2011, മാർച്ച് 18, വെള്ളിയാഴ്‌ച

വാ വിട്ട വാക്ക് - ഒരു ഖുര്‍ആനിക വിശകലനം

                                                                                  -ആബിദ് അലി ടി എം പടന്ന

                മനുഷ്യ സമൂഹത്തിനു ലഭിച്ച മഹത്തായ ദൈവീക അനുഗ്രഹങ്ങളില്‍ ഒന്നാണ് സംസാര ശേഷി എന്നുള്ളത്.പക്ഷെ ശരിയാം വണ്ണം ഉപയോഗിച്ചില്ലെങ്കില്‍ നാശത്തിന്റെ നാരായ വേര് കിടക്കുന്നത് സംസാരത്തില്‍ തന്നെയാണ്.വ്യക്തിത്വ വികസനത്തിന്റെ (Personality Development ) കാതല്‍ നമ്മുടെ സ്വഭാവതിലാണ് കുടികൊള്ളുന്നത്.സ്വഭാവത്തെ നിയന്ത്രിക്കുന്നത്‌ പെരുമാറ്റവും സംസാര ശൈലിയുമാണ്.അപ്പോള്‍ സംസാരത്തില്‍ ഉണ്ടാകുന്ന പാളിച്ചകള്‍ തീര്‍ച്ചയായും നമ്മുടെ സ്വഭാവത്തെയാണ്‌ നേരിട്ട് ബാധിക്കുന്നത്.

വാക്ക് -കൊടും നാശത്തിന്റെ ഹേതു
            സംസാരത്തില്‍ നാം ഉപയോഗിക്കുന്ന വാക്കുകള്‍ ചിലപ്പോള്‍ കുടുംബത്തിലും,സമൂഹത്തിലും വമ്പിച്ച കുഴപ്പങ്ങള്‍ക്ക് കാരണമാകാറുണ്ട്.പിണക്കങ്ങള്‍ ഉണ്ടാകുന്നത് അധികവും നമ്മുടെ വാക്കുകളിലൂടെയാണ്.ഭാര്യാ-ഭര്‍ത്ത് ബന്ധം,മാതാപിതാക്കളും മക്കളും,സഹോദരന്മാര്‍ തമ്മില്‍,സഹോദരികള്‍ തമ്മില്‍ സുഹ്രത്തുക്കള്‍ ,കച്ചവടക്കാര്‍,ഉദ്യോഗസ്ഥര്‍,തൊഴിലാളി,മുതലാളി, പള്ളി മുതല്‍ പള്ളിക്കൂട കമ്മിറ്റികള്‍  വരെ,മത നേതാക്കള്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ എന്ന് വേണ്ട സമൂഹത്തിലെ എല്ലാ ബന്ധങ്ങളെയും വാക്ക് സാരമായി ബാധിക്കുന്നു.വര്‍ഷങ്ങളായുള്ള പിണക്കം,ചിലത് മരണം വരെ, അവസാനിക്കാത്ത കുടുംബകലഹം, വിവാഹ മോചനം,ആത്മഹത്യ ,വീടുകള്‍ ചിന്ന ഭിന്നമാകുന്നതും പുതിയ വീടുകള്‍ ഉണ്ടാക്കേണ്ടി വരുന്നതും, ഒത്തു തീരാത്ത സ്വത്തു തര്‍ക്കങ്ങള്‍,പുതിയ അതിരുകളും മതിലുകളും ജനിപ്പിക്കുന്നതിന്നും , വിദ്വേഷം,പക,വെറുപ്പ്‌,അടിപിടി,രക്തചൊരിച്ചില്‍,കലാപങ്ങള്‍,അവസാനം കൊലപാതകങ്ങള്‍ക്ക് വരെ ചില വാക്കുകള്‍ കാരണമാകുന്നു.അപ്പോള്‍ അതിന്റെ പ്രാധാന്യം വളരെ ഗൌരവമായി നമ്മുടെ സമൂഹം ചിന്തിക്കേണ്ടതുണ്ട്.ഇതു നിസ്സാരമായി തള്ളേണ്ട ഒന്നല്ല എന്നര്‍ത്ഥം.

