2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

ലഹരിയുടെ അഥവാ ആനന്ദത്തിന്റെ മന:ശ്ശാസ്ത്രം

                                                           -ആബിദ് അലി പടന്ന 
മനുഷ്യന്‍ എന്നും സുഖം ആഗ്രഹിക്കുന്നു .ദുഃഖം വന്നു വീഴുന്നത് അവന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. സുഖം മനുഷ്യനെ തേടി എത്തിയില്ലെങ്കില്‍ മനുഷ്യന്‍ സുഖവും  തേടി പോകുന്നു.

അപ്പോള്‍ ആത്മ സംതൃപ്തി ,സമാധാന നിര്‍വൃതി ,ആനന്ദം,ദുഃഖം മറക്കല്‍ എന്നിവയ്ക്ക്  പരിഹാരം തേടി മനുഷ്യന്‍ നെട്ടോട്ടം ഓടുന്നു .ജീവിത പ്രാരാബ്ദം, ജീവിത പ്രശ്നങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തി നേടാന്‍ അവന്‍ പരിഹാര മാർഗ്ഗങ്ങൾ തേടി അലയുന്നു.

ലഹരികളില്‍ അഭയം തേടുക എന്നത് ഒരു കുറുക്കു വഴിയാണ് .എന്നാല്‍ അത് ശാശ്വതമായ ഒരു പ്രശ്ന പരിഹാരം അല്ല .മറിച്ചു അത് തന്നെ ഒരു തീരാത്ത പ്രശനമായി മാറുകയാണ് ചെയ്യുക .
അങ്ങിനെ എളുപ്പത്തിൽ പോകാവുന്ന ലഹരികൾ മൂന്നാകുന്നു .
ഒന്ന് ,മദ്യം
രണ്ടു, കാമം
മൂന്നു, ഭക്തി
ആനന്ദ ട്രയാങ്കിൾ 

ഇതിൽ  മദ്യം ഒരു തിരിച്ചു വരവ് അസാധ്യമാക്കുന്ന രീതിയിൽ അവനെ നശിപ്പിച്ചേക്കാം . പിന്നീട് ഖേദം മാത്രം അവന്നു അത് അവശേഷിപ്പിക്കുന്നു . ചുരുക്കി,ദുഃഖം മറക്കാൻ മദ്യം സേവിക്കുന്നവർക്കു ബോധം തെളിഞ്ഞാൽ വല്ലാത്ത കുറ്റബോധവും മനസ്സാക്ഷി കുത്തും ഉണ്ടാക്കുന്നു. അത് തന്നെ മറ്റൊരു ദുഖത്തിന്നു കാരണമാകുന്നു . 

അത് പോലെ തന്നെ കാമവും  . അവിഹിതമായ പരസ്ത്രീ ബന്ധം ചിലര്ക്ക് ലഹരിയാണ് . അതിന്റെ സാമൂഹ്യമായ പ്രത്യാഘാതങ്ങൾ അവന്നു വിഷയമല്ല . തന്റെ സുഖം മാത്രമാണ് പ്രധാനം . വിഹിതമായ സ്ത്രീ പുരുഷ ബന്ധം നില നിൽക്കുമ്പോൾ തന്നെ തന്റെ ഇണകളെ വഞ്ചിക്കുന്ന തരത്തിൽ ഈ ലഹരി മനുഷ്യനെ കൊണ്ടെത്തിചെക്കാം .

ഭക്തിയുടെ വഴിയും വ്യത്യസ്തമല്ല . ജീവിത പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ മറ്റൊരു ലഹരി  മാർഗ്ഗം. ഭക്തിയുടെ വഴി തെരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ വീഴുന്നത് വലിയ കുഴികളിൽ ആയേക്കാം .
 
