2010, ഡിസംബർ 26, ഞായറാഴ്‌ച

എന്താണ് കല? ഒരു ഖുര്‍ആന്‍ വായന

                                                                     -ആബിദ് അലി പടന്ന 

              സമൂഹത്തിന്റെ  ശീലങ്ങളെ നാം സംസ്ക്കാരം എന്ന് പറയും.ആ ശീലങ്ങളെ സ്വാധീനിക്കുന്നത് അറിവ് ,വിശ്വാസം,ധാരണ,പെരുമാറ്റം,പാരമ്പര്യം  തുടങ്ങിയവയാണ്. നമ്മുടെ ശീലങ്ങളുടെ അടയാളങ്ങളാണ്  കല(ആര്‍ട്ട്‌). കലയിലൂടെ നമുക്ക് ഒരു സമൂഹത്തിന്റെ ജീവിത ലക്‌ഷ്യം കണ്ടെത്താനാകും.ഒരു ഉദാഹരണം കാണുക.  മാപ്പിള കലകളില്‍ മുസ്ലിം സ്ത്രീകളുടെ സാന്നിധ്യമുള്ള  ഒരിനമാണ്‌  ഒപ്പന.അതിന്റെ പ്രമേയം മുസ്ലിം  പെണ്‍കുട്ടികളുടെ വിവാഹവും അതുമായി ബന്ധപ്പെട്ട ചിന്തകളും ആഗ്രഹങ്ങളുമാണ്. ഇതു നേരത്തെ പറഞ്ഞ വാക്കുമായി ഒന്ന് താരതമ്മ്യം ചെയ്തു നോക്കൂ.  മാപ്പിള പെണ്‍കുട്ടികളുടെ ജീവിതത്തില്‍ ആകെയുള്ള ആഗ്രഹം വിവാഹമാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്.അതിനപ്പുറം സമൂഹത്തില്‍ തനിക്കു വല്ല സ്ഥാനവും ഉള്ളതായി അവള്‍ക്കു അറിയില്ല.  ഇന്ന് ചിലപ്പോള്‍ ആ ധാരണകളൊക്കെ അല്പം  മാറിയിരിക്കാമെങ്കിലും ശരി.


          മനുഷ്യന്റെ ജന്മസിദ്ധമായ സൌന്ദര്യ വാസനകളെയാണ്  നാം സര്‍ഗ്ഗസിദ്ധി എന്ന് പറയുന്നത് .അതിലൂടെ  ആശയങ്ങള്‍ വ്യത്യസ്ത രീതിയില്‍ പ്രകടിപ്പിക്കുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്യുന്നു. എന്നുവെച്ചാല്‍ നിങ്ങള്‍ ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന രീതിയെയും    (the way of communication )  കല എന്ന് പറയാം. ഉദാഹരണം പ്രസംഗം ,ഗാനം,കഥ, കവിത,രചന,ചിത്രരചന,സംഗീതം,സിനിമ തുടങ്ങിയവ.ഇവയെ നിയന്ത്രിക്കുന്ന കരങ്ങള്‍ നന്മയില്‍ അധിഷ്ടിതമാണെങ്കില്‍ എല്ലാം നന്മ തന്നെ.അല്ലെങ്കില്‍ തിന്മ.
          ഈ ജന്മ വാസനയെ ആര്‍ക്കെങ്കിലും പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യാനോ,നിഷേധിക്കാനോ സാധിക്കുമോ? ഇല്ല എന്നതാണ് സത്യം.  ഇനി ആരെങ്കിലും ഇതു നിഷിദ്ധം(ഹറാം),ദൈവ വിരുദ്ധം എന്നാണ് വാദിക്കുന്നതെങ്കില്‍ താഴെ പറയുന്ന  വൈരുദ്ധ്യത്തിന്നു എന്ത് മറുപടി പറയും.  കേരള മുസ്ലിം കളുടെ മത പാഠങ്ങളില്‍ നിന്ന് അന്നും ഇന്നും ഉയരുന്ന  ബോധമാണ്  സംഗീതം ഹറാം എന്നുള്ളത്.പക്ഷെ എന്തേ ഇതേ മത ബോധത്തെ  കവച്ചു വെക്കുന്ന രീതിയില്‍ സംഗീത ഉപകരണങ്ങള്‍ മിക്കതും ഉപയോഗിക്കുന്ന വളരെ ആഴത്തില്‍ വേരുള്ള മാപ്പിള പ്പാട്ട്  എന്ന കല രൂപപ്പെട്ടു വന്നു? മതം ശക്തമായി വിലക്കി എന്ന് പറയുമ്പോഴും ഇതിന്നു എങ്ങിനെ സര്‍വ്വ സ്വീകാര്യത ലഭിച്ചു? ഇവിടെ സ്വാഭാവികമായി ഒരു സംശയം ഉയരാം.മതം വിലക്കിയ മദ്യം  മുസ്ലിം കളില്‍ ചിലര്‍ ഉപയോഗിക്കുന്നില്ലേ? അത് പോലെ മതം വിലക്കിയ സംഗീതവും മുസ്ലിംകള്‍ ചെയ്യുന്നു.!!.എന്നാല്‍ ഉത്തരം വളരെ ലളിതമാണ്.ഇവിടെ മുസ്ലിംകള്‍ - 'മുസ്ലിം മദ്യം','മാപ്പിള മദ്യം' എന്ന ഒന്ന് സ്വയം രൂപപ്പെടുത്തിയെടുത്തു ഉപയോഗിക്കുന്നില്ല എന്നറിയുക.പക്ഷെ "മാപ്പിള സംഗീതം" നമുക്ക് ഉണ്ട് താനും.

            ഖുര്‍ആന്‍ പറഞ്ഞതത്രേ സത്യം
       "ചോദിക്കുക : തന്റെ ദാസന്മാര്‍ക്ക് അല്ലാഹു ഇറക്കികൊടുത്ത( أَخْرَجَ)അല്ലാഹുവിന്റെ സൌന്ദര്യത്തെയും( زِينَةَ اللَّهِ) ആഹാര പദാര്‍ഥങ്ങളില്‍ നിന്ന് ശുദ്ധമായതിനെയും ഹറാം(നിഷിദ്ധം)( حَرَّمَ) ആക്കുന്നത് ആരാണ് ? പറയുക: അവ ഐഹീക  ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കുള്ളതാണ്.ഉയര്‍ത്തെഴുന്നെല്പു നാളിലോ അവര്‍ക്ക് മാത്രവും.കാര്യം ഗ്രഹിക്കുന്നവര്‍ക്കായി നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നു".(അല്‍ അഅ'റാഫ്:32 )    
           note :   അല്ലാഹുവിന്റെ സൌന്ദര്യം ( زِينَةَ اللَّهِ) എന്നത് മനുഷ്യന്നു ദൈവത്തില്‍ നിന്ന് ഇറങ്ങിക്കിട്ടിയ നൈസര്‍ഗ്ഗികമായ സൌന്ദര്യ ബോധമാണ്. 
       

2010, ഡിസംബർ 19, ഞായറാഴ്‌ച

എന്താണ് ദൈവം : ഒരു ശാസ്ത്രീയ അന്വേഷണം

                                                                    -ആബിദ് അലി പടന്ന

              ശാസ്ത്ര യുഗത്തില്‍ എല്ലാം ശാസ്ത്രീയമാകണം എന്ന് ആണെല്ലോ വെപ്പ്. ദൈവമെന്നത്‌ പദാര്‍ത്ഥത്തിന്നു അതീതമായതിനാല്‍  ശാസ്ത്രീയമായി നമുക്ക് വിശദീകരിക്കാനാവില്ല എന്നും. എന്നാല്‍ ഇവിടെ ചില കാര്യങ്ങള്‍ പരിശോധിക്കാം.

              മാത്തമാറ്റിക്സ് (ഗണിതശാസ്ത്രം) ത്തിന്റെ വളരെ പ്രാഥമികമായ അറിവിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു.അക്കങ്ങളെ കുറിച്ച് നമുക്ക് അറിയാം. തുടക്കം  0 ,1 ,2 ,3 .... 10 ,100 ,... 1000 ,.... 10000 ,..... ഇങ്ങനെ പോകുന്നു.(- ve ഉം ഉണ്ട് ). നമുക്ക് എത്ര വേണമെങ്കിലും പറയുകയോ  എഴുതുകയോ ചെയ്യാം.  പക്ഷെ അതിന്റെ അവസാനം എന്ത്  എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ആര്‍ക്കും അറിയില്ല.അത് എവിടെയാണ് അവസാനിക്കുന്നത് എന്ന്.പക്ഷെ ഗണിതത്തില്‍ ആ അവസാനമില്ലാത്ത അവസാനത്തിനെ നാം അനന്തത(ഇന്ഫിനിറ്റി) എന്ന് വിളിക്കുന്നു. " α " ഈ ചിഹ്നമാണ് ഇതിന്നു പൊതുവേ ഉപയോഗിക്കുന്നത് . പക്ഷെ യഥാര്‍തത്തില്‍ അത് ഒരു അന്ത്യമല്ല. അനന്തതയെ സുചിപ്പിക്കുന്നു എന്ന് മാത്രം.

   അത് പോലെ നമ്മുടെ മുന്നില്‍ കാണുന്ന ഏതൊരു പദാര്‍ത്ഥജന്ന്യ വസ്തുക്കളുടെയും ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം നമ്മെ ശുന്യതയിലേക്ക് എത്തിക്കുന്നു. ഉദാ:-നാം ധരിക്കുന്ന വസ്ത്രം എവിടെ നിന്നും വന്നു? ഫാക്ടറി ഔട്ട്‌ ലെറ്റ്.....,ഫാക്ടറി,......നൂല്‍,....പരുത്തി,....പരുത്തി കൃഷി,....പരുത്തി ചെടി,....പരുത്തി വിത്ത് തുടങ്ങി ഉത്തരങ്ങള്‍ നീണ്ടു നീണ്ടു പോകുന്നു.അവസാനം ഉത്തരം പ്രക്രതി എന്ന കേവല അക്ഷരങ്ങളില്‍ തട്ടി നില്‍ക്കുന്നു. പദാര്‍ത്ഥത്തിന്റെ ഉത്ഭവത്തിന്റെ കാര്യത്തില്‍ തന്നെ നാം അനന്തമായ ശൂന്യതയിലാണ് എത്തിപ്പെടുന്നത്.അപ്പോള്‍ വിഷയം പദാര്‍ത്ഥത്തിന്നും അപ്പുറതുള്ളതാണ്  എങ്കിലോ ?യഥാര്‍ത്ഥത്തില്‍  ഉത്തരങ്ങള്‍ കണ്ടെത്താന്‍ ആകാതെ നാം വിളിക്കുന്ന പ്രകൃതി,മൂല കാരണം,ഇന്ഫിനിറ്റി തുടങ്ങിവ തന്നെയാണ്   ദൈവം എന്നും  വിളിക്കപ്പെടുന്നത്.അത്  ജീവസ്സുറ്റതും,എന്നെന്നും നിലനില്‍ക്കുന്നതും,സകല കാര്യങ്ങളെ കുറിച്ചും അറിവുള്ളതുമാണ് എന്ന് മാത്രം.
              ഇനി ഭൌതീക ശാസ്ത്രത്തിലെ(physics)ചില അടിസ്ഥാന അറിവുകള്‍ നോക്കാം.ഏതൊരു പദാര്‍ത്ഥത്തിന്റെയും അതിസൂക്ഷമമായ കണികയെ നാം ആറ്റം എന്ന് വിളിക്കുന്നു.


 ആറ്റത്തിന്റെ ന്യുക്ളിയസ്സിനു ചുറ്റും ഒരു നിശ്ചിത പാതയിലൂടെ കറങ്ങിക്കൊണ്ടിരിക്കുന്ന അനേകം  ഇലക്ട്രോണുകള്‍ .അവയുടെ പാതയെ നമുക്ക് ഓര്‍ബിറ്റ് എന്ന് പറയാം.ഇലക്ട്രോണുകളുടെ  സ്ഥാനം ഒരു ഓര്‍ബിറ്റില്‍ നിന്നും മറ്റൊന്നിലേക്കു മാറുമ്പോള്‍ അനേക കോടി ശക്തിയുള്ള ഉര്‍ജ്ജം (എനര്‍ജി) പുറത്ത് വിടുന്നു. ഇങ്ങനെ ഓരോ orbit-ലും ഇലക്ട്രോണ്‌കളെ  കൂടുതലായി കാണപ്പെടുന്ന മേഖലകളെ orbitals എന്ന് പറയുന്നു. ഇങ്ങനെയുള്ള orbitals-കളെ എനര്‍ജി ലെവെലുകള്‍ (Energy Levels )ആയി കണക്കാക്കുന്നു.കണ്ണോടു കാണാന്‍ സാധിക്കാത്ത ഒരു ആറ്റത്തിന്റെ അകത്തുള്ള അനേകം ഇലെക്ട്രോനുകളില്‍  ഒന്നിന് സ്ഥാന ചലനം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന എനര്‍ജി(ശക്തി /പവര്‍) ഇത്രയങ്കില്‍.കോടാനു കോടി ആറ്റങ്ങളുള്ള  ഈ ഭുമിയുടെയും സകല പ്രപഞ്ചത്തിന്റെയും അകത്തും പുറത്തും തളം കെട്ടിനില്‍ക്കുന്ന ആ മഹത്തായ ശക്തി(പവര്‍) എന്തായിരിക്കും? ഈ ശക്തി അഥവാ  പരാശക്തി   തന്നെയാകുന്നു യഥാര്‍തത്തില്‍ ദൈവം.
       
                 ഖുര്‍ആന്‍ പറയുന്നത് എത്ര സത്യം   "ഹുവല്‍ അവ്വല്   വല്‍ ആഖിര്‍, ഹുവ ള്ളാഹിറു വല്‍ ബാതിന്‍" (അവന്‍ ആദ്യനും  അന്ത്യനുമാകുന്നു , അവന്‍ അകവും പുറവുമാകുന്നു)(അല്‍ ഹദീദ് )

"അവന്‍ അതിശക്തനും കരുത്തനും തന്നെ."(അദ്ധാരിയാത്: 58) 
   പിന്‍ കുറി:-  യുകതിവാദികള്‍ ഈ അനന്തമായ  ഇന്ഫിനിറ്റിയിലും,അദ്രശ്യമായ പവറിലും വിശ്വസിക്കുമ്പോള്‍  അത്  യുക്തി ഭദ്രവും മത വിശ്വാസികള്‍ ദൈവം എന്നും വിളിക്കുമ്പോള്‍ അത് യുക്തിവിരുദ്ധവും ആകുന്നു എന്നുള്ളത് എത്ര യുക്തി വിരുദ്ധമാണ് !!!.