       നമ്മില്‍ പലരും പറയാറില്ലേ "അവന്‍ പറഞ്ഞ വാക്ക് മനസ്സില്‍ നിന്ന് മായുന്നില്ല.കല്ലില്‍ കൊത്തിയത് പോലെ പതിഞ്ഞിരിക്കുന്നു"."അവന്റെ വാക്ക് അറം പറ്റി"."അവളില്‍ നിന്നും അത്തരത്തിലുള്ള ഒരു വാക്ക് ഞാന്‍ പ്രതീക്ഷിച്ചില്ല".ഇതുപോലെ പലതും നിങ്ങളുടെ മനസ്സില്‍ തന്നെ ഉണ്ടാകും. അപ്പോള്‍ വാക്കുകള്‍ ചിലപ്പോള്‍ മനുഷ്യ ബന്ധങ്ങള്‍ക്കിടയിലെ മതിലുകളായി തീരും.ചിലപ്പോള്‍ നാവിന്നു വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടാകും.  
         
              ഉപയോഗിക്കുന്ന വാക്കിന്റെ അടിസ്ഥാനത്തില്‍ നാം ആളുകളെ വിലയിരുത്താറുണ്ട്.  ചിലരെ നാം പൊങ്ങച്ചക്കാര്‍  എന്ന് പറയും,അവര്‍ തങ്ങളെ കുറിച്ചു സ്വയം പൊക്കിപ്പറയും  മറ്റുള്ളവരുടെ ഇഷ്ടം പരിഗണിക്കാറില്ല.അത്പോലെ സ്തുതിപാടകര്,  വായാടി, ഏഷണിക്കാരന്‍, പരദൂഷണക്കാരന്‍, പരിഹാസം, പുച്ഛം, തമാശ ഇതെല്ലാം  വാക്കുകളും സംസാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
         ചിലരെ നാം നുണയന്‍ എന്ന് വിളിക്കാറില്ലേ?വാക്കില്‍ കളവു ഉപയോഗിക്കുന്നവരാണവര്‍.ചില കളവുകള്‍ രാഷ്ട്രാന്തരീയ പ്രശനങ്ങള്‍ക്ക് വരെ കാരണമായേക്കാം ചിലപ്പോള്‍ യുദ്ധങ്ങള്‍ക്കും .ഇറാഖു അധിനിവേശത്തിന്നു അമേരിക്കയെ പ്രേരിപ്പിച്ചത്  ഇന്റലിജന്‍സ് വിഭാഗം നല്‍കിയ തെറ്റായ(കളവായ) റിപ്പോര്‍ട്ട് ആണെന്ന് ഇപ്പോള്‍ പറയുന്നു.ഒരാളുടെ കളവു എത്ര ലക്ഷം ജനങ്ങളുടെ ജീവനാണ് നഷ്ടപ്പെടുത്തിയത്!! അപ്പോള്‍ വാക്കുകള്‍ വളരെ ഗൌരവം തന്നെയല്ലേ? 
  
   അത് പോലെ ചിലരെ നാം മിതഭാഷി, സൌമ്യന്‍,സത്യവാന്‍ എന്നൊക്കെ വിളിക്കാറുണ്ട്.ചിലപ്പോള്‍ വാക്കുകള്‍ പറയാതിരിക്കുക എന്നത് പുണ്യകരമായി മാറും.അതിനെയാണ് നാം മൌന വ്രതം എന്ന് പറയുന്നത്. വയസ്സുകാലത്ത് സന്താന വാഗ്ദാനം ലഭിച്ച സക്കരിയ്യാ നബി(അ)ക്ക് അല്ലാഹു നല്‍കിയ അടയാളം എന്നത് മൂന്നു ദിവസം ആംഗ്യ ഭാഷയിലല്ലാതെ ജനങ്ങളോട് സംസാരിക്കുകയില്ല എന്നതാണ്(സൂറ മറിയം : 10 ). മറിയം തന്റെ ചോരക്കുഞ്ഞിനെയും(ഈസ(അ)) കൊണ്ട് സമൂഹത്തിലേക്കു പോകാനൊരുങ്ങുമ്പോള്‍ വന്ന ദൈവ കല്പന മൌന വ്രതയായിരിക്കുക എന്നതാണ് (മറിയം :26 ).ചിലപ്പോള്‍ മൌനം വിദ്വാനു ഭൂഷണം തന്നെ. 
     
