2011, ജൂൺ 18, ശനിയാഴ്‌ച

പോസ്റ്ററുകളുടെ മനശ്ശാസ്ത്രം

                                                                          -ആബിദ് അലി ടി. എം. പടന്ന 
        നമ്മുടെ നാട്ടിലെ ചെറുഗ്രാമങ്ങള്‍ മുതല്‍ വലിയ പട്ടണങ്ങള്‍ വരെയുള്ള സ്ഥലങ്ങളിലെ ഇടവഴികളിലും, റോഡുകളിലും ഉള്ള ചുമരുകള്‍  ശ്രദ്ധിച്ചാല്‍ നമുക്ക് കൂടുതലായി കാണാന്‍ സാധിക്കുന്നത് രണ്ട് തരത്തിലുള്ള പോസ്റ്ററുകളായിരുക്കും. ഒന്ന് മതപരമോ ആത്മീയമോ ആയതും,മറ്റേതു അശ്ലീല ചുവയുള്ള സിനിമാ പോസ്റ്ററുകളോ ആയിരിക്കും.  ഖണ്ഡന-മണ്ഡന പോസ്റ്ററുകള്‍,ജമാലിയ-കമാലിയ സ്വലാത്ത് സദസ്സുകള്‍, പ്രാര്‍ഥനാ സമ്മേളനങ്ങള്‍ , ഉറൂസ് മഹോത്സവങ്ങള്‍,തിരുമുടിക്കാഴ്ചകള്‍ ,അഖണ്ഡനാമയജ്ഞങ്ങള്‍ ,ഉദ്ധാരണ കലശങ്ങള്‍,അമ്മ,ശ്രീ,ബാബ ,പള്ളിപ്പെരുന്നാള്‍, രോഗ ശുശ്രൂഷ ,സ്ഥാനാരോഹണ ചടങ്ങുകള്‍ തുടങ്ങി പല പോസ്റ്ററുകള്‍ ഒരു വശത്ത്. അശ്ലീല സിനിമാ പോസ്റ്ററുകള്‍ക്കിടയില്‍ മൂലക്കുരു,അര്‍ശസ്  തുടങ്ങി ദാമ്പത്യ -ലൈംഗീക രോഗ ചികിത്സ തുടങ്ങിയവ മറുവശത്തും.

     ഭക്തിയെ നാം സമര്‍ത്ഥമായി ഒരു വ്യവസായമാക്കി മാറ്റിയിരിക്കുന്നു.അതില്‍ ഇപ്പോള്‍ ലക്ഷങ്ങള്‍ക്കൊന്നും സ്ഥാനമില്ല.കോടികള്‍...കോടികള്‍ മാത്രം.ഏതൊരു കച്ചവടവും പൊടി പൊടിക്കുന്നത് അതിന്നു ആവശ്യക്കാര്‍ ഉണ്ടാകുമ്പോഴാണ്. അതെ, ഇവിടെയും അത് തന്നെയാണ് നടക്കുന്നത്.മനുഷ്യന്റെ വിമോചനം വിളംബരം ചെയ്തു രംഗത്ത് വന്ന കമ്മ്യുണിസ്റ്റ് പ്രസ്ഥാനം തൊണ്ണൂറുകളില്‍  അതിന്റെ ഈറ്റില്ലമായ റഷ്യയില്‍ തന്നെ തകര്‍ന്നടിഞ്ഞപ്പോള്‍മുതല്‍ ലോകം ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ്. വിമോചനം സ്വപ്നം മാത്രമായി അവശേഷിച്ചപ്പോള്‍ ആ ശൂന്യത നികത്താന്‍ ആത്മീയമായ തിരിച്ചുപോക്കാണ്  എല്ലാവരും തിരഞ്ഞെടുത്തത്.അങ്ങിനെ ആത്മീയതയും അതിന്റെ പേരില്‍ ഭക്തിയും വിപണനം ചെയ്യപ്പെടേണ്ട ഒരു പാശ്ചാത്തലം സൃഷ്ടിക്കപ്പെട്ടു.തൊണ്ണൂറുകള്‍ക്കു ശേഷമാണ് പുതിയ കള്‍ട്ടുകളും,മനുഷ്യ ദൈവങ്ങളും നമ്മുടെ സാമൂഹ്യ പരിസരത്ത് വന്നു തുടങ്ങിയത് എന്ന് സൂക്ഷ്മമായ നിരീക്ഷണം നിങ്ങള്‍ക്ക് പറഞ്ഞു തരും.             

        ഭക്തിയിലും, കാമത്തിലും ആധ്യാത്മികതയുണ്ട്.അത് പോലെ രണ്ടിലും ലഹരിയും ഉണ്ട്.അതിനാല്‍ ഭക്തി വിപണന കേന്ദ്രങ്ങളില്‍ കാണുന്ന നേര്‍ത്ത വെളിച്ചം,സുഗന്ധതോട് കൂടിയ പുക തുടങ്ങിയവ മറ്റൊരു രീതിയില്‍ ഡിം ലൈറ്റ് ആയും,മുല്ലപ്പൂസുഗന്ധമായും  നിങ്ങള്‍ക്ക് ബെഡ് റൂമുകളിലും കാണാം.മദ്യം സ്വയം തന്നെ ലഹരിയാണെങ്കിലും അത് വിളമ്പുന്ന ബാറുകളിലും മേല്പറഞ്ഞ നേര്‍ത്ത വെളിച്ചവും,പതിഞ്ഞ സംഗീതവും, പല നിറത്തിലുള്ള പുകകളും തന്നെ നമുക്ക് കാണാനാവുന്നത് വെറും യാദ്രശ്ചികത മാത്രമോ?
        
             ഭക്തി മനുഷ്യ മനസ്സിന്റെ തേട്ടമാണ്‌.ലൈംഗീകത ശരീരത്തിന്റെ ആവശ്യവും.   മനുഷ്യന്‍ എപ്പോഴും ചൂഷണം ചെയ്യപ്പെടാന്‍ ഏറെ സാധ്യതയും ഇവിടെ തന്നെയാണ്.ഇവ രണ്ടും യഥാവിധി പൂര്‍ത്തീകരിക്കപ്പെട്ടില്ലെങ്കില്‍ കപട ഭക്തിയിയും,കപട ലൈംഗീകതയും സ്രഷ്ടിക്കപ്പെടുന്നു.ഇതു രണ്ടും ചുളിവില്‍ വിറ്റു പണം വാരാന്‍ മറ്റുള്ളവരെ നാം തന്നെ അനുവദിക്കുക എന്നത് എത്ര വലിയ വിഡ്ഢിത്തമാണ്?.  

            ഇനി ലൈംഗീക രോഗ ചികിത്സ എന്നത് ഒട്ടു മിക്കതും ശുദ്ധ തട്ടിപ്പാണ്.മുസ്ലി പവറിന്റെ കാര്യത്തില്‍ നാം അത് കണ്ടതാണല്ലോ ? "ലൈംഗീക സുഖത്തിന്റെ പൂര്‍ണ്ണത" എന്ന ഒരു മിഥ്യാസങ്കല്‍പം ആരോ നമ്മുടെ  മനസ്സില്‍ അടിച്ചേല്‍പ്പിച്ചു.നിങ്ങള്‍ക്ക് ഒരിക്കലും ആ പൂര്‍ണതയിലേക്ക്  എത്താന്‍ കഴിയില്ലെന്നും അതിനാല്‍ നമ്മുടെ കമ്പനിയുടെ മരുന്നോ അല്ലെങ്കില്‍ നമ്മുടെ ചികിത്സയോ നിങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും അവര്‍ വരുത്തിതീര്‍ക്കുന്നു.സത്യത്തില്‍ ഓരോരുത്തരുടെ സുഖം അവരവരുടെ മനസ്സില്‍ തന്നെയാണ് ഉള്ളത്. അത് ഒരിക്കലും മറ്റുള്ളവരുമായി താരതമ്യം ചെയ്യാവതല്ല.     

         
     ചുരുക്കത്തില്‍ നമ്മുടെ ചുറ്റുവട്ടത്തുള്ള ചുമരുകളിലെ പോസ്റ്ററുകള്‍ നമ്മോടു വിളിച്ചു പറയുന്നത് എന്താണ് ? മലയാളി  ആത്മീയവും ലൈംഗീകവുമായ ഒരുതരം ശൂന്യത അനുഭവക്കുന്നു എന്നതാണത്.ഇത് നാം ആരോടും പറഞ്ഞു നടക്കാറില്ലെങ്കിലും നമ്മുടെ മതിലുകളും ചുമരുകളും ഇതൊക്കെ നമ്മോടു തന്നെ പറയുന്നുണ്ട് എന്ന് നാം തിരിച്ചറിയുക.