2010, ഡിസംബർ 12, ഞായറാഴ്‌ച

ഇസ്ലാമും ഭരണവും : പ്രവാചക ശിഷ്യന്‍ വിശദീകരിക്കുന്നു

                               - ആബിദ് അലി പടന്ന 
         
 ഇത് അത്യാധുനിക യുഗം.ശാസ്ത്രവും,സാങ്കേതികതയും ഉയര്‍ച്ചയുടെ കൊടുമുടിയില്‍.വിവരങ്ങള്‍ മുഴുവന്‍ ഒരു വിരല്‍ തുമ്പില്‍.മനുഷ്യ വംശം നീണ്ട  വര്‍ഷങ്ങളുടെ അദ്ധ്വാന ഫലമായി നേടിയെടുത്ത അറിവുകള്‍ ഇന്ന് ചെറിയ കുട്ടികള്‍ പോലും ഒറ്റ വരിയില്‍ നമുക്ക് പറഞ്ഞുതരും. എന്നാല്‍ നമ്മുടേത്‌ പോലെ വികസിച്ചിട്ടില്ലാത്ത ഒരു കാലത്ത് ,ആയിരത്തിന്നാന്നൂര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്,ലോകം കൂരിരുട്ടില്‍ തപ്പുമ്പോള്‍,അറേബ്യയുടെ വരണ്ട മരുഭുമിയില്‍  സ്ക്കുളുകളോ,കോളേജുകളോ,സര്‍വ്വകലാശാലകളോ,വലിയ ജ്ഞാനപീറപട്ടങ്ങളോ, ബിരുദങ്ങളുടെ തലക്കനമോ, എന്തിനു ഔപചാരികമായ വിദ്യാഭാസം പേരിനു പോലും ലഭിച്ചിട്ടില്ലാത്ത,ദാരിദ്രത്തിന്റെ പടുകുഴിയില്‍ ജീവിച്ചിരുന്ന,പ്രവാചന്‍ മുഹമ്മദ്‌ നബി(സ)യുടെ ഒരു അനുയായി എന്താണ് രാഷ്ട്രം?നീതിക്കും  സത്യത്തിനും  അതുമായുള്ള ബന്ധം എന്ത്? ഇസ്ലാമില്‍  ഭരണത്തിനുള്ള സ്ഥാനമെന്ത് ? തുടങ്ങിയവയ്ക്ക് ഇന്നത്തെ ഒരു വലിയ പ്രോഫെസ്സരിനോ,നിയമജ്ഞനോ,രാഷ്ട്ര തന്ത്രജ്ഞനോ ചിന്തിക്കാന്‍ പോലും പറ്റാത്ത രീതിയില്‍ വിശദീകരിച്ചത് നമുക്ക് ചരിത്രത്തില്‍ വായിക്കാം. അതിങ്ങനെ... 
             ഇബുനു ഉമൈര്‍(റ) ജനങ്ങളോട് പറഞ്ഞു :"ജനങ്ങളെ ! ബലിഷ്ടമായ കവാടമുള്ള ഭദ്രമായ ഒരു കോട്ടയാണ് ഇസ്ലാം,നീതിയാണ് അതിന്റെ മതില്‍,കവാടം സത്യവും.ഇവരണ്ടും തകര്‍ന്നാല്‍ ഇസ്ലാം എന്തെല്ലാം സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നുവോ,അവയല്ലാം തുറന്ന മേച്ചില്‍ പുറങ്ങളായി മാറും.എന്നാല്‍ ശക്തമായ ഭരണമുള്ളിടെത്തോളം കാലം അവ രണ്ടും അപ്രതിരോധ്യമായി  തന്നെ നിലകൊള്ളും.ഭരണമെന്നത് ശിരഛെദമല്ല. അത് ചമ്മട്ടി പ്രയോഗവുമല്ല.മറിച്ച് മുഴുവന്‍ വ്യവഹാരങ്ങളിലും നിഷ്ടമായ നീതിയുടെയും സത്യത്തിന്റെയും സുക്ഷ്മ പ്രയോഗമാത്രേ!"
               എന്താണ് ഭരണം എന്നതിനു ഇതിലും സുക്ഷ്മമായ ഒരു വിശദീകരണം ലോക ചരിത്രത്തില്‍ നിങ്ങള്ക്ക് കാണാന്‍ കഴിയില്ല. 
   അറിയില്ല, നമ്മുടെ ആളുകള്‍ ഒരു പക്ഷെ ഇബ്നു ഉമൈറിനെയും മതേതര വിശ്വസമില്ലാത്തവനെന്നോ ?രാഷ്ട്രീയം പറയുന്ന  മതക്കാരെനെന്നോ? മത രാഷ്ട്രവദിയെന്നോ ? ഭീകരവദിയെന്നോ വിളിച്ചേക്കാം.....

2010, ഡിസംബർ 10, വെള്ളിയാഴ്‌ച

സ്നേഹവും പെരുമാറ്റവും

                                                          -ആബിദ് അലി പടന്ന
            എന്ത് കൊണ്ടാണ് നമ്മില്‍ ചിലര്‍ നല്ല മത-സദാചാര ബോധാമുള്ളവരായിട്ടും പെരുമാറ്റ ദുഷ്യം ഉള്ളവരായി? പെട്ടന്ന് കോപം കൊണ്ടു  കലിതുള്ളുന്നവരായി? അസ്ഥാനത് പിടിവാശിയുള്ളവരായി?ചിലരോടുള്ള വെറുപ്പ്‌ മനസ്സില്‍ കൊണ്ട് നടക്കുന്നവരായി? തറക്കുന്ന വാക്കുകള്‍ പറയുന്നവരായി? ചിലപ്പോള്‍ കലഹിക്കുന്നവരായി ?എന്ത് കൊണ്ട് നമ്മുടെ മത ബോധത്തിന്നു പോലും അതിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല? അപ്പോള്‍ എവിടെയോ ചില കുഴപ്പമുണ്ട്.  നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നമുക്ക് പരിശോധിക്കാം.
    നമ്മുടെ സ്വഭാവം,പെരുമാറ്റം,സംസാര രീതി എന്നിവ രുപീകരിചു വരുന്നത് നമ്മുടെ കുടുബന്തരീക്ഷത്തില്‍നിന്നാണ്.നമ്മുടെ ചെറുപ്പകാലത്തെ ജീവിതാനുഭവങ്ങള്‍ അവയെ കാര്യമായി സ്വാധീനിക്കും.  അംഗീകാരം, പ്രോത്സാഹനം എന്നിവ ലഭിക്കാത്തവര്‍ അപകര്‍ഷത ബോധമുള്ളവര്‍ ,അന്തര്‍മുഖര്‍,നിരശാജീവികള്‍,ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്തവര്‍, ക്രിമിനലുകള്‍,പിതാവിനെ പേടിയള്ളവര്‍, ആത്മഹത്യ പ്രേരണയുള്ളവര്‍,അദ്ധ്യാപകര്‍ മരിക്കട്ടെ എന്നാഗ്രഹിക്കുന്ന കുട്ടികള്‍,അവരെ ശപിക്കുന്നവര്‍,  നാടുവിട്ടുപോകുന്നവര്‍,വീട്ടില്‍ നിന്നും അകന്നു കഴിയാന്‍ താത്പര്യമുള്ളവര്‍,കാമുകന്‍മാരുടെ കൂടെ ഒളിചോടുന്നവര്‍, വര്‍ഷങ്ങളായി മിണ്ടാത്തവര്‍ ,കുടുംബ കലഹം,വിവാഹമോചനം   തുടങ്ങി പല തരത്തിലുള്ള സ്വഭാവവും,പെരുമാറ്റവും ഉള്ളവരായി നിങ്ങള്ക്ക് കാണാം.
             ഇവയല്ലാം യഥാര്‍ഥത്തില്‍ സ്നേഹം കിട്ടാത്തതിന്റെ പ്രത്യക്ഷ ലക്ഷണങ്ങളാണ്. അപ്പോള്‍ എന്താണ് സ്നേഹം? കുട്ടികള്‍ക്കുള്ള പഠന സൌകര്യങ്ങള്‍ ഒരുക്കുക, ഭക്ഷണം,വസ്ത്രം,ചികിത്സ തുടങ്ങിയവ നല്‍കുക,അതിനായി പണം സമ്പാദിക്കുക.അതോടു കു‌ടി ബാദ്ധ്യത കഴിഞ്ഞു . ഇതാണ് സ്നേഹമെന്ന് എല്ലാവരും മനസ്സിലാക്കുന്നു.പക്ഷെ അത് സ്നേഹമോ,സ്നേഹപ്രകടനമോ അല്ല.അത് അവകാശവും ചുമതലയുമാണ്.അതിന്നു തിരിച്ചു പ്രതിഫലം ആഗ്രഹിക്കവതല്ല. നമ്മുടെ മാതാപിതാക്കളും,മുതിര്‍ന്നവരും,സമുഹം മൊത്തത്തില്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.അടിയന്തരമായി ഇത് മാറ്റിയില്ലെങ്കില്‍ നമ്മുടെ വരും തലമുറ നശിച്ചത് തന്നെ. അപ്പോള്‍ വീണ്ടും, എന്താണ് സ്നേഹം? "നിങ്ങളില്‍ നിന്നുണ്ടാകുന്ന ആശയവിനിമയം,പ്രവര്‍ത്തനങ്ങള്‍,സമീപനങ്ങള്‍,സംസാരശൈലി,മുഖഭാവം എന്നിവയില്‍ നിന്നും മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന അനുഭുതി(പോസറ്റീവ് സ്ട്രോക്ക് )യെ നമുക്ക് സ്നേഹമെന്ന് വിളിക്കാം" ഇത് ലഭിക്കാത്തവര്‍ അത് ലഭിക്കുന്നിടത്തെക്ക് പോകുന്നു.
     ഇതില്‍ സംസാര ശൈലിയെ മാത്രം നമുക്ക് എടുക്കാം.ചെറുപ്പകാലത്ത് നാം കുട്ടികളെ പൊട്ടന്‍,മന്ദബുദ്ധി,മണ്ടന്‍,പോത്ത്,ഒന്നിനും കൊള്ളാത്തവന്‍,തുടങ്ങിയവ വിളിക്കുന്നു.അത് അവരുടെ ഭാവി ജീവിതത്തെത്തന്നെ ചിലപ്പോള്‍ ഇരുട്ടിലാക്കിയേക്കാം.ആകാലത്ത്‌ ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ജീവിതാന്ത്യം വരെ മറക്കുകയില്ല.ആഘാതം എല്പിച്ചവര്‍ അത് അറിയുന്നുമില്ല.ശരീരമുരിവ് മാറ്റം,പക്ഷെ മനസ്സിന്റെ മുറിവ് ജീവിതാന്ത്യം വരെ മറക്കില്ല.
           അറിയുക നന്മകള്‍ അല്ലാഹുവില്‍ നിന്ന്,പെരുമാറ്റം മാതാ-പിതാക്കളില്‍ നിന്ന് ,തിന്മ പിശാചില്‍ നിന്ന്.
          ശരീരം വളരുന്നതിനു അനുസരിച്ച് മനസ്സും വളരുന്നു.ശരീരത്തിനു ഭക്ഷണം ആവശ്യമാണ്‌ എന്നപോലെ മനസ്സിന്നും സ്നേഹം(പരിഗണന) ആവശ്യം ആവശ്യമാണ്‌.
ഉദാ:-റസുല്‍(സ) യുടെ റുമില്‍ മകള്‍ ഫാത്തിമ(റ) കയറിയാല്‍ നബി ആദ്യം എഴുന്നേറ്റു ഹസ്തദാനം ചെയ്യും,പിന്നെ ഫാത്തിമയുടെ നെറ്റി ത്തടത്തില്‍ ചുംബിക്കും,തന്റെ ഇരിപ്പിടം അവര്‍ക്കായി ഒഴിഞ്ഞു കൊടുക്കും. നബി(സ) ഫാത്തിമ(റ)യുടെ റുമില്‍ കയറിയാലും അവര്‍ തിരിച്ചും ഇങ്ങിനെയൊക്കെ ചെയ്യുമായിരുന്നു.നോക്കു,നമ്മില്‍ എത്ര പേര്‍ ഇങ്ങനെ ചെയ്യാറുണ്ട്? പോസറ്റീവ് സ്ട്രോക്ക് ഏറ്റവും കുടുതല്‍ ലഭിക്കുന്നത് സ്പര്‍ശനത്തിലുടെ എന്നാണ് മന:ശാസ്ത്രജ്ഞര്‍ പറയുന്നത്.  
     
             ഒരു വ്യക്തിയെ തിരിച്ചറിയുകയെന്നാല്‍ അയാളുടെ വ്യക്തിത്വം തിരിച്ചറിയുക എന്നാണ്.അപ്പോള്‍ എന്താണ് വ്യക്തിത്വം? നീ എന്ന വ്യക്തിയുടെ കഴിവും,കഴിവുകെടും ഞാന്‍ തിരിച്ചറിയുക.അത് പോലെ ഞാന്‍ എന്ന വ്യക്തിയുടെ  കഴിവും,കഴിവുകെടും നീയും  തിരിച്ചറിയുക. അതിനനുസരിച്ച് പെരുമാറുക അപ്പോള്‍ ഒരു പിതാവും തന്റെ പുത്രനോട് അവന്നു കഴയാത്തത് ആവശ്യപ്പെടില്ല.ഒരു ഭര്‍ത്താവും തന്റെ ഭാര്യയടെ കഴിവിന്നതീതമായത് കല്പിക്കില്ല.ഇങ്ങനെ എല്ലാവരും പരസ്പരം തിരിച്ചറിഞ്ഞു പെരുമാറിയാല്‍ കുടുംബവും സമുഹവും രക്ഷപ്പെടില്ലേ? വാക്കുകളിലും,സംസാര-പെരുമാറ്റ രീതികളിലുള്ള പാളിച്ചകള്‍ കുടുംബത്തിലും,സമുഹത്തിലും കുഴപ്പങ്ങള്‍ക്ക് കാരണമാകുന്നു. ചില വാക്കുകള്‍ കൊലപാതകത്തിലേക്കും,ആത്മഹത്യയിലേക്കും നയിക്കുന്നു.       
   നിങ്ങള്‍ കണ്ടിട്ടില്ലേ?ചില സുഹൃത്തുക്കള്‍,ചില ഭാര്യ- ഭര്‍ത്താക്കള്‍ അവര്‍ ഒരിക്കലും കലഹിചിട്ടില്ല.വഴക്കടിചിട്ടുമില്ല.വര്‍ഷങ്ങളോളം ,അല്ലെങ്ങില്‍ ജീവിതാന്ത്യം വരെ.എന്ത് കൊണ്ട് ?അവര്‍ പരസ്പരം തിരിച്ചറിഞ്ഞു പെരുമാറുന്നു എന്നത് കൊണ്ടാണത് .എപ്പോഴും മകളെ ശകാരിക്കുന്ന മാതാവ്‌,അത് പോലെ മാതാവുമായി ശണ്ടകൂടുന്ന മക്കള്‍.അവര്‍ പരസ്പരം തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല എന്നതാണ് സത്യം.
         നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ നല്ല വാക്ക് പറയുക(ഖൌലന്‍ മഅറൂഫ).നിങ്ങള്‍ എന്ത് പറയുന്നു എന്നതല്ല കാര്യം എങ്ങിനെ പറയുന്നു എന്നതാണ്. 
                     

2010, ഡിസംബർ 4, ശനിയാഴ്‌ച

ശൈഖ് ജീലാനി(റ)യുടെ മത-സാമൂഹ്യ-രാഷ്ട്രീയ വിമർശനം


സമ്പാദനം : ആബിദ് അലി .ടി.എം. പടന്ന

‘ശൈഖ് ജീലാനി‘ എന്നും ‘മൊഹ് യുദ്ധീൻ‘ എന്നും അറിയപ്പെടുന്ന അബ്ദുൾ ഖാദിർ (റ) ഏകദേശം 900 വർഷം മുമ്പ് ഇപ്പോഴത്തെ ഇറാനിലെ ജീലാൻ എന്ന പ്രദേശത്ത് ഏ.ഡി 1077  ൽ ജനിച്ചു. അദ്ദേഹത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അത്ഭുതങ്ങൾ കാണിച്ച ഒരു ദിവ്യൻ എന്ന ധാരണയാണ് നിലനിൽക്കുന്നത്. അതിലുപരിയായ് അദ്ദേഹം തന്റെ  കാലഘട്ടത്തിലെ പരിഷ്കർത്താവും നാവ് പടവാളാക്കിയ ധീരയോദ്ധാവുമാണ്. തന്റെ  ചുറ്റുപാടുമുള്ള അനീതിക്കെതിരെയും ധർമ്മച്യുതിക്കെതിരെയും അദ്ദേഹം പടവെട്ടിയിരുന്നു.തന്റെ  വിഖ്യാത പ്രഭാഷണങ്ങളുടെ സമാഹാരമായ ‘ഫതഹുറബ്ബാനി’ എന്ന കൃതിയിലെ ചില പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു. അദ്ദേഹം എ ഡി 1166 -ല്‍  തന്റെ  90 ‍-‍ാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. ഇറാഖിലെ ബാഗ്ദാദിൽ ടൈഗ്രീസ് നദിയുടെ കിഴക്കേതീരത്തുള്ള റിസാഫ എന്ന സ്ഥലത്ത് അന്ത്യവിശ്രമം കൊള്ളുന്നു.

 ഉറക്കം നടിക്കുന്നവരോട് ഒരു വാക്ക്
            ‘ഉണരുവിൻ ജനങ്ങളെ ! ഈ ഉറക്കം ഏത് വരെ ? പാഴ് ജീവിത്തിലുള്ള ഈ ഗതാഗതം ഏത് വരെ? നിസ്സാര കാര്യങ്ങളോടും, തന്നിച്ചയോടും, നഫ്-സിനോടുമുള്ള നിന്റെ സഹകരണ നില ഏത് വരെ? നിങ്ങൾ അല്ലാഹുവിന്റെ   നിയമങ്ങൾ (ശരീഅത്തി) നോട് യോജിക്കൽ കൊണ്ടും അവനു വഴിപ്പെടൽ കൊണ്ടും അച്ചടക്കം പാലിക്കാത്തത് എന്ത് കൊണ്ട്? വഴിപ്പെടൽഎന്നത് സ്വന്തം ഇഷ്ടങ്ങൾ ഉപേക്ഷിക്കലാണ്. വിശൂദ്ധ ഖുർ-ആനിന്റെ യും പ്രവാചകാദ്ധ്യാപനങ്ങളുടേയും അച്ചടക്കങ്ങൾകൊണ്ട് നിങ്ങൾ മര്യാദ പാലിക്കാത്തത്  എന്ത് കൊണ്ട്? അല്ലയോ  ദൈവദാസന്മാരെ! നിദ്രയോട്കൂടി, മതി മറവിയോട് കൂടി,  അജ്ഞതയോട് കൂടി,  അന്ധതയോട് കൂടി നീ ജനങ്ങളോട് സഹവസിക്കരുത്‘.(പ്രഭാഷണം-2)
പരിശുദ്ധവാക്യം
‘ “ലാ ഇലാഹ ഇല്ലല്ലാഹ് " എന്ന് നീ പറഞ്ഞാൽ നീ ഒരു മുദ്രവാക്യം മുഴക്കി. ആ വാക്യം മുഴക്കിയതിനു നിന്റെ  കയ്യിലെ തെളിവെത്നാണെന്ന് ചോദിച്ചാൽ നീ എന്താണ് പറയുക? ആജ്ഞകൾ അതേപടി സ്വീകരിച്ച് അനുഷ്ടിക്കൽ, നിരോധനങ്ങളിൽ നിന്ന്  പാടെ വിരമിക്കൽ, ദുരിതാവസ്ഥകളിൽ ക്ഷമ, അവന്റെ  വിധി പുലരുമ്പോൾ ത്രിപ്തിയോടെ സ്വീകരിക്കൽ.‘( പ്രഭാഷണം-2)
‘സത്യവിശ്വാസം ഉച്ചാരണവും പ്രവർത്തനവുമാകുന്നു.‘( പ്രഭാഷണം-2)
‘കലിമ (പരിശുദ്ധ വചനം)ഉച്ചരിക്കൽ കൊണ്ട്  അല്ലാഹുവിന്റെ  ശേഷം മറ്റ് വഴികളെ തൊട്ട് നീ മാറ്റി നിർത്തപ്പെട്ടവനായിരിക്കുന്നു.“( പ്രഭാഷണം-2)
‘കർമം കൂടാതെയുള്ള വാക്യം സ്വീകാര്യമല്ല. ഇസ്ലാമിക നിഷ്ഠ്കൾക്ക് നിരക്കാത്തതും, മനശുദ്ധിയില്ലാത്തതുമായ കർമങ്ങളും സ്വീകരിക്കപ്പെടുകയില്ല .’(പ്രഭാഷണം-2)
‘ഇസ്ലാം എന്നത് നിനക്ക് ശരിയായിട്ടില്ല . ഇസ്ലാമെന്നത് ഒരു അസ്ഥിവാരമാകുന്നു. അതിന്മേൽ പടുത്തയർത്തപ്പെടെണ്ടത് (ശഹാദത്ത്) കലിമ ആകുന്നു. നീ “ലാ ഇലാഹ ഇല്ലല്ലാഹ്”(അല്ലാഹു അല്ലാതെ ഒരു ഇലാഹും ഇല്ല) എന്നു പറയുന്നു. (യഥാർതത്തിൽ) നീ കളവ് പറയുന്നു. ഇലാഹുകളുടെ സമൂഹം നിന്റെ  ഹ്രദയത്തിൽ നിലകൊള്ളുന്നു.നാട് ഭരിക്കുന്ന രാജാവിനെ തൊട്ടുള്ള നിന്റെ  പേടി, ഗ്രാമത്തിന്റെ  മേധാവിയെ തൊട്ടുള്ള നിന്റെ പേടി ഇലാഹുകളാണ്.നിന്റെ  തൊഴിലിന്റെ  പേരിലും, നിന്റെ  കച്ചവടലാഭത്തിന്റെ  പേരിലും, നിന്റെ  നിർവ്വഹണത്തിന്റെ  പേരിലും, നിന്റെ  കേൾവിയുടെ പേരിലും,നിന്റെ  കാഴ്ചയുടെ പേരിലും, നീ കൈവരിച്ച പ്രവർത്തനത്തിന്റെ   പേരിലും ആസ്പദമാക്കിയുള്ള  നിന്റെ  ധാരണകൾ ഇലാഹുകളാണ്.’
‘ദാനം ചെയ്യലും ചെയ്യാതിരിക്കലും, ഉപകാരം ചെയ്യലും ഉപദ്രവിക്കലും സ്യഷ്ടികളിലുള്ളതാണെന്ന് കാണൽ ഇലാഹുകളാണ്. ജനങ്ങളിൽ അധികം പേരും പ്രസ്തുത ഇനങ്ങളുടെ പേരിൽ വിശ്വാസം അർപ്പിച്ചവരാണ്. തീർച്ചയായും തങ്ങൾ അല്ലാഹുവിന്റെ  പേരിൽ വിശ്വാസം അർപ്പിച്ചവരാണെന്ന് അവർ പ്രത്യക്ഷത്തിൽ കാണിക്കുകയും ചെയ്യും. അവരുടെ നവുകൾ കൊണ്ട് മാത്രം അല്ലാഹുവിനെ കൊള്ളെ ചേർത്ത് പറയൽ അവരുടെ ഒരു സാധാരണ ശീലമായിരിക്കുന്നു. ആ പറയപ്പെടുന്നത് അവരുടെ ഹ്രദയത്തിൽ ഉള്ളത് കൊണ്ടല്ല , നിശ്ചയം ഈ പരമാർത്ഥം അവരെ ബോധ്യപ്പെടുത്തുമ്പോള്‍  അവർ ശുണ്ഡി പിടിക്കുന്നു. അവർ പറയുന്നു നമ്മെ സംബന്ധിച്ച് ഇങ്ങനെയെല്ലാം പറയാൻ പടുണ്ടോ? നാം മുസ്ലിംകൾ അല്ലേ ? എല്ലാ  അപമാനങ്ങളും നാളെ (പരലോകത്ത്) വേർതിരിഞ്ഞ് കാണും. മറഞ്ഞു കിടന്നതെല്ലാം  പ്രത്യക്ഷപ്പെടും. ‘(പ്രഭാഷണം-15)
പഠനം,അറിവ്,ബുദ്ധി
‘നീ പഠിക്കൂ, നീ പുണ്യകർമങ്ങൾ അനുഷ്ഠിക്കൂ’(പ്രഭാഷണം-13)
‘നീ വിവേചനമുള്ള ബുദ്ധിമാനാകൂ,ബുദ്ധിഭ്രമം പിടിപെട്ടവനാകരുത്’(പ്രഭാഷണം-13)
‘നിങ്ങളുടെ മതം നഷ്ടs¸ടുന്ന നാല് വിഷയങ്ങൾ ഇവയാണ്-1.തീർച്ചയായും നിങ്ങൾ അറിഞ്ഞത് അനുസരിച്ച് കർമം ചെയ്യുന്നില്ല. 2. നിങ്ങൾ ശരിയായി അറിഞ്ഞിട്ടില്ലാത്ത ഒന്നു കൊണ്ട് കർമം ചെയ്യുന്നു.3.നിങ്ങൾക്ക് അറിവില്ലാത്തത് പഠിക്കുന്നില്ല , അജ്ഞന്മാരായി കാലം കഴിക്കുന്നു.4. അറിവില്ലാത്തത് പഠിക്കാൻ പോകുന്നവരെ നിങ്ങൾ തടയുന്നു.‘
ഖുർ ആൻ
‘അല്ലാഹുവിന്റെ  ഗ്രന്ഥത്തിനോട് നിങ്ങൾ മര്യാദകാണിക്കുവിൻ....അത് നിങ്ങളുടേയും അല്ലാഹുവിന്റെയും ഇടയിലെ ബന്ധമാണ്. ‘(പ്രഭാഷണം-11)
ഖുർ-ആൻ പിടിച്ച് കർമങ്ങൾ അനുഷ്ടിക്കുക വഴി നിങ്ങൾ ഗുണം സിദ്ധിക്കുവിൻ, അത് കൊണ്ട് വാദിച്ചും തർക്കിച്ചും കൊണ്ടല്ല  ഗുണം സിദ്ധിക്കേണ്ടത്. ഈ ഖുർ ആൻ അല്ലാഹുവിന്റെ  ശക്തമായ പിടികയറാണ്.‘ (പ്രഭാഷണം-3)
തഖവയും,സമരവും
‘നീ തഖ്-വ മുറുകെ പിടിച്ച് കൊള്ളുക, സന്മാർഗ്ഗ നിഷ്ഠ വരമ്പുകൾ പ്രത്യേകം സൂക്ഷിച്ച് കൊള്ളുക. ശാരീരികമായ ഇഛകളോടും, നൈസർഗ്ഗികമായ ദുർഗതികളോടും, പൈശാചിക വിചാരങ്ങളോടും, ദുർജനങ്ങളുടെ ദുഷിച്ചസമ്പ്രദായങ്ങളോടും നീ ഉഗ്രമായ സമരം നടത്തൂ.‘
പ്രാർത്ഥനയും പാശ്ചാതാപവും
‘നിന്റെ  പാപങ്ങളെ തൊട്ട് നീ ഖേദിച്ച് മടങ്ങുക, നിന്റെ  കുറവ് നികത്താൻ നീ അല്ലാഹുവിനൊട് അപേക്ഷ സമർപ്പിക്കൂ. അവനല്ലാതെ സഹായിക്കുന്നവനും പ്രയാസപ്പെടുത്തുന്നവനും ഇല്ല. കൊടുക്കുന്നവനും തടയുന്നവനും ഇല്ല.‘ (പ്രഭാഷണം-2)
നേർമാർഗ്ഗം(ഹിദായത്ത്)
‘’നീ മുസ്ലിമാകൂ, ശേഷം നീ തൌബ ചെയ്യൂ, ശേഷം നീ പഠിക്കൂ, നീ പ്രവർത്തിക്കൂ, അതിൽ നീ നിഷ്കളങ്കത പാലിക്കൂ, അല്ലാത്ത പക്ഷം നീ നേർവഴിയിലാവുകയിÃ.’ (പ്രഭാഷണം-3)
ക്ഷമ
‘അല്പസമയം ക്ഷമിക്കലാണ് ധീരത’(പ്രഭാഷണം-1)
‘അല്ലാഹുവിന്റെ  ദൂതന്മാർ സൌകര്യ§ളുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നവരായിരുന്നു. ഞെരുക്കത്തിന്റെ  പേരിൽ അവർ ക്ഷമ ശീലരായിരുന്നു.’ (പ്രഭാഷണം-2)
ആത്മസംസ്കരണം
‘നീ നിന്റെ  നഫ്-സിന്റെ  അന്ധതയ്ക്ക് ഔഷധം സേവിക്കൂ, മറ്റുള്ളവരിലേക്ക് പോകാൻ വരട്ടെ, നിന്നിൽ അവശേഷിച്ചിരിക്കുന്നവ നന്നാക്കലാണ് നിന്റെ  ബാധ്യത.’ (പ്രഭാഷണം-1)
‘ആദ്യം നിങ്ങളുടെ ശരീരങ്ങളെ ഉപദേശിക്കൂ. അതിന്ന് ശേഷം മറ്റുള്ളവരെ ഉപദേശിക്കുക’(പ്രഭാഷണം-1)
‘നീ അല്ലാഹുവിന്റെ  പേരിലും അവന്റെ  സ്രഷ്ടികളുടെ പേരിലും നിന്റെ  യൌവനം, ദേഹബലം, ധനാഡ്യത എന്നിവയാൽ ധിക്കാരം കാണിക്കരുത്.’ (പ്രഭാഷണം-3)
‘നീ നിന്റെ  അത്യാഗ്രഹം കുറക്കൂ, വിജയ സാധ്യത ദുനിയാവിനെ വെടിഞ്ഞ് നിൽക്കുന്നതിലാണ്. വെടിയൽ (സുഹ്ദ്) എന്നതിന്റെ  അർത്ഥം അത്യാഗ്രഹം കുറക്കലാണ്’(പ്രഭാഷണം-3)
‘ഹേ കള്ളവാദീ ! ഏകാന്തതയിൽ നിന്റെ  നേരമ്പോക്കുകാർ നിന്റെ  നഫ്-സും, നിന്റെ പിശാചും, നിന്റെ  ദേഹേച്ചയും, നിന്റെ  ദുനിയാകാര്യത്തിലുള്ള ആലോചനയുമാണ്.’
മദ് ഹബി പക്ഷപാതിത്വം
‘ഹേ മിസ്ക്കീൻ! നിനക്ക് ആവശ്യമില്ലാത്ത വിഷയത്തിൽ കടന്ന് സംസാരിക്കൽ ഒഴിവാക്കൂ! മദ് ഹബിന്റെ  പേരിൽ വാശിപിടിക്കലും ഒഴിവാക്കൂ! നിനക്ക് ഇഹത്തിലും പരത്തിലും പ്രയോജനം ചെയ്യുന്ന വല്ലതും നീ പ്രവർത്തിക്കൂ. നിന്റെ   കഥ എന്താണെന്ന് അടുത്ത സമയം നീ ദർശിക്കും.’ (പ്രഭാഷണം-3)
‘പ്രത്യക്ഷത്തിൽ നിന്റെ  കൂടെ ഇരിക്കുന്നവർ മനുഷ്യവർഗ്ഗത്തിലെ ദുഷ്ടജീവികളാകുന്ന പിശാചുക്കളും ഖീലിന്റെയും ഖാലിന്റെയും(കർമശാസ്ത്രത്തിലെ അഭിപ്രായങ്ങളിൽ അലക്ഷ്യമായി വിവാദിച്ച് സമയം കളയുന്ന) സമൂഹങ്ങളാകുന്നു.‘
വിശ്വാസവും പ്രവർത്തനവും(തൌഹീദ്)
‘നിനക്ക് നാശം! നീ അല്ലാഹുവിന്റെ  ദാസനാണെന്ന് വാദിക്കുന്നു. അതേ സമയം അവനല്ലാത്തവർക്ക് വഴിപ്പെടുന്നു.’ (പ്രഭാഷണം-1)
നീ അല്ലാഹുന്ന് വേണ്ടി മാത്രം പ്രവർത്തിക്കൂ! അവനല്ലാത്തവർക്ക് വേണ്ടി യാതൊന്നും പ്രവർത്തിക്കാതിരിക്കൂ! അവന്ന് വേണ്ടി മാത്രം ഉപേക്ഷിക്കൂ! അവനല്ലാത്തവർക്ക് വേണ്ടി യാതൊന്നും ഉപേക്ഷിക്കാതിരിക്കൂ! അവനല്ലാത്തവർക്ക് കർമം അനുഷ്ഠിക്കൽ മതഭ്രഷ്ടും അവനല്ലാത്തവർക്ക് വേണ്ടി ഉപേക്ഷിക്കൽ ലേകമാന്യവുമാണ്.(പ്രഭാഷണം-14)
‘ഐഹീക താത്പര്യങ്ങൾക്ക് മുന്നിൽ അവർ തലകുനിക്കുകയിÃ.’ (പ്രഭാഷണം-1)
‘അല്ലാഹു അല്ലാത്തവനെ തേടുന്നവൻ ബുദ്ധിയുള്ളവനല്ല. അല്ലാഹു അല്ലാത്ത സർവ്വത്തെതൊട്ടും ഹ്രദയം പരിശുദ്ധമാക്കിയവനാകുന്നു ധീരയോദ്ധാവ്. അവൻ തൌഹീദ് എന്ന ഗഡ്ഖവും ശരീഅത്ത് എന്ന പരിചയും കൈകളിലേന്തി ശരിയായ നിലയിൽ ഉറച്ച് നിൽക്കും‘(പ്രഭാഷണം-13)
‘നിനക്ക് നാശം! നിന്റെ  നാവ് മുസ്ലിമാണ്. എന്നാൽ നിന്റെ  ഹ്രദയം അങ്ങിനെയല്ല . നിന്റെ വാക്ക് മുസ്ലിമണ്, എന്നാൽ നിന്റെ  പ്രവർത്തിയോ അങ്ങിനെയല്ല . വെളിവിൽ(പുറമേ) നീ മുസ്ലിമാണ് എന്നാൽ മറവിലോ നീ അങ്ങിനെയല്ല.  നീ നിസ്കാരവും നോമ്പും മറ്റെല്ലാ പുണ്യകർമങ്ങള്‍  ചെയ്താലും നീ അല്ലാഹുവിന്റെ  വജ്-ഹിനെ(ത്യ്-പ്തി) ഉദ്ദേശിച്ച് കൊണ്ടല്ല ആ കർമങ്ങൾ ചെയ്തതെങ്കിൽ നീ അല്ലാഹുവിനെ തൊട്ട് ദൂരമാക്കപ്പെ ട്ട കപട വിശ്വാസിയാണെന്ന് നീ അറിയുകയില്ലേ(പ്രഭാഷണം-3)
‘നിന്റെ  ഹ്ര് ദയത്തിൽ അല്ലാഹു അല്ലാതെ മറ്റേതെങ്കിലുമൊരു വസ്തു ഉണ്ടാകുമ്പോഴേക്കും അതിനു വിജയ സാധ്യത ഇല്ലനീ ആയിരം കൊല്ലം തീ കട്ടകളിന്മേൽ സുജുദ് ചെയതാലും ശരി. നിന്റെ  ഹ്ര് ദയം അവനല്ലാത്തതിനെകൊള്ളെ തിരിയുന്ന പക്ഷം അത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. ഹ്ര് ദയം അതിന്റെ  സ്യഷ്ഠാവല്ലാത്തതിനെ സ്നേഹിക്കുമ്പോൾ അതിന്ന് അവസാന വിജയം ലഭിക്കുകയില്ല ‘ (പ്രഭാഷണം-11)
‘നിന്നോട് ഞാൻ പറയുന്നു തീർച്ചയ്യായും നീ ഇസ്ലാമിന്റെ  നിബന്ധനകൾ അനുസരിച്ച് ജീവിക്കുന്നവനാണോ? അല്ലാത്ത പക്ഷം നീ മുസ്ലിമാണെന്ന് പറയരുത് ’ (പ്രഭാഷണം-18)
നന്മ കല്പിക്കുക,തിന്മ വിലക്കുക
‘ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനോട് ഇടപാട് ചെയ്യുന്ന പക്ഷം നിങ്ങളുടെ വിളകൾക്ക് മേനി വർദ്ധിക്കും. നിങ്ങളുടെ പുഴകൾ നിറഞ്ഞൊഴുകും, നിങ്ങളുടെ വ്യക്ഷങ്ങൾ ഇലയും കൊമ്പും വർദ്ധിച്ച് ധാരാളം പഴങ്ങൾ കായ്ക്കും. നിങ്ങൾ സദാചാരങ്ങൾ കൊണ്ട് ആജ്ഞാപിക്കുവിൻ, ദുരാചാരങ്ങളെ നിരോധിക്കുവിൻ, അവ മതത്തെ സഹായിക്കുവിൻ.‘ (പ്രഭാഷണം-14)
ല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർ ത്ഥിക്കലും സഹായം പ്രതീക്ഷിക്കലും
‘ഹേ മനുഷ്യാ!  സ്യഷ്ഠാവിനെ സംബന്ധിച്ച് നീ സ്രഷ്ഠിയോട് അന്യായം പറയരുത്. നിന്റെ  അന്യായങ്ങളത്രയും അവന്റെ തിരുസന്നിധിയിൽ സമർപ്പിക്കൂ!  അവൻ കഴിവുള്ളവനാണ്. അവനല്ലാത്തവർക്ക് കഴിവില്ല. രഹസ്യങ്ങൾ മറക്കൽ, വിഷമതകളും രോഗങ്ങളും മാറ്റൽ എല്ലാം  അവന്റെ  കഴിവിലാണ്.‘ (പ്രഭാഷണം-3)
‘സഹായിക്കലോ, ഉപദ്രവിക്കലോ, ദാനം ചെയ്യലോ, ദാനം തടയലോ, അവരുടെ കൈവശമില്ലഉപദ്രവത്തിലും സഹായത്തിലും അവർക്കും (വിളിച്ച് പ്രാർത്ഥിക്കപ്പെടുന്നവർ), അചേതന വസ്തുക്കൾക്കുമിടയിൽ യാതൊരു വ്യത്യാസവുമില്ലരാജാവ് ഒരുവനാണ്. കാര്യങ്ങൾ പ്രതികൂലമാക്കുന്നവനും അനുകൂലമാക്കുന്നവനും ഒരുവനാണ്. ദാനം ചെയ്യുന്നവനും ദാനം റദ്ദ് ചെയ്യുന്നവനും ഒരുവനണ്. സ്രഷ്ഠാവും ചെലവ് കൊടുക്കുന്നവനും അവനാണ്, അല്ലാഹു അവൻ പണ്ടു പണ്ടേയുള്ളവനും ഇനി എന്നെന്നും ഒരുപോലെ നിൽക്കുന്നവനുമാണ്.‘ (പ്രഭാഷണം-13)
സദാചാരം
‘കാമത്തോട് കൂടിയുള്ള നോട്ടം നീ ശരിക്കും സൂക്ഷിച്ചേ  തീരൂ നിശ്ചയം അത് നിങ്ങളുടെ ഹ്ര് ദയത്തിൽ പാപത്തിന്റെ വിത്ത് വിതക്കും. അതിന്റെ  അനന്തരഫലം ഇഹത്തിലും പരത്തിലും ഗുണപരമല്ല. കള്ളസത്യം ചെയ്യുന്നത് നിങ്ങൾ സൂക്ഷിച്ചേ തീരൂ. നിശ്ചയം അത് വീടും കുടുബങ്ങളും പാഴ് ഭൂമിയാക്കിത്തീർക്കും. ദാനങ്ങളുടേയും സൽകർമ്മങ്ങളുടെയും ഫലം തീരേ നശിപ്പിച്ച് കളയും’(പ്രഭാഷണം-12)
സാമ്പത്തികം
‘നിനക്ക് നാശം!  നീ നിന്റെ  ചരക്ക് കള്ള സത്യം ചെയ്തു വിറ്റഴിക്കുന്നു. നിന്റെ  മതം നീ നശിപ്പിക്കുന്നു.’ (പ്രഭാഷണം-12)
രോഗവും ഔഷധവും
‘നിനക്ക് രോഗം വരുമ്പോൾ ക്ഷമ എന്ന കൈകൊണ്ട് നീ അതിനെ നേരിടുകയും അടങ്ങിയിരിക്കുകയും വേണം. നിനക്ക് മരുന്ന് വന്ന് ചേരുന്നത് വരെ. മരുന്ന് വന്ന് ചേരുമ്പോൾ നന്ദി രേഖപ്പെടുത്തൽ എന്ന ഹസ്തം കൊണ്ട് നീ അതിനെ നേരിടണം. എന്നാൽ നിന്റെ  ജീവിത നിലവാരം ഉയർത്തs¸ടും’ (പ്രഭാഷണം-16)
‘അല്ലാഹു മരുന്നും രോഗവും സ്ര് ഷ്ഠിച്ചു. പാപകർമം രോഗവും സൽകർമം ഔഷധവുമണ്. അനീതി രോഗവും നീതി ഔഷധവുമാണ്. തെറ്റ് രോഗവും ശരി ഔഷധവുമാണ്.’ (പ്രഭാഷണം-11)
ദീൻ കൊണ്ട് ഭക്ഷിക്കരുത്
‘നീ നിന്റെ  ജോലി കൊണ്ട് ഭക്ഷിക്കൂ, ദീൻ കൊണ്ട് ഭക്ഷിക്കരുത്. നീ പ്രവർത്തി എടുക്കൂ, ഭക്ഷിക്കൂ. അതിൽ നിന്നും വല്ലതും മറ്റുള്ളവർക്കും കൊടുക്കൂ. സത്യവിശ്വാസികൾ തൊഴിൽ ചെയ്യുക എന്നത് ദിവ്യന്മാരകുന്ന സിദ്ധീഖുകളുടെ സ്വഭാവഗുണമാകുന്നു.‘ (പ്രഭാഷണം-3)
ദൈവജ്ഞാനമില്ലാത്ത പണ്ഡിതർ
‘അല്ലാഹുവിനെക്കുറിച്ച് അജ്ഞാതരായ ഈ പണ്ഡിതരെ കൊണ്ട് നീ വഴിപിഴക്കാതിരിക്കൂ....അവർ അല്ലാഹുവിന്റെ വിധിവിലക്കുകളെ സംബന്ധിച്ച് അജ്ഞന്മാരുമാണ്. ഒരു കാര്യം ചെയ്യാൻ അവർ ജനങ്ങളെ ആജ്ഞാപിക്കും. ആ കാര്യം അവർ ചെയ്യുന്നതല്ല. ഒരു കാര്യം ചെയ്യരുത് എന്ന് ജനങ്ങളെ അവർ ഉപദേശിക്കും ആ കാര്യം അവർ പ്രവർത്തിക്കുകയും ചെയ്യും’(പ്രഭാഷണം-11)
‘ഹേ പാണ്ഡിത്യം വാദിക്കുന്നവനേ! അല്ലാഹുവിനെ പേടിച്ചുള്ള നിന്റെ  കരച്ചിൽ എവിടെ? നിന്റെ ഭക്തി എവിടെ? നിന്റെ  ജാഗ്രതപാലിക്കലെവിടെ? അല്ലാഹുവിന്റെ വിഷയത്തിൽ ചെയ്യേണ്ട സമരമെവിടെ? അതോടുള്ള മാത്സര്യമെവിടെ? നിന്റെ  മനസ്സ് – നിന്റെ  കുപ്പായം, തലേകെട്ട്, ഭക്ഷണം, ദാമ്പത്യം, അങ്ങാടികളിൽ ചുറ്റിനടത്തം, ജനങ്ങളോട് കൂടിയിരിക്കൽ, അവരെകൊണ്ട് നേരമ്പോക്കൽ എന്നിവയിലാണ്. ഈ കാര്യങ്ങളിൽനിന്നും നിന്റെ  മനസ്സിനെ തിരിച്ചെടുക്കൂ.‘ (പ്രഭാഷണം-13)
‘അറിവില്ലാത്തവന് അവൻ പഠിക്കാത്തതിന്റെ  പേരിൽ ഒരേ ഒരു നാശം. പണ്ഡിതന് ഏഴുപ്രാവശ്യം നാശം. അവൻ അറിഞ്ഞു . അറിഞ്ഞതിനെ അവൻ അനുസരിച്ചില്ല.’ (പ്രഭാഷണം-13)
ദുഷിച്ച ഭരണാധികാരിളോടും അവരുടെ ശിങ്കടികളോടും
‘അധികാരം,സ്ഥാനമാനം,വികാരങ്ങൾ,ആഗ്രഹങ്ങൾ തുടങ്ങിയവയുടെ അടിമകളായി നിങ്ങൾ കാലം കഴിച്ച്കൂട്ടുന്നു. തീർച്ചയായും നിങ്ങളും നിങ്ങളുടെ ഭരണാധികാരികളും അല്ലാഹുവിന്റെയും അവന്റെ  ദൂതരുടേയും ഒറ്റുകാരാണ്.‘ (പ്രഭാഷണം-51)
‘ഈ ദുഷിച്ച സ്വേഛാധികാരികളായ ഭരണാധികാരികൾക്ക് വേണ്ടി സേവനം ചെയ്യാൻ നിങ്ങളുടെ അത്യാർത്തി നിങ്ങളെ പ്രേരിപ്പിക്കുന്നു. ശരീഅത്ത് നിരോധി¨തും നിയമ വിരുദ്ധവുമാക്കിയതിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തിനായി നിങ്ങൾ അവരോട് കെഞ്ചുന്നു. അധികാരികൾക്ക് വേണ്ടി നിങ്ങൾ കളിക്കുന്ന ഈ തരംതാണ കളി അല്പം കാലത്തിനുള്ളിൽ ഇല്ലാതാകും.ശേഷം നിങ്ങളെല്ലാവരും മരണമില്ലാത്തവനും, സർവ്വാധിപതിയുമായ അല്ലാഹുവിന്റെ  മുന്നിൽ ഹാജരാക്കപ്പെടുമെന്നും നിങ്ങൾ അറിയില്ലേ? ‘ (പ്രഭാഷണം-52).
ശൈഖ് അവർകൾ  സ്വന്തം പ്രവർത്തനത്തെക്കുറിച്ച്
‘എന്നോട് സ്നേഹബന്ധം പുലർത്തുവാനും എന്റെ  കൈയ്യാൽ ഖേദിച്ച് മടങ്ങാനും ഉദ്ദേശിച്ചവരാരോ, അവൻ എന്റെ നേരെ അവന്റെ  ധാരണ ശരിയാക്കണം. ഞാൻ ഉപദേശിക്കുന്നത് അനുസരിച്ച് പ്രവർത്തിക്കണം.’ (പ്രഭാഷണം-3)
‘ജനങ്ങളെ! നിങ്ങൾ എന്റെ അടുത്ത് വരുവിൻ, തീർച്ചയായും ഞാൻ നിങ്ങൾക്ക് ല്ലതുമാത്രം ഉപദേശിക്കാം’ (പ്രഭാഷണം-18)
                                                            =================
 മതത്തെ കപട ആചാരാനുഷ്ഠാനങ്ങളിൽ ഒതുക്കി മറ്റു ജീവിത മേഖലകളിൽ തന്നിഷ്ടങ്ങളെ പിൻപറ്റിയ ഉള്ള് പൊള്ളയായ ഒരു സമൂഹത്തോടാണ് ശൈഖ് ജീലാനി(റ) ഇക്കാര്യങ്ങളൊക്കെ പറഞ്ഞത്. അത്കൊണ്ട് തന്നെ ഈ കാലഘട്ടത്തിലും അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. മുൻ ധാരണ ഇല്ലാതെ തുറന്ന ഹ്രദയത്തോടെ അദ്ദേഹത്തിന്റെ  വാക്കുകൾ സ്വീകരിക്കുകയും അത് ജീവിതത്തിൽ പകർത്തുകയും ചെയ്യുന്ന ഉത്തമരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തുമാറാവട്ടെ!