     വാക്കുകളുടെ ഉപയോഗം ഖുര്‍ആന്‍ വളരെ ഗൌരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്.എങ്ങിനെ നമസ്കരിക്കണം എന്ന് വിശദീകരിക്കാത്ത ഖുര്‍ആന്‍ പക്ഷെ എങ്ങിനെ സംസാരിക്കണം എന്ന് വളരെ വിശദമായി കൈകാര്യം ചെയ്യുന്നു എന്നുള്ളത് അതിന്റെ പ്രാധാന്യത്തെയാണ്‌  ഊന്നുന്നത്. സമൂഹത്തില്‍ കുഴപ്പങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് അതിന്റെ ലക്‌ഷ്യം.ചില സൂചനകള്‍ കാണുക.

1 . ഖൌലന്‍ മഅറൂഫ(നന്മയുള്ള,മാന്യമായ(  polite  )വാക്ക്)  
"പ്രവാചക പത്നിനാരെ,നിങ്ങള്‍ മറ്റു സ്ത്രീകളെപ്പോലെയല്ല.അതിനാല്‍ നിങ്ങള്‍ ദൈവ ഭക്തകളാണെങ്കില്‍   കൊഞ്ചിക്കുഴഞ്ഞു സംസാരിക്കരുത്.അത് ദീനം പിടിച്ച മനസ്സുകളില്‍ മോഹമുണര്‍ത്തിയേക്കും.നിങ്ങള്‍ മാന്യമായി മാത്രം സംസാരിക്കുക"(അല്‍ അഹ്സാബ് :32 ) .ഇവിടെ സദാചാരത്തെ ബാധിക്കുന്ന സംസാരത്തെ കുറിച്ചു പറയുന്നു.

2 . ഖൌലന്‍ കരീമ(ആദരവുള്ള ( respect  ) വാക്ക്) 
"മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക അവരില്‍ ഒരാളോ രണ്ടുപേരുമോ നിന്നോടോപ്പമുണ്ടെങ്കില്‍  അവരോട് 'ച്ചെ'എന്ന് പോലും പറയരുത്.പരുഷമായി സംസാരിക്കരുത്.ഇരുവരോടും ആദരവോടെ സംസാരിക്കുക"(അല്‍ ഇസ്രാഅ` : 23 )  ഇതില്‍ കുടുംബ ബന്ധത്തില്‍ പാലിക്കേണ്ട വാക്കുകളെ വിവരിക്കുന്നു.   

3 . ഖൌലന്‍ സദീദ(നേരായ(straight )വാക്ക്) 
"അല്ലയോ വിശ്വാസികളെ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക.നേരായ വാക്കുകള്‍ മാത്രം പറയുക"(അല്‍ അഹ്സാബ് : 70 ).  ഇവിടെ നേരായ  വാക്ക് പറയുക എന്നത്  വിശ്വാസത്തിന്റെയും തഖ് വയുടെയും ഭാഗമായി കണക്കാക്കുന്നു. 

4 . ഖൌലന്‍ ലയ്യിന(സൌമ്യമായ (gentle ) വാക്ക്)  
"നിങ്ങളിരുവരും (മൂസയും ഹാരൂനും(അ)) ഫറോവന്റെ അടുത്തേക്ക് പോവുക.നിശ്ചയം അവന്‍ അതിക്രമി(തഗൂത്ത് )ആയിരിക്കുന്നു.നിങ്ങള്‍ അവനോട്  സൌമ്യമായി സംസാരിക്കുക."(ത്വാഹാ :43 ,44 ).അക്രമിയായ ഭരണാധികാരിയാണ് ഇവിടെ പ്രമേയം.എത്ര മാന്യമയിട്ടാണ് അക്രമികളോടുള്ള സംസാരം എന്നത് ശ്രദ്ധിക്കുക.

5 . ഖൌലന്‍ അഹ്സന്‍ (ഏറ്റവും മികച്ച (best )വാക്ക്) 
"നീ എന്റെ  ദാസന്മാരോടു പറയുക:അവര്‍ പറയുന്നത് ഏറ്റവും മികച്ച വാക്കുകളാകട്ടെ .തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ കുഴപ്പം കുത്തിപ്പോക്കുന്നു."(അല്‍ ഇസ്റാഅ`  : 53 )- ഇവിടെ സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണം മോശം വാക്കുകളാണെന്നും അത് പൈശാചികമാണെന്നും അതിനെ തടയെണ്ടതിന്റെ  ആവശ്യകത ഉണര്‍ത്തുകയും,പകരം സമൂഹ സുരക്ഷയ്ക്ക് നല്ല വാക്കുകളെ  പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

6 . ഖൌലന്‍ മൈസൂറ(ആശ്വാസ (kind ) വാക്ക്) 
"നിനക്ക് അവരുടെ (മാതാപിതാക്കളും അടുത്ത ബന്ധുക്കളും)ആവശ്യങ്ങള്‍ അവഗണിക്കേണ്ടി വന്നാല്‍ നീ അവരോട് സൌമ്യമായി ആശ്വാസ വാക്ക് പറയണം"(അല്‍ ഇസ്റാഅ` : 28 ).ഇവിടെയും കുടുംബത്തിലെ ബന്ധങ്ങളെയാണ് സൂചിപ്പിക്കുന്നത്.

7 . ഖൌലന്‍ സഖീല(ഭാരിച്ച (heavy ) വാക്ക്) 
 "നിനക്ക് നാം ഭാരിച്ച വചനം അവതരിപ്പിക്കുന്നതാണ്".(അല്‍ മുസ്സമ്മില്‍ : 5 ) പ്രവാചകന്റെ ജീവിത ദൌത്യവുമായി ബന്ധപ്പെട്ട ശാസനകളുടെയും,നിയമങ്ങളുടെയും വചനങ്ങള്‍ ഇവിടെ ഉദ്ദേശിക്കുന്നു. 

8 . ഖൌലന്‍ ബലീഗ(തറക്കുന്ന strike വാക്ക്)
"അവര്‍ക്ക് സദുപദേശം നല്‍കുക.അവരോടു ഉള്ളില്‍ തട്ടുന്ന വാക്ക് പറയുകയും ചെയ്യുക"(അന്നിസാഅ` :64 ). പ്രബോധനപരമായ വിഷയത്തില്‍  വാക്ക് എങ്ങിനെ ഉപയോഗിക്കണം എന്ന് ഇവിടെ ഉണര്‍ത്തുന്നു. 

9 . ഖൌലന്‍ അളീമ (ഗുരുതരമായ (serious /strong )വാക്ക് )
"നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക് പുത്രന്മാരെ തരികയും തനിക്കുവേണ്ടി മലക്കുകളില്‍ നിന്ന് പുത്രിമാരെ സ്വീകരിക്കുകയുമാണോ ചെയ്തത്?തീര്‍ച്ചയായും നിങ്ങള്‍ വളരെ ഗുരുതരമായ വാക്കാണ്‌ പറയുന്നത് (അല്‍ ഇസ്റാഅ` : 40 ) .ദൈവത്തിന്റെ സത്തയില്‍ പങ്കുചേര്‍ക്കുന്ന വിശ്വാസവുമായി ബന്ധപ്പെട്ട വാക്കുകള്‍.അറിയാത്ത കാര്യങ്ങള്‍ ദൈവത്തില്‍ ആരോപിക്കുന്നതിന്റെ ഗൌരവം ഉല്‍ബോധിപ്പിക്കുന്നു.

10 .ഖൌലല്‍ ഹഖ് (സത്യം,യഥാര്ത്യമായ (True )വാക്ക് ) 
"...ദത്തുപുത്രന്മാരെ നിങ്ങളുടെ പുതന്മാരാക്കിയിട്ടുമില്ല.അതൊക്കെ നിങ്ങളുടെ വായ കൊണ്ടുള്ള വെറും വാക്കുകളാണ്.അല്ലാഹു സത്യമായ വാക്ക് പറയുന്നു.(അല്‍ അഹ്സാബ് : 4 )    

        തിരു നബി(സ) പറയുന്നു "ആരെങ്കിലും അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ"(ഹദീസ്)  

    അറിയുക നാവില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന വാക്കുകള്‍ തിരിച്ചെടുക്കാനാകുന്നതല്ല.എന്ത് പറയുമ്പോഴും അതിന്റെ ഗുണവും ഭവിഷ്യത്തും അവന്‍ രണ്ടുവട്ടം ചിന്തിക്കട്ടെ. 

1 അഭിപ്രായം: