ്തിഖാമാത്ത് (സത്യത്തില്‍ ഉറച്ചു നില്‍ക്കല്‍ )
11.മുറാഖബ (ദൈവം കാണുന്നു എന്ന ബോധം) 
12.മുജാഹദ (തുടര്‍ച്ചയായ പരിശ്രമം) 
13.മുബാദറ (നന്മയില്‍ മുന്നേറുക)  
14.മുഹാഫള (എളിമ)  
15.ഹുബ്ബ്  (സ്നേഹം) 
16.പരലോകം 
17.സുഹദ് (ലാളിത്യം) 
18.ഖൌഫ് /ഖുശൂഅ`(ഭയം) 
19.മുശാഹദ (സത്യ സാക്ഷ്യം) 
20.ഇത്തിബാഅ` (റസൂലിനെ പിന്‍പറ്റല്‍)

ഇങ്ങനെ നോക്കിയാല്‍ ഫിഖ് ഹ് കൈകാര്യം ചെയ്യുന്നതിനേക്കാള്‍ വിഷയ വൈപുല്ല്യം നിങ്ങള്‍ക്ക് കാണാം.ഇതൊക്കെ  തസവ്വുഫിനെ  കുറിച്ചു പഠിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു.