2010, നവംബർ 30, ചൊവ്വാഴ്ച

ദൈവീക നിയമങ്ങളും പ്രായോഗിക സ്വാതന്ത്രവും



                                     - Abidali T.M Padanna
ദിവ്യബോധനം വഴി അവതീർണ്ണമായ ദൈവീക നിയമങ്ങൾ അലംഘനീയവും അതിൽ വ്യക്തികൾക്കോ, സമൂഹത്തിനോ, ഭൂരിപക്ഷത്തിനോ കൈകടത്താൻ സ്വാതന്ത്രമില്ല  എന്നുമാണല്ലോ ഇസ്ലാമിക കാഴ്ചപ്പാട്. എല്ലാകാര്യങ്ങളും വിശദമായി പ്രതിഭാധിക്കുന്ന ഗ്രന്ഥം എന്നും ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നു. പക്ഷേ അതേ ഖുർആൻ തന്നെ വിശദാംശങ്ങൾക്ക് പ്രവാചക മാത്യക പിൻപറ്റേണ്ടുന്നതിന്റെ  ആവശ്യകതയും ഊന്നിപ്പറയുന്നുണ്ട്. അങ്ങിനെയുള്ള പ്രവാചക മാത്യകകളെ നാം ’സുന്നത്ത്’ എന്നും, ദൈവീക കല്പനകളേയും സുന്നത്തിനേയും ചേർത്ത് നാം ‘ശരീഅത്ത്’(നിയമ സംഹിത) എന്നും സാങ്കേതിക ഭാഷയിൽ വിളിക്കുന്നു.

            എന്നാൽ നബി തിരുമേനി(സ) ദൈവത്തിൽ നിന്നും സ്വീകരിച്ച നിയമങ്ങൾ തന്റെ  കാലഘട്ടത്തിന്റെ  പരിധിയിൽ നിന്ന് കൊണ്ട് പൂർണ്ണമായും വിശദീകരിച്ചതായി നമുക്ക് കാണാവുന്നതാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ കാലഹരണപ്പെടാത്ത ദൈവപ്രോക്ത നിയമങ്ങളുടേയും, പ്രവാചക വിശദാംശങ്ങളുടേയും പ്രായോഗികതയ്ക്ക് കാലാഹരണപ്പെട്ട് പോകുന്ന (മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന‍‍) മനുഷ്യരുടെ ജീവിത സാഹര്യങ്ങളുടെ വികാസവും കൂടി പരിഗണിക്കേണ്ടതുണ്ട് എന്നാണ്.

            മുസ്ലിം സമൂഹം ദൈവീക നിയമങ്ങളെ(ശരീഅത്ത്) പ്രയോഗവത്കരിക്കുന്നതിൽ നിന്നും മാറി നിൽക്കുന്നതിന്ന് രാഷ്ട്രീയമോ, സാമൂഹികമോ, സാമുദായികമോ ആയ പല കാരണങ്ങളും കണ്ടെത്താനവുമെങ്കിലും അതിൽ സുപ്രധാനമായി നിലകൊള്ളുന്നത് ശരീഅത്തിനെ പ്രയോഗവൽക്കരിക്കാൻ ഇസ്ലാം സ്വയം സ്വാതന്ത്രം അനുവദിക്കുന്നു എന്ന വസ്തുതയെ കുറിച്ചുള്ള സമുദായത്തിന്റെ  അജ്ഞതയാണ്. ആ അറിവ് സുന്നത്തിനെക്കുറിച്ചും അതിന്റെ  പ്രായോഗികതയെക്കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാട് മാറ്റിമറിക്കാൻ പര്യാപ്തമാണ് . ദൈവം നൽകിയ ഈ സ്വാതന്ത്രത്തെ ശരീഅത്തിൽ നമുക്ക്  ‘ഫിഖ് ഹ്’ അഥവാ പ്രായോഗിക സ്വാതന്ത്രം(Implementation freedom) എന്ന് വിളിക്കാം.

‘സുന്നത്ത്’ എന്നാൽ പ്രവാചകന്റെയും അനുയായികളുടേയും ചില ആരാധനാ കർമ്മങ്ങളുടെ ഫോട്ടോ കോപ്പി സ്യ് ഷ്ടിക്കുക എന്നതായി ചുരുങ്ങിയിരിക്കുന്നു മുസ്ലിം സമൂഹത്തിന്റെ  പൊതു ധാരണ. ഈ മാത്യകകൾ തന്നെ നൂറ്റാണ്ടുകളായി ഇതേ പൊതു സമൂഹത്തിന്ന് ഒരു ഏകരൂപം നൽകുവാൻ സാധിച്ചിട്ടില്ല.  ഇനിയൊട്ട് സാധിക്കുകയുമില്ല. ഈ അടുത്ത കാലത്തായി സമുദായത്തിൽ നിന്ന് ചിലർ ഉയർത്തുന്ന ‘ഏക ഫിഖ് ഹ് കോഡി’നു വേണ്ടിയുള്ള മുറവിളിയും ‘സർവ്വ മദ് ഹബ് സത്യവാദ’ത്തിനെതിരെയുള്ള പടയോരുക്കവും ഫിഖ് ഹിനെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ  അഭാവമാണ്. അന്ധമായ മദ് ഹബ് പക്ഷപാതിത്വം എതിർക്കപ്പെടേണ്ടത് തന്നെയാണെങ്കിലും.
            പരമ്പരാഗത ഫിഖ് ഹീ ധാരകളെ(മദ് ഹബ്) സൂക്ഷ്മമായി നിരീക്ഷിക്കുന്ന പക്ഷം അതിൽ രണ്ട് ഭാഗങ്ങൾ ഉൾച്ചേർന്നതായി കാണാം. ഒന്ന് ഖുർ ആനിൽ നിന്നും, പ്രവാചക ചര്യയിൽ നിന്നും നിയമങ്ങൾ നിർദ്ധാരണം ചെയ്യുന്ന ഭാഗം. രണ്ട് ആ നിയമങ്ങളെ കാലോചിതമായി പ്രയോഗവൽക്കരിക്കുന്ന ഭാഗം. ഫിഖ് ഹിന്റെ  ഈ രണ്ട്  മേഖലയിലും ശരീഅത്ത് ഫിഖ് ഹ് (പ്രായോഗിക സ്വാതന്ത്രം) അനുവദിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇവിടെ രണ്ടാം വശത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.         
ഈ പ്രായോഗിക സ്വാതന്ത്രം ഇസ്ലാം ശുദ്ധി, ആരാധന തുടങ്ങി വ്യക്തിപരമായ കാര്യങ്ങൾ മുതൽ സാമ്പത്തികം, രാജ്യഭരണം, യുദ്ധം, സന്ധി തുടങ്ങിയ സാമൂഹികകാര്യങ്ങളിൽ വരെ അനുവദിച്ച് കൊടുത്തിരിക്കുന്നു.
സുന്നത്ത് അഥവാ ശരീഅത്ത് എന്നത്  കോൺക്രീറ്റ് കട്ടകളല്ലെന്നും അത് ഉറക്കം, ദന്തശുദ്ധി, കുളി, വസ്ത്രധാരണം, ആരാധന, വിവാഹം, കുടുംബം, അനന്തരസ്വത്ത്, കച്ചവടം, വിദ്യാഭ്യാസം, ജോലി, രാജ്യഭരണം, നീതിന്യായം, ശിക്ഷാനടപടികൾ തുടങ്ങിയ നിത്യ ജീവിത ശീലങ്ങളോ അല്ലെങ്കിൽ ജീവിത സത്യങ്ങളോ ആയ സംഭവ ലോകത്ത് നാം അനുഭവിക്കുന്ന പച്ചയായ യാഥാർത്യങ്ങളാണ് എന്ന് നാം സ്വയം ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.
             പ്രായോഗികസ്വാതന്ത്രം(ഫിഖ് ഹ്) ഏതൊക്കെ ജീവിത മേഖലകളിൽ ശരീഅത്ത് അനുവധിച്ചിട്ടുണ്ട് എന്ന് നമുക്ക് പരിശോധിക്കാം. കുളിക്കുന്നത് സുന്നത്താണ്. എന്നാൽ അത് ഏത് സോപ്പ് കൊണ്ട് വേണം, എവിടെ വെച്ച് വേണം? (കുളത്തിലോ, ബാത്ത് റൂമിലോ) എന്നൊന്നും ശരീഅത്ത് നിർദ്ദേശിക്കില്ല. ദന്തശുദ്ധിക്ക് ഏത് വസ്തുക്കൾ ഉപയോഗിക്കണം? നഖം, മുടി എന്നിവ എന്ത് കൊണ്ട് വെട്ടണം? എവിടെ പോയി വെട്ടണം? എന്നും സുന്നത്തിൽ കാണില്ല. വുദു ടാപ്പിൽ നിന്നോ, അതോ ഹൌളിൽനിന്നോ? നമസ്ക്കാര പള്ളി ഏത് വസ്തു കൊണ്ട് നിർമ്മിക്കണം? കമ്മിറ്റി എങ്ങിനെ ആയിരിക്കണം? ഫാൻ വേണോ, എ.സി. ഫിറ്റ് ചെയ്യാമോ? തറയിൽ പായയോ, അതോ കാർപറ്റോ? മിമ്പർ ഏത് വസ്തു കൊണ്ട് നിർമിക്കണം? ഇതൊന്നും നബിചര്യയിൽ കാണില്ല. വീട് എന്ത് കൊണ്ട് നിർമിക്കാം? ഏത് തരം മരം ഉപയോഗിക്കണം? ഇതൊക്കെയും നാഗരികതയുടെ വികാസത്തിന് അനുസരിച്ച് നമ്മുടെ സ്വാതന്ത്രത്തിന്ന് വിട്ടു തന്നിരിക്കുന്നു.
            ഭക്ഷണം എങ്ങിനെ പാകം ചെയ്യണം? ഏത് തരം ആഹാരം കഴിക്കണം? അരിയോ, ഗോതമ്പോ? ബിരിയാണിയോ, ചപ്പാത്തിയോ? ഇതൊന്നും ശരീഅത്തിൽ പരതിയിട്ട് കാര്യമില്ല. ഏത് വാഹനത്തിൽ യാത്ര ചെയ്യണം? എന്ത് ക്രഷി ചെയ്യണം? വിത്ത്, വളം ഏത് ഉപയോഗിക്കണം? ഏത് തരം തൊഴിലിൽ ഏർപ്പെടാം? എന്ത് കച്ചവടമാണ് നടത്തേണ്ടത്? ഏത് വ്യവസായമാണ് ലാഭകരം? ഇതൊന്നും ഇസ്ലാം വ്യക്തിയുടെ മേൽ അടിച്ചേല്പിക്കുന്നില്ല.  ഹലാൽ-ഹറാം പരിധികൾ പാലിക്കണമെന്ന് മാത്രം.
രാജ്യ ഭരണം :ശരീഅത്തും ,ഫിഖഹും 
            അത്പോലെ രാജ്യ ഭരണവും പ്രവാചക സുന്നത്ത് തന്നെ. അതിന്റെ  അടിസ്ഥാന നിയമങ്ങളും പ്രായോഗിക സ്വാതന്ത്രവും  തമ്മിൽ കുറഞ്ഞരീതിയിൽ താരതമ്മ്യം ചെയ്ത് നോക്കാം.
ബൈഅത്ത്:- നേത്യത്വത്തെ തിരഞ്ഞെടുക്കേണ്ടത് ജനങ്ങളുടെ അനുസരണ പ്രതിജ്ഞയിലൂടെയാണെന്നത് പ്രവാചക രീതിയാണല്ലോ. അത് ഹസ്തദാനത്തിലൂടെ വേണോ, വാക്കാൽ മതിയോ, എഴുതിവാങ്ങണോ? എഴുതിയത് പെട്ടിയിൽ നിക്ഷേപിക്കണമോ? അതൊ ആരെയെങ്കിലും ഏല്പിച്ചാൽ മതിയോ? വോട്ടിംഗ് വേണമോ?
വോട്ടിംഗ് മെഷീൻ മതിയോ? എന്നൊന്നും ശരീഅത്ത് നിർദ്ദേശിച്ചിട്ടില്ല 
.ഏതാണ് എളുപ്പവും ശാസ്ത്രീയവും അത് ഉപയോഗിക്കാം.
ശൂറ:- ഇത് ഖുർആനിന്റെ  നേരിട്ടുള്ള ആജ്ഞ തന്നെ. ഇതിന്ന് സമിതി, സെനറ്റ്, കമ്മിറ്റി, പോളിറ്റ് ബ്യൂറോ, അസംമ്പിളി, പാർലമെന്റ് എന്ത് പേരും വിളിക്കാം. ഇതിനൊക്കെ കീഴ് സഭ, മന്ത്രിസഭ, ഉപസമിതി, ഗവർണർ എന്നിവ വേണോ, എത്ര അംഗങ്ങൾ വേണം, എങ്ങിനെ തെരഞ്ഞടുക്കണം, സഭകൾ എത്ര തവണ ചേരണം? തുടങ്ങിയ കാര്യങ്ങൾ നമ്മുടെ പ്രയോഗിക സ്വാതന്ത്രത്തി(ഫിഖ് ഹ്)ന്ന് വിട്ട് തന്നിരിക്കുന്നു. പക്ഷേ അടിസ്ഥാനതത്വം എന്നത്  നിയമനിർമ്മാണവും, തീരുമാനവും എടുക്കേണ്ടത് ശരീഅത്ത് വിധികൾ പാലിച്ച്കൊണ്ട് കൂടിയാലോചന ചെയ്തായിരിക്കണം.
നേത്യത്വം:- നേത്യത്വം ഉണ്ടാവുക എന്നത് നിർബന്ധമാണ്. അതുതന്നെയാണ് സുന്നത്തും. അയാൾ തെരഞ്ഞെടുക്കs¸ട്ട വ്യക്തിയായിരിക്കണം. ആ സ്ഥാനത്തെ ഖലീഫ, അമീർ, ഇമാം, പ്രസിഡണ്ട്, പ്രധാനമന്ത്രി, ചാൻസലർ തുടങ്ങി എന്ത്  പേർ വിളിക്കാനുമുള്ള സ്വാതന്ത്രം ശരീഅത്ത് നമുക്ക് നൽകുന്നു.
നേത്യത്വകാലാവധി:- എത്രകാലപരിധി വേണമെന്ന്  കൂടിയാലോചന സമിതിക്ക് (ശൂറ) തീരുമാനിക്കാം. പക്ഷേ ഒരു ഉപാധി മാത്രം സത്യം, ധർമ്മം, നീതി എന്നിവ എത്ര കാലം ഉൾക്കൊള്ളുന്നു അത്രയും കാലം എന്നതാണ് അടിസ്ഥാനം.
ശിക്ഷാവിധികൾ നടപ്പിലാക്കുക:- ഇതും പ്രവാചകചര്യതന്നെ. കേസ് എവിടെ വെച്ച് വാദിക്കണം, ന്യായാധിപന്ന് പ്രത്യേക വസ്ത്രവും, ഇരിപ്പിടവും വേണമോ? കുറ്റവാളികളെ എവിടെ പാർപ്പിക്കണം? കേസുകൾ എങ്ങിനെ സൂക്ഷിച്ച് വെക്കണം? ശിക്ഷകൾ എപ്പോൾ എവിടെ വെച്ച് നടപ്പാക്കണം? തുടങ്ങിയ കാര്യങ്ങൾ നമ്മുടെ  ഫിഖ് ഹിന്ന് ശരീഅത്ത് വിട്ടിരിക്കുന്നു. അടിസ്ഥാനം ശിക്ഷകൾ നടപ്പിലാക്കുക നീതി സ്ഥാപിക്കുക എന്നതാണ്.
            കാര്യം എളുപ്പത്തിൽ ഗ്രഹിക്കാൻ ശരീഅത്തിനെ നമുക്ക് ശുദ്ധമായ വെള്ളത്തോട് ഉപമിക്കാം. വെള്ളമെടുക്കാൻ  ഉപയോഗിക്കുന്ന പാത്രത്തെ ഫിഖ് ഹായും(പ്രായോഗിക സ്വാതന്ത്രം). വെള്ളം നബിയുടെ കാലത്തും, ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. പക്ഷേ പാത്രങ്ങൾ പലതും വന്നു പോയിക്കൊണ്ടിരുന്നു. തോൽ, മരം, മണ്ണ്, ചെമ്പ്, ഇരുമ്പ്, ഗ്ളാസ്, സ്റ്റീൽ, ഫൈബർ തുടങ്ങിയവ. നബി(സ) ഉപയോഗിച്ചത് തോൽ പാത്രമായിരുന്നു എന്നത് കൊണ്ട് അത് മാത്രമാണ് സുന്നത്ത് എന്ന്  നാം പറയാവതല്ല.
പ്രായോഗിക സ്വാതന്ത്രവും മുസ്ലിം സമുദായവും  
            പ്രായോഗിക സ്വാതന്ത്രത്തെക്കുറിച്ചുള്ള അജ്ഞത മുസ്ലിം സമൂഹത്തെ ചില അബദ്ധധാരണകളിൽ കൊണ്ടെത്തിക്കുന്നുണ്ട്. കാലഘട്ടത്തെക്കുറിച്ചും , പരിസരത്തെക്കുറിച്ചും യാതൊരു ബോധവുമില്ലാതെ ഖുർആനിക വചനങ്ങൾ, ഹദീസ് തുടങ്ങിയവയെ അക്ഷരങ്ങളിൽ മാത്രം വായിക്കുകയും പ്രവാചക സുന്നത്തുകളെ അതിന്റെ പ്രായോഗിക ഭൂമിക അടക്കം പിഴുതെടുത്ത്  ഇവിടെ ആധുനിക യുഗത്തിൽ പ്രയോഗവൽക്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അത് ഫിറ്റാവാതിരിക്കുമ്പോൾ നിരാശരാവുകയും ആത്യന്തികമോ തീവ്രമോ(Extreme) ആയരീതികൾ പിന്തുടരുകയും ചെയ്യേണ്ടിവരുന്നു.
നിരാശരും, പ്രതീക്ഷയറ്റവരുമായവർ  ശരീഅത്തിനേയും ഫിഖ് ഹിനേയും പാടേ തള്ളിപ്പറയുന്ന ആദ്ധ്യാത്മികതയിലേക്ക്(Sufism) എത്തിരുന്നു.  തീവ്രമായി ആവിഷ്ക്കരിക്കാൻ ശ്രമിക്കുന്നവർ കടുത്ത മദ് ഹബ് പക്ഷപാതികളോ, ആത്യന്തിക മദ് ഹബ് നിഷേധികളോ ആയിമാറുന്നു. മറ്റു ചിലർ വൈകാരികതമൂത്ത് തൊട്ടതിനെല്ലാം ആയുധമെടുക്കുന്ന തീവ്രഗ്രൂപ്പുകളോ ആയിത്തീരുന്നു.
            പ്രായോഗിക സ്വാതന്ത്രജ്ഞാനത്തിന്റെ  അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തെ നമുക്ക്  താഴെ പറയും പ്രകാരം വിഭജിക്കാം
മറ്റുചിലർ ഇങ്ങനെയാണു അവർക്ക് കലഘട്ടത്തെക്കുറിച്ചും സാമൂഹ്യ പരിസരത്തെക്കുറിച്ചും സാമന്യബോധമുണ്ട്. പക്ഷേ അതേ കാലഘട്ടവും, പരിസരജ്ഞാനവും തന്നെയാണ് അവരുടെ മുന്നിലെ തടസ്സങ്ങൾ. എപ്പോഴും “കാലഘട്ടം ഇങ്ങനെയല്ലേ , നാമെന്ത് ചെയ്യാൻ“ എന്ന് ഉരുവിട്ട് കൊണ്ടിരിക്കുന്നവരാണവർ. അവരെ നിങ്ങൾക്ക് നിരീശ്വര-മതേതര-സാമുദായിക ഭൌതീക പ്രസ്ഥാനങ്ങളിൽ കാണാം. കാലഘട്ടത്തെ(ലോകസാഹചര്യം,ഇന്ത്യൻ സാഹചര്യം,ബഹുസ്വരത)ക്കുറിച്ച അനാവശ്യവും, അമിതവുമായ ഉത്കണ്ഡ ഇവരിൽ കാണാം. പൊതുവിൽ ഇവരുടെ വാദങ്ങൾ ഇവയാണ്. മതവും രാഷ്ട്രീയവും ഭിന്ന ധ്രുവങ്ങളിലാണ്. എന്ന് വെച്ചാൽ മതമൂല്യങ്ങളായ സത്യം, നീതി തുടങ്ങിയവയെ രാഷ്ട്രീയ-സാമൂഹ്യ മേഖലകളിൽ അനുവദിക്കില്ല. ദൈവീക നിയമങ്ങൾ പഴഞ്ചനാണ്, അവ കാലോചിതമായി മാറ്റി എഴുതണം. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് മതത്തിൽ പ്രായോഗിക പരിഹാരമില്ല. പ്രവാചക സുന്നത്തിന്റെ പ്രായോഗികതയെ ആധുനികയുഗത്തെ ഏഴാം നൂറ്റാണ്ടിലേക്ക്  പറിച്ച് നടലായും, ഏഴാം നൂറ്റാണ്ടിലെ അടിമത്ത സമ്പ്രദായം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പുനസ്ഥാപിക്കാലായും ചില മതേതര ബുദ്ധിജീവി നാട്യക്കാർ കണ്ണുമടച്ച് എഴുതിയേക്കാം(2009 ജൂൺ മാസത്തിലെ ചന്ദ്രിക ദിനപത്രത്തിൽ വന്ന മതരാഷ്ട്രവാദ ലേഖനങ്ങൾ കാണുക). ഇവരെ പൊതുവില്‍ അപ്രായോഗികവാദികൾ എന്ന് വിളിക്കാം. 
"പ്രവാചകരേ, നിനക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചുതന്നിരിക്കുന്നു. അത് മുന്‍വേദഗ്രന്ഥത്തില്‍ നിന്ന് അതിന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നതാണ്. അതിനെ ഭദ്രമായി കാത്തുരക്ഷിക്കുന്നതും. അതിനാല്‍ അല്ലാഹു അവതരിപ്പിച്ചുതന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക. നിനക്കു വന്നെത്തിയ സത്യത്തെ നിരാകരിച്ച് അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും നാം ഓരോ നിയമവ്യവസ്ഥയും കര്‍മരീതിയും നിശ്ചയിച്ചു തന്നിട്ടുണ്ട്."(ഖുർആൻ, 5 :48)
e - mail : ali.abidtm757@gmail.com

7 അഭിപ്രായങ്ങൾ:

  1. പിന്നീട് വന്ന് വായിക്കും. പ്രാര്ത്ഥനയോടെ

    മറുപടിഇല്ലാതാക്കൂ
  2. വളരെ വളരെ നന്ദി, താങ്കളുടെ സന്മനസ്സിന്ന്

    മറുപടിഇല്ലാതാക്കൂ
  3. അല്ലാഹുവിന്ടെ അനുഗ്രഹം മോന് നന്നായി ഉണ്ടാകട്ടെ
    ആമീന്‍
    നമ്മള്‍ അല്ലാഹുവിന്റെ dheeninn വേണ്ടി ചെയ്യുന്ന ഏത് പ്രവര്‍ത്തനവും അവന്‍ സ്വീകരിക്കട്ടെ
    ആമീന്‍
    കൂടുതല്‍ പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. ചാട്ടവാറടി നൽകുന്നതിന് പകരം, നിശ്ചിത ദിവസം കഠിന പ്രയത്നം ആവശ്യമുള്ള ജോലികളിൽ ഏർപ്പെടണം എന്നൊക്കെ ശിക്ഷ നിശ്ചയിക്കാൻ പറ്റുമോ ? Is shariah providing that level of freedom?

    മറുപടിഇല്ലാതാക്കൂ