ഈ മൂന്നു വഴിക്കും ഒരു പ്രത്യേകതയുണ്ട് .മൂന്നിലും ലഹരി ഉണ്ട് എന്നതാണ് അത്.
സ്വയം മറക്കലിന്റെ ഈ മൂന്നു രീതിയിലും പല സാമ്യതകളും ഉണ്ട് . ലഹരിയുടെ പ്രതീകങ്ങൾ ഈ മൂന്നിലും  ഒരേ പോലെ ആയതു വെറും യാദ്രിശ്ചികം മാത്രമോ ?

ഇവയാണ് ആ  പ്രതീകങ്ങൾ  :
1.  ഇരുണ്ട വെളിച്ചം
2. നേർത്ത പുക പടലങ്ങൾ
3. പതിഞ്ഞ സംഗീതം 
മദ്യം

മദ്യം വിളമ്പുന്ന ബാറുകളിലും നൈറ്റ്‌ ക്ലബ്ബുകളിലും  എന്തിനാണ്  ഇരുണ്ട വെളിച്ചം ഉപയോഗിക്കുന്നത്  ?അവിത്തെ  നേര്‍ത്ത സംഗീതം നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ ? ചുരുങ്ങിയത് നൃത്ത വേദികളിൽ എങ്കിലും  പുക പടലങ്ങൾ  നിങ്ങള്‍ കണ്ടിട്ടുണ്ടോ ?കൂടാതെ നൃത്തവും ,ആട്ടവും പാട്ടും ഉണ്ടാകാറില്ലേ ?
ഇരുണ്ട വെളിച്ചം -ബാറിലും ബെഡ് റൂമിലും 
എന്ത് കൊണ്ട് ഇങ്ങനെ ഒരു അന്തരീക്ഷം സാധാരണയായി മദ്യവുമായി ബന്ധപ്പെട്ടു നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു ?
ചിന്തിക്കേണ്ട ഒരു വസ്തുതയാണിത് .
ഭക്തി
ക്ഷേത്ര പൂജാ മുറികൾ , ജാറങ്ങൾ,  മഖ്ബറകൾ തുടങ്ങിയവ നിങ്ങൾ സന്ദർശിച്ചിട്ടുണ്ടോ ?സന്യാസി മഠം ,പുണ്യാള ന്മാരുടെ ശവകുടീരങ്ങൾ ,സ്വാമി- ഔലിയ തുടങ്ങിവരുടെ  മത ധ്യാന കേന്ദ്രങ്ങൾ ,ആത്മീയ പ്രഘോഷണ വേദികൾ തുടങ്ങിയവയെ നിങ്ങൾ താരതമ്യം ചെയ്തു നോക്കിയിട്ടുണ്ടോ ?എങ്കിൽ നിങ്ങൾക്ക് അവിടെയും പല സാമ്യതകൾ കാണാം . ഇപ്പറഞ്ഞ ഒട്ടു മിക്ക കേന്ദ്രങ്ങളിലും വെളിച്ചം വളരെ കുറവായിരിക്കും അഥവാ നേരെത്തെ പറഞ്ഞ ഇരുണ്ട വെളിച്ചം .അഘണ്ട നാമങ്ങളായോ,ഹലോ ലൂലിയ വിളികളാലോ  ,ജമാലിയാ -കമാലിയ്യാ സ്വലാത്തായോ താളത്തിലുള്ള സംഗീതാത്മകമായ ശബ്ദ ക്കെട്ടുകൾ അവിടെ കേൾക്കാം . ചില കേന്ദ്രങ്ങളിൽ ജപ നാമങ്ങൾക്ക് പകരം ആനന്ദ നൃത്തവും നിങ്ങൾക്ക് കാണാം .
ഭക്തിയുടെ ആനന്ദ നൃത്തങ്ങൾ 
 അത് പോലെ  ,ചന്ദനമോ, കർപ്പൂരമോ കത്തിച്ച പുക പടലങ്ങള്‍ ,അവയുടെ രൂക്ഷമായ ഗന്ധം എന്നിവയും ഇത്തരം കേന്ദ്രങ്ങളിൽ കാണാവുന്നതാണ് . 
പുക പടലങ്ങൾ 
ഈ പറഞ്ഞ പ്രതീകങ്ങൾ ഇല്ലാത്ത ഒരു ആത്മീയ കേന്ദ്രത്തെ കുറിച്ച് ചിന്തിക്കാൻ നമുക്ക് സാധ്യമാണോ ?
കാമം
ഇതേ  മൂന്നു പ്രതീകങ്ങൾ കാമത്തിലും നിങ്ങൾക്ക് കാണാം.ഒരു ആദ്യരാത്രിയിലെ  ബെഡ്റൂമിനെ കുറിച്ച നമ്മുടെ സങ്കല്പങ്ങൾ ഒന്ന് പരിശോധിച്ച് നോക്കൂ  ....... ഡിം ലൈറ്റ് അഥവാ  സീറോ ബള്‍ബുകള്‍ ,എവിടെ നിന്നോ ഒഴുകി വരുന്ന നേര്‍ത്ത സംഗീതം ,മുല്ലപ്പൂ കൊണ്ട് അലങ്കരിക്കുകയും വിതറുകയും ചെയ്ത കട്ടിൽ,അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള  സുഗന്ധങ്ങൾ .
ആനന്ദ നൃത്തം അഥവാ ഉന്മാദ നൃത്തങ്ങളുടെ  മനശാസ്ത്രം
ഒരു തികഞ്ഞ ഭൌതീക വാദിയുടെ ആനന്ദത്തിന്റെ  അങ്ങേയറ്റം എന്താണ് ? രാത്രിയിൽ മദ്യ ശാലകളിലോ  ഡാൻസ് ക്ലബ്ബുകളിലോ  പോയി ആനന്ദ നൃത്തം ചവിട്ടുക .കൂട്ടമായി  സ്വയം മറന്നു നേരം വെളുക്കുവോളം ആടിപ്പാടി  ത്തിമർക്കുക.അത് പോലെ പോപ് ,റാപ്പ്,ഗാന മേളകൾ  തുടങ്ങിയ സംഗീത മേളകളിൽ പോവുക. ആകെ ശരീരം ഇളക്കി ഉന്മത്തരായി നൃത്തം ചെയ്യുക . ആനന്ദം...... പരമാനന്ദം.
എന്നാൽ ഒരു തികഞ്ഞ ആത്മീയ വാദിയുടെ ആനന്ദത്തിന്റെ അങ്ങേയറ്റം എന്താണ് എന്ന് നിങ്ങൾ പരിശോധിച്ചിട്ടുണ്ടോ ?ബഹു രസമാണ് കാര്യം . അതും സംഗീതവും  ഉന്മാദ നൃത്തവും തന്നെ . സൂഫികളുടെ സംഗീതമായ ഖവ്വാലിയും അവരുടെ നൃത്ത രൂപമായ സമ(SAMA )യും ഒന്ന് താരതമ്യം ചെയ്തു നോക്കൂ. 
ഭക്തിയുടെയും, ഭൌതികതയുടെയും ഉന്മാദ നൃത്തങ്ങൾ 
ചുരുക്കി,
ഇപ്പോൾ നമ്മുടെ അറിവിലുള്ള  രണ്ടു ജീവിത വീക്ഷണങ്ങളും(ആത്മീയ ,ഭൌതീക വീക്ഷണങ്ങൾ) നമുക്ക് നല്കുന്ന ഔട്ട്‌ പുട്ട് എന്നത് വെറും, എല്ലാം മറന്നു ആടിപ്പാടി മയങ്ങിക്കിടക്കുന്ന മനുഷ്യരെയാണ് .ഇങ്ങനെ മയക്ക വെടി ഏറ്റു  കിടക്കാത്ത, ഉണർന്നിരിക്കുന്ന ജീവനുള്ള മനുഷ്യനെ സൃഷ്ടിക്കുന്ന ഒരു ജീവിത വീക്ഷണത്തെക്കുറിച്ചുള്ള അന്വേഷണതിന്നു ഇനിയും ആരെയാണ് നാം കാത്തിരിക്കുന്നത് ?