2014, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

സുന്നി-ഷിയ വിഭജനം എന്ത് ?ഒരു ചരിത്ര വിശകലനം

                                                                                                       -Abid Ali Padanna
          ചരിത്രം എന്നത് പഠിച്ചു തള്ളാന്‍ ഉള്ളതല്ല .അതിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു ഇന്നത്തെ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്‌ വേണ്ടത് .ചരിത്രത്തില്‍ ഉണ്ടായ അബദ്ധങ്ങള്‍ പഠിച്ചു മനസ്സിലാക്കിയില്ലെങ്കില്‍ വര്‍ത്തമാനത്തിലും അതേ തെറ്റുകള്‍ നാം ആവര്‍ത്തിക്കും .അപ്പോള്‍ ഭാവിയിലും അതിന്‍റെ പ്രത്യാഘാതം സമൂഹം അനുഭവിക്കേണ്ടി വരും . പ്രവാചകന്‍ മുഹമ്മദ്‌ നബിക്ക് ശേഷമുള്ള അറബ് ഇസ്ലാമിക ചരിത്രത്തിലേക്കും ,സുന്നി -ഷിയ വിഭജനത്തിലേക്കും  ഒരു എത്തിനോട്ടം ..

മുഹമ്മദ്‌ നബിയുടെ  ചരിത്ര സൂചിക

1.ക്രിസ്താബ്ദം 570 :മക്കയില്‍ ജനനം ജനനത്തിനു മുമ്പേ പിതാവ് അബ്ദുള്ള മരണ മടഞ്ഞു .തന്റെ ആറാം വയസ്സില്‍ മാതാവ് ആമിനയും ഈ ലോകത്തോട്‌ വിടവാങ്ങി
2.ക്രിസ്താബ്ദം 595 :40 വയസ്സ് പ്രായമുള്ള ഖദീജയുമായി വിവാഹം
3.ക്രിസ്താബ്ദം 610 :ആദ്യ വെളിപാടോട് കൂടി പ്രവാചകനായി .
4.ക്രിസ്താബ്ദം 620 :ജറൂസലമിലെക്കുള്ള നിശായാത്ര
5.ക്രിസ്താബ്ദം 622 :മദീനയിലേക്കുള്ള പലായനം .രാഷ്ട്ര സംസ്ഥാപനം
6.ക്രിസ്താബ്ദം 624 :ബദര്‍ യുദ്ധം
7.ക്രിസ്താബ്ദം 625 :ഉഹദ് യുദ്ധം
8.ക്രിസ്താബ്ദം 627 :ഖന്ദഖ് യുദ്ധം
9.ക്രിസ്താബ്ദം 628 :ഹുദൈബിയ സന്ധി
10.ക്രിസ്താബ്ദം 630: മക്ക വിജയം :പ്രതികാര നടപടി ഇല്ലാതെ ശത്രുക്കളെ വിട്ടയച്ചു
11.ക്രിസ്താബ്ദം 630:അറേബ്യയുടെ ഭരണാധികാരി .
12.ക്രിസ്താബ്ദം 631: അറേബ്യ മുഴുവനും ഇസ്ലാമിലേക്ക്
13.ക്രിസ്താബ്ദം 632 : വിടവാങ്ങല്‍ പ്രസംഗം , വിയോഗം  

ഖിലാഫത്ത് ഭരണം

             പ്രവാചകന്‍ സ്ഥാപിച്ച മദീന ആസ്ഥാനമായ രാഷ്ട്രത്തിനു തുടര്‍ച്ചയായി നാല് സാരഥികള്‍ ഉണ്ടായി

1)അബൂബക്കര്‍ സിദ്ധീഖ് 
ഭരണ കാലം :8 June 632 – 22 August 634
2)ഉമര്‍ ബിന്‍ ഖത്താബ്
ഭരണ കാലം :23 August 634  – 03 November 644

3)ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ 
ഭരണ കാലം 11 November 644 – 20 June 656


4)അലി ബിന്‍ അബൂത്വാലിബ്
ഭരണ കാലം A.D 656–661
അലിയുടെ കാലത്ത് രാഷ്ട്രത്തിന്റെ ആസ്ഥാനം മദീനയില്‍ നിന്ന് ഇറാഖിലെ ഖൂഫയിലേക്ക് മാറ്റിയിരുന്നു .
അലിയെ അംഗീകരിക്കാത്ത മുആവിയയുടെ പ്രവിശ്യ വേറെ തന്നെ ഇവിടെ കാണുക .

          ഇവരെ ഖുലഫാ ഉ രാഷിദീന്‍ (സച്ചരിതരായ ഖലീഫമാര്‍ )എന്ന് അറിയപ്പെടുന്നു.ഇവര്‍ക്ക് ശേഷം ഖിലാഫത്ത് രാജവാഴ്ചയിലേക്ക് മാറി .
പിന്നീട് ഒരിക്കലും ലോകത്ത് അതുല്യമായ  ആ ഖിലാഫത്ത് തിരിച്ചുവന്നില്ല .
ഉമവീ ഭരണാധികാരി ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്‍റെ ശ്രമം അല്ലാതെ .

ഷിയാ രൂപ വല്‍ക്കരണത്തിന്‍റെ പാശ്ചാത്തല ഘട്ടങ്ങള്‍
          ഇതിനെ മൂന്നു ഘട്ടങ്ങളായി നമുക്ക് തിരിക്കാം,
A) പ്രവാചക വിയോഗം മുതല്‍ ഖര്‍ബല സംഭവം വരെയുള്ളത്
B) ഖര്‍ബല മുതല്‍ ഷിയാ സ്റ്റേറ്റ് വരെ യുള്ള ഷിയാ വല്‍ക്കരണ ഘട്ടം
C) ഷിയാ ഭരണകൂടങ്ങളും അതിനു  ശേഷവും 

1.  പ്രവാചകന്‍റെ വിയോഗം (എ.ഡി-632) :

                പ്രവാചകന്‍റെ  വിയോഗതിന്നു ശേഷം സഖീഫയില്‍ ഒരുമിച്ചു കൂടിയ പ്രമുഖ പ്രവാചക ശിഷ്യന്മാര്‍ കൂടിയാലോചിച്ച്  അബൂബക്കറിനെ ഖലീഫയായി തെരഞ്ഞെടുത്തു .ജനങ്ങളുടെ പ്രാധിനിത്യം ആ തെരഞ്ഞെടുപ്പിന് ഉണ്ടായിരുന്നു . അതിനു ശേഷമാണ് പ്രവാചകന്‍റെ ഖബറടക്കം പോലും നടക്കുന്നത് . അലിക്കാണ് അധികാരം ലഭിക്കേണ്ടത് എന്ന ആഗ്രഹമുള്ള   ഒരു ചെറിയ ന്യൂനപക്ഷം മദീനയിലും ചുറ്റുവട്ടത്തും   ഉണ്ടായിരുന്നു.അലി അങ്ങിനെ ആഗ്രഹിചിട്ടില്ലെങ്കിലും. അന്ന് ആരും അബൂബക്കറിന്‍റെ  സ്ഥാനത്തെ ചോദ്യം ചെയ്തിട്ടും ഇല്ല .

2 . ഉസ്മാന്‍റെ വധം (എ.ഡി -656)  :                

                 മൂന്നാം ഖലീഫ ഉസ്മാന്‍ തന്‍റെ  വിദൂര ഭരണ  പ്രദേശങ്ങളില്‍ സ്വന്തം കുടുംബക്കാരെ നിയമിച്ചു എന്നും ,അവരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു എന്നും, ഭരണകാര്യത്തില്‍  ഉസ്മാന്‍റെ  ചില അടുത്ത ബന്ധുക്കള്‍ അമിതമായി ഇടപെടുന്നു എന്നും  അതിനാല്‍ ഉസ്മാന്‍ ഖലീഫ സ്ഥാനം രാജി വെക്കണം എന്നും ആവശ്യപ്പെട്ടു രാജ്യത്തിന്‍റെ  പലഭാഗങ്ങളില്‍ നിന്നും രണ്ടായിരത്തില്‍ പരം ആളുകള്‍ മദീനയില്‍ തമ്പടിച്ചു .

                   അവരോട് ചര്‍ച്ച ചെയ്തു  അനുനയിപ്പിക്കാന്‍ ഉസ്മാന്‍ അലിയെ നിയമിച്ചു .അലി അവരോടു ചര്‍ച്ച ചെയ്യുകയും ആരോപണം അന്വേഷണ സമിതിക്ക് വിടാം എന്നും ഉള്ള ഉറപ്പില്‍ ആ ആളുകള്‍ പിരിഞ്ഞു പോയി .പിരിഞ്ഞു പോയ അവരെ ഉസ്മാന്‍റെ  കയ്പ്പടയിലെ ഒരു ലെറ്ററിന്‍റെ  പേരില്‍ തെറ്റി ദ്ധരിപ്പിക്കുകയും അവര്‍ തിരിച്ചു വന്നു ഉസ്മാന്‍റെ  വീട് വളയുകയും ചെയ്തു . ഈ സംഘത്തിനു എതിരെ ഒരു സൈനീക നടപടിക്കും ഉസ്മാന്‍ ആഹ്വാനം ചെയ്തില്ല . വാള്‍ മുന കാട്ടി തന്നോട് ഭരണം കയ്യൊഴിയാന്‍ പറഞ്ഞ ആ കൂട്ടരോട് ഉസ്മാന്‍ പുഞ്ചിരി തൂകി പറഞ്ഞു :
"വാള്‍കൊണ്ടല്ല ഞാന്‍ ഈ  അധികാരം നേടിയത് ,അതിനാല്‍ വാള്‍ കണ്ടാല്‍ ഇത് വിട്ടേച്ചു പ്പോകേണ്ട ആവശ്യം എനിക്കില്ല ".

                  കുറച്ചു ദിവസം വീട് ഘരോവോ ചെയ്ത അവര്‍ ഒരു നാള്‍ പ്രഭാത നമസ്ക്കാര ശേഷം ഖുറാന്‍ പാരായണം ചെയ്തുകൊണ്ടിരിക്കെ അദ്ദേഹത്തെ വീടിനകത്ത് ഇരച്ചു കയറി വധിച്ചു കളഞ്ഞു . ഇസ്ലാമിലേക്ക് വന്ന അബ്ദുള്ള ഇബ്നു സബ എന്ന യമനി ജൂതനാണ് ഈ ഉപജാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് .ശിയാക്കളുടെ പല വിശ്വാസങ്ങളുടെയും ബീജം ഉത്പാദിപ്പിച്ചത് അദ്ദേഹം ആണെന്ന് പറയപ്പെടുന്നു .
 
                ഉസ്മാന്‍റെ  വധവും തുടര്‍ന്ന് ഭരണം ഏറ്റെടുത്ത അലി, ഉസ്മാന്‍റെ  ഖാതകരെ പിടികൂടാന്‍ മന:പൂര്‍വ്വം വൈകിക്കുന്നു എന്ന ആരോപണം ശരിവെച്ചു അലിക്കെതിരെ ആയിഷയടക്കം പ്രമുഖരായ ചില സഹാബികള്‍(പ്രവാചക ശിഷ്യന്മാര്‍) യുദ്ധം നടത്തി.ആയിഷയുടെ കൂടെ ത്വല്‍ഹാ ,സുബൈര്‍ തുടങ്ങിയ പ്രമുഖരും ഉണ്ടായിരുന്നു .ചരിത്രത്തില്‍ ഇതിനെ ജമല്‍ യുദ്ധം എന്ന് പറയപ്പെടുന്നു .യുദ്ധം ജയിച്ച അലി , ആയിഷയെ മാന്യമായി വീട്ടിലേക്കു നയിച്ചു.

3 . സ്വഫീന്‍ യുദ്ധം (എ.ഡി-657) :
                   അലിയെ ധിക്കരിച്ചു ബൈഅത്ത്(അനുസരണ പ്രതിഞ്ഞ ) ചെയ്യാതെ നിന്ന   മുആവിയ ദമാസ്കസ്  ആസ്ഥാനമാക്കി ഒരു സമാന്തര ഭരണ കൂടം സ്ഥാപിച്ചു.സഫീനില്‍ വെച്ചു അലിയുടെയും മുആവിയയുടെയും സൈന്യം ഏറ്റുമുട്ടി.ഇതിനെ സ്വഫീന്‍ യുദ്ധം എന്ന് അറിയപ്പെടുന്നു വിജയം അലിയുടെ പക്ഷത് വരും എന്നായപ്പോള്‍ , മുആവിയയുടെ പക്ഷത്തുള്ള ചിലര്‍ ഖുര്‍ആന്‍ കുന്തത്തില്‍ കെട്ടി  ഉയര്‍ത്തി ,ഇനി ഖുര്‍ആന്‍ കൊണ്ട് വിധി കല്‍പിക്കണം എന്ന വ്യവസ്ഥയില്‍ യുദ്ധം നിര്‍ത്തി വെച്ചു.മധ്യസ്ഥരില്‍ ചിലര്‍   വിധി മാറ്റിപ്പറഞ്ഞു. യുദ്ധം ജയിക്കാതെ അലി തിരിച്ചു പോയി.അലിയുടെ ഈ നിലപാടില്‍ മനംനൊന്തു പിന്തിരിഞ്ഞു പോയവര്‍ ഖവാരിജുകള്‍(ഇറങ്ങിപ്പുറപ്പെട്ടുപ്പോയവര്‍) എന്നപേരില്‍ അറിയപ്പെട്ടു .അലിയുടെ അന്ത്യം വരെ മുആവിയ ശ്യാം പ്രവിശ്യയുടെ (സിറിയ )അധികാരിയായി തുടര്‍ന്നു.

4  . മുആവിയയുടെ ഭരണം (എ.ഡി 661-680) :

       അലി പക്ഷത്തില്‍ നിന്നും പിന്മാറിയ പോയ തീവ്ര ആശയക്കാരായ  ഖവാരിജുകളുടെ കൈകളാല്‍ അലി കൊല്ലപ്പെട്ടു .അലിയുടെ  മരണശേഷം കൂഫ വാസികള്‍ അദ്ദേഹത്തിന്‍റെ മകന്‍ ഹസ്സനെ ഖലീഫയായി തിരഞ്ഞെടുത്തു.ആറുമാസം അങ്ങിനെ തുടര്‍ന്നു.മദീന അടക്കം എല്ലാ പട്ടണങ്ങളിലും വന്നു മുആവിയ നിര്‍ബന്ധിപ്പിച്ചു പലരോടും അനുസരണ പ്രതിഞ്ഞ വാങ്ങി.ഹസ്സന്‍റെ കൂടെ വലിയ ഒരു സൈന്യം ഉണ്ടായിരുന്നു. ഏറ്റമുട്ടല്‍ സര്‍വ്വ നാശം വരുത്തും എന്ന് രണ്ടു കൂട്ടര്‍ക്കും അറിയാമായിരുന്നു .മുആവിയ ചില മധ്യസ്ഥരെ അയച്ചു സന്ധിക്ക് ഒരുങ്ങി .ഒരു പ്രശ്നത്തിനും  രക്തച്ചോരിച്ചലിനും  നില്‍ക്കാതെ ഹസ്സന്‍ ചില സന്ധി വ്യവസ്ഥകളോടെ അധികാരം വിട്ടൊഴിഞ്ഞു. അങ്ങിനെ അധികാരം മുആവിയ യുടെ കയ്യില്‍ ഭദ്രമായി .
          ചില വ്യവസ്ഥകള്‍ ഇങ്ങനെ ആയിരുന്നു .
ഒന്ന്, ജുമുഅ പ്രസംഗത്തിലെ അലിക്ക് എതിരെഉള്ള ശാപപ്രാര്‍ത്ഥന നിര്‍ത്തണം .
രണ്ടു, മുആവിയക്ക്‌ ശേഷം ഭരണം ആര്‍ക്കു എന്നത് കൂടിആലോചന സമിതിക്ക് വിടണം .
മൂന്നു ,പൊതു സ്വത്തു മുആവിയ വ്യക്തിപരമായി ഉപയോഗിക്കരുത് ......തുടങ്ങിയവ .

 ഇതൊന്നും പിന്നീട് പാലിക്കപ്പെട്ടില്ല .ഹുസൈന്‍ ഏ ഡി 670 ഇല്‍ വിഷം നല്‍കിയ കാരണത്താല്‍ കൊല്ലപ്പെട്ടു. കൊലപാതകത്തില്‍ മുആവിയക്ക്‌ പങ്കുണ്ട് എന്ന് ആരോപിക്കപ്പെടുന്നു .
5 .യസീദിന്‍റെ  നിയമനം (എ.ഡി -680) :   

                 തന്‍റെ 19 വര്‍ഷത്തെ ഭരണ തുടര്‍ച്ചക്കു  മുആവിയ തന്‍റെ മകന്‍ യസീദിനെ നിയമിച്ചു മരണ മടഞ്ഞു. യസീദ് ദുര്‍മാര്‍ഗ്ഗി ആയിരുന്നു.
മക്കളെ ഭരണം ഏല്‍പ്പിക്കുന്ന ഒരു രീതി പ്രവാചകനും മുന്‍കഴിഞ്ഞ നാലു ഖലീഫമാരും സ്വീകരിച്ചിരുന്നില്ല . ഈ ഒരു രീതി തികച്ചും ഇസ്ലാമിക സമൂഹത്തിനു നൂതനം ആയിരുന്നു .ക്രാന്ത ദര്‍ശികളായ പലര്‍ക്കും വരാനിരിക്കുന്ന അപകടം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നു .
അതോടെ ഖിലാഫത്ത് റാഷിദ പൂര്‍ണ്ണമായും രാജവാഴ്ച്ചയിലേക്ക് മറിഞ്ഞു വീണു . എന്ന് വെച്ചാല്‍ ഖിലാഫത്ത് റാഷിദ, ഉമവീ ഖിലാഫത്ത് എന്ന കുടുംബ ഭരണം ആയി മാറി

6 .കര്‍ബല സംഭവം (എ.ഡി - 680 ):
              ഭരണ നേത്രത്വം എല്പിക്കാം എന്ന വാഗ്ദാനത്തില്‍ ഇറാഖിലെ  കൂഫക്കാരുടെ നിരന്തരമായ  ക്ഷണക്കത്തുകള്‍ പ്രാചക പൌത്രനായ ഹുസൈന് മദീനയില്‍ ലഭിചു കൊണ്ടേയിരുന്നു .അവിടെ നേരിട്ട് പോകുന്നതിനു മുന്നേ തന്‍റെ പിതാവിന്‍റെ സഹോദരനായ അഖീലിന്റെ പുത്രന്‍ മുസ്ലിമിനെ കൂഫയിലേക്ക് അയക്കുകയുണ്ടായി . കൂഫയില്‍ നാല്‍പതിനായിരം പേരുടെ പിന്തുണ ഉണ്ട് എന്ന മുസ്ലിമിന്റെ കത്ത് ഹുസൈന് ലഭിച്ചു . കത്ത് കിട്ടിയ ഹുസൈന്‍ പല പ്രമുഖരുടെയും എതിര്‍പ്പ് അവഗണിച്ചു കൂഫയിലേക്ക് തിരിച്ചു. ഇതിനിടയില്‍ യസീദ് കൂഫ ഗവര്‍ണറായി ഇബ്നു സിയാദിനെ നിയമിച്ചു . ഒറ്റ രാത്രികൊണ്ട്‌ തന്നെ ഇബ്നു സിയാദ് കാര്യങ്ങള്‍ അട്ടിമറിച്ചു . മുസ്ലിം ബിന്‍  ആഖീലിനെയും അദ്ദേഹത്തിന് സംരക്ഷണം നല്‍കിയ ഒരു പ്രമുഖനെയും പടികൂടി. കൊട്ടാരത്തിന് മുന്നില്‍ അദ്ധേഹത്തെ കെട്ടിയിട്ടു . അവസാനം മുസ്ലിം ബിന്‍ അഖീലിനെ പിന്തുണക്കാന്‍  നാല്പതിനായിരത്തില്‍ ഒരാള്‍ പോലും അവശേഷിച്ചില്ല,എല്ലാരും ഭയന്ന് പിന്നോട്ടടിച്ചു . പിറ്റെന്നാള്‍ മുസ്ലിമിനെ ഇബ്നു സിയാദ് കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ടു വധ ശിക്ഷ നടപ്പാക്കി . ഇതൊന്നും അറിയാതെ കൂഫയിലേക്ക് പോയ  അലിയുടെ മകന്‍ ഹുസൈനും കുടുംബക്കാര്‍ക്കും എതിരെ കര്‍ബലയില്‍ ഉപരോധം സൃഷ്ടിക്കുകയും  കുടിവെള്ളം പോലും തടഞ്ഞുവെക്കുകയുംചെയ്തു .
കര്‍ബല രംഗം -ഭാവനയില്‍
         കൂഫ ഗവര്‍ണറായ ഇബ്നുസിയാദിന്‍റെ പട്ടാളം ഹുസൈന്‍റെ തല വെട്ടിയെടുത്തു കുന്തത്തില്‍ തൂക്കി നാട് നീളെ കറങ്ങി നടന്നു.ആകാശവും ഭൂമിയും കരഞ്ഞു പോയആ ക്രൂരത ചെയ്ത ഇബ്നു സിയാദിനെതിരെ ഒരു നടപടിയും ഭരണാധികാരി ആയ യസീദ് ബിന്‍ മുആവിയ  എടുത്തില്ല .രാജവാഴ്ചയിലേക്ക് പോകുന്ന ഖിലാഫത്തിനെ നേരെ നിലനിര്‍ത്താന്‍ വേണ്ടി ജീവന്‍ ത്യജിച്ച മഹല്‍ വ്യക്തിയാണ് ഹുസൈന്‍ എന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം . ഈ സംഭവം നടന്നത് മുഹറം പത്തിനാണ് .അതിനാലാണ് ആ ദിനം ആശൂറദിനമായി ശിയാക്കള്‍ വര്‍ഷാവര്‍ഷവും കൊണ്ടാടുന്നത് .

ആശൂറ ആഘോഷം

                  ഈ ഒരു മഹാ ദുഖ  സംഭവത്തോട് കൂടി അലിയില്‍ വിശ്വാസം അര്‍പ്പിച്ചവര്‍  തൌവ്വാബീന്‍(പാശ്ചാതാപര്‍)  എന്നും പിന്നീട്  അലിയുടെ കക്ഷി എന്ന അര്‍ത്ഥത്തില്‍ ശീഅത്തു*അലി എന്നും   അവസാനം ശീയ എന്നും അറിയപ്പെട്ടു. രാഷ്ട്രീയമായ ഒരു ഭിന്നത പിന്നീട് മതപരമായ ഭിന്നതയായി മാറി.
*ശീഅത്തു =കക്ഷി

7 .രണ്ടാം ഫിത്ന(civil war)യുടെ കാലം (എ.ഡി 680-692):

          വളരെ സംഭവ ബഹുലമായ  രാഷ്ട്രീയ സംഭവങ്ങളാണ് യസീദിന്റെ സ്ഥാനോരോഹണത്തിന് ശേഷം ഉണ്ടായിട്ടുള്ളത്. അതില്‍ പ്രധാനമായത്  മക്ക മദീന കൂഫ എന്നിവിടങ്ങളില്‍ വലിയ അതൃപ്തിയും പ്രതിഷേധവും  ഉണ്ടാക്കി എന്നതാണ് .  പ്രശസ്ത സ്വഹാബിമാരായ ഹുസൈന്‍ ബിന്അ‍ലി ,അബ്ദുല്ലാ ഇബ്നു സുബൈര്‍ , അബ്ദുല്ലാ ഇബ്നു ഉമര്‍,അബ്ദുരഹ്മാനുബിനു അബൂബക്കര്‍ തുടങ്ങിയവർ 

പ്രധാന സംഭവങ്ങള്‍  ഇവയാണ് 

A. ഹുസൈന്‍ ബിന്‍ അലിയുടെ ക്രൂരമായ കൊല .
B. ഹുസൈന്‍ ബിന്‍ അലിയുടെ അനുയായിയായ സുലൈമാന്‍ ബിന്‍ സുറാദി ന്റെ തൌവ്വാബീന്‍   പ്രസ്ഥാന ഉയര്തെഴുന്നെല്പ്പു 
C. യസീദിന്റെ മക്ക, മദീന കൂഫ ആക്രമണങ്ങള്‍  .
D.  683-ല്‍ ഉമവിയ്യ ഖലീഫ  യസീദിന്റെ ആകസ്മിക മരണം. തുടര്‍ന്നു   മുആവിയ ഇബ്നു യസീദ് , മര്‍വാന്‍ ബിന്‍ ഹകം,അബുല്‍ മാലിക് ഇബ്നു മര്‍വാന്‍ എന്നിവര്‍ ക്രമപ്രകാരം ഭരണത്തില്‍ 
E. 683-692 : മക്ക ആസ്ഥാനമാക്കി അബ്ദുല്ലാഹിബിനു സുബൈറിന്റെ ഭരണകൂടം.  ഉമവികളെ കവച്ചുവെക്കുന്ന രാഷ്ടം അദ്ധേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നു .
F.  685-ല്‍ ഹുസൈനിന്‍റെ അനുയായി ആയിരുന്ന മുഖ്താര്‍ ബിന്‍ തഖാഫി യുടെ  നേത്രത്വത്തില്‍  കൂഫ ആസ്ഥാനമാക്കി  ഇറാഖില്‍  മറ്റൊരു സമാന്തര ഭരണകൂടം സ്ഥാപിച്ചു . അലിയുടെ മറ്റൊരു  മകനായ മുഹമ്മദ്‌  ബിന്‍ അല്‍ഹനഫിയെ  മഹദിയും ഇമാമും ആയി മുഖ്താര്‍ ബിന്‍ തഖഫി പ്രഖ്യാപിച്ചു . 
G . ഹുസൈന്‍റെ കൊലപാതകത്തിന് പകരം വീട്ടുക എന്നത് മുക്താരിന്റെ ഉദ്ദേശ്യമായിരുന്നു . ഒരു യുദ്ധത്തില്‍ വെച്ച്  ഇബ്നു സിയാദിനെ വധിച്ചു കൊണ്ട് അദ്ദേഹം അത് പൂര്‍ത്തിയാക്കി.
H. ദാമാസ്കസിലെ  ഉമവികള്‍ ,മക്കയിലെ  ഇബ്നു സുബൈര്‍ ,ഇറാഖിലെ  മുക്താര്‍ തുടങ്ങിയവര്‍  തമ്മില്‍  പരസ്പരം പലവട്ടം  യുദ്ധങ്ങള്‍ ഉണ്ടായി. 
I .ഇതേ സമയം അറേബ്യന്‍  ഉപദ്വീപിന്റെ ചില മേഖലകള്‍ ഖവാരിജുകളുടെ കയ്യിലും ഉണ്ടായിരുന്നു.അത് ഒരു  ഒരു ഭരണകൂടം എന്ന നിലയില്‍ ആയിരുന്നില്ല.  
J. ഇബ്നു സുബൈറിന്റെ പതനത്തോടെ മുഴുവന്‍  മേഖലകളും  അബ്ദുല്‍ മാലിക് ഇബ്ന്‍ മര്‍വാന്‍റെ അധീനതയില്‍ വീഴുകയും ഉമവി ഭരണം ശക്മായി തിരിച്ചു വരികയും ചെയ്തു .    



              ശിയാക്കള്‍ അല്ലാത്തവരെ പൊതുവേ പറയുന്ന പേരാണ് സുന്നി എന്നത് .അഹല് സുന്നത് വല്‍ ജമാഅത്(പ്രവാചക ചര്യയും ,ഭരണ നേത്രത്വവും പിന്‍പറ്റുന്നവര്‍) എന്നതിന്‍റെ ചുരുക്കമാണ് സുന്നി .

       ആദ്യകാലത്ത് വ്യത്യാസങ്ങള്‍ അത്ര പ്രകടമായി സമൂഹത്തില്‍ ഉണ്ടായിരുന്നില്ല . വര്‍ഷങ്ങള്‍ക്കു ശേഷം പൊതു ധാരയില്‍ ലയിച്ചു പോകുന്നതില്‍ നിന്നും ശിയാക്കളെ തടയാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടന്നിരുന്നു . ഈ കാലത്തെ ഷിയാ വല്‍ക്കരണ കാലം എന്ന് പറയാം .അതിനു ശേഷമാണ് ശിയാക്കളില്‍ വിശ്വാസം ,ആചാരം തുടങ്ങിയ വേരുറച്ചു പോവുകയും ഒരുപ്രത്യേകവിഭാഗം (sect)ആയിമാറുകയും ചെയ്തത്.

ഷിയാ വല്‍ക്കരണ കാലം :
      1. ഖലീഫമാരോടുള്ള വെറുപ്പ്:‌  അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ തുടങ്ങിയവര്‍ ഭരണം തട്ടിയെടുത്തവര്‍ ആണെന്നും അതിനാല്‍ അവരെ വെറുക്കല്‍ മതപരമായി തന്നെ ബാധ്യത ഉണ്ടെന്നും തെറ്റിധരിപ്പിക്കപ്പെട്ടു .
       2.മഹത്വ വല്‍ക്കരണം : അലിയെ കുറിച്ച കെട്ടുകഥകള്‍(ഇതിഹാസ കഥകള്‍ ) വ്യാപകമായി പ്രചരിപ്പിച്ചു .
     3. ആയിഷയെ കുറിചു വ്യാജപ്രചരണം: നബി പത്നി ആയിഷയെ കുറിച്ച് അപവാദവും വെറുപ്പും ആശയമാക്കി കുത്തിനിറച്ചു .എത്രത്തോളം എന്നാല്‍ തന്‍റെ പിതാവ് അബൂബക്കറിനു ഭരണം ലഭിക്കാന്‍ ആയിശയാണ് നബിക്ക് വിഷം കൊടുത്തത് എന്ന് വരെ ശിയാക്കളെ വിശ്വസിപ്പിച്ചു കളഞ്ഞു .
      4.കര്‍ബലക്കും അവിടെയുള്ള കല്ലുകള്‍ക്കും  പുണ്യം കല്പിച്ചു .
      5.മഖ്ബറ സംസ്ക്കാരവും വ്യക്തി പൂജയും വ്യപിപിച്ചു .
      6.പാപ സുരക്ഷിതത്വം : അലിയും കുടുമ്പ പരമ്പരയും  പാപ സുരക്ഷിതരാണ് എന്ന കള്ളത്തരം 
      7.തകിയ്യ : -
            സുന്നികളുടെ ഇടയില്‍ ഷിയാ എന്നാ അസ്ഥിത്വം മറച്ചു പിടിക്കാനുള്ള മതപരമായ അനുവാദം .
      8.മഹ്ദി വാദം :മഹദിയെ കുറിച്ചുള്ള ഇല്ലാ കഥകള്‍ പരത്തി
      9.ഉമവികളുടെ ശാപ പ്രാര്‍ത്ഥന :-
                ഉസ്മാന്‍റെ കൊലപാതകത്തോടെ ഉമവികള്‍ (ഉസ്മാന്‍റെ കുടുംബം ) അലിയുടെ കുടുംബത്തോട്(ഹാഷിമികള്‍) ശത്രുത ഉള്ളവരായി മാറി .അതിനു കാരണം ഉസ്മാന്‍റെ വധത്തിനു പിന്നില്‍ അലിക്ക് പങ്കുണ്ട് എന്ന തെറ്റിധാരണയാണ് .അതിനാല്‍ മുആവിയയുടെ കാലം മുതല്‍ അലിയുടെ മേല്‍ ശാപം ചൊരിയല്‍ എല്ലാ ഖുതുബകളിലും നടപ്പിലാക്കി തുടങ്ങി .ഇത് ഷിയാ വല്‍ക്കരണത്തിന് പ്രത്യക്ഷമായ ഒരു കാരണം ആണ് .അത് അറുപത്തഞ്ചു വര്‍ഷം തുടര്‍ന്ന് വന്നു . ഈ അനാചാരം നിര്‍ത്തലാക്കിയത് ഉമവീ ഭരണാധികാരിയും രണ്ടാം ഉമര്‍ എന്നും അറിയപ്പെട്ട ഉമര്‍ ബിന്‍ അബ്ദുല്‍ അസീസാണ് .ഈ 65 വര്‍ഷമാണ്‌ ഷിയാ വല്‍ക്കരണത്തിന്‍റെ പ്രധാന കാലഘട്ടം .

                  പ്രസിദ്ധ സുന്നി പണ്ഡിതന്മാരായ അബൂഹനീഫ ,മാലിക് ബിന്‍ അനസ്  തുടങ്ങിയവര്‍ സമകാലികനും ഷിയാ ഇമാമുമായി പില്‍ക്കാലത്ത് എണ്ണപ്പെട്ട  ജാഫര്‍ സാദിഖിന്‍റെ സമശീര്‍ഷരും പരസ്പരം വിജ്ഞാനം കരസ്ഥമാക്കിയവരും  ആണ് എന്നത് ഈ വിഭജനം പില്‍ക്കാലത്ത് ഉണ്ടാക്കി എടുത്തതാണ് എന്നതിന്‍റെ കൃത്യമായ ഉദാഹരണമാണ് .ജാഫര്‍ സാദിഖിനും ,ഇമാം അബൂഹനീഫക്കും അബ്ബാസി ഖലീഫ മന്‍സൂറില്‍ നിന്ന് പീഡനങ്ങള്‍ ഏറ്റു വങ്ങേണ്ടി വന്നിട്ടുണ്ട് എന്നത് ഇതിന്‍റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്. 

പ്രധാന വ്യത്യാസം
1 .ഇമാമത്ത് എന്ന രാഷ്ട്രീയ നേതൃത്വം :

                 പ്രവാചകൻ മുഹമ്മദ്‌ നബിക്ക് ശേഷം അധികാരം ലഭിക്കേണ്ടത് പ്രവാചക കുടുംബത്തിനു മാത്രം ആണെന്നും  അത് അലിക്ക് തന്നെ ആവണമെന്നും ഉള്ള വിശ്വാസം . അലിയും അലിക്ക് ശേഷം മകൻ ഹസൻ ,ഹുസൈന്‍  തുടങ്ങിയവരും അവരുടെ പരമ്പരയേയും ശിയാക്കൾ ഇമാമുമാരായി കണക്കാക്കുന്നു .

ഇവരാണ് ആ പരമ്പരയായി കണക്കാകുന്ന ആ പന്ത്രണ്ട് ഇമാമുമാര്‍

1.അലി ബിന്‍ അബൂത്വാലിബ്
2.ഹസന്‍ ബിന്‍ അലി
3.ഹുസൈന്‍ ബിന്‍ അലി
4.അലി ബിന്‍ ഹുസൈന്‍
5.മുഹമ്മദ്‌ ബാഖിര്‍ (മുഹമ്മദ്‌ ബിന്‍ അലി )
6.ജാഫര്‍ ബിന്‍ മുഹമ്മദ്‌ (ജാഫര്‍ സാദിഖ് )
7.മൂസാ ബിന്‍ ജാഫര്‍
8.അലി ബിന്‍ മൂസ (അലി അല്‍ രിള  )
9.മുഹമ്മദ്‌ ബിന്‍ അലി (മുഹമ്മദ്‌ അല്‍ തഖി)
10.അലി ബിന്‍ മുഹമ്മദ്‌ (അലി  നഖി )
11.ഹസന്‍ ബിന്‍ അലി (ഹസന്‍ അല്‍ അസ്കരി )
12.മുഹമ്മദ്‌ ബിന്‍ ഹസന്‍ (അല്‍ മഹദി )

               സുന്നികൾ വിശ്വസിക്കുന്നത് ഖിലാഫത്തിലാണ് . ഖിലാഫത്ത് ഭരണക്രമം പാരമ്പര്യമായി കിട്ടുന്നതല്ല .ജനങ്ങള്‍ തെരെഞ്ഞുടുക്കുന്ന വ്യക്തി ഖലീഫയാകും ,അത് പ്രവാചക കുടുമ്പത്തിൽ നിന്നുള്ളവർ ആവണം എന്ന് നിര്‍ബന്ധം ഇല്ല . ഭരണകര്‍ത്താവിനു ഖലീഫ എന്ന പേര് വേണമെന്ന് നിര്‍ബന്ധം ഇല്ല .അമീര്‍ എന്നോ ഇമാം എന്നോ എന്തും വിളിക്കാം .

             മുആവിയക്ക്‌ ശേഷം ഖിലാഫത്ത് രാജവാഴ്ചയിലേക്ക് കൂപ്പു കുത്തി വീണു .അധികാരം ഉള്ളവര്‍ സുന്നി പക്ഷം ആയിരുന്നു .എന്നാല്‍ ചില ഷിയാ ഭരണകൂടങ്ങള്‍ പില്‍ക്കാലത്ത്  നിലവില്‍ വന്നിരുന്നു .

ഉദാ :- a)ഈജിപ്തിലെ ഫാതിമീ ഭരണകൂടം(AD 909–1171)
             b)സഫവിദ് ഭരണകൂടം (AD 1501 മുതല്‍ AD 1722)(ഇപ്പോഴത്തെ ഇറാന്‍)


സഫവിദ്-ഫാത്തിമി ഭരണകൂടങ്ങള്‍

                   ഈ ഇമാമുമാരുടെ കാര്യത്തില്‍ തന്നെ വ്യത്യസ്ത അഭിപ്രായം ഉള്ളതിനാൽ ശിയാക്കൾ താഴെപറയുന്ന വിഭാഗങ്ങളായി പിരിഞ്ഞു പോയി .
പ്രധാന വിഭാഗങ്ങള്‍ ഇവയാണ് .

a ) ഇസ്നാ അശ്രിയ (Twelver )
-
                 പന്ത്രണ്ട് ഇമാമുമാരിൽ വിശ്വസിക്കുന്നവർ .പന്ത്രണ്ടാമത്തെ ഇമാം മുഹമ്മദ്‌ അൽ മഹ്ദി തന്‍റെ ആറാം വയസ്സില്‍ അപ്രത്യക്ഷയമായി എന്നും ലോകാവസാന നാളിൽ അദ്ദേഹം പ്രത്യക്ഷ്യപ്പെടും എന്നും വിശ്വസിക്കുന്നു .

b )സൈദികൾ :

               സുന്നി വിഭാഗങ്ങളോട് ഏറെക്കുറെ സാമ്യത പുലർത്തുന്നവർ സൈദികളാണ് .ഹനഫീധാരയുമായി ഇവര്‍ക്ക് അടുത്ത ബന്ധം ഉണ്ട്.യമനിലാണ് ഇവര്‍കൂടുതൽ ഉള്ളത് .ആദ്യത്തെ നാല് ഇമാമുമാരുടെ കാര്യത്തില്‍ തരര്‍ക്കമില്ല .ഹുസൈനിന്‍റെ പൌത്രന്‍ സൈദ്‌ ബിന്‍ അലിയെ അഞ്ചാമത്തേയും  അവസാനത്തേയും  ഇമാമായി ഇവര്‍ വിശ്വസിക്കുന്നു .

c) ഇസ്മായിലിയ്യ :
      ആറാം ഇമാമായ ജാഫര്‍ സാദിഖിനു ശേഷം അദ്ധേഹത്തിന്‍റെ മകന്‍  ഇസ്മായിൽ ബിന്‍ ജാഫറിനെ ഏഴാമത്തേതും അവസാനത്തേതും ആയ  ഇമാമായി വിശ്വസിക്കുന്നു . ആന്തരിക അർത്ഥങ്ങൾക്ക്‌ പ്രാമുഖ്യം കൊടുക്കുന്ന ചില ധാരകൾ ഇവരിൽ നിന്ന് ഉത്ഭവിച്ചു ,അവരെ ബതനിയാക്കൾ എന്ന് വിളിക്കുന്നു  .സൂഫീധാരകളുടെ തുടക്കം ഇവിടെ നിന്നാണ് എന്ന് കാണാം .
മതപാഠങ്ങള്‍ വ്യാഖ്യാനിക്കാൻ പ്രവാചകന്മാര്‍ക്കും ഇമാമുമാര്‍ക്കും മാത്രമേ പാടുള്ളൂഎന്നാണു ഇവരുടെ കാഴചപ്പാട്.ഇവര്‍ തന്നെ  ഇമാമികൾ (നസ്രികൾ) ,ബോറ,ദാവൂദി ബോറ തുടങ്ങിയ അനേകം  ഉപവിഭാഗങ്ങള്‍ ആയി പിരിഞ്ഞു പോയി .

ഷിയാ ഭൂരിപക്ഷ പ്രദേശങ്ങള്‍

2 .ശഹാദത്  എന്ന സത്യസാക്ഷ്യം
               ദൈവത്തെയും, പ്രവാചകന്‍ മുഹമ്മദ്‌ നബിയെയും  സാക്ഷ്യ പ്പെടുത്തുന്ന സത്യവചനത്തിന്‍റെ  അവസാനം അലി വലിയ്യുള്ളഹി(ദൈവത്തിന്‍റെ മിത്രം)  എന്നും  ഓരോ ഷിയയും സാക്ഷ്യം വഹിക്കണം .എന്നാൽ സുന്നി ഇസ്ലാമിൽ ദൈവം പ്രവാചകന്‍ എന്നിവരെ മാത്രം  സാക്ഷ്യപ്പെടുത്തിയാൽ മതി.

3 .ഇസ്മത് അഥവാ  പാപ സുരക്ഷിതത്വം :

                  പ്രവാചകന്മാര്‍ക്ക് പുറമേ ഇമാമുമാർ പാപ സുരക്ഷിതർ ആണെന്ന് ശിയാക്കൾ വിശ്വസിക്കുന്നു ,എന്നാൽ സുന്നീ പക്ഷം പ്രവാചകന്മാര്‍ക്ക് മാത്രമാണ് പാപ സുരക്ഷിതത്വം  ഉള്ളൂ എന്നും വിശ്വസിക്കുന്നു .പ്രവാചകന്മാര്‍ ഒഴിച്ചു ബാക്കിയുള്ള ഒരു മനുഷ്യനും പാപ സുരക്ഷിതര്‍ അല്ല .

4 .രക്ഷകനായുള്ള പ്രതീക്ഷ (മഹ്ദി ):
                       ലോകാവസാന നാളിൽ മഹദി രക്ഷകനായി വരും എന്നും , ചിലര്‍, അന്ന് അപ്രത്യക്ഷനായ മഹദി  തിരിച്ചു വരും എന്നും, വേറെ ചിലര്‍, പുതിയ ഒരു മഹദി  വരും എന്നും വിശ്വസിക്കുന്നു .എന്നാല്‍ സുന്നീ ഇസ്ലാമിൽ മഹദി വരും എന്നുള്ളത് ഒരു വിശ്വാസ കാര്യമല്ല .പ്രവാചകന്‍റെ ഒരു പ്രവചനം മാത്രമായി കണക്കാക്കുന്നു .

വിശ്വാസ കാര്യങ്ങള്‍  :
  സുന്നി :-
1.തൗഹീദ് (ഏകദൈവത്വം)
2മലക്കുകള്‍
3പ്രവാചകന്മാര്‍
4വേദ ഗ്രന്ഥങ്ങള്‍
5പരലോകം
6.നന്മ തിന്മ ദൈവത്തില്‍ നിന്ന്

ഷിയാ*:-
1.തൗഹീദ് (ഏകദൈവത്വം) :മലക്കുകൾ ,വേദങ്ങൾ എന്നിവ ദൈവ വിശ്വാസത്തിന്‍റെ കൂട്ടത്തില്‍ എണ്ണുന്നു .
2.അദാല -നീതി
3.റിസാല -പ്രവാചകത്വം
4.ഇമാമത്ത്  : ഇമാമുമാരുടെ നേത്രത്വം ദൈവത്താൽ നിയോഗിതമായതാണ്  എന്ന് വിശ്വസിക്കണം
5.അന്ത്യനാളും  പരലോകവും

കര്‍മ്മ കാര്യങ്ങൾ

സുന്നി:-
1.ശഹാദത്(സത്യ സാക്ഷ്യം )
2.നമസ്ക്കാരം
3.നോമ്പ്
4.സക്കാത്
5.ഹജ്ജ്

ഷിയാ**:-
1.നമസ്ക്കാരം
2.നോമ്പ്
3.ഹജ്ജ്
4.ദാനം
5.ജിഹാദ്
6.ഖുംസ് :സമ്പത്തിന്‍റെ  ഇരുപതു ശതമാനം ഇമാമിന്നു കൊടുക്കേണ്ടതാണ്.
7.അമ്രും ബില്‍ മഅറൂഫ് (നന്മ കല്പിക്കുക)
8.നഹിയുന്‍ അനില്‍ മുന്‍കര്‍( തിന്മ വിരോധിക്കുക)
9.തവല്ലുഅ :പ്രവാചക കുടുമ്പത്തെ സ്നേഹിക്കുന്നവരെ സ്നേഹിക്കുക
10.തബറുഅ :പ്രവാചക കുടുമ്പത്തോട് ശത്രുത പുലര്‍ത്തുന്നവരോട് ബന്ധം വിഛെദിക്കുക.
(*,**ഇതനാ അശ്രികളുടെ വിശ്വാസം ആണ് ഇവിടെ കൊടുത്തത് )

ചരിത്ര വിശകലനം
                            പ്രവാചക കുടുംബതോടുള്ള അമിതമായ അനുകമ്പയാണ് ശീയിസത്തിന്‍റെ  അടിത്തറ.അതിന്‍റെ ഉത്ഭവകാലത്ത് അതിനനുസരിച്ചുള്ള രാഷ്ട്രീയ മാറ്റങ്ങളും യദ്രിശ്ചികമായി ഉണ്ടാവുകയും ചെയ്തു .അലിയോ അവരുടെ കുടുബമോ ഇങ്ങനെ ഒരു ധാര ഉണ്ടാക്കിയിട്ടില്ല .പിന്നീട് അലിയെ വിഗ്രഹവൽക്കരിക്കുകയാണ് ചെയ്തത് .

                        പ്രവാചകന് ശേഷം ഗോത്ര ചിന്തകള്‍ ഉടലെടുത്തു എന്നും അധികാരം കിട്ടിയ ഉമവികള്‍ അത് ഹാശിമികളോട് കാണിച്ചു  എന്നും സൂക്ഷമമായ ചരിത്ര പഠനം നമ്മെ അറിയിക്കുന്നു .പ്രവാചക കുടുംബ അംഗമായ അബ്ബാസിന്‍റെ പേരിലുള്ള അബ്ബാസിയ ഭരണകൂടം ഉമവികള്‍ക്ക് ശേഷം വരികയുണ്ടായി .ഉമവികളെ കവച്ചു വെക്കുന്ന ക്രൂരതകള്‍ അവരും ചെയ്തിരുന്നു എന്ന് ചരിത്രം പറയുന്നു .എന്നാല്‍ ഈ എല്ലാ ഭരണകൂടങ്ങളുടെയും   നന്മകളെ നാം വിലകുറച്ച് കാണുന്നുമില്ല .

                  ഷിയാ ലോകത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കടന്നു കൂടിയത് പോലെ സുന്നി  ലോകത്തും അത്  കടന്നു കൂടിയിട്ടുണ്ട് .ഇവ രണ്ടിനെയും യോജിപ്പിക്കുന്ന ഘടകം സൂഫീ ധാരകള്‍ ആണ്.സൂഫീ ധാരകള്‍ ഒട്ടു മിക്കതും ഉത്ഭവിച്ചത്‌ ശിയീ പശ്ചാത്തലത്തില്‍ ആണ് .അതിനാലാണ് പ്രമുഖ സൂഫീ പരമ്പരകള്‍ അലിയിലേക്ക് വന്നു ചേരുന്നത്.ഒരേ പോലുള്ള  അനാചാരങ്ങളും സുന്നികളിലും ശിയാക്കളിലും നിങ്ങള്‍ക്ക് കാണാനും  കഴിയും . ഇവിടെ ക്ലിക്കിയാല്‍ ചില സാമ്യതകള്‍ വായിക്കാം......കേരള മുസ്ലിംകളിലെ ഷിയാ സ്വാധീനം

                        നവോത്ഥാനം ,പരിഷ്ക്കരണ സംരംഭങ്ങള്‍ തുടങ്ങിയവ ആധുനിക സുന്നീ ലോകത്ത് നടന്നത് പോലെ ഇവ ഷിയാ ലോകത്തും നടന്നിരുന്നു .ചരിത്രത്തിലെ തെറ്റ് രണ്ടു കൂട്ടരും ഏറ്റു പറഞ്ഞാല്‍ സുന്നി ഷിയാ ഐക്യം ഇന്നും സാധ്യമാണ് . ഉമവികളുടെ തെറ്റ് സുന്നീ തെറ്റുകളായി സുന്നികള്‍ സമ്മതിക്കുകയും ,അലിയെ കുറിച്ചുള്ള തെറ്റിധാരണകളും കള്ളക്കഥകളും ഷിയാ ആചാരങ്ങളും പിന്നീട് കൂട്ടിക്കലര്‍ത്തിയ തെറ്റുകളാണ് എന്ന് ശിയാക്കളും അന്ഗീകരിചാല്‍ തീരാവുന്ന പ്രശനമെ ഇതില്‍ ഉള്ളൂ ...

                      സുന്നി ലോകം ശിയാക്കളെ ഇസ്ലാമില്‍ നിന്ന് പുറത്തായ കക്ഷി എന്ന രീതിയില്‍ കാണുന്നില്ല . പരിശുദ്ധ ഹജ്ജിനു പോലും അവര്‍ക്ക് വിലക്കില്ല എന്നതും നാം കാണേണ്ട പ്രസക്തമായ വശമാണ് .

നിലവിലെ സുന്നീ ഷിയാ രാഷ്ട്രീയ വടം വലി

                      ഇപ്പോള്‍ നമ്മുടെ കാലത്ത് നടക്കുന്ന മുഴുവന്‍ രാഷ്ട്രീയ വടം വലികള്‍ക്കും സുന്നി-ഷിയ വിഭാഗീയതയെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.സൌദിയുടെ സലഫീ ധാരയിലെ സുന്നീ പക്ഷപാതിത്വവും .ഇറാനിന്‍റെ ശിയീ പക്ഷപാതിത്വവും അവരവരുടെ രാഷ്ട്രീയ നിലനില്‍പ്പിനു ഉപയോഗിക്കുന്നു എന്ന് ചുരുക്കം . അത് പോലെ ഖിലാഫത്ത് എന്ന് കേള്‍ക്കുമ്പോള്‍ ചാടി വീണ് കെട്ടിപ്പിടിക്കേണ്ടതില്ല എന്നും അതിലും നെല്ലും പതിരും ഉണ്ട് എന്നും ഉമറിന്‍റെയും യസീദിന്‍റെയും ഭരണത്തെ ഖിലാഫത്ത് എന്ന് തന്നെയാണ് വിളിച്ചിരുന്നത്‌ എങ്കിലും രണ്ടും തമ്മില്‍ കടലും കടലാടിയും തമ്മിലെ അന്തരം ഉണ്ടായിരുന്നു എന്നും നാം തിരിച്ചറിയുക .

          
ഇറാഖിലെ ഷിയാ മിലിഷ്യയും -സുന്നി ഐസിസ് രിബലും 
                ഇപ്പോള്‍ ഇറാഖ് - സിറിയ മേഖലയിലെ സംഘര്‍ഷത്തിന്‍റെ മൂല കാരണം തിരഞ്ഞാല്‍ കടുത്ത ഷിയീ -സുന്നീ പക്ഷപാതിത്വം ,വംശീയതയുടെ രൂപം പ്രാപിച്ചതാണെന്ന്   കണ്ടെത്താന്‍ കഴിയും.

ഇത് ഇവിടെ പൂര്‍ണ്ണമാവുന്നില്ല ....
ചിത്രങ്ങള്‍ :ഗൂഗിള്‍
റെഫെറന്‍സ് : ഖിലാഫതും രാജവാഴ്ചയും - സയ്യിദ് അബുല്‍ അഅ`ലാ മൌദൂദി (പ്രസിദ്ധീകരണം :ഐ പി എച് ,കോഴിക്കോട് )

2014, മേയ് 11, ഞായറാഴ്‌ച

ദൃശ്യം എന്ന സിനിമ: അറിവിൻറെ ഉറവിടം മാറുന്നുവോ ??

                                                                                                                  - Abid ali Padanna
ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ചു മോഹന്ലാലും മീനയും അഭിനയിച്ച ദൃശ്യം എന്ന സിനിമ വ്യത്യസ്തമായ ഒരു കുടുംബ ത്രില്ലറിന്റെ കഥ പറയുന്നു.

മുമ്പ് നമുക്ക്  ദ്രിശ്യങ്ങൾ സൂക്ഷിക്കാൻ സാധിച്ചിരുന്നില്ല .പിന്നെ ഫോട്ടോകളുടെ കാലം വന്നു .അത് കഴിഞ്ഞു സിനിമകളിലൂടെ ദ്രിശ്യ ആവിഷ്ക്കാരങ്ങൾ ഉണ്ടായി തുടങ്ങി.പിന്നെ ദ്രിശ്യ മാധ്യമങ്ങൾ പുതിയ ഒരു ലോകം നമുക്ക് തുറന്നു തന്നു  . മൊബൈലിന്റെ വരവോടെ ഏതു സാധാരണക്കാരന്റെ കയ്യിലും ചലന ദ്രിശ്യങ്ങള്‍ കൂടി സൂക്ഷിക്കാവുന്ന രീതിയായി ,അത് വന്നതോട് കൂടി അതുമായി ബന്ധപ്പെട്ട മനുഷ്യന്റെ പ്രശ്നങ്ങളും കൂടി വന്നു .

മനുഷ്യൻ പുതിയത് നിര്മ്മിചെടുക്കാൻ കഴിവുള്ളവനാണ്‌ . പുതിയ സാങ്കേതിക കണ്ടുപിടുത്തങ്ങൾ മനുഷ്യ ജീവിതത്തിൽ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് .അതു ചിലപ്പോള്‍ ധാർമീകവും സാമൂഹികവും ,നിയമപരം ,സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. അവസാനം അതും തരണം ചെയ്യേണ്ട പുതിയ ബാധ്യത കൂടി മനുഷ്യന്റെ തലയില വന്നു ചേരുന്നു .




ഈ ഒരു പശ്ചാത്തലത്തിൽ സിനിമ പ്രേക്ഷകനോട് പറയുന്നത് എന്തൊക്കെഎന്ന്പരിശോധിക്കാം ......
1 . ദൃശ്യം എന്ന അറിവ്  :
വായന മരിക്കുന്നു ,ദ്രിശ്യങ്ങൾ അറിവിന്റെ അടിസ്ഥാനമാകുന്നു എന്ന് സിനിമ പറയുന്നു.
അഥവാ വായനയിൽ നിന്ന് കാഴ്ചയിലേക്ക് മാറുന്ന അറിവുകൾ . നിലവിലെ പത്രവായന അസത്യം കൂടി ചേർന്നതാണെന്നും ,ദ്രിശ്യ മാധ്യമങ്ങൾ ആണ് യഥാർത അറിവിന്റെ അടിസ്ഥാനം എന്നും കാണാം . എന്ന് വെച്ചാൽ നാം കേൾക്കുന്നതും വായിക്കുന്നതും കളവുകൾ ആവാം ,എന്നാൽ കണ്ണ് കൊണ്ട് കാണുന്നത് നമുക്ക് നിഷേധിക്കാൻ കഴിയില്ലഎന്നർഥം .
സിനിമ എന്ന ദ്രിശ്യങ്ങളുടെ കൂട്ടമാണ്‌ ജോര്ജ്ജുട്ടിക്ക് (മോഹൻ ലാലിന് ) ബുദ്ധിയും സാമർത്യവും നല്കുന്നത് .തന്റെ ആ അറിവാണ് നിയമത്തെ പോലും പരാജയപ്പെടുത്താൻ  അദ്ദേഹത്തെ പ്രാപ്തനാക്കുന്നത്.
എന്നാൽ അതേ പോലെയുള്ള  ഒരു ദ്രിശ്യത്തിന്റെ പേരിലാണ് മകൾ  ട്രാപ്പിൽ പെട്ട് പോകുന്നതും 

നാലാം  ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള  ജോർജ്ജുട്ടി (മോഹൻലാൽ ) തന്റെ കാഴ്ചയിൽ താൻ നേടിയ അറിവുകളെ അനുഭവം ആക്കിയ വ്യക്തിയാണ് . വിജ്ഞാനം എന്നത് അനുഭവം ആണെന്ന് സിനിമ പറയുന്നു . അതേ സമയം പണം കൊടുത്തു മക്കളെ പഠിപ്പിക്കുന്ന ഇന്നത്തെ വിദ്യാഭ്യാസം തിരിച്ചറിവ് നല്കുന്നില്ല എന്ന പാഠവും സിനിമ നല്കുന്നു .മൊബൈൽ ഫോട്ടോകളെ കുറിച്ച് ജോര്ജ്ജുകുട്ടി യുടെ മകളുടെ(അന്സിബ) അഭിപ്രായവും  ,അവളുടെ തന്നെ വീഡിയോ പിടിക്കുന്ന വിദ്യാർഥി(സിദ്ധീകിന്റെ മകൻ )യുടെ ധാർമീക നിലവാരവും വിദ്യാഭ്യാസത്തിന്റെ പരിമിതി തന്നെ . (നിലവാരമുള്ള ഇംഗ്ലീഷ്  മീഡിയം സ്കൂളിനെ കുറിച്ചുള്ള ചര്ച്ചകളും ചേർത്തു വായിക്കുക) 

2 .ദൃശ്യം എന്ന തെളിവ് :

അത് പോലെ നിയമങ്ങളുടെ സാധുത എന്നത് തെളിവുകളാണ് .തെളിഞ്ഞ ദ്രിശ്യങ്ങൾ ആണ് യഥാര്ത തെളിവ് . തന്റെ ഭാഗം സംശയ രഹിതമാക്കാൻ ജോര്ജ്ജൂട്ടി  തന്റെ ചുറ്റുമുള്ളവരുടെ മനസ്സിലും കണ്ണിലും ചില ദ്രിശ്യങ്ങൾ നിർമ്മിക്കുകയാണ് ചെയ്യുന്നത് .ആ ദ്രിശ്യങ്ങളാണ് തനിക്കു അനുകൂലമായ തെളിവുകളായി അദ്ദേഹം മാറ്റുന്നത് .

3  .ഭയത്തെ മറികടക്കുക   : ഭയം എന്ന വികാരം വളരെ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു . സ്വയം ബോധ്യപ്പെടുതലിലൂടെയും നിശ്ചയധാർഡ്യത്തിലൂടെയും ഭയം എന്ന വികാരത്തെ മനസ്സില് നിന്ന് ഇല്ലയ്മചെയ്യാം. മുഖഭാവം, സംസാര രീതി തുടങ്ങിയവ ഉൾഭയത്തെ പുറത്തു കാണിക്കുന്ന കണ്ണാടികൾ ആണ് .ഭയത്തെ മറികടന്നവൻ വിജയിച്ചു.അതിനുള്ള കരുത്ത് സിനിമ പ്രേക്ഷകന് നല്കുന്നുണ്ട് .

4 . സദാചാരം :
നാം നേരിടുന്ന ഏറ്റവും ഭീകരമായ സദാചാര പ്രശനം സ്ത്രീ വിരുദ്ധതയാണ് . സ്ത്രീ കളോട് എന്ത് നിലപാട് സ്വീകരിക്കണം എന്ന ഒരു ഗൗരവമായ ചിന്ത സിനിമ ഉണര്ത്തുന്നുണ്ട് .
കുടുംബാംഗം  എന്ന സ്ത്രീ
ആർഭാടങ്ങൾ ആഗ്രഹിക്കുന്ന സ്ത്രീ
ഭർത്താവിന്നു മാത്രം ഉള്ള സ്ത്രീ
വീട്ടു ഭരണം നടത്തുന്നവൾ എന്ന സ്ത്രീീ
ട്രാപ്പിൽ പെട്ട് പോകുന്ന സ്ത്രീ
മാനം ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീ
ഉയർന്ന ഉദ്യോഗം വഹിക്കാൻ പറ്റുന്ന സ്ത്രീ .
ഉറച്ച നിലാടുള്ള സ്ത്രീ
ഒത്തൊരുമ ഉള്ള സ്ത്രീ.
സ്ത്രീകളുടെ ഈ നിലകൾ സിനിമ വരച്ചു കാട്ടുന്നു


5. അമ്മമാർ നേരിടുന്ന വെല്ലു വിളി :

മകന്റെ കാര്യത്തിൽ  സമ്പൂർണ്ണ പരാജയം സംഭവിക്കുന്ന അമ്മ(സിദ്ധീഖിന്റെ ഭാര്യ). ഉയര്ന്ന ജോലിയും(ഡി ജി പി) ,വിദ്യാഭ്യാസവും ഉണ്ടായിട്ടും മകനെ നിയന്ത്രിക്കാൻ പറ്റാത്ത അമ്മ.
കുറഞ്ഞ വിദ്യാഭ്യാസം മാത്രം ഉള്ള മീന(മോഹന്ലാലിന്റെ ഭാര്യ )യും മകളുടെ കാര്യത്തിൽ പരാജയപ്പെടുകയാണ് . താൻ അകപ്പെട്ട ട്രാപ്പിനെ കുറിച്ച്  മകൾ അമ്മയോട് പറയുന്നില്ല .
അങ്ങിനെ ഒരു വിടവ് അമ്മയും മക്കളും തമ്മിൽ ഉണ്ടാകാവതല്ല എന്ന് സിനിമ ഓര്മിപ്പിക്കുന്നു .

അത് പോലെ നിലവിലെ വിദ്യാഭ്യാസം തിരിച്ചറിവ് നല്കില്ല എന്നും അനുഭവങ്ങളാണ്  യഥാര്ത അറിവ് എന്നും സിനിമ വീണ്ടും ഊന്നിപ്പറയുന്നു.

6 .പോലീസും സുരക്ഷിതത്വവും :
സുരക്ഷിതത്വം മനുഷ്യന്റെ ജന്മാവകാശമാണ് .ജീവൻ , മാനം ,സമ്പത്ത് എന്നിവയാണ് മനുഷ്യന് സംരക്ഷിക്കേണ്ടത് . വ്യക്തി ഓരോരുത്തനും അതിനു ബാധ്യസ്ഥനാണ് . സമൂഹത്തിന്റെ ആ ബാധ്യത സമൂഹം നല്കുന്നത് പോലീസിനാണ് . അവർ അത് നീതി പൂർവ്വം നിർവ്വഹിക്കുന്നില്ലെങ്കിൽ സമൂഹത്തിൽ അരാചകത്വം പടരും .
നമ്മുടെ സ്വകാര്യതകളിലേക്ക് കൂടി ദ്രിശ്യങ്ങൾ (മൊബൈൽ ക്യാമറകൾ )എത്തുന്നതോട് കൂടി, നാം അനുഭവിക്കുന്നത് ഒരു വലിയ സുരക്ഷിത്വത പ്രശനമാണ് . ഇതിൽ ഏറ്റവും കൂടുതൽ ഇരയാവുന്നത് സ്ത്രീകളും .അത് പോലെ നാട്ടിലും (കേബിൾ ടി വി യിലെ രാത്രി സിനിമകൾ) ,വീട്ടിലും, സ്വകാര്യതയിലും(കുളിമുറി)  സ്ത്രീ സുരക്ഷിത അല്ല എന്ന് സിനിമ പറയുന്നു . സുരക്ഷ നല്കാത്ത പോലീസിനെ സമൂഹം വിരട്ടി ഓടിക്കുകയാണ് ,അതെ സമയത്ത് ജനകീയ പോലീസിനെ ജനങ്ങൾ സ്വീകരിക്കുകയാണ് സിനിമയിൽ ചെയ്യുന്നത്

7. നിയമം :
നിയമങ്ങല്ക്ക് കണ്ണില്ല എന്നാണല്ലോ നാം പറയാറുള്ളത് . അതിനാലാണ് അത് കണ്ണ് മൂടി കെട്ടിയിരിക്കുന്നത് . നിരപരാധികൾ പോലും തെളിവ് അനുകൂലമല്ലെങ്കിൽ ശിക്ഷിക്കപ്പെടും.അപ്പോൾ നിയമത്തെ അതിജയിക്കേണ്ടത് ആവശ്യമായി വരും. അതിനും നിയമപരമായ മാര്ഗ്ഗം തന്നെയാണ് ഉപയോഗിക്കേണ്ടത് .നിയമ വിരുദ്ധതയെ നിയമതിന്റെ അടിയിൽ കുഴിച് മൂടുക എന്നതാണ് സിനിമയുടെ മറ്റൊരു സന്ദേശം .
ജോര്ജ്ജൂട്ടി ശവം മാറ്റിക്കുഴിചിടുന്നത് പോലീസ് സ്റ്റേഷനിൽ ആണെന്നത് കാണുക .

8 . മീഡിയ :
ജന വികാരത്തിന് അനുകൂലമായ മീഡിയ മാറ്റങ്ങൾ ,സാധാരണ പോലീസ് നല്കുന്ന വാർത്തയാണ് മീഡിയകൾക്ക് വേദവാക്യം .ജനക്കൂട്ടവും ,അനുകമ്പയും ഉള്ളിടതെക്ക്  മീഡിയ വഴി മാറിപ്പോകുന്നത് സിനിമ വരച്ചു കാട്ടുന്നു .

9 . ശരി തെറ്റുകൾക്കിടയിലെ ശരികള്‍ :

ശരിയും തെറ്റും വളരെ വ്യക്തമാണ് .എന്നാൽ ചിലപ്പോൾ നമുക്ക് ശരി തെറ്റുകളെ വേർതിരിക്കാൻ പറ്റാത്ത വിഷമ ഘട്ടങ്ങൾ വന്നു ചേരാം .ചിലപ്പോൾ  ചില തെറ്റുകൾ ശരി ആയി ഭവിക്കും . അത് നിയമത്തിന്റെ മുന്നില് തെറ്റാണ് എങ്കിലും ,നിയമം നിലനില്ക്കുന്നത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് .നിയമം ശാശ്വതമായ ഒരു സത്യമല്ല .അതിനാൽ അത് എന്നും സത്യത്തിന്റെ കൂടെ നില്ക്കണം എന്നില്ല .കളവ് പറയുക എന്നത് നിയമ വിരുദ്ധവും തിന്മയും ആണ് .എന്നാൽ ചില കളവുകൾ സമൂഹ നന്മക്ക് ആവശ്യമായി വരും . നമ്മുടെ മുന്നില് രണ്ടു തിന്മകൾ വരുമ്പോൾ താരതമ്യേന കുറഞ്ഞ തിന്മ തെരഞ്ഞെടുക്കുക എന്നത് നിർബന്ധമായി വരും . അത്തരം സന്ദർഭങ്ങളിൽ അതാണ്‌ നന്മ.
 
10 .ഒത്തൊരുമയും കുടുംബവും :
കുടുംബമാണ് സമൂഹത്തിന്റെ ആണിക്കല്ല് . അതിന്റെ അസ്ഥിവാരത്തെ തകര്ക്കുന്ന എന്തും തിന്മയാണ് .ഒത്തൊരുമയും നിശ്ചയ ദാര്ദ്യവും അതിനെ മറികടക്കാൻ ആവശ്യമാണ്‌ .ഏതൊരു  കുടുംബത്തിൻറെ നിലനിൽപ്പിനു അത്യാവശ്യം ആണതു  .അങ്ങിനെ ഉണ്ടെങ്കിൽ  ഇതു കടുത്ത ജീവിത പ്രതിസന്ധിയും മറികടക്കാൻ കഴിയും എന്ന സന്ദേശവും ,ഒര്മാപ്പെടുത്തലും സിനിമ നല്കുന്നു .

നോട്ട് : സിനിമാ വിശകലനം അല്ലെങ്കിൽ നിരൂപണംഎന്നാൽ കുറെ കുറവുകൾ കണ്ടെത്തുക എന്നതിന് പകരം അതിൽ നിന്നും അല്പം നന്മ സമൂഹത്തിനു  പകരുക എന്ന ഉദ്ദേശത്തിലാണ് ഇത്രവും ഇവിടെ കുറിച്ചിട്ടത്‌ .

2014, ഫെബ്രുവരി 26, ബുധനാഴ്‌ച

അമ്മയുടെ മതവും ആര്യാടന്റെ രാഷ്ട്രീയവും

നന്മ -തിന്മ വ്യക്തിയിൽ

മനുഷ്യൻ ഭൂമിയിൽ ജനിച്ചു വീഴുന്നതു തന്നെ നന്മയും തിന്മയും ചെയ്യാൻ കഴിയുന്ന രീതിയിൽ ആണ് .
ഒരാൾക്ക്‌  ഏത്  ജീവിത രീതിയും തെരഞ്ഞെടുക്കാം . അയാൾക്ക്‌ സത്യം ധർമ്മം നീതി എന്നിവ പാലിച്ചു നന്മയിലേക്ക് മുന്നേറാം ,അത് പോലെ കളവ് ,അധർമ്മം  അനീതി എന്നിവയിലൂടെ തിന്മയുടെ മാർഗ്ഗതിലും അയാൾക്ക്‌  മുന്നോട്ടു ചാലിക്കാം.രണ്ടിന്റെയും ഫലം അയാൾ തന്നെ അനുഭവിക്കും .കൂടെ അയാളുടെ കുടുംബവും അനുഭവിക്കും. എന്നാൽ അത് ചിലപ്പോൾ  അവിടെ മാത്രം പരിമിതമല്ല ,അത്യപൂർവ്വമായി   അത് സമൂഹത്തിലും കാര്യമായി പ്രതിഫലനം ഉണ്ടാക്കും .
Good and Evil

അന്ധവിശ്വാസം ,മദ്യപാനം ,പരസ്ത്രീ ഭോഗം ,അഴിമതി ,കൈക്കൂലി ,ചൂതാട്ടം തുടങ്ങി അനേകം തെറ്റുകളിലൂടെ  തിന്മയിൽ ചരിക്കുന്ന വ്യക്തികൾ കൂടി വരികയും അങ്ങിനെ സമൂഹത്തിൽ ഇവരുടെ സാന്നിധ്യം സർവ്വസാധാരണമാവുകയും , പത്രങ്ങളിലും ചാനലുകളിലും നിത്യ വാർത്തകൾ ആവുകയും ചെയ്‌താൽ നിങ്ങൾ മനസ്സിലാക്കുക ,സമൂഹത്തെ വിനാശകരമായ ഒരു ക്യാൻസർ പടർന്നു പിടിക്കുകയാണ് എന്ന് .ഉടൻ ചികിത്സിച്ചില്ലെങ്കിൽ രോഗിയുടെ അന്ത്യം അടുത്ത് തന്നെ ഉണ്ടാകും .

തിന്മ സമൂഹത്തിൽ

എന്നാൽ വ്യക്തികൾ തിന്മയിലേക്ക് പോകുന്നത് പോലെ വ്യക്തികൾ ഉൾക്കൊള്ളുന്ന സംഘങ്ങളും ,സംഘടനകളും രാഷ്ട്രങ്ങളും തിന്മയിലേക്ക് കൂപ്പു കുത്തും ,അതിന്റെ പ്രതിഫലനം മൊത്തം സമൂഹത്തെ മാത്രമല്ല രാഷ്ട്രത്തെ തന്നെ ബാധിക്കും എന്നതാണ് യാഥാർത്ഥ്യം .ഇങ്ങനെ സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്ന സംഘങ്ങൾ പൊതുവിൽ മത സംഘങ്ങളും രാഷ്ട്രീയ സംഘങ്ങളും ആണ് .കാരണം അവർ മേൽ പറഞ്ഞ വ്യക്തികൾ  ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ പ്രതിച്ഛായ ആണ്.

ആത്മീയ -രാഷ്ട്രീയ ചൂഷകർ

വ്യവസ്ഥാപിത മത സംഘങ്ങളുടെ മേലധികാരികൾ പണം സമ്പാദിക്കാനുള്ള എളുപ്പ മാർഗ്ഗമായി മതത്തെ മാറ്റുന്നതോട് കൂടി മതം മനുഷ്യ വിരുദ്ധവും ,ചൂഷണ ഉപാധിയും ആയി മാറുന്നു .

അത് പോലെ ,
രാഷ്ട്രീയ -ഭരണ മേഖലകൾ അഴിമതിയുടെയും ,സ്വജനപക്ഷപാതത്തിന്റെയും ,കൈക്കൂലിയുടെയും ,മാഫിയകളുടെയും കൂത്തരങ്ങാവുകയും പണസമ്പാദനം മുഖ്യ  ലക്ഷ്യമായി മാറുകയും ചെയ്യുമ്പോൾ രാഷ്ട്രീയവും  മാനവ വിരുദ്ധവും , ചൂഷണ ഉപകരണവും ആയി മാറുന്നു .

അങ്ങിനെ മതം ,ആത്മീയ ചൂഷണങ്ങളിലൂടെ കോടികൾ കൊയ്യുമ്പോൾ രാഷ്ട്രീയ മേധാവികളും കൈക്കൂലിയിലൂടെയും ,അഴിമതിയിലൂടെയും കോടികൾ വാരുന്നു .
പണം തന്നെ ദൈവം
ഇവിടെ ദൈവം കുരിശിൽ അടിക്കപ്പെടുന്നു ,സത്യവും ധർ മ്മവും തൂക്കുകയറിൽ ആടിത്തുങ്ങുന്നു ,നീതി ജയിലിനകത്ത് അടക്കപ്പെടുന്നു .പണം ,പണം തന്നെ മതം ,പണം തന്നെ ദൈവം .

ഇവിടെയാണ്‌ മതവും രാഷ്ട്രീയവും ഒന്നാകുന്നത് . എവിടെ മത പുരോഹിതന്മാരും ,ആത്മീയ കൾട്ടുകളും പ്രതിസന്ധിയിൽ പെടുമോ അന്ന് അവരെ സഹായിക്കാൻ രാഷ്ട്രീയ തമ്പുരാക്കന്മാർ ഓടിയെത്തും . തിരിച്ചും അങ്ങിനെ തന്നെ .

മത -രാഷ്ട്രീയ അവിശുദ്ധ കൂട്ട് കെട്ട്

രാഷ്ട്രീയ നേത്രത്വവും, ആത്മീയ-പൗരൊഹിത്യ മേലാളന്മാരും തമ്മിലെ  അവിശുദ്ധ കൂട്ട് കെട്ട്
ഇന്ന് തുടങ്ങിയതല്ല, ചരിത്രം അതാണ്‌ നമ്മോടു പറയുന്നത് .

ഇബ്രാഹീമിന്നു എതിരെ

അബ്രഹാം പ്രവാചകന്നു (ഇബ്രാഹീം നബി ക്ക് ) എതിരെ നിലകൊണ്ടത് നമ്രൂദ് എന്ന അധികാരിയും ,ആസർ എന്ന പുരോഹിതനും ആയിരുന്നു .

മോസസ്സിന്നു  എതിരെ

മോസസ് (മൂസാ നബി )ക്ക് എതിരെ നിലകൊണ്ടത് ഫറോവ എന്ന ധിക്കാരിയും അഹങ്കാരിയും ആയ രാജാവും ,മതത്തെ വിറ്റ്  കാശാക്കാൻ ശ്രമിക്കുന്ന സാമിരി എന്ന ആത്മീയ വ്യാപാരിയും ആണ് .
മൂസയുടെ കാര്യത്തിൽ ഫരോവനെ സഹായിക്കാൻ വേറെ രണ്ടു കൂട്ടരും കൂടി ഉണ്ടായിരുന്നു
1 .ഹാമാൻ ,ഫറോവയുടെ പോലീസ് 
2 .ഖാരൂൻ , രാജ്യത്തെ കോർപ്പറേറ്റ് മുതലാളി .
അപ്പോൾ ഇവിടെ സമവാക്യം
ഫരൊവൻ -ഹാമാൻ -ഖാരൂൻ -സാമിരി സഖ്യം എന്നായി മാറുന്നു ,അഥവാ
അധികാരം -പോലീസ് -കോർപ്പറേറ്റ് മുതലാളി -ആത്മീയ വ്യാപാരി എന്നായി മാറുന്നു

ഇപ്പോൾ നാം കേട്ട് കൊണ്ടിരിക്കുന്ന വാർത്തകൾ സൂക്ഷമമായി  പരിശോധിച്ചാൽ ഈ സമവാക്യം കാണാൻ കഴിയുന്നു എന്നത് എത്ര ആശ്ചര്യ ജനകമാണ് .

യേശു ക്രിസ്തുവിന്നു എതിരെ

യേശുവിനെ ക്രൂശിക്കാൻ കൂട്ട് നിന്നതും Pontius Pilate ( പിലാത്തോസ് )എന്ന റോമൻ ഭരണാധികാരിയും അവിടുത്തെ പുരോഹിത വർഗ്ഗവും തമ്മിലെ കൂട്ട് കെട്ട് തന്നെ.
 
യേശു പിലാതൊസിന്റെ കോടതിയിൽ
മുന്നണികൾ അണി ചേരുന്നത് എവിടെ ??

ഇവിടെയാണ്‌ രാഷ്ട്രീയവും പോലീസും ആത്മീയ ചൂഷകരും  ഒന്ന് ചേരുന്നത് .
ഇവിടെയാണ്‌ അമ്മയെ  ആര്യാടന്നു  പാടി പുകഴ് തേണ്ടി വരുന്നത്
ഇവിടെയാണ്‌ അതേ ആര്യാടന്നു കാന്തപുരത്തെ സ്തുതിക്കേണ്ടി വരുന്നത്  
ഇവിടെയാണ്‌ അമ്മക്ക് സംരക്ഷണത്തിന്നായി ,ചാണ്ടിയുടെ അധികാരവും  ,രമേഷിന്റെ പോലീസും ഒന്നിച്ചു നില്ക്കേണ്ടി വരുന്നത്.
ഇവിടെയാണ്‌ ബാബാ രാം ദേവ് എന്ന കൽട്ടിനെ മോഡിക്ക് കെട്ടിപ്പിടിക്കേണ്ടി വരുന്നത് .
ഇവിടെയാണ്‌ അധികാരികല്ക്ക് വേണ്ടി ഫത്‌വ പറയുന്ന മുഫ്തിൾ ഉണ്ടാകുന്നത് .
അങ്ങിനെ ഇവരൊക്കെ അണി അണിയായിനില്ക്കട്ടെ .
ഇവരുടെ പൊയ്മുഖങ്ങൾ പൊതു ജനങ്ങൾ തിരിച്ചറിയട്ടെ !!
തിന്മയുടെ മുന്നണി ഏതാണ് എന്ന് ജനം മനസ്സിലാക്കട്ടെ !!
കൂട്ട് കെട്ടുകൾ

അല്ലാതെ മതത്തെയും രാഷ്ട്രീയത്തെയും ശുദ്ധീകരിക്കാൻ പ്രയത്നിച്ച ഇബ്രഹീമിന്റെയും ,മൂസായുടെയും യേശുവിന്റെയും  പാത പിൻപറ്റുന്നിടത്തല്ല മത -രാഷ്ട്രീയം കൂടി ക്കലര്ന്നു അപകടകരമാവുന്നതു...............മറിച്ച് , അവർ വ്യക്തിയിലോ,സമൂഹത്തിലോ ,രാഷ്ട്രതിലോ എവിടെ ചൂഷണം ഉണ്ടായോ അവിടെ ഇടപെട്ട് കൊണ്ട് അവരുടെ ശബ്ദം കൊണ്ടും   ജീവിതം കൊണ്ടും ചരിത്രത്തിൽ നന്മകൾ അടയാള പ്പെടുത്തി പോവുകയാണ് ചെയ്തത് .

ഇനി നിങ്ങള്‍ നിങ്ങളുടെ ഭാഗധേയം തീരുമാനിക്കുക .നിങ്ങള്‍ ആരുടെ കൂടെയാണ് ?
രാഷ്ട്രീയ -ആത്മീയ അധികാര കേന്ദ്രങ്ങളുടെ  ചൂഷണത്തിന്റെ കൂടെയോ അതോ അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ  വിമോചനതിന്നു ശബ്ദിച്ച പ്രവാചകരുടെയും പുണ്യ പുരുഷരുടെയും കൂടെയാണോ ??

-Abid Ali Padanna