ഞങ്ങള്‍ വേട്ടയാടപ്പെടുന്നു,ഞങ്ങള്‍ ഇരകളാണ്,ആഗോള അടിസ്ഥാനത്തില്‍ നമുക്കെതിരെ ഗൂഡാലോചനകള്‍ നടക്കുന്നു.ഞങ്ങള്‍ എവിടെയുണ്ടോ അവിടെയെല്ലാം കുഴപ്പങ്ങള്‍, അക്രമങ്ങള്‍, രക്ത ചൊരിച്ചലുകള്‍.....പരാതിയോട് പരാതികള്‍. എല്ലാം പകല്‍ പോലെ സത്യം തന്നെ. ഒന്നും രഹസ്യമല്ല. കണ്ണ് തുറക്കുന്ന ഏതു കുട്ടിക്കും അറിയാം ഇതൊക്കെ.നമ്മുടെ ആഭ്യന്തര വകുപ്പിന്റെ ഈ മൈല്‍ ചോര്‍ത്തല്‍ പ്രശ്നമാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരണ.മുസ്ലിം സമുദായം ഇങ്ങനെ കരയാനായി ജനിച്ചവരാണോ ?ആവലാതികള്‍ പറയാന്‍ മാത്രം ജീവിക്കുന്നവരാണോ ?എന്ത് കൊണ്ട് നിങ്ങളുടെ ആത്മാഭിമാനം പിച്ചി ചീന്തപ്പെടുന്നു? നിങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തപ്പെടുന്നു?അതിന്നു മാത്രം നിങ്ങള്‍ അത്ര വലിയ പാതകങ്ങള്‍ ചെയ്തിട്ടുണ്ടോ?
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?ആരാണ് ഇതിന്റെ ഉത്തരവാദി? നമുക്ക് അറിയാം ഇന്നിന്ന കരങ്ങളാണ് അതിന്റെ പിന്നിലെന്ന്. പക്ഷെ അവര്‍ എന്തിന്നു ഇങ്ങനെ ചെയ്യുന്നു?ഇതില്‍ നമുക്ക് സ്വയം ഒരു തിരിച്ചറിവ് നല്‍കുന്ന സന്ദേശം വല്ലതും ഉണ്ടോ?
നിങ്ങള്‍ എന്നും സംശയത്തിലാണ്..നിങ്ങള്‍ എവിടെയും ഭീതിയിലാണ്..നിങ്ങള്‍ എവിടെയും നോട്ടപ്പുള്ളികള്‍ ആണ്.എന്ത് കൊണ്ട്? ഉത്തരം വളരെ ലളിതമായി എല്ലാവരും പറയുന്നു : "ഞങ്ങള്‍ മുസ്ലിംകള്‍ ആയതിനാല്‍" ആണ് ഇങ്ങനെ സംഭവിക്കുന്നത്.ഇതു അര്‍ദ്ധ സത്യമല്ലേ? എന്നാല്‍ ഉത്തരം അത്ര ലളിതമല്ല എന്ന് സൂക്ഷ്മമായി ചിന്തിക്കുന്ന പക്ഷം നിങ്ങള്‍ക്ക് മനസ്സിലാക്കാം.
ദൈവത്തിനു മുസ്ലിംകളോട് വിദ്വേഷമോ?
സമുദായമേ, നിങ്ങള്‍ പീഡനങ്ങളും നിന്ദ്യതയും പേറാന്‍ എന്താണ് കാരണം? മുസ്ലിംകള്‍ ആയതിനാലാണോ? ദൈവത്തിനു നിങ്ങളോട് വല്ല വിരോധവും ഉണ്ടോ ?നിങ്ങളാണെങ്കില്‍ ഇങ്ങനെ പറയുകയും ചെയ്യുന്നു: "ഞങ്ങള്‍ അല്ലാഹുവിന്റെ അടുത്തവരാണെന്നും , പ്രവാചകനെ പിന്‍പറ്റുന്നവരാണെന്നും"എന്നൊ ക്കെ? പിന്നെ എന്തുകൊണ്ട് ഇങ്ങനെ ? നിങ്ങള്‍ എന്തുകൊണ്ട് ചിന്തിക്കുന്നില്ല?
നിങ്ങളോ ,ദൈവത്തില്‍ വിശ്വസിക്കുന്നവരാണ് എന്ന് പറയുന്നു.എന്നാല്‍ ദൈവീക ഗ്രന്ഥത്തോട് നിങ്ങള്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നത്?പ്രവാചകനോട് സ്നേഹമുള്ളവരാണ് എന്ന് നിങ്ങള്‍ പറയുന്നു.പക്ഷെ പ്രവാചകന്റെ ഏതു കല്പനകളാണ് നിങ്ങള്‍ പിന്‍പറ്റുന്നത് ?
നിങ്ങള്‍ പണത്തിന്നു വേണ്ടി ജീവിതം തുലക്കാറില്ലേ ?ആഡംഭരത്തിനായി നിങ്ങള്‍ പരക്കം പായുന്നു.മണി മന്ദിരങ്ങള്‍ കെട്ടാന്‍ നിങ്ങള്‍ ലക്ഷങ്ങളും കൊടികളും പൊടിക്കുന്നു.നിങ്ങള്‍ പലിശ സ്ഥാപനങ്ങള്‍ക്ക് വേണ്ടി വാദിക്കാറില്ലേ? നിങ്ങളില്‍ കൈക്കൂലി വാങ്ങുന്നവര്‍ ഇല്ലേ ?നിങ്ങള്‍ക്ക് വല്ല മനസ്സാക്ഷിക്കുത്തും ഉണ്ടോ ?
പുരനിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളുടെ മുന്നില്‍ നോക്കുകുത്തിയായി നില്‍ക്കുകയല്ലേ നിങ്ങളുടെ മഹല്ലുകള്‍?നിങ്ങള്‍ സക്കാതിനെ മുക്കിക്കളയുകയും പലിശക്ക് വേണ്ടി നെട്ടോട്ടമോടുകയും ചെയ്യുന്നില്ലേ?ഏകനായ ദൈവത്തിന്റെ കൂടെ മറ്റുള്ളവരെയും വിളിച്ചു പ്രാര്‍ഥിക്കാറില്ലേ?അന്യായമായി മറ്റുള്ളവരുടെ സമ്പത്തും സ്വര്‍ണ്ണവും സ്വത്തുകളും കൂട്ടി വെച്ചു തിന്നാറില്ലേ? പരസ്യമായി മദ്യപാനം ചെയ്യാറില്ലേ ? രഹസ്യമായി പരസ്ത്രീ വേഴ്ച നടത്താറില്ലേ ?ദൈവീക നിയമങ്ങള്‍ പരസ്യമായി തള്ളികളയാറില്ലേ.?അധികാരത്തില്‍ ഇരുന്നു അതിനായി നിങ്ങള്‍ നിയമങ്ങള്‍ ചുട്ടെടുക്കാറില്ലേ ?
നിങ്ങള്‍ ദൈവത്തോട് ചെയ്ത കരാര്‍ എവിടെ? സത്യതോടുള്ള നിങ്ങളുടെ സാക്ഷ്യം എവിടെ?പാലിക്കപ്പെടേ ണ്ട നിങ്ങളുടെ വാഗ്ദാനങ്ങള്‍ എവിടെ? എന്നിട്ടും നിങ്ങള്‍ പറയുന്നു ഞങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു.
ആ ഉത്തമ സമൂഹം എവിടെ ?
ദൈവം നിങ്ങളെ ഉല്‍കൃഷ്ട സമുദായം എന്ന് പറയുന്നു.ആ ഉല്‍കൃഷ്ട സമുദായം എങ്ങിനെ നികൃഷ്ട സമുദായമായി?
"മനുഷ്യ സമൂഹത്തിനായ് ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട ഉത്തമ സമുദായമാണ് നിങ്ങള്‍ .നിങ്ങള്‍ നന്മ കല്പിക്കുന്നു തിന്മ തടയുന്നു അല്ലാഹുവില്‍ വിശ്വസിക്കുന്നു" (ആലു ഇമ്രാന്‍ :110)
ഇതു വേദവാക്യം.... പക്ഷെ നിങ്ങളോ ?സമുദായത്തിന്റെ ന്യൂനപക്ഷ അവകാശത്തിനായി ഇന്നും മറ്റുള്ളവരിലേക്ക് കൈ നീട്ടുന്നവര്‍.ഇതിനാണോ ദൈവം നിങ്ങളെ തെരഞ്ഞടുത്തത് ?....ഹാ.. കഷ്ടം.
അതുല്യമായ ആ നീതി എവിടെ ?
"വിശ്വസിച്ചവരെ നിങ്ങള്‍ നീതി നടത്തി അല്ലഹുവിന്നുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക.അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്തബന്ധുക്കള്‍ക്കോ എതിരായിരുന്നാലും ശരി.കക്ഷി ധനികനോ ദരിദ്രനോ ആകട്ടെ.ഇരുകൂട്ടരോടും അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്"(അന്നിസാഅ`:135)
"വിശ്വസിച്ചവരെ നിങ്ങള്‍ അല്ലാഹുവിന്നു വേണ്ടി നേരാം വിധം നിലകൊള്ളുന്നവരാവുക നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും"(അല്‍ മാഇദ:8)
എവിടെപ്പോയി നിങ്ങളുടെ ഈ നീതി ? സമുദായ അംഗങ്ങള്‍ എന്ത് തോന്നിവാസം ചെയ്താലും കൈക്കൂലിയും, കള്ളസാക്ഷ്യവും, ഭരണ സ്വാധീനവും ഉപയോഗിച്ചു നിങ്ങള്‍ രക്ഷപ്പെടുത്താ റില്ലേ?സ്വയം നീതിക്ക് വേണ്ടി നിലനില്‍ക്കാതെ മറ്റുള്ളവര്‍ നിങ്ങളോട് നീതി കാണിക്കുമോ?പോട്ടെ, ദൈവം പോലും നിങ്ങളോട് നീതി കാണിക്കുമോ?
സത്യത്തോടുള്ള ആ സാക്ഷ്യം എവിടെ ?
"അല്ലാഹുവില്‍ നിന്ന് വന്നെത്തിയ തന്റെ വശമുള്ള സാക്ഷ്യം മറച്ചു വെക്കുന്നവനെക്കാള്‍ വലിയ ആക്രമി ആരുണ്ട്"(അല്‍ ബഖറ :140 )
സാക്ഷ്യം ലംഘിച്ചാല്‍ ഭൂമിയില്‍ നിങ്ങള്‍ക്ക് പതിത്വവും ഹീനത്വവുമാണ് ശിക്ഷ.ജൂദ സമുദായം ഇതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്.
"അങ്ങിനെ അവര്‍ നിന്ദ്യതയിലും ദൈന്യതയിലും അകപ്പെട്ടു. ദൈവ കോപത്തിന്നു ഇരയായി"(അല്‍ ബഖറ:61)
"അവര്‍ എവിടെ ചെന്നാലും അപമാനം അവരില്‍ വന്നുപതിച്ചിരിക്കുന്നു.അവര്‍ അല്ലാഹുവിന്റെ കോപത്തിനു ഇരയാവുകയും,അവര്‍ക്ക് മേല്‍ ഹീനത്വം വന്നു വീഴുകയും ചെയ്തിരിക്കുന്നു."(ആലു ഇമ്രാന്‍ :112)
നിങ്ങളെ കക്ഷികളാക്കി ഭിന്നിപ്പിക്കും
"പറയുക : നിങ്ങളുടെ മുകള്‍ ഭാഗത്ത് നിന്നോ കാല്‍ ചുവട്ടില്‍നിന്നോ നിങ്ങളുടെ മേല്‍ ശിക്ഷ വരുത്താന്‍ കഴിവുറ്റവനാണവന്‍.അല്ലെങ്കില്‍ നിങ്ങളെ പല കക്ഷികള്‍ ആക്കി ആശയക്കുഴപ്പത്തിലകപ്പെടുത്തി പരസ്പരം പീഡന മേല്പിക്കാനും അവന്നു കഴിയും. നോക്കൂ ,അവര്‍ കാര്യം മനസ്സിലാക്കാനായി എവ്വിധമാണ് നാം തെളിവുകള്‍ വിവരിച്ചു കൊടുക്കുന്നത് " (അല്‍ അന്‍ആം :65 )
ആത്മാഭിമാനം എങ്ങിനെ?
നിങ്ങള്‍ക്ക് അറിയില്ലേ, നിങ്ങളുടെ ആത്മാഭിമാനം ഉയരണമെങ്കില്‍ നിങ്ങള്‍ ഖുരാനോടും പ്രവാചകനോടും കൂറ് പുലര്‍ത്തണം എന്ന്. നിങ്ങള്‍ക്ക് എത്ര തന്നെ സമ്പത്തും അധികാരവവും ഉണ്ടായിട്ടു കാര്യമില്ല എന്ന്.
"എന്നാല്‍ പ്രതാപം ഒക്കെയും അല്ലാഹുവിന്നും,അവന്റെ ദൂതനും, സത്യവിശ്വാസികള്‍ക്കുമാണ് " (അല്‍ മുനാഫിഖൂന്‍ :8 )
പിന്‍കുറിപ്പ് :നോട്ടപ്പുള്ളിയുടെ യഥാര്‍ത്ഥ കാരണം നമുക്ക് ഇങ്ങനെ മാറ്റിപ്പറയാം: "ഞങ്ങള്‍ യഥാര്‍ത്ഥ മുസ്ലിംകള്‍ ആവാത്തതാണ് പ്രശ്നം